Asianet News MalayalamAsianet News Malayalam

'ബോഡി ഡബിൾ', കിം ജോങ്‌ ഉൻ പ്രയോഗിക്കുന്നത് ഹിറ്റ്ലറും സ്റ്റാലിനും ഫിദലും പയറ്റിയ അതേ തന്ത്രമോ?

 നേരിൽ പ്രത്യക്ഷപ്പെട്ട്, "എന്റെ മരണത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അതിശയോക്തിപരമായ ദുഷ്പ്രചാരണങ്ങൾ മാത്രമാണ് " എന്ന് ലൈവിൽ പറയുമ്പോൾ ഉണ്ടാകുന്ന ഫലം ഏറെ വലുതാണ്.

political decoy is kim jong un trying the same trick Hitler, Stalin, and  Fidel perfected
Author
Pyongyang, First Published May 7, 2020, 12:09 PM IST

'പൊളിറ്റിക്കൽ ഡികോയ്' അഥവാ രാഷ്ട്ര നേതാക്കളുടെ അപരന്മാരെ പ്രയോഗിക്കുന്ന തന്ത്രം, അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. യഥാർത്ഥ രാഷ്ട്രനേതാക്കളിൽ നിന്ന് മാധ്യമ ശ്രദ്ധതിരിക്കാനും, അപകടകരമായ സാഹചര്യങ്ങളിൽ ചെന്നുനിന്ന് അവരുടെ ജീവൻ അപകടത്തിലാകുന്നത് തടയാനും, ചില അവസരങ്ങളിൽ സ്വേച്ഛാധിപതികളുടെ ഗുരുതര രോഗാവസ്ഥകൾ പുറംലോകം അറിയാതിരിക്കാനും ഒക്കെയായി ഇതിനു മുമ്പും പലപ്പോഴും ബോഡി ഡബിളുകളെ പ്രയോജനപ്പെടുത്തിയ ചരിത്രമുണ്ട്.

അങ്ങനെ ജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണിൽ പൊടിയിടാൻ വേണ്ടി നിയുക്തരാകുന്ന ഈ പ്രതിരൂപങ്ങൾക്ക് ഒറിജിനൽ നേതാക്കളുമായി ഉണ്ടാവുക അപാരമായ മുഖ, രൂപ സാമ്യങ്ങളാണ്. ഒറ്റനോട്ടത്തിൽ, ദൂരെ നിന്ന് കണ്ടാൽ അത് ഒറിജിനൽ അല്ലെന്നു പറയുക വളരെ ദുഷ്കരമാണ്. ഇംഗ്ലീഷിൽ ഇങ്ങനെയുള്ള അപരന്മാർക്ക് പറയുന്ന പേര് 'ഡോപ്പിൾ ഗാംഗർ' എന്നാണ്. ചരിത്രത്തിൽ ഇതിനു മുമ്പും പല പ്രസിദ്ധ സ്വേച്ഛാധിപതികളും പല അവസരങ്ങളിലും ഈ പ്രതിരൂപങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

അഡോൾഫ് ഹിറ്റ്‌ലര്‍

ഹിറ്റ്‌ലര്‍ക്ക് ചുരുങ്ങിയത് ഒരു ഡ്യൂപ്പെങ്കിലും ഉണ്ടായിരുന്നു എന്നാണ് സങ്കൽപം. ആറോളം പേർ അങ്ങനെ ഉണ്ടായിരുന്നെന്ന് ആക്ഷേപമുണ്ട്. അവരിൽ ഒരാളുടെ പേര് ഗുസ്താവ് വേലർ എന്നായിരുന്നു. ഈ കാണുന്ന ചിത്രം രണ്ടാം ലോകമഹായുദ്ധകാലത്ത് എടുത്തതാണ്.

political decoy is kim jong un trying the same trick Hitler, Stalin, and  Fidel perfected

ഹിറ്റ്ലറുടേതാണ് ചോരപുരണ്ട ഈ മൃതദേഹം എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. അത്രക്കുണ്ടായിരുന്നു സാമ്യം. 1945 -ൽ പ്രത്യക്ഷപ്പെട്ട ആ മൃതദേഹം ഹിറ്റ്ലറുടെതല്ല എന്നും, അത് ഗുസ്താവ് വേലറുടെ ആണെന്നും, ഫ്യൂറർക്ക് വേണ്ടി വിശ്വസ്ത സേവകനായ ആ പ്രതിരൂപം ജീവത്യാഗം ചെയ്തതാണ് എന്നും ഒരു കഥ അന്ന് പ്രചരിച്ചിരുന്നു. എന്നാൽ 1996 -ൽ വന്ന മറ്റൊരു പഠനം ഈ മരിച്ചു കിടന്നത് ഗുസ്താവ് വേലർ അല്ലെന്നും, രണ്ടാം ലോകമഹായുദ്ധത്തെ അതിജീവിച്ച വേലർ പിന്നീട് സഖ്യകക്ഷികൾക്ക് അഭിമുഖം നൽകി സഹകരിച്ചിരുന്നു എന്നും വെളിപ്പെടുത്തിയിരുന്നു.  

