കർതാർപുരിലേക്കുള്ള ചരിത്ര ഇടനാഴി തുറന്നിട്ട് ഇന്നേക്ക് ഒരു മാസം. തുടക്കത്തിൽ തീർത്ഥാടകരുടെ എണ്ണം കുറവായിരുന്നു. ഒരു ദിവസം അയ്യായിരം പേർക്കാണ് പ്രവേശനം ഉള്ളത്. എന്നാൽ അയ്യായിരത്തിൽ താഴെ പേർ മാത്രമാണ് ഈ ഇടനാഴി വഴി ആദ്യ പത്തു ദിവസം കർതാർപുരിലേക്ക് പോയത്. ഇരുപത് ഡോളർ ഫീസ് ഒരാളിൽ നിന്ന് ഈടാക്കുന്നത് തീർത്ഥാടകർ കുറയാൻ ഒരു കാരണമാണ്.

പാസ്പോർട്ട് വേണം എന്ന നിബന്ധനയും ആദ്യദിനങ്ങളിലെ ആശയക്കുഴപ്പത്തിന് ഇടയാക്കി.  നവംബർ പകുതിക്ക് ശേഷം തീർത്ഥാടകരുടെ ആവേശം കൂടി. നവംബർ 18 -ന് തീർത്ഥാടകരുടെ എണ്ണം 1800 കടന്നിരുന്നു. കർതാർപൂർ ഉത്ഘാടനത്തിനായി പോയ മാധ്യമസംഘത്തിൽ തെക്കേ ഇന്ത്യയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണുണ്ടായിരുന്നത്. ചരിത്രഇടനാഴിക്ക് ഒരുമാസമാകുമ്പോൾ പാകിസ്ഥാനിൽ നിന്നുള്ള മടക്കയാത്ര രേഖപ്പെടുത്തുകയാണിവിടെ:

അതിർത്തി കടന്നു. വാഗ വഴി പാകിസ്ഥാന്‍റെ ഗേറ്റുകടന്ന് നോമാൻസ് ലാൻഡ് വഴി ഇന്ത്യയിലേക്ക്. ലാഹോറിൽ നിന്ന് ഇരുപത് കിലോമീറ്റർ സഞ്ചരിച്ചപ്പോൾ വാഗയിലെത്തി. പാകിസ്ഥാൻ ഭാഗത്ത് കാര്യമായ പരിശോധനയൊന്നുമില്ല. പാസ്പോർട്ട് പരിശോധിച്ചു ഗേറ്റ് വഴി പോകാൻ അനുവാദം. ഇന്ത്യയിലേക്ക് കടന്നു കഴിഞ്ഞ് ലഗേജുകളുടെ രണ്ടു ഘട്ടങ്ങളായുള്ള പരിശോധന. ഡോഗ് സ്ക്വാഡുമുണ്ട്. എന്നും മുൾമുനയിലാണ് നമ്മുടെ ഉദ്യോഗസ്ഥർ.

ഹൃദയങ്ങളിലേക്കാണ് ആ ഇടനാഴി തുറക്കുന്നത്! ഉറങ്ങാത്ത ലാഹോറിലൂടെ, കർത്താർപൂരിലേക്ക് ഒരു യാത്ര

ലാഹോറിൽ നിന്നുള്ള ആ ഇരുപത് കിലോമീറ്ററിന് ഇരുപതിനായിരം കിലോമീറ്ററിൻറെ ദൂരമുണ്ട്.  'കശ്മീർ പാകിസ്ഥാൻറേതാണ്' എന്ന മുദ്രാവാക്യം ഒരു മതിലിൽ എഴുതി വച്ചിരിക്കുന്നത് വാഗയിലേക്കുള്ള മടക്കയാത്രയിൽ കണ്ടു. അമൃത്സറും ലാഹോറും  ഒന്നാണ്. ഭാഷയിൽ, ഭക്ഷണത്തിൽ, കാലാവസ്ഥയിൽ, ഈ ഐക്യം കാണാം... എന്നാൽ മനസ്സുകൾക്കിടയിൽ വിഭജനം വലിയ അകലവും മുറിപ്പാടുകളും സൃഷ്ടിച്ചു. മുറിവുണങ്ങാൻ പല പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നേക്കാം.

