സാധാരണ എന്നു പോലും പറയാനാകാത്ത ഒരു സര്‍ക്കാര്‍ സ്കൂളിലാണ് പ്രകാശ് പാണ്ഡേ പഠിച്ചത്. ബിഹാറിലെ ചപ്ര ജില്ലയിലായിരുന്നു ഇത്. ക്ലാസ് മുറിയില്‍ ബെഞ്ചില്ലായിരുന്നു, വൈദ്യുതി വരികയും പോവുകയും ചെയ്യും, തോന്നുമ്പോഴെല്ലാം ക്ലാസുകള്‍ കാന്‍സല്‍ ആവും. ഇതൊക്കെ 2009 -ലാണ്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിനൊന്നും ഒരു മാറ്റവും വന്നില്ല. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഈ ദുരവസ്ഥയിലൂടെ കടന്നു പോകുന്നതല്ലാതെ.. പ്രകാശ് പറയുന്നു. ഇപ്പോള്‍, ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍, എയര്‍ ട്രാഫിക് കണ്‍ട്രോളറായി ജോലി ചെയ്യുകയാണ് പ്രകാശ്.

സാമ്പത്തികാവസ്ഥ അനുവദിക്കാത്തതിനാല്‍ പത്താം ക്ലാസിനു ശേഷം പഠിക്കാന്‍ പ്രകാശിനു കഴിഞ്ഞിരുന്നില്ല. അതിനുശേഷം ജോലി അന്വേഷിച്ച് പ്രകാശ് ദില്ലിയില്‍ ചെന്നു. കുറച്ച് വര്‍ഷങ്ങള്‍ പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്ത ശേഷം 2012 -ല്‍ അദ്ദേഹം എയര്‍ ട്രാഫിക് കണ്‍ട്രോളറായി ജോലിയില്‍ പ്രവേശിച്ചു. 

പ്രകാശും സുഹൃത്തുക്കളും ചേര്‍ന്ന് അവരെ കണ്ടു, സംസാരിച്ചു

ജോലിയുമായി ആ സമയത്ത് പ്രകാശ് തിരക്കിലായി. ഒരു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് ലീവിനു വന്നതായിരുന്നു പ്രകാശ്. അന്നും നാട്ടില്‍ യാതൊരു മാറ്റവുമില്ലെന്ന് വേദനയോടെ പ്രകാശ് മനസിലാക്കി. അതിലദ്ദേഹത്തിന് നാണക്കേട് വരെ തോന്നി. 'പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു കമ്പ്യൂട്ടര്‍ പോലും തൊട്ടിട്ടില്ല. ഒരു ലൈബ്രറി ഉണ്ടായിരുന്നില്ല, ആവശ്യത്തിന് പുസ്തകമോ അധ്യാപകരോ ഉണ്ടായിരുന്നില്ല.. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതിനൊന്നും യാതൊരു പുരോഗമനവുമുണ്ടായിരുന്നില്ല.' അങ്ങനെയാണ് 25 വയസ്സുകാരനായ പ്രകാശ് പുതിയ ചില തീരുമാനങ്ങളെടുക്കുന്നത്. 

തന്‍റെ സമ്പാദ്യമുപയോഗിച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്കായി എല്ലാ സൌകര്യങ്ങളോടും കൂടി ഒരു സ്കൂള്‍ തുറക്കാന്‍ അയാള്‍ ആഗ്രഹിച്ചു. പക്ഷെ, വീട്ടുകാരെല്ലാം എതിര്‍ത്തു. അമ്മ പോലും പ്രകാശിനോട് മിണ്ടാതായി. ഗ്രാമവാസികള്‍ യാതൊരു വരുമാനവും കിട്ടാത്ത ഇങ്ങനെയൊരു കാര്യം തുടങ്ങുന്നത് വിഡ്ഢിത്തമാണെന്ന് പറഞ്ഞു. പക്ഷെ, തന്‍റെ പ്ലാനുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു പ്രകാശിന്‍റെ തീരുമാനം. അങ്ങനെയാണ് പ്രകാശിന്‍റെ വീട് ഒരു സ്കൂളായി മാറുന്നത്. 2017 -ലാണ് എല്ലാ സൌകര്യങ്ങളോടും കൂടി ഈ സ്കൂള്‍ നിലവില്‍ വന്നത്. 

90 ദിവസത്തെ ലീവാണ് ഇതിന്‍റെ ജോലിക്കായി അദ്ദേഹം മാറ്റിവെച്ചത്. അവസാനം സ്കൂള്‍ റെഡിയായി. ക്ലാസ് റൂമൊരുങ്ങി. ബെഞ്ച്, ബ്ലാക്ക് ബോര്‍ഡ്, ഫാന്‍, വൈദ്യുതി എല്ലാം റെഡി. സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബുമുണ്ടായിരുന്നു.. 

അടുത്തതായി വേണ്ടിയിരുന്നത് പഠിപ്പിക്കാനുള്ള അധ്യാപകരെ ആയിരുന്നു. ആ നാട്ടില്‍ ഒരുപാട് പെണ്‍കുട്ടികള്‍ ഇന്‍റര്‍മീഡിയേറ്റ് എക്സാം ജയിച്ച് ജോലി ചെയ്യാതെ നില്‍ക്കുന്നുണ്ടായിരുന്നു. പ്രകാശും സുഹൃത്തുക്കളും ചേര്‍ന്ന് അവരെ കണ്ടു. സംസാരിച്ചു. അവര്‍ക്ക് ആറ് മാസത്തെ പരിശീലനം നല്‍കി അവരെ ജോലി ചെയ്യാന്‍ സന്നദ്ധരാക്കി. 

400 കുട്ടികള്‍ പ്രകാശിന്‍റെ സ്കൂളില്‍ പഠിക്കുന്നു

ഓരോ വീട്ടിലും ചെന്ന് കുട്ടികളെ സ്കൂളിലയക്കാന്‍ അപേക്ഷിച്ചു. ഫീസ് നല്‍കാന്‍ കഴിവില്ലാത്തവരോട് ഫീസ് വേണ്ടെന്ന് പറഞ്ഞു. നല്‍കാന്‍ കഴിവുള്ളവരുടെ ഫീസ് കൂടി പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി വിനിയോഗിച്ചു. അധ്യാപികമാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കി. അതിനോടൊപ്പം തന്നെ 'സ്കൂള്‍‌ ചലേ..' എന്നൊരു ക്യാമ്പയിനും തുടങ്ങി. അഞ്ഞൂറോളം സ്കൂള്‍ കിറ്റുകള്‍ ശേഖരിച്ച് വിതരണം ചെയ്തു. 

ഇന്ന് ഒന്ന് മുതല്‍ എട്ട് വരെ ക്ലാസിലായി 400 കുട്ടികള്‍ പ്രകാശിന്‍റെ സ്കൂളില്‍ പഠിക്കുന്നു, എല്ലാവിധ സൌകര്യങ്ങളോടും കൂടി.. പത്താം ക്ലാസ് വരെ നടത്താനുള്ള അനുവാദം സര്‍ക്കാര്‍ പ്രകാശിന് നല്‍കി കഴിഞ്ഞു. 

(കടപ്പാട്: ദ ബെറ്റര്‍  ഇന്ത്യ)