political decoy is kim jong un trying the same trick Hitler, Stalin, and  Fidel perfected

 

എന്തായാലും ഹിറ്റ്ലറുടെ ബോഡി ഡബിൾ സാധ്യതകളെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പൂർണമായ വിശദീകരണങ്ങൾ ഇന്നുവരെയും ഉണ്ടായിട്ടില്ല. 


ജോസഫ് സ്റ്റാലിൻ 

സ്റ്റാലിന്റെ ബോഡി ഡബിൾ അറിയപ്പെട്ടിരുന്നത് 'റാഷിദ്' എന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ പല പൊതു ചടങ്ങുകളിലും കെജിബി പൊതു സ്ഥലങ്ങളിൽ കൊണ്ട് നടന്നിരുന്നത് റാഷിദിനെ ആയിരുന്നു. പല പ്രൊപ്പഗാണ്ടാ സിനിമകളിലും സ്റ്റാലിന്റെ വേഷമണിഞ്ഞ അലക്സി ഡിക്കിയാണ് റാഷിദിനെ സ്റ്റാലിന്റെ ഭാവഹാവങ്ങൾ പരിശീലിപ്പിച്ചെടുത്തത് എന്നും പറയപ്പെടുന്നു. 1991 -ൽ തന്റെ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് റാഷിദ് മരിക്കുന്നത്.

 

political decoy is kim jong un trying the same trick Hitler, Stalin, and  Fidel perfected

 

2008 -ൽ മറ്റൊരു സ്റ്റാലിൻ ബോഡി ഡബിൾ ആയിരുന്ന ഫെലിക്സ് ദാദായേവ്   എൺപത്തിയെട്ടാം വയസ്സിൽ ഗവൺമെന്റിന്റെ അനുവാദത്തോടെ തന്റെ അപരജീവിതത്തിന്റെ വിശദാംശങ്ങളോടെ ഒരു ആത്മകഥ എഴുതുകയുണ്ടായി. 


ഫിദൽ കാസ്ട്രോ 

ഏതുവിധേനയും ഫിദൽ കാസ്‌ട്രോയെ വധിക്കുക എന്നത് പല സിഐഎ ഏജന്റുമാർക്കും അവരുടെ  ജീവിതലക്ഷ്യമായിരുന്നു. പൊട്ടിത്തെറിക്കുന്ന സിഗാറുകൾ, വിഷം പുരട്ടിയ വസ്ത്രങ്ങൾ, സ്ത്രീ കൊലയാളികൾ, വിഷം തേച്ച റേഡിയോകൾ, പേനകൾ അങ്ങനെ പല ആയുധങ്ങളും പ്രയോഗിച്ച് പലവുരു പരിശ്രമിച്ചിട്ടും അതൊന്നും ഫിദലിനെ കൊല്ലുന്നതിൽ വിജയിച്ചിരുന്നില്ല. ഇത്രകണ്ട് വധഭീഷണി നിലനിന്നിരുന്നതിനാൽ കോമ്രേഡ് ഫിദൽ സ്വാഭാവികമായി മുൻകരുതലുകളും എടുത്തിരുന്നു.

 

political decoy is kim jong un trying the same trick Hitler, Stalin, and  Fidel perfected

 

ഫിദലിന്റെ വിശ്വസ്ത സുരക്ഷാ ഉദ്യോഗസ്ഥനായി ദീർഘകാലം പ്രവർത്തിച്ചിരുന്ന ജുവാൻ റിനാൽഡോ സാഞ്ചേസ് തന്റെ, 'ദ ഡബിൾ ലൈഫ് ഓഫ് ഫിദൽ കാസ്ട്രോ : മൈ 17 ഇയേഴ്സ് ആസ് പേഴ്സണൽ ബോഡി ഗാർഡ് ഓഫ് എൽ ലീഡർ മാക്സിമോ' എന്ന പുസ്തകത്തിൽ,   അനാരോഗ്യം അലട്ടിയിരുന്ന 1983 -84 കാലത്ത് ഫിദൽ നിരവധി തവണ ബോഡി ഡബിളിന്റെ സേവനം പ്രയോജനപ്പെടുത്തിയതിന്റെ കഥകൾ വിവരിക്കുന്നുണ്ട്. 

