മുത്താഹിദാ ക്വാമി മൂവ്മെന്റ്  (MQM)  എന്ന  രാഷ്ട്രീയപാർട്ടിയുടെ സ്ഥാപക നേതാവായ അൽതാഫ് ഹുസ്സൈൻ പാകിസ്ഥാനെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം മുന്നോട്ടു വരികയുണ്ടായി. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കൊല്ലാൻ വേണ്ടി ശത്രുക്കൾ അദ്ദേഹത്തിന് പൊളോണിയം എന്ന മാരകമായ റേഡിയോ ആക്റ്റീവ് വിഷം നൽകിയിട്ടുണ്ട് എന്നായിരുന്നു ആ ആരോപണം. 2004-ൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ നേതാവ് യാസർ അറാഫത്തിനെ വധിക്കാൻ വേണ്ടി അദ്ദേഹത്തിന് പൊളോണിയം നല്കപ്പെട്ടതായി അൽ ജസീറ നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. യാസർ അറഫാത്തിന്റെ ശരീരത്തിൽ നിന്നെടുത്ത സാമ്പിളുകളിൽ നടത്തിയ പരിശോധനകളിൽ സാധാരണഗതിയിൽ കണ്ടെത്തുന്നതിന്റെ എത്രയോ ഇരട്ടി പൊളോണിയം മൂലകത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഒരു കൊലപാതകത്തിന്റെ സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഏതാണ്ട്, അതേ തന്ത്രമാണ് നവാസ് ഷെരീഫിനെതിരെയും പ്രയോഗിക്കപ്പെട്ടത് എന്നാണ് അൽതാഫ് ഹുസൈന്റെ ആരോപണം. പൊളോണിയം ബാധിച്ചാൽ ഒരാൾ വളരെയധികം വേദന അനുഭവിച്ച് പതുക്കെ മരണപ്പെടും.


"നവാസ് ഷെരീഫിന്റെ രക്തത്തിൽ പ്ലേറ്റ് ലെറ്റ് കൗണ്ട് വല്ലാതെ കുറഞ്ഞിട്ടുണ്ട്. അത് പൊളോണിയം വിഷബാധയുടെ പ്രഥമവും പ്രധാനവുമായ ലക്ഷണമാണ്. ഈ റേഡിയോ ആക്റ്റീവ് വിഷവസ്തു ആദ്യം ആക്രമിക്കുന്നത് രക്തത്തിലെ പ്ലേറ്റ് ലെറ്റുകളെയാണ്. അത് രക്തപരിശോധനയിലൂടെ കണ്ടെത്തണമെങ്കിൽ സ്പെഷ്യലൈസ്ഡ് ആയ ഇന്റർനാഷണൽ റേഡിയോ ആക്റ്റീവ് ലബോറട്ടറിയിൽ തന്നെ പരിശോധിക്കേണ്ടതുണ്ട്." അൽതാഫ് ഹുസൈൻ പറഞ്ഞു.

ചൊവ്വാഴ്ച അദ്ദേഹം 'പൊളോണിയം- എ പെർഫെക്റ്റ് പോയ്‌സൺ' എന്ന പേരിൽ ഒരു റിസർച്ച് ആർട്ടിക്കിളും തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. ഈ വാർത്ത ബ്രേക്ക് ചെയ്തുകൊണ്ടുള്ള തന്റെ ആദ്യ ട്വീറ്റിന് ചുവടെയായി പ്രത്യക്ഷപ്പെട്ട സംശയങ്ങളോടുള്ള പ്രതികരണമായിട്ടാണ് ഹുസ്സൈൻ ഇങ്ങനെ ഒരു ലേഖനം പങ്കുവെച്ചത്. പൊളോണിയം എന്ന മാരകവിഷത്തെപ്പറ്റിയുള്ള വിശദവിവരങ്ങൾ ആ ലേഖനത്തിലുണ്ട്. "അരാഫത്തിന് പുറമേ,  ഐറീൻ ജോലിയറ്റ് ക്യൂറി, അലക്‌സാണ്ടർ ലിറ്റ്വിനെങ്കോ എന്നിവർ ഇതേ വിഷമേറ്റു മരിച്ചവരാണ്" എന്നും ഹുസ്സൈൻ എഴുതുന്നുണ്ട്.


എന്താണ് പൊളോണിയം എന്ന ഈ കാളകൂടവിഷം?

