ഇന്ത്യൻ റെയിൽവേ സൗജന്യ യാത്ര പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും, റിസർവ്ഡ് കോച്ചുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നു. ചെറിയ യാത്രക്ക് പോലും ജനറൽ കോച്ച് ഉപയോഗിക്കാതെ റിസർവ്ഡ് സീറ്റുകൾ കൈയടക്കുന്നവരെ കുറിച്ചുള്ള കുറിപ്പ് വൈറലായി.

സൗജന്യ യാത്രകൾ ഇന്ത്യന്‍ റെയില്‍വേ പ്രോത്സഹിപ്പിക്കുന്നില്ല. അതിനാല്‍, തന്നെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരെല്ലാം ടിക്കറ്റ് എടുക്കണമെന്നും അല്ലാത്തപക്ഷം തടവോ പണമോ അല്ലെങ്കില്‍ രണ്ടും കൂടിയ ശിക്ഷയ്ക്കോ അ‍ർഹനാണെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം റിസർവേഷന്‍ കോച്ചുകളിലും എസി കോച്ചുകളിലും അനുവദനീയമായ ടിക്കറ്റില്ലാതെ കയറുന്ന യാത്രക്കാരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. റിസർവ് ചെയ്ത കോച്ചുകളിൽ സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും പിടിക്കപ്പെടുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും വ‍ർദ്ധനവാണ്. ഇത് എന്തു കൊണ്ടാണെന്ന് ചോദിച്ച ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

എന്തു കൊണ്ട്?

"കുറഞ്ഞ ദൂരത്തേക്ക് ടിക്കറ്റ് എടുക്കാതെ അല്ലെങ്കിൽ ജനറൽ കോച്ചുകളില്‍ വെറുതെ യാത്ര ചെയ്യുന്നതെന്തു കൊണ്ട് ?' എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. ട്രെയിനിലെ തന്‍റെ സഹയാത്രിക്കാരെക്കുറിച്ച് ഒരു യാത്രക്കാരൻറെ നിരാശ നിറ‌ഞ്ഞ കുറിപ്പ് ടിക്കറ്റില്ലാതെയുള്ള ട്രെയിന്‍ യാത്രയെ കുറിച്ച് ഒരു ദീർഘ ചർച്ചയ്ക്ക് തന്നെ തുടക്കം കുറിച്ചു. ഒരു സ്റ്റോപ്പിനായി സീറ്റ് പങ്കിടാനോ ചെറിയ ദൂരത്തേക്ക് റിസർവ് ചെയ്ത സീറ്റുകൾ ഏറ്റെടുക്കുകയോ ചെയ്യുന്ന യാത്രക്കാരുമായി നിരന്തരം ഇടപെടേണ്ടിവരുന്നുവെന്നും പലപ്പോഴും ഇതൊരു തരം "അവകാശമുള്ള മനോഭാവം" പ്രകടിപ്പിച്ച് കൊണ്ടാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

'ഒരു സ്റ്റോപ്പിനിടെയില്‍ തനിക്ക് പത്ത് തവണയെങ്കിലും മാറിയിരിക്കാന്‍ ആവശ്യപ്പെടേണ്ടിവരുന്നു. പക്ഷേ എന്തിന് ഞാൻ അത് ചെയ്യണം?' അദ്ദേഹം തന്‍റെ കുറിപ്പില്‍ ചോദിക്കുന്നു. ഒരാളോട് പ്രത്യേകിച്ചും വൃദ്ധരോട് മാറി നില്‍ക്കാന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാൽ ചെറിയ ദൂരം യാത്ര ചെയ്യാന്‍ ഇവരെന്തു കൊണ്ടാണ് ജനറൽ കോച്ചുകൾ തെരഞ്ഞെടുക്കാത്തത്? എന്നാല്‍ അതിന് പകരം ആളുകൾ റിസർവേഷന്‍ കോച്ചുകളില്‍ കയറി സീറ്റുകൾ കൈവശപ്പെടുത്തുകയാണെന്നും ഇത്തരത്തില്‍ പെരുമാറാനും പറയാനും അത് ചോദ്യം ചെയ്യുമ്പോൾ രക്തം വാർന്ന നിലയില്‍ മുഖം ചുളിച്ച് നില്‍ക്കുന്നതെന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഒപ്പം, ബീഹാറിനുള്ളില്‍ ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞാൽ എല്ലാ ജീവനക്കാരു അവരുടെ പരിശോധനകൾ നിർത്തുമെന്നും അദ്ദേഹം എഴുതി.

പ്രതികരണം

കുറിപ്പ് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. സമാനമായ അനുഭവങ്ങളുമായി നിരവധി പേരാണ് എത്തിയത്. ചെറിയ ദൂരങ്ങൾക്ക് സ്വസ്ഥമായി യാത്ര ചെയ്യാന്‍ കുടുതല്‍ ജനറൽ കോച്ചുകൾ അനുവദിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ബീഹാറില്‍ ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാണെന്നും അവിടെ പലപ്പോഴും ടിക്കറ്റ് എക്സാമിന‍ർമാര്‍ നിസഹായരാണെന്നും ചിലരെഴുതി.