 

സദ്ദാം ഹുസ്സൈൻ 

സദ്ദാം ഹുസ്സൈൻ തന്റെ പല ടെലിവിഷൻ പരിപാടികളിലും അയച്ചിരുന്നത് സ്വന്തം അപരനെയാണ് എന്ന് ജർമൻ ടെലിവിഷൻ നെറ്റ്‌വർക് ആയ ZDF 2003 -ൽ  വെളിപ്പെടുത്തിയിരുന്നു. ഈ നിഗമനം അതിസൂക്ഷ്മമായ മുഖ ചലനങ്ങളിലെയും മറ്റും വ്യത്യാസം വിശകലനം ചെയ്തുകൊണ്ടുള്ള വിദഗ്ധപഠനത്തെ ആസ്പദമാക്കിയിട്ടായിരുന്നു. ഇതിനെ സിഐഎ വിദഗ്ധൻ ജെറാഡ് പോസ്റ്റും പിന്നീട് പിന്താങ്ങിയിരുന്നു. താൻ കണ്ടത് സദ്ദാമിന്റെ ബോഡി ഡബിളിനെ ആയിരുന്നു എന്ന സംശയം പിന്നീട് ഓസ്‌ട്രേലിയൻ നേതാവ് ജോർഗ് ഹൈദറും പ്രകടിപ്പിക്കുകയുണ്ടായി. എന്നാൽ ഈ കഥകളൊക്കെ അടിസ്ഥാനരഹിതമാണെന്ന് പിന്നീട് സദ്ദാമിന്റെ ഡോക്ടർ ആല ബഷീർ തള്ളിക്കളഞ്ഞിരുന്നു. 

 

political decoy is kim jong un trying the same trick Hitler, Stalin, and  Fidel perfected

 

അതേസമയം, ജർമൻ ഫോറൻസിക് പാത്തോളജിസ്റ്റ് ആയ ഡോ. ഡെയ്റ്റർ ബുമാൻ പറഞ്ഞത് സദ്ദാമിന് ചുരുങ്ങിയത് മൂന്നു ബോഡി ഡബിളുകൾ എങ്കിലുമുണ്ടായിരുന്നു എന്നാണ്. സദ്ദാം വീഡിയോകളിൽ നിന്ന് വേർതിരിച്ചെടുത്ത 450 ലധികം ഫോട്ടോഗ്രാഫുകൾ വിശദമായ പഠനത്തിന് വിധേയമാക്കിയ ശേഷമാണ് അദ്ദേഹം ഈ നിഗമനത്തിൽ എത്തിയത്. ഈ ചിത്രങ്ങളുടെ അനാട്ടമിക്കൽ സ്പെസിഫിസിറ്റി വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മൂക്കിൽ നിന്ന് ചെവിയിലേക്കുള്ള ദൂരം, ചെവികൾ തമ്മിലുള്ള അകലം, നെറ്റിയിൽ നിന്ന്  തടിയിലേക്കുള്ള അകലം എന്നിങ്ങനെ വളരെ സൂക്ഷ്മമായ പല കാര്യങ്ങളും അളന്നുകുറിച്ചായിരുന്നു ഡോ. ബുമാന്റെ പഠനം. ഒരിക്കലും ഒരേ സ്ഥലത്ത് ഒരു രാത്രിയിൽ കൂടുതൽ കിടന്നുറങ്ങാത്ത, വഞ്ചിച്ചു എന്ന് സംശയം തോന്നുന്നവരെ, അവർ എത്ര അടുപ്പമുള്ളവരായാലും നിന്ന നിൽപ്പിനു തട്ടിക്കളയുന്ന സദ്ദാം ഹുസൈനെ സംബന്ധിച്ചിടത്തോളം ബോഡി ഡബിളുകൾ ഉണ്ടാവാനുള്ള അധികമാണെന്ന് സിഐഎയും പറഞ്ഞു. 

പല കേസുകളിലും നേരിട്ടുള്ള തെളിവുകൾ ഈ കാര്യത്തിൽ ലഭ്യമാകാറില്ല എങ്കിലും അതിപ്രശസ്തമായ ഒരു നേതാവ് നേരിൽ പ്രത്യക്ഷപ്പെട്ട്, "എന്റെ മരണത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ അതിശയോക്തിപരമായ ദുഷ്പ്രചാരണങ്ങൾ മാത്രമാണ് " എന്ന് ലൈവിൽ പറയുമ്പോൾ ഉണ്ടാകുന്ന ഫലം ഏറെ വലുതാണ്.

 

Follow Us:
Download App:
  • android
  • ios