ലവണാംശം കൂടിയ വെള്ളത്തിൽ ഇതിന് സാധ്യതയുണ്ട്. നിലവിൽ, കീലിയ പോണ്ട് എക്സിറ്റ് ഏരിയയ്ക്കുള്ളിലെ ലവണാംശം വളരെ കൂടുതലാണ് എന്നും ഇത് കടൽജലത്തിന്റെ ഇരട്ടി ലവണാംശത്തിന് തുല്യമാണ് എന്നും പറയുന്നു.
പൊടുന്നനെ ഒരു കുളത്തിന് തിളക്കമുള്ള പിങ്ക് നിറം വന്നതിൽ അന്തംവിട്ടു നിൽക്കയാണ് ഹവായിയിലെ ജനങ്ങൾ. വളരെ പെട്ടെന്ന് തന്നെ ഈ വിചിത്രപ്രതിഭാസത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. അനേകം പേരാണ് ഇത് കാണാൻ വേണ്ടി മാത്രം ഇവിടെ എത്തിച്ചേരുന്നത്. എന്നാൽ, ഇതിന്റെ കാരണമെന്താണ് എന്ന അമ്പരപ്പിലാണ് വിദഗ്ദ്ധർ പോലും.
മൗയിയിലെ റെഫ്യൂജ് കുളത്തിലാണ് ഈ വിചിത്രമായ പ്രതിഭാസം ഉണ്ടായിരിക്കുന്നത്. കീലിയ പോണ്ട് ദേശീയ വന്യജീവി സങ്കേതത്തിലെ സന്നദ്ധപ്രവർത്തകരിൽ ചിലർ ഏഴ് പതിറ്റാണ്ടുകളായി ഇതിന് ചുറ്റും കഴിയുന്നുണ്ട്. ഇതുവരെയും ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല എന്നാണ് അവർ പറയുന്നത്. ശാസ്ത്രജ്ഞർ പറയുന്നത് ഒരുപക്ഷേ ഈ പിങ്ക് നിറത്തിന്റെ കാരണം വരൾച്ച ആയിരിക്കാം എന്നാണ്. ആ വെള്ളത്തിന്റെ അടുത്ത് പോവുകയോ അതിൽ നിന്നും വെള്ളം കുടിക്കുകയോ ചെയ്യരുത് എന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്‌ടോബർ 30 മുതലാണ് വെള്ളത്തിന് പിങ്ക് നിറമാകുന്നത് മൗയിയിലെ കീലിയ പോണ്ട് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. റെഫ്യൂജ് മാനേജർ ബ്രെറ്റ് വുൾഫ് പറഞ്ഞത്, "അതുവഴി നടക്കുകയായിരുന്ന ഒരാളാണ് തന്നെ വിളിച്ച് കുളത്തിൽ എന്തോ വിചിത്രമായത് സംഭവിക്കുന്നുണ്ട് എന്ന് അറിയിച്ചത്" എന്നാണ്. ഈ വെള്ളത്തിന്റെ കടും പിങ്ക് നിറം ബ്രെറ്റ് വുൾഫിനെ ഭയപ്പെടുത്തി. എന്നാൽ, ലാബിലെ പഠനങ്ങൾ പറയുന്നത് വിഷാംശമുള്ള ആൽഗകളല്ല ഈ നിറത്തിന് കാരണമായി തീർന്നത് എന്നാണ്. പകരം, ഹാലോബാക്ടീരിയ ഇതിന് ഒരു കാരണമായിരിക്കാം എന്നും പറയുന്നു.
ലവണാംശം കൂടിയ വെള്ളത്തിൽ ഇതിന് സാധ്യതയുണ്ട്. നിലവിൽ, കീലിയ പോണ്ട് എക്സിറ്റ് ഏരിയയ്ക്കുള്ളിലെ ലവണാംശം വളരെ കൂടുതലാണ് എന്നും ഇത് കടൽജലത്തിന്റെ ഇരട്ടി ലവണാംശത്തിന് തുല്യമാണ് എന്നും പറയുന്നു. എങ്കിലും ഇങ്ങനെ പിങ്ക് നിറം വരാൻ എന്താണ് കാരണം എന്നത് കൃത്യമായി അറിയണമെങ്കിൽ വിശദമായ പഠനം ആവശ്യമാണ് എന്നും വുൾഫ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