ആവർത്തനപ്പട്ടികയിൽ 84 -ാമത് വരുന്ന മൂലകമാണ് പൊളോണിയം. ഈ മൂലകം കണ്ടെത്തിയ മേരി ക്യൂറിയുടെ ജന്മനാടായ പോളണ്ടിനെ സൂചിപ്പിക്കാനാണ് പൊളോണിയം എന്ന പേര് നല്കപ്പെട്ടിരിക്കുന്നത്. വളരെ ശക്തമായ റേഡിയോ ആക്ടിവിറ്റി ഉള്ള ഈ മൂലകം മനുഷ്യ ശരീരത്തെ മാരകമായി ബാധിക്കുന്ന ഒരു കാളകൂടവിഷമാണ്. പൊളോണിയം വിഷബാധയെ സൂചിപ്പിക്കാനുപയോഗിക്കുന്ന സാങ്കേതിക പദം 'അക്യൂട്ട് റേഡിയേഷൻ സിൻഡ്രം' എന്നതാണ്. വിഷബാധയേറ്റാൽ ഉണ്ടാകുന്ന ആദ്യത്തെ ലക്ഷണങ്ങൾ ഓക്കാനം, ഛർദ്ദിൽ, അകാരണമായ മെലിച്ചിൽ, കടുത്ത വയറിളക്കം എന്നിവയാണ്. ഇതിനൊപ്പം ദിവസങ്ങൾ കഴിയുന്തോറും ശക്തമായ മുടികൊഴിച്ചിലും, മജ്ജാക്ഷയം എന്നിവയും ഉണ്ടാകും. അതിൽ നിന്ന് കരകയറാനാകാതെ ഏതാനും ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോഴേക്കും വിഷബാധിതൻ മരണപ്പെടും.
 


കൂറുമാറിയ കെജിബി ഏജന്റിനെ റഷ്യ വധിച്ചതും പൊളോണിയം കൊടുത്ത്

2006 -ൽ റഷ്യയിൽ നിന്ന് ജീവനും കൊണ്ടോടി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയ അലക്‌സാണ്ടർ ലിറ്റ്വിനെങ്കോ എന്ന മുൻ കെജിബി ചാരനെ റഷ്യ തന്നെ വധിച്ചത് പൊളോണിയം പ്രയോഗിച്ചാണ്. പൂർണ്ണാരോഗ്യവാനായിരുന്ന ലിറ്റ്വിനെങ്കോ പെട്ടെന്നൊരുനാൾ അപ്രതീക്ഷിതമായി അസുഖബാധിതനാവുകയും, ആഴ്ചകൾ നീണ്ട ആശുപത്രിവാസത്തിനൊടുവിൽ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഓട്ടോപ്സി റിപ്പോർട്ടുകൾ പ്രകാരം പൊളോണിയം 210  കലർന്ന ചായയാണ് ലിറ്റ്വിനെങ്കോയുടെ ജീവനെടുത്തത്. ബ്രിട്ടനിലേക്ക് രഹസ്യമായി കടന്നുചെന്ന് റഷ്യൻ ഏജന്റുകൾ നടത്തിയ ഈ കൊലപാതകം റഷ്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്രബന്ധങ്ങളിൽ കാര്യമായ ഉലച്ചിലുകളുണ്ടാക്കി.

 
പൊളോണിയം അത് ചെന്നെത്തുന്ന മനുഷ്യശരീരത്തിലെ ഡിഎൻഎയെ നശിപ്പിക്കുകയും കാൻസറിന് കാരണമാകുകയും ചെയ്യും. ശ്വസിച്ചാൽ ശ്വാസകോശാർബുദം ഉറപ്പാണ്. ഭക്ഷണത്തിലൂടെയാണ് അകത്തെത്തുന്നതെങ്കിൽ കുടൽ, കരൾ, കിഡ്‌നി, മജ്ജ തുടങ്ങിയ എവിടെയെങ്കിലും കാൻസർ വരും. ഏഴുവർഷത്തെ കഠിനതടവ് അനുഭവിച്ചുകൊണ്ട് കോട്ട് ലഖ്‍പത് ജയിലിലായിരുന്ന നവാസ് ഷെരീഫിനെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ സ്വന്തം വീട്ടിനുള്ളിൽ ഐസിയു സൗകര്യങ്ങൾ ഏർപ്പെടുത്തി അങ്ങോട്ട് മാറ്റിയിരുന്നു.  നവാസിന്റെ പ്ലേറ്റ് ലെറ്റ് കൌണ്ട് ഇപ്പോഴും നന്നേ കുറവാണ്. സന്ദർശകർക്ക് സമ്പൂർണ്ണവിലക്കാണ്.

പൊളോണിയം എന്ന മാരകവിഷം മനുഷ്യശരീരത്തിലേറ്റാൽ അതിന്റെ ദൂഷ്യഫലങ്ങൾ പൂർണ്ണമായും നീക്കാൻ പോന്ന ഒരു മരുന്നും ഇന്നുവരെ കണ്ടെത്താൻ പറ്റിയിട്ടില്ല. ആശുപത്രിയിൽ കിടത്തി പരിചരണങ്ങൾ നൽകിയാൽ അവസാനദിവസങ്ങളിലെ വേദനയും ദുരിതങ്ങളും ചെറിയ തോതിലെങ്കിലും നിയന്ത്രണവിധേയമാക്കാം, മരണം വേദനകുറഞ്ഞതാക്കാം എന്നുമാത്രം. അൽതാഫ് ഉസൈൻറെ വാക്കുകളിൽ സത്യമുണ്ടെങ്കിൽ, നവാസ് ഷെരീഫും തന്റെ ജീവിതത്തിലെ ആ ഘട്ടത്തിലൂടെയാകും കടന്നുപോവുന്നത്.