12 വയസ്സുള്ളപ്പോഴാണ്, നാഗാലാൻഡിലെ ദിമാപൂർ നിവാസിയായ സുബോനെൻബ ലോങ്‌കുമറിന്  മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടമായത്. പിന്നീടങ്ങോട്ട് അവിശ്വസനീയമായ പോരാട്ടത്തിന്‍റെയും യാതനകളുടെയും കാലഘട്ടമായിരുന്നു. എന്നാൽ, ആ കഷ്ടപ്പാടുകൾക്കൊടുവിൽ ഇന്നയാൾ തന്‍റെ ജീവിതം മാത്രമല്ല, മറ്റ് നിരവധി പേരുടെ ജീവിതവും ഒരു വിജയമാക്കി തീർക്കുന്നു. ഇത് അദ്ദേഹത്തിന്‍റെ കഥയാണ്.

ലോങ്‌കുമറിന് പങ്കുവയ്ക്കാൻ ഒരുപാട് അനുഭവങ്ങളുണ്ട്. മിക്കതും കണ്ണീരിൽ കുതിർന്നവയാണ്. വേദനയും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലം അയാൾ ഇന്നും ഓർക്കുന്നു. അച്ഛനമ്മമാരുടെ തണലിൽ കഴിയുന്ന കാലത്ത് നമ്മൾ അനുഭവിക്കുന്ന സമാധാനവും സന്തോഷവും ഒരുപക്ഷേ പിന്നീട് നമുക്ക് തിരിച്ച് കിട്ടിയില്ലെന്ന് വരാം. അവരുടെ കൂടെ കഴിയുമ്പോൾ നമ്മൾ അനുഭവിക്കുന്ന സുരക്ഷിതത്വം വളരെ വലുതാണ്. ദൗർഭാഗ്യവശാൽ പന്ത്രണ്ടാമത്തെ വയസ്സിൽ അയാൾക്കത് നഷ്ടമായി. "എന്‍റെ അച്ഛൻ ഗുരുതരമായ രോഗത്തെ തുടർന്ന് മരിക്കുമ്പോൾ എനിക്ക് വെറും ഒമ്പത് വയസ്സായിരുന്നു പ്രായം. മൂന്നു വർഷത്തിനുശേഷം ഒരു വലിയ ഹൃദയാഘാതത്തെ തുടർന്ന് അമ്മയും ഞങ്ങളെ വിട്ടുപോയി. ഞാനും എന്‍റെ സഹോദരങ്ങളും തനിച്ചായി” അദ്ദേഹം പറഞ്ഞുതുടങ്ങി.

നാഗാലാൻഡിലെ ആചാരപ്രകാരം,  കുടുംബത്തിലെ ആരെങ്കിലും മരിച്ചാൽ മൂന്ന് ദിവസത്തെ ചടങ്ങുകളാണ് ഉള്ളത്. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഇവരെ ബന്ധുക്കൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. അങ്ങനെ, മരണം കഴിഞ്ഞു മൂന്നാംദിവസം കുട്ടികളുടെ ഭാവിയെക്കുറിച്ചും സ്വത്ത് മേൽനോട്ടത്തെക്കുറിച്ചും തീരുമാനമെടുക്കാനായി ബന്ധുക്കൾ എല്ലാവരും ഒത്തുകൂടി. അവർ ഈ കുട്ടികളെ കൂടെ താമസിപ്പിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ സഹോദരങ്ങളെല്ലാവരെയും ഒരുമിച്ച് താമസിപ്പിക്കാൻ കഴിയാത്തതുകൊണ്ട് ഓരോരുത്തരെയും ഓരോ വീടുകളിലാക്കാൻ  തീരുമാനിച്ചു. ലോങ്‌കുമറിനെ കൊണ്ടുപോയത് അമ്മാവനാണ്. അവിടെ അവർ അവന് ഭക്ഷണവും വസ്ത്രവും നൽകി. എന്നാൽ ആ കുരുന്നിന്‍റെ വിദ്യാഭ്യാസം ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. അത് മാത്രവുമല്ല, അവനെ അവരുടെ ഹോട്ടലിൽ പണിയെടുപ്പിക്കാനും അവന്‍റെ  സമ്പാദ്യം തട്ടിയെടുക്കാനും അവർ ശ്രമിച്ചു. വെറും  12 വയസ്സുമാത്രമുള്ള അവന് എന്ത് ചെയ്യാനാകും?

