Asianet News MalayalamAsianet News Malayalam

മോഡലിംഗിന്റെ മറവില്‍ പോണ്‍നിര്‍മാണം; പോണ്‍ഹബ് ഒടുവില്‍ മുട്ടുമടക്കി

മോഡലിംഗിന്റെ മറവില്‍ പോണ്‍ ചിത്രങ്ങള്‍ നിര്‍മിച്ച സംഭവത്തില്‍ ലോകത്തെ ഏറ്റവും വലിയ പോണ്‍ സൈറ്റായ പോണ്‍ഹബ് ഒടുവില്‍ മുട്ടുമടക്കി. പോണ്‍ഹബിനെതിരെ അമേരിക്കയിലെ 50 സ്ത്രീകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കമ്പനി മുന്‍നിലപാട് മാറ്റി പരാതികള്‍ ഒത്തുതീര്‍പ്പാക്കിയത്.  

Pornhub settles with porn victims in US over illegal videos
Author
New York, First Published Oct 20, 2021, 12:59 PM IST


മോഡലിംഗിന്റെ മറവില്‍ പോണ്‍ ചിത്രങ്ങള്‍ നിര്‍മിച്ച സംഭവത്തില്‍ ലോകത്തെ ഏറ്റവും വലിയ പോണ്‍ സൈറ്റായ പോണ്‍ഹബ് ഒടുവില്‍ മുട്ടുമടക്കി. പോണ്‍ഹബിനെതിരെ അമേരിക്കയിലെ 50 സ്ത്രീകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കമ്പനി മുന്‍നിലപാട് മാറ്റി പരാതികള്‍ ഒത്തുതീര്‍പ്പാക്കിയത്.  

തങ്ങള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്നും പരാതിക്കാര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും തുടക്കത്തില്‍ വാദിച്ച പോണ്‍ഹബ് നിയമക്കുരുക്ക് മുറുകിയതിനെ തുടര്‍ന്നാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലെത്തിയത്. ഒരു മില്യന്‍ ഡോളറിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഈ സ്ത്രീകള്‍ കോടതിയില്‍ എത്തിയത്. എന്നാല്‍, എത്ര തുകയ്്ക്കാണ് ഒത്തുതീര്‍പ്പെന്ന് വ്യക്തമല്ല. പരാതിക്കാരുമായി പോണ്‍ഹബ് ഒത്തുതീര്‍പ്പില്‍ എത്തിയതായി സ്ത്രീകളുടെ അഭിഭാഷകനായ ബ്രയന്‍ ഹോം പറഞ്ഞു. എന്നാല്‍, ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ രഹസ്യമാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. 

2016-ലാണ് ഈ സംഭവത്തില്‍ 40 ഓളം സ്ത്രീകള്‍ കോടതിയെ സമീപിച്ചത്. പിന്നീട്, പരാതിക്കാരുടെ എണ്ണം 50 ആയി. ആദ്യ ഘട്ടത്തില്‍ ഗേള്‍സ് ഡൂ പോണ്‍ എന്ന കമ്പനിക്ക് എതിരായിരുന്നു പരാതി. പോണ്‍ഹബിന്റെ മാതൃകമ്പനിയായ മൈന്റ് ഗീക്കിനു വേണ്ടി പോണ്‍ ചിത്രങ്ങള്‍ നല്‍കുന്ന അനേകം കമ്പനികളില്‍ ഒന്നായിരുന്നു ഇത്. ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ കമ്പനി പരസ്യ മോഡലിംഗ് ഏജന്‍സിയുടെ മറവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 

മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ തേടി വരുന്ന സ്ത്രീകളെ പിന്നീട്, പോണ്‍ ചിത്രീകരണത്തിന് നിര്‍ബന്ധിക്കുകയായിരുന്നു ഇവരെന്നായിരുന്നു പരാതി. നീലച്ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പോസ്റ്റ് ചെയ്യില്ലെന്നും സ്വകാര്യ വ്യക്തികളുടെ ശേഖരത്തിലേക്ക് വേണ്ടിയുള്ള ഡിവിഡികള്‍ക്ക് മാത്രമാണ് ഉപയോഗിക്കുകയെന്നും പറഞ്ഞാണ് ഇവര്‍ ഈ സ്ത്രീകളുടെ അനുമതി വാങ്ങിയിരുന്നത്. അഭിനയിക്കുന്ന സ്ത്രീകള്‍ക്കുമുന്നില്‍ അവര്‍ക്ക് സ്വീകാര്യമായ മറ്റനേകം വ്യവസ്ഥകളും ഈ കമ്പനി വെച്ചിരുന്നു. എന്നാല്‍, പോണ്‍ നിര്‍മാണത്തിന്റെ മറവില്‍ ബലാല്‍സംഗം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഈ ദൃശ്യങ്ങള്‍ പോണ്‍ഹബ് അടക്കമുള്ള കമ്പനികള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇരകളായ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയും ചെയ്താണ് ഈ നിയമവിരുദ്ധ പ്രവര്‍ത്തനം കമ്പനി തുടര്‍ന്നതെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 

ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഈ കമ്പനി അനേകം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി. മോഡലിംഗിന്റെ മറവില്‍ നീലച്ചിത്രനിര്‍മാണം നടത്തിയ കമ്പനിയുടെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ഉടമകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കമ്പനിയുടെ പ്രൊഡ്യൂസറും നീലച്ചിത്ര അഭിനേതാവുമായ റൂബന്‍ ആന്‍ഡ്രെ ഗാര്‍സിയയെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അമേരിക്കന്‍ കോടതി 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. കമ്പനിയുടമകളില്‍ ഒരാളായ മൈക്കിള്‍ ജെയിംസ് പ്രാറ്റിനെതിരെ എഫ ബി ഐ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കമ്പനിക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തുവെങ്കിലും ഇവര്‍ ചിത്രീകരിച്ച വീഡിയോകള്‍ അനധികൃതമായി പോണ്‍ഹബ് അടക്കമുള്ള കമ്പനികള്‍ ഉപയോഗിക്കുന്നതായി ആരോപിച്ച് ഈ സ്ത്രീകള്‍ 2019-ല്‍ പോണ്‍ഹബിനെതിരെ പരാതി നല്‍കുകയായിരുന്നു. മോഡലിംഗിന്റെ മറവില്‍ ചിത്രീകരിച്ച പോണ്‍ വീഡിയോകള്‍ തങ്ങളുടെ അനുമതിയില്ലാതെ പോണ്‍ഹബ് ഉപയോഗിക്കുന്നതായും നിരോധിക്കപ്പെട്ട കമ്പനിയുമായി ഇപ്പോഴും പോണ്‍ഹബ് ഇടപാടുകള്‍ തുടരുന്നതായുമാണ് സ്ത്രീകള്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് പോണ്‍ഹബ് ഇതിനെതിരെ രംഗത്തുവന്നു. പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍, പിന്‍മാറാതെ സ്ത്രീകള്‍ കേസുമായി മുന്നോട്ടു പോയി. തുടര്‍ന്ന്,  ഗേള്‍സ് ഡൂ പോണ്‍ എന്ന വിവാദ കമ്പനി ചിത്രീകരിച്ച വീഡിയോകള്‍ പോണ്‍ഹബും അവരുടെ മറ്റു കമ്പനികളും നീക്കം ചെയ്തു. എന്നാല്‍, കേസില്‍ കുരുക്ക് മുറുകിയതോടെ പോണ്‍ഹബ് ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു. 

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ വീഡിയോകള്‍ ഉപയോഗിച്ച വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം പോണ്‍ഹബിനെതിരെ നിയമനടപടി ഉണ്ടായിരുന്നു. അന്ന്, അത്തരം ആയിരക്കണക്കിന് വീഡിയോകള്‍ നീക്കം ചെയ്താണ് പോണ്‍ഹബ് തടിരക്ഷപ്പെടുത്തിയത്. 

Follow Us:
Download App:
  • android
  • ios