കൊവിഡ് 19ന്‍റെ അതിവേഗത്തിലുള്ള വ്യാപനം തടയാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് രാജ്യം. ലോക്ക് ഡൌണ്‍ കാലത്ത് ആളുകള്‍ പട്ടിണി കിടക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാലും നിരവധി ആളുകളാണ് ലോക്ക് ഡൌണ്‍ എന്തിനാണെന്ന് പോലും മനസിലാകാതെ നിത്യവൃത്തിക്കായി തെരുവുകളില്‍ എത്തുന്നത്. 

നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയായ രമേഷ് കുമാര്‍ കഴിഞ്ഞ ദിവസം പതിവ് പോലെ നോയിഡയിലെ ലേബര്‍ ചൌക്കിലെത്തിയത് ആരെങ്കിലും ജോലിക്ക് വിളിക്കുമെന്ന് കരുതിയാണ്. സാധാരണ ദിവസങ്ങളില്‍ ദിവസ വേതനക്കാരെക്കൊണ്ട് നിറയുന്ന ഇവിടങ്ങളില്‍ ഏതാനും ചിലര്‍ മാത്രമാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച ശേഷം ജോലി തേടിയെത്തുന്നത്. എല്ലാം നിലയ്ക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ ഞാന്‍ അത് വിശ്വസിച്ചില്ല. ദിവസവും 600 രൂപയ്ക്കാണ് ഉത്തര്‍ പ്രദേശ് സ്വദേശിയായ രമേഷ് കുമാര്‍ സമ്പാദിക്കുന്നത്. അഞ്ച് പേരാണ് തന്നെ ആശ്രയിച്ച് വീട്ടിലുള്ളത്. അവര്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണമില്ലാതെ കഷ്ടത്തിലാവും. അവര്‍ക്ക് വേണ്ടി ഈ ഒരു സാഹസം ചെയ്യാതെ നിവര്‍ത്തിയില്ല. കൊറോണ വൈറസ് അപകടകാരിയാണെന്ന് എനിക്ക് അറിയാം. പക്ഷേ എന്‍റെ കുട്ടികള്‍ പട്ടിണിയിലാവുന്നത് കാണാന്‍ പറ്റില്ല. മറ്റൊന്നും സാധിച്ചില്ലെങ്കിലും അവര്‍ക്ക് ഭക്ഷണമെങ്കിലും നല്‍കാന്‍ കഴിയേണ്ടെ?  - രമേഷ് കുമാര്‍ പറയുന്നു.

ചൊവ്വാഴ്ച രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തോടെ രാജ്യത്തെ നിരവധി ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ആളുകളും അവരുടെ കുടുംബങ്ങളുമാണ് പട്ടിണിയിലാവുന്നത്. 

ഇന്‍റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 90 ശതമാനം ആളുകളും ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലാണ്. സെക്യൂരിറ്റി ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, റിക്ഷ ഓടിക്കുന്നവര്‍, തെരുവോര കച്ചവടക്കാര്‍, ആക്രി കച്ചവടക്കാര്‍, നിര്‍മ്മാണ് മേഖലയിലെ ദിവസ വേതന തൊഴിലാളികള്‍ വീട്ടുജോലിക്കാര്‍ തുടങ്ങി നിരവധിയാളുകളെയാണ് 21 ദിവസത്തെ ലോക്ക് ഡൌണ്‍ സാരമായി ബാധിക്കുക. ഇവരില്‍ ഏറിയ പങ്കിനും പെന്‍ഷനോ, ലീവുകളോ, ഇന്‍ഷുറന്‍സോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ ജോലി ചെയ്യുന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴില്‍ തേടിയെത്തുന്നവരും ഇവരില്‍പ്പെടുന്നുണ്ട്. 

അലഹബാദില്‍ റിക്ഷാ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കിഷന്‍ലാല്‍ പറയുന്നത് ഇങ്ങനെയാണ്. കുറച്ച് ദിവസമായി സവാരിക്ക് ആളുകള്‍ ഇല്ല. സര്‍ക്കാര്‍ പണം തരുമെന്നാണ് പറയുന്നത്. എന്നാല്‍ അത് എപ്പോഴാണ് കിട്ടുന്നതെന്ന് അറിയില്ല. വീട് പട്ടിണിയിലാണ്. ആരെങ്കിലും ഒരു സവാരിക്ക് വിളിച്ചിരുന്നെങ്കില്‍ ഇന്ന് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുമായിരിക്കും.

Ali Hassan

കിഷന്‍ ലാലിന്‍റെ സുഹൃത്ത് അലി ഹസന്‍ അലഹബാദിലെ ഒരു കടയിലെ ശുചീകരണ തൊഴിലാളിയാണ്. രണ്ട് ദിവസം മുന്‍പ് കടയടച്ചു. ചെയ്ത ജോലിയുടെ പണം പോലും നല്‍കാതെയാണ് കടയടച്ചത്. ഭക്ഷണം വാങ്ങിക്കാന്‍ പോലും പണമില്ല. ഇനി കട എപ്പോള്‍ തുറക്കുമെന്നും അറിയില്ല. നല്ല പേടിയുണ്ട് കുടുംബത്തിന്‍റെ അവസ്ഥ ഓര്‍ത്ത്. അവര്‍ക്ക് എങ്ങനെ ഞാന്‍ ഭക്ഷണം നല്‍കും? 