അങ്ങനെയിരിക്കുമ്പോഴാണ്, അവന്‍റെ അച്ഛന്‍റെ അടുത്ത കൂട്ടുകാരൻ അവനെയും അവന്‍റെ മൂത്ത സഹോദരനെയും പഠിപ്പിക്കാനായി മുന്നോട്ടുവന്നത്. അദ്ദേഹം അവർക്ക് പുസ്‍തകങ്ങളും യൂണിഫോമുകളും വാങ്ങിക്കൊടുത്തു. നാലുവർഷത്തേക്കുള്ള അവരുടെ സ്‍കൂൾ ഫീസും അദ്ദേഹം അടച്ചു. പക്ഷേ, മറ്റു കുട്ടികളെ പോലെ അവന് കളിച്ച് നടക്കാൻ സാധിച്ചില്ല. അവന്‍റെ ജോലികൾ നേരം പുലരും മുൻപേ തുടങ്ങും. അത് ചിലപ്പോൾ രാത്രിവരെ നീളും. മറ്റു കുട്ടികൾ കളിച്ച് തളർന്ന് ഉറങ്ങുമ്പോൾ അവൻ ജോലി ചെയ്ത് ക്ഷീണിതനായി ഉറങ്ങും. ഹോട്ടലിലേക്ക് വെള്ളം കൊണ്ടുവരാനും, വിറക് ശേഖരിക്കാനും, അതിഥികൾക്ക് ഭക്ഷണം പാകം ചെയ്യാനും,  മറ്റ് ജോലികൾക്കുമായി അവൻ ഓടിനടക്കും. എന്നിട്ടും പഠിപ്പിനോടുള്ള അവന്‍റെ ആവേശം അവനെ ഒരു നല്ല വിദ്യാർത്ഥിയാക്കി.

"പലപ്പോഴും എനിക്ക് അവിടന്ന് ഓടിപ്പോകാൻ തോന്നിയിട്ടുണ്ട്. പക്ഷേ, കഴിഞ്ഞില്ല. ഒരിക്കലും ആരെയും ആശ്രയിക്കരുതെന്ന് എന്‍റെ ജീവിതം എന്നെ പഠിപ്പിച്ചു. 2000 -ൽ ഞാൻ കോളേജിൽ നിന്ന് ബിരുദം നേടിയപ്പോൾ, ഒരിക്കലും എന്‍റെ  അമ്മാവന്‍റെ അടുത്തേക്ക് മടങ്ങില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്‍റെ ഭാഗ്യത്തിന്, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി പൊലീസിൽ ചേർന്ന എന്‍റെ സഹോദരൻ എന്നെ തുടർന്ന് പഠിപ്പിക്കാൻ തയ്യാറായി” അയാൾ പറഞ്ഞു.

"ദിമാപൂരിൽ വേൾഡ് വിഷൻ ഇന്ത്യ ആരംഭിച്ച ലാഭേച്ഛയില്ലാതെ ഒരു പദ്ധതിയെ കുറിച്ച് ഞാൻ അറിയാനിടയായി. പഴയ ബാലവേലക്കാരെ വിദ്യാഭ്യാസത്തിലൂടെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയായിരുന്നു അത്. ഞാൻ അവിടെ ജോലിക്ക് അപേക്ഷിച്ചു. യോഗ്യത ഇല്ലെന്ന് പറഞ്ഞ് രണ്ടുപ്രാവശ്യവും അവരെന്നെ തഴഞ്ഞു. പക്ഷേ, ഒരു മുൻബാലവേലക്കാരനെന്ന നിലയിൽ എനിക്കും ഇതിൽ ഭാഗവാക്കാകണമെന്ന് ഞാൻ ആഗ്രഹിച്ചു. അവസാനം, എനിക്ക് ഒരു ഡ്രൈവർ പോസ്റ്റ് അവർ വാഗ്ദ്ധാനം ചെയ്തു. എനിക്ക് ജീവിക്കണമായിരുന്നു. ഞാൻ പ്രതിമാസം 2,000 രൂപ ശമ്പളത്തിൽ ജോലി ആരംഭിച്ചു” ലോങ്‌കുമർ പറഞ്ഞു.

ആ സമയത്താണ് അയാൾ തെരുവിലെ കുട്ടികളുമായി ഇടപഴകാൻ തുടങ്ങിയത്. ഏതാനും മാസങ്ങൾക്ക് ശേഷം ഗ്രേസ് കോളനിയിൽ എൻ‌ജി‌ഒ ആരംഭിച്ച ഒരു സ്‍കൂളിൽ അധ്യാപകനായി അയാൾ ജോലി ആരംഭിക്കുകയും ചെയ്തു. സ്‍കൂളിൽ 160 കുട്ടികളും എട്ട് അദ്ധ്യാപകരും ഉണ്ടായിരുന്നു. 2005 -ൽ എൻ‌ജി‌ഒ മോൺ ജില്ലയിലെ മറ്റൊരു പദ്ധതി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ അയാളുടെ ജീവിതം ഒരു പുതിയ വഴിത്തിരിവിലേക്ക് കടന്നു.  

അനാഥരായ ആ കുട്ടികളെ ഉപേക്ഷിക്കാൻ അയാൾക്കായില്ല. അയാൾ ആ സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നിട്ടും, സ്‍കൂൾ രജിസ്റ്റർ ചെയ്‍‍തിരുന്നില്ല. അതുകാരണം സ്‍കൂൾ നടത്തിക്കൊണ്ടുപോകാനുള്ള ഫണ്ട് ഇല്ലായിരുന്നു. മാസങ്ങളോളമായി അവിടത്തെ അധ്യാപകർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പണത്തിനു മറ്റൊരു വഴിയുമില്ലാതെ ലോങ്‌കുമർ തന്‍റെ സെക്കൻഡ് ഹാൻഡ് കാർ 1.47 ലക്ഷം രൂപയ്ക്ക് വിറ്റ് ആ പണം അധ്യാപകർക്ക് നൽകി.

