താൻ ഈ ജോലി രാജി വയ്ക്കാൻ കാരണം ചില ആരോഗ്യപ്രശ്നങ്ങളാണ് എന്നും യുവാവ് പോസ്റ്റിൽ പറയുന്നുണ്ട്.
ജോലി സ്ഥലത്ത് നിന്നുള്ള പലതരത്തിലുള്ള ചൂഷണങ്ങളെ കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. അധികനേരം ജോലി ചെയ്യേണ്ടി വരുന്നതിനെ കുറിച്ചും ജോലി സമ്മർദ്ദത്തെ കുറിച്ചുമെല്ലാം ആളുകൾ ചർച്ച ചെയ്യുന്നു. ഇപ്പോഴിതാ അതുപോലെ ഒരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
പ്രൊജക്ട് മാനേജറായി ജോലി ചെയ്യുന്ന യുവാവ് പറയുന്നത്, ചില ആരോഗ്യപ്രശ്നങ്ങളാൽ രാജി സമർപ്പിച്ചു എന്നാണ്. എന്നാൽ, രാജി സമർപ്പിച്ച് പിറ്റേദിവസം ഇയാളെ കമ്പനി പിരിച്ചുവിട്ടു. ജീവനക്കാരനെ പിരിച്ചുവിടുക മാത്രമല്ല കമ്പനി ചെയ്തത് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷനിൽ പ്രശ്നമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടും തീർന്നില്ല, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വേണമെങ്കിൽ മൂന്നുമാസത്തെ ശമ്പളം കമ്പനിയിലേക്ക് നൽകണം എന്നും ആവശ്യപ്പെട്ടുവത്രെ.
@Randy31599 എന്ന യൂസറാണ് തന്റെ അനുഭവം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ ഒരു ജോലി കണ്ടെത്താൻ സഹായിക്കണമെന്നും ഇയാൾ അഭ്യർത്ഥിച്ചു. ചെന്നൈയിൽ ആണെങ്കിൽ നല്ലത് എന്നും ഇയാൾ പറയുന്നുണ്ട്. എന്തായാലും, യുവാവിന്റെ പോസ്റ്റ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
താൻ ഈ ജോലി രാജി വയ്ക്കാൻ കാരണം ചില ആരോഗ്യപ്രശ്നങ്ങളാണ് എന്നും യുവാവ് പോസ്റ്റിൽ പറയുന്നുണ്ട്. “8 മാസത്തിലേറെയായി താൻ ഈ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ശമ്പളം പോലും കൂട്ടിക്കിട്ടി. പക്ഷേ, ജോലി സമ്മർദ്ദം വളരെ കൂടുതലായി. എനിക്ക് ഫാറ്റി ലിവർ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ, ചിക്കൻപോക്സും പിടിപെട്ടു. ഞാൻ 3 ദിവസത്തെ അവധി ചോദിച്ചപ്പോൾ വീട്ടിൽ നിന്ന് ജോലി ചെയ്യാനാണ് സിഇഒ എന്നോട് നിർദ്ദേശിച്ചത്. പക്ഷേ തനിക്ക് പൂർണമായും ടീമിനെ സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല” എന്നും പോസ്റ്റിൽ പറയുന്നുണ്ട്.
പിന്നാലെയാണ് പിരിച്ചുവിട്ടതടക്കമുള്ള കാര്യങ്ങൾ നടക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. കമ്പനിക്കെതിരെ നിയമപരമായി നീങ്ങണം എന്നാണ് ആളുകൾ പറഞ്ഞത്.