ദില്ലിയില്‍ വഴിയോര വാണിഭം നടത്തിയിരുന്ന മുഹമ്മദ് സബിര്‍ പറയുന്നത് ഇപ്രകാരമാണ്.വേനല്‍ക്കാല കച്ചവടം കണക്ക്കൂട്ടി രണ്ട് പേരെ ജ്യൂസ് കടയില്‍ സഹായത്തിന് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് കൂലി നല്‍കാന്‍ പോലും പണമില്ല. ഗ്രാമത്തില്‍ വീട്ടുകാര്‍ക്ക് കൃഷിയില്‍ നിന്ന് കിട്ടിയ കുറച്ച് പണം അയച്ച് തന്നിരുന്നു. അത് കൊട്ത്ത് ജോലിക്കാരെ അയച്ചും. എന്നാല്‍ അപ്രതീക്ഷിതമായി പെയ്ത മഴ വിളകളും നശിപ്പിച്ചു. ഇനി ഞാനെന്താണ് ചെയ്യുക? ഇത്രയധികം നിസ്സഹായനായി ഇതിന് മുന്‍പ് തോന്നിയിട്ടില്ല. കൊറോണ വൈറസ് ബാധിക്കുന്നതിന് മുന്‍പ് തന്നെ പട്ടിണി കിടന്ന് മരിക്കുമെന്ന് തോന്നുന്നു. 

Kishan Lal stands in an empty street the northern Indian city of Allahabad,

വിനോദ സഞ്ചാരമേഖലകളും സ്തംഭിച്ചതോടെ സഞ്ചാരികളെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരവധിപ്പേരാണ് കഷ്ടത്തിലായത്. സഞ്ചാരികള്‍ ഇല്ല, ഗ്രാമത്തിലേക്ക് മടങ്ങാനും നിവര്‍ത്തിയില്ല. എന്തുചെയ്യുമെന്ന് ഇന്ത്യ ഗേറ്റിലെ ഫോട്ടോഗ്രാഫറായി നിത്യജീവനം നടത്തിയിരുന്ന തോജല്‍ കശ്യപ് ചോദിക്കുന്നു. 

അലഹബാദിലെ റെയില്‍വേ സ്റ്റേഷനില്‍ ഷൂ പൊളീഷ് ചെയ്ത് ജീവിച്ചിരുന്നയാള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയുക കൂടിയില്ല. ഇനി ട്രെയിനുകള്‍ ഇല്ലെന്നാണ് ആളുകള്‍ പറയുന്നത്. എന്തോ കര്‍ഫ്യൂ ആണെന്ന് മനസിലാവുന്നുണ്ട്. എന്തിനാണെന്ന് അറിയില്ല. റെയില്‍വേ സ്റ്റേഷന്‍ ആളില്ലാതായതോടെ ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായി. സ്റ്റേഷനുകളിലേക്ക് ആരും വരുന്നില്ല എന്ന് പരാതിപ്പെടുന്ന ഈ വൃദ്ധന് 21 ദിവസത്തെ ലോക്ക് ഡൌണിനേക്കുറിച്ച് അറിവില്ലെന്നത് വൃക്തമാണ്. 

The cobbler stands on an almost deserted train concourse

കുടിവെള്ളം കുപ്പികള്‍ വികണ ചെയ്യുന്ന വിനോദ് പ്രജാപതി പറയുന്നത് ഇപ്രകാരമാണ്. കൊറോണ വൈറസ് അപകടകാരിയാണെന്ന് എനിക്ക് അറിയാം. ലോകം മുഴുവന്‍ കഷ്ടപ്പെടുകയാണ്. നിരവധി ആളുകള്‍ക്ക് സ്വന്തം വീട്ടിനുള്ളില്‍ കഴിയാന്‍ സാധിക്കും. എന്നാല്‍ വീട് പോലുമില്ലാത്ത താന്‍ എങ്ങോട്ട് പോകും? സുരക്ഷയ്ക്കും പട്ടിണിക്കും ഇടയില്‍ ഏതിനെയാണ് ഞാന്‍ തിരഞ്ഞെടുക്കേണ്ടത്? ലോക്ക് ഡൌണിനേ തുടര്‍ന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വറുതിയിലായ നിരവധിപ്പേരിലേക്ക്  വെളിച്ചം വിതറുന്നതാണ് ബിബിസി റിപ്പോര്‍ട്ടര്‍ വികാസ് പാണ്ഡേയുടെ റിപ്പോര്‍ട്ട് . 

കടപ്പാട് ബിബിസി ന്യൂസ്