ചൈന മുസ്ലിം ഉയ്ഗര്‍ വംശജരെ പീഡിപ്പിക്കുകയാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ. വര്‍ഷങ്ങളായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്താന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നുവെങ്കിലും ഈ വിഷയത്തിൽ അദ്ദേഹം നിലപാടുകളൊന്നും സ്വീകരിച്ചിട്ടില്ലായിരുന്നു. എന്നാലിപ്പോൾ, ലെറ്റ് അസ് ഡ്രീം: ദ പാത്ത് ടു എ ബെറ്റർ ഫ്യൂച്ചർ ( Let Us Dream: the Path to a Better Future) എന്ന പുസ്തകത്തിലാണ് പോപ്പ് ഇക്കാര്യം പരാമര്‍ശിച്ചത്. 'ഈ ജനങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണ് എന്ന് ഞാന്‍ കരുതുന്നു: രോഹിങ്ക്യൻ ജനങ്ങൾ, പാവങ്ങളായ ഉയിഗുറുകള്‍, യസീദികൾ ' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇസ്ലാമിക രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ കുറിച്ചും അദ്ദേഹം പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് എന്നും ​ഗാർഡിയൻ എഴുതുന്നു. 

മ്യാന്‍മറില്‍ നിന്നും പലായനം ചെയ്യേണ്ടിവന്ന രോഹിങ്ക്യകളെ കുറിച്ചും ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് വധിച്ച യസീദികളെ കുറിച്ചും നേരത്തെയും പോപ് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആദ്യമായിട്ടാണ് അദ്ദേഹം ഉയ്ഗറുകളെ കുറിച്ച് സംസാരിക്കുന്നത്. ചൈനയിലെ വിദൂരപ്രദേശമായ സിന്‍ജിയാങ്ങിലെ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് ഉയ്ഗുര്‍ മുസ്ലിം ന്യൂനപക്ഷങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. അവര്‍ക്കെതിരെ വംശഹത്യയും കൊടുംപീഡനങ്ങളുമാണ് നടക്കുന്നത് എന്ന് ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരും ആത്മീയനേതാക്കളും വർഷങ്ങളായി പറയുന്നുണ്ട്.

എന്നാല്‍, ഇതെല്ലാം ബെയ്ജിങ് നിഷേധിക്കുകയായിരുന്നു. ചൈനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങളെല്ലാം എന്നാണ് ഭരണകൂടം പറയുന്നത്. സിന്‍ജിയാങ്ങിലുള്ളത് ക്യാമ്പുകളല്ല എന്നും മറിച്ച് തീവ്രവാദത്തെ ചെറുക്കാനുള്ള വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സെന്ററുകളാണ് എന്നുമാണ് അധികൃതരുടെ വാദം. ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ബെയ്ജിംഗുമായിട്ടുള്ള വിവാദമായ കരാര്‍ പുതുക്കാനുള്ള ശ്രമത്തിലായിരുന്നു വത്തിക്കാന്‍. അതിനാലാണ് നേരത്തെ ഉയ്ഗറുകളെക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാട്ടിയതെന്ന ആരോപണം നിലവിലുണ്ടായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇതിനെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, വിവാദമായ കരാര്‍ സപ്തംബറില്‍ പുതുക്കി. 

അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ഓസ്റ്റണ്‍ ഐവറെയുമായിച്ചേര്‍ന്നാണ് 150 പേജുള്ള പുസ്തകം പോപ് എഴുതിയിരിക്കുന്നത്. ഡിസംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തില്‍ കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തില്‍ തന്നെ ഒരു അടിസ്ഥാന വരുമാനം സ്ഥിരമായി സ്ഥാപിക്കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരുകൾ ശ്രമിക്കണമെന്ന് പോപ് പറയുന്നു. പകര്‍ച്ചവ്യാധി അവസാനിച്ചതിനുശേഷം അസമത്വങ്ങള്‍ പരിഹരിക്കുന്നതിനായി സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയമാറ്റങ്ങളെ അഭിസംബോധന ചെയ്യാൻ രാജ്യങ്ങൾ തയ്യാറാവണമെന്നും അദ്ദേഹം പറയുന്നു. മാസ്‌ക് ധരിക്കുക എന്നത് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതായി കാണുന്ന ആളുകള്‍ അവരുടെതന്നെ ഭാവനയുടെ ഇരകളാണെന്നും പോപ് പറഞ്ഞു. ഒപ്പം പൊലീസിനാല്‍ കൊലചെയ്യപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന് നീതി ലഭിക്കുന്നതിന് വേണ്ടി പ്രതിഷേധിക്കാന്‍ ആളുകള്‍ ഒന്നിച്ചു ചേര്‍ന്നതിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. 

നേരത്തെതന്നെ സാമ്പത്തിക, സാമൂഹിക ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരുന്ന വിവാദപരമായ സാര്‍വത്രിക അടിസ്ഥാന വരുമാനത്തിനായുള്ള (യൂണിവേഴ്സൽ ബേസിക് ഇൻകം -യുബിഐ) പിന്തുണയും പോപ് പുസ്തകത്തിൽ അറിയിക്കുന്നു. വ്യവസ്ഥകളൊന്നുമില്ലാതെ തന്നെ ഓരോ പൗരനും സര്‍ക്കാരുകള്‍ ഒരു നിശ്ചിത തുക നല്‍കുക എന്നതായിരുന്നു യുബിഐ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ, അതേസമയം വന്‍കിട ബിസിനസുകാര്‍ക്കും സമ്പന്നര്‍ക്കും നികുതിയിളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന ട്രിക്കിള്‍ ഡൗണിനെ പോപ് വീണ്ടും വിമര്‍ശിച്ചു. ട്രിക്കിൾ ഡൗണിലൂടെ എല്ലാവരും സമ്പന്നരാകുമെന്ന ധാരണ തെറ്റാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.