 

“എന്‍റെ കൈയിൽ പണമില്ലായിരുന്നു. ജനുവരിയിൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. പക്ഷേ, അതിശയകരമെന്നു പറയട്ടെ, ശമ്പളം ഇല്ലാഞ്ഞിട്ടും അവർ ജോലിക്ക് വന്നു. ശമ്പളം ത്യജിക്കാൻ അവർ തയ്യാറായിരുന്നു. ഞങ്ങൾ ഒരുമിച്ച് സ്‍കൂളിനെ സംരക്ഷിക്കാൻ തീരുമാനിച്ചു, അങ്ങനെയാണ് ഞാൻ കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ സെന്റർ സൊസൈറ്റി (സിഇസിഎസ്) ആരംഭിച്ചത്. 2006 -ൽ അത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായിരുന്നു. 2008 -ൽ സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യുകയും, സ്‍കൂളിന് കമ്മ്യൂണിറ്റി എഡ്യൂക്കേഷൻ സെന്‍റർ സ്‍കൂൾ എന്ന് പേരിടുകയും ചെയ്തു” അദ്ദേഹം ഓർത്തു.

 

2008 മുതൽ, സി‌ഇ‌സി‌എസ് ബാലവേലയ്‌ക്കെതിരായ പ്രചാരണപരിപാടികൾ ആരംഭിച്ചു. എന്നാൽ അതിന്‍റെ പ്രവർത്തനങ്ങൾക്കാവശ്യമായ ധനം അയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ മൂന്നുവർഷം കഴിഞ്ഞപ്പോൾ നാഗാലാൻഡ് സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കാൻ ഇടയായി. പ്രാദേശിക മാധ്യമങ്ങളും അയാളുടെ ശ്രമങ്ങളെ ഉയർത്തിക്കാട്ടാൻ തുടങ്ങി.

 

“ഞങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ച് അറിഞ്ഞ് 2009 -ൽ ഹാൻസ് ഫൗണ്ടേഷന്‍റെ ചെയർപേഴ്‌സൺ ശ്വേത റാവത്ത് ദിമാപൂരിലെ സിഇസിഎസ് സ്‍കൂൾ സന്ദർശിച്ചു. ഫൗണ്ടേഷന്‍റെ പൂർണപിന്തുണ 2010 -ൽ ഞങ്ങൾക്ക് ലഭിച്ചു. ഇന്ന് ഞങ്ങളുടെ പ്രധാന സഹായം അവരാണ്” ലോങ്‌കുമർ പറയുന്നു. ദിമാപൂരിലെ ബ്രാഞ്ചിൽ തുടക്കത്തിൽ അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്ന് കുടിയേറിവന്ന കൂലിപ്പണിക്കാരുടെ കുട്ടികളാണ് കൂടുതലും ഉണ്ടായിരുന്നത്. അടുത്തകാലത്തായി ധാരാളം നാഗ കുട്ടികളും ഇവിടെക്ക് വരുന്നു. ഇന്ന്, 580 വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ഉച്ചഭക്ഷണവും സ്‍കൂൾ നൽകുന്നു. അതേസമയം, തുലിയിലെ റെസിഡൻഷ്യൽ ബ്രാഞ്ചായ രാജേശ്വരി കരുണ സ്‍കൂളിലെ 182 വിദ്യാർത്ഥികളിൽ 95 ശതമാനം ഗോത്രവർഗക്കാരാണ്, അവർ ആധുനിക സൗകര്യങ്ങളോടെ താമസിക്കുകയും പഠിക്കുകയും ചെയ്യുന്നു.

 

“ഞങ്ങളുടെ സ്‍കൂളുകളിൽ പഠിച്ച കുട്ടികൾ ഇപ്പോൾ സ്വകാര്യ കമ്പനികളിലും സർക്കാർ ജോലികളിലും പണിയെടുക്കുന്നു. എല്ലാ വർഷവും, പത്താം ക്ലാസ്സിലെ വിജയ ശതമാനം 80 -നും 100 -നും ഇടയിലാണ്” അയാൾ പറയുന്നു.

''ഓരോ ജീവിതവും വിലപ്പെട്ടതാണ്. എന്‍റെ ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ ചില ആളുകളാണ് എന്നെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ചത്. എന്നെ ആളുകൾ സഹായിച്ചത് പോലെ മറ്റുള്ളവർക്കും എന്നാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ലോകത്തെ മാറ്റാൻ കഴിയില്ല, പക്ഷേ എന്‍റെ പ്രവൃത്തികൊണ്ട് മറ്റൊരാളുടെ ജീവിതത്തിൽ അല്പം വെളിച്ചം കൊണ്ടുവരാൻ കഴിഞ്ഞാൽ അതൊരു വലിയ കാര്യമായി ഞാൻ വിചാരിക്കുന്നു'' ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.