എഴുപത്തിയാറാമത്തെ വയസ്സിലും എങ്ങനെയാണ് പ്രഭാ ദേവി ഇത്രയും ഊര്‍ജ്ജസ്വലയായിരിക്കുന്നതെന്ന് കാണുന്നവര്‍ക്ക് അദ്ഭുതം തോന്നും. അത്രയും ചുറുചുറുക്കാണവര്‍ക്ക്. അവരുടെ മകന്‍ നാല്‍പ്പത്തിനാല് വയസ്സുകാരന്‍ മനീഷ്, രുദ്രപയാഗിലെ ആ ഗ്രാമത്തിലുള്ള അവരുടെ കുന്നിന്‍ മുകളിലെ കോട്ടേജിലേക്ക് ഇടയ്ക്കിടയ്ക്ക് അവരെ സന്ദര്‍ശിക്കാനെത്തും. പ്രഭാ ദേവി സെംവാളിന്‍റെ അതിമനോഹരമായ ആ വീട് സ്ഥിതി ചെയ്യുന്നത് എങ്ങും പച്ചപ്പ് മാത്രം നിറഞ്ഞ ആ കാടിന്‍റെ നടുവിലാണ്. അതിലെ ഏറ്റവും രസകരമായ കാര്യമെന്താണെന്നോ? ആ കാട് മുഴുവന്‍ നട്ടുവളര്‍ത്തിയത് പ്രഭാ ദേവി തന്നെയാണ്. തന്‍റെ ഗ്രാമത്തെ സംരക്ഷിക്കാനായാണ് പ്രഭാ ദേവി അങ്ങനെ ചെയ്‍തത്. നിറയെ ചെടിയും മരവും പക്ഷിക്കൂട്ടങ്ങളും മൃഗങ്ങളുമെല്ലാമുണ്ട് ആ കാട്ടില്‍.

''ഓരോരുത്തരും വീട് വയ്ക്കാനായി, ഓഫീസ് നിര്‍മ്മിക്കാനായി ഒക്കെ മരം മുറിച്ചുകൊണ്ടേയിരുന്നു. ഒരു മരം പോലും നടുന്നതിനെ കുറിച്ച് ആരും ചിന്തിച്ചില്ല. മണ്ണിലെ വെള്ളമില്ലാതായി, ഭൂമി വരണ്ട് മരുഭൂമി പോലെയായി. ആ സ്ഥലത്തെ സംരക്ഷിച്ചില്ലെങ്കില്‍ അത് നശിച്ചുപോകുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ ഞാന്‍ ചെടി നട്ടുതുടങ്ങി... '' -പ്രഭാ ദേവി പറയുന്നു.

പ്രഭാ ദേവിക്ക് എഴുതാനോ വായിക്കാനോ അറിയില്ല. പക്ഷേ, തന്‍റെ വനത്തിലെ ഓരോ മരങ്ങളെയും അവര്‍ക്കറിയാം. പതിറ്റാണ്ടുകളുടെ പരിശ്രമത്താല്‍ അഞ്ഞൂറിലേറെ മരങ്ങള്‍ പ്രഭാ ദേവി വളര്‍ത്തി. ഇപ്പോഴും അവര്‍ തന്‍റെ പരിശ്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. ''ഒറ്റപ്പകലും അമ്മ വെറുതെയിരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. കുട്ടികളായിരിക്കുമ്പോള്‍ അമ്മയെന്തിനാണ് എപ്പോഴും ഇങ്ങനെ ചെടി നട്ടുകൊണ്ടിരിക്കുന്നത് എന്ന് ഞങ്ങള്‍ പരാതിപ്പെടാറുണ്ടായിരുന്നു. പക്ഷേ, ഇന്ന് നഗരത്തില്‍ ജീവിക്കുന്നയാളെന്ന നിലയില്‍ എനിക്ക് മനസിലാവുന്നുണ്ട്, അമ്മ ചെയ്യുന്നത് എത്ര വലിയ കാര്യമാണ് എന്ന്...'' -മനീഷ് പറയുന്നു. അമ്മയുടെ കയ്യില്‍ എന്തോ ഒരു മാന്ത്രികതയുണ്ട് എന്നും മനീഷ് പറയുന്നു.

ഒരു കുടുംബത്തിലെ മൂത്തയാളുടെ ഭാര്യയായിട്ടാണ് പതിനാറോ പതിനേഴോ വയസ്സുള്ളപ്പോള്‍ പ്രഭാ ദേവി palasat എന്ന ഗ്രാമത്തിലേക്ക് വരുന്നത്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതല അവര്‍ക്കായിരുന്നു. ആ മലമുകളിലെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. അടുത്ത പുഴയില്‍ നിന്ന് വെള്ളമെടുത്ത് വരുന്നത് തന്നെ ഒരുതരത്തില്‍ മണിക്കൂറുകള്‍ നീണ്ട ട്രെക്കിങ്ങായിരുന്നു. കര്‍ഷകരുടെ കുടുംബമായിരുന്നു അത്. പശുക്കള്‍ക്കും ആടുകള്‍ക്കും വേണ്ടി പുല്ലുകള്‍ ശേഖരിക്കാനും എല്ലാം പോകുന്നുണ്ടായിരുന്നു പ്രഭാ ദേവി. എന്നാല്‍, പയ്യെപ്പയ്യെ ഈ പച്ചപ്പുല്ലുകളില്ലാതായിത്തുടങ്ങിയതോടെ അവ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചു പ്രഭാ ദേവി. പയ്യെപ്പയ്യെ ചെടി നടുക എന്നത് ഒരു വിനോദമായി. ഓരോ ദിവസവും ഒരു നിശ്ചിത സമയം തന്നെ അവര്‍ മാറ്റിവെച്ചു.

അതാണ് ഇന്ന് കാണുന്ന വനത്തെയുണ്ടാക്കിയത്. പ്രഭാ ദേവിയുടെ മക്കളെല്ലാം പല നഗരങ്ങളിലാണ് താമസം. അമ്മയോട് കൂടെവന്നു താമസിക്കാന്‍ അവര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും തന്‍റെയീ കാട് വിട്ട് എങ്ങോട്ടും താനില്ലാ എന്നാണ് പ്രഭാ ദേവി പറയാറ്.