ലാഹോറിൽ നിന്ന് കർതാർപുരിലേക്ക് പോകുമ്പോഴും തിരികെ വാഗയിലേക്ക് മടങ്ങുമ്പോഴുമൊക്കെ പാകിസ്ഥാനിലെ പട്ടണങ്ങളും ഗ്രാമങ്ങളും നോക്കിക്കണ്ടു. ഇന്ത്യയുമായുള്ള സാമ്യം പ്രകടം. നബിദിന ആഘോഷത്തിനിടെയായിരുന്നു ഞങ്ങളുടെ മടക്കം. പുലർച്ചെ  മൂന്ന് വരെ ലാഹോറിലെ ഹോട്ടൽ മുറിയിൽ എവിടെനിന്നൊക്കെയോ ഖവാലി ജനൽപാളി കടന്നെത്തുന്നുണ്ടായിരുന്നു. പിറ്റേന്ന് വഴിയിൽ പലയിടത്തും നബിദിന റാലികൾ കണ്ടു.

ട്രാക്ടറുകളിലും കാളവണ്ടികളിലുമൊക്കെയായി ഗ്രാമീണർ ചെറിയ കവലകളിൽ ആഘോഷം കാണാൻ എത്തിയിരിക്കുന്നു. വടക്കേ ഇന്ത്യയിലെ രാഷ്ട്രീയ യോഗങ്ങൾക്ക് ട്രാക്ടറുകളിൽ കുത്തിനിറച്ച് കൊണ്ടുവരുന്ന ഗ്രാമീണരെ ഈ കാഴ്ച കണ്ടപ്പോൾ ഓർത്തു. മുഖാവരണമോ ബുർഖയോ ഇല്ലാതെയും നിരവധി സ്ത്രീകൾ. കുട്ടികൾ പുതിയ വസ്ത്രമൊക്കെ അണിഞ്ഞ് ട്രാക്ടറിൽ നിന്നിറങ്ങാതെ കാഴ്ചകൾ കാണുന്നു. ഇഷ്ടിക അടുക്കിയ സിമൻറ് തേക്കാത്ത വീടുകളും കടകളും ആണ് ചെറിയ കവലകളിൽ.

ഇന്ത്യൻ മാധ്യമസംഘം എത്തിയതു മുതൽ പാകിസ്ഥാൻ റേഞ്ചേഴ്സിൻറെ വലിയൊരു സംഘം ഒപ്പമുണ്ട്. മൂന്ന് തട്ട് സുരക്ഷയായിരുന്നു. മുന്നിൽ ആദ്യം ലോക്കൽ പൊലീസിൻറെ വാഹനം. അതിനു പിന്നിൽ നാലഞ്ച് വാഹനങ്ങളിൽ ആയുധമേന്തിയ റേഞ്ചേഴ്സ് കമാൻഡോസ്. ഒപ്പം മോട്ടോർ ബൈക്കുകളിൽ ‘ഡോൾഫിൻ’ സുരക്ഷാ സംഘവും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം മൊബൈൽ ഫോണിൽ  ഒരു റിപ്പോർട്ട് റെക്കോർഡ് ചെയ്ത് അയയ്ക്കാനായി കവലയിലേക്ക് ഇറങ്ങി.

'പാക് മണ്ണിലൂടെ സിഖ് സാമ്രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക്' ; പ്രശാന്ത് രഘുവംശത്തിന്‍റെ കുറിപ്പ്

ഒരു ഹിന്ദി മാധ്യമത്തിലെ സുഹൃത്തും ഒപ്പം വന്നു. തിരികെ വന്നപ്പോൾ യൂണിഫോമിൽ അല്ലാത്ത ഒരുദ്യോഗസ്ഥൻ അനിഷ്ടം പ്രകടിപ്പിച്ചു. ‘അനുവാദമില്ലാതെ പുറത്തേക്കു പോകാൻ പാടില്ല...’ ഹോട്ടലിലെ ഓരോ നിലയിലും ലിഫ്റ്റ് ഇറങ്ങുമ്പോൾ മൂന്നോ നാലോ പേരെ കാണാം. തിരികെ വരുന്നത് വരെ ഈ നിരീക്ഷകർ ഹോട്ടലിൽ തുടർന്നു. ഇന്ത്യൻ മാധ്യമസംഘത്തിൻറെ വരവും ഈ സുരക്ഷയും പാകിസ്ഥാനി പത്രങ്ങളിലും വലിയ വാർത്തയായി. ഞാനുൾപ്പെടുന്ന ഫോട്ടോ പ്രസിദ്ധീകരിച്ച് ചില പാകിസ്ഥാനി മാധ്യമങ്ങൾ എന്നെയും ‘സിനിമേലെടുത്തു!’

ഞങ്ങളെ സ്വീകരിക്കാൻ എത്തിയ ഷഹ്ബാസ് എന്ന ഉദ്യോഗസ്ഥൻ അടുത്ത സ്നേഹിതനായി. മൃദുഭാഷിയാണ് ഷഹ്ബാസ്. ലാഹോറിൽ തന്നെയാണ് സ്ഥിരതാമസം. കർത്താർപുർ ഉദ്ഘാടനത്തിന് ‌‌ഞങ്ങളോടൊപ്പം വരാനായില്ല. അന്ന് ലാഹോറിലെത്തിയ പാകിസ്ഥാൻറെ വാർത്താവിതരണമന്ത്രിയെ സ്വീകരിക്കേണ്ടി വന്നു. ഷഹ്ബാസിന് ഇന്ത്യൻ സിനിമകൾ പാകിസ്ഥാനിൽ വരാത്തതിലാണ് ദുഖം. സിനിമാപ്രേമിയായ ഷഹ്ബാസ് ഇറങ്ങുന്ന ഇന്ത്യൻ സിനിമകളെല്ലാം കാണുമായിരുന്നു.

ഷഹ്ബാസിൻറെ ഭാര്യ സീരിയൽ പ്രേമിയാണ്. ഇന്ത്യൻ സീരിയലുകളാണ് ആസ്വദിച്ചിരുന്നത്. കുംകും ഭാഗ്യ എന്ന പ്രശസ്ത സീരിയൽ തുടങ്ങിയാൽ പിന്നെ വീട് സ്തംഭിക്കുമെന്ന് ഷഹ്ബാസിൻറെ പരാതി. ഇപ്പോൾ ഇന്ത്യൻ സിനിമകൾക്കും ടിവി ചാനലുകൾക്കുമൊക്കെ വിലക്ക്. ഞങ്ങൾ താമസിച്ച ഹോട്ടലിൽ 60 ചാനലുകൾ കിട്ടുന്നുണ്ടായിരുന്നു. ഒറ്റ ഇന്ത്യൻ ചാനലുമില്ല.

ബിബിസിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന രവീന്ദ‍ർ സിംഗ് റോബിന് കർതാർപുർ ഇടനാഴിയിലൂടെ വന്ന് തിരികെ പോകാനുള്ള അനുമതിയാണ് കിട്ടിയത്. റോബിൻ വന്നത് ഇടനാഴിയിലെ ഷട്ടിൽ സർവ്വീസ് പ്രയോജനപ്പെടുത്തിയാണ്. ഷട്ടിൽ സർവ്വീസിൻറെ ഡ്രൈവർ സദ്ദാം ഹസൻറ അഭിപ്രായം റോബിൻ പകർത്തി ട്വിറ്ററിൽ നല്കി. ഈ വീഡിയോയ്ക്ക് വലിയ പ്രചാരം കിട്ടി. നിങ്ങളെയെല്ലാം കാണുമ്പോൾ കണ്ണു നിറയുന്നു എന്ന് ആ ഡ്രൈവർ പറഞ്ഞു.

ഞങ്ങൾ ഹജ്ജിനു പോകുന്നത് പോലെയല്ലേ നിങ്ങൾക്കും ഈ യാത്ര? സദ്ദാം ഹസൻറെ ഈ സന്തോഷം മറ്റു ചിലരിലും കണ്ടു. ഗുരുദ്വാര പുതുക്കി പണിത് ഇടനാഴി യാഥാത്ഥ്യമായതിൽ സന്തോഷിക്കുന്നത് സിഖ് വിഭാഗം മാത്രമല്ല. പാകിസ്ഥാനി മുസ്ലിംങ്ങൾ കൂടിയാണ്. ഇടനാഴി, തീർത്ഥാടക വിനോദസഞ്ചാരവും ഒപ്പം വരുമാനവും കൂട്ടുമെന്ന് സമീപവാസികൾ കരുതുന്നു. പാകിസ്ഥാനിലെ സാമ്പത്തികനില അത്ര മെച്ചമല്ല. ഇത്തരം നീക്കങ്ങൾ വരുമാനമാർഗ്ഗം കൂടിയാകും എന്നാണ് വിലയിരുത്തലെന്ന് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ‌ഞങ്ങളോട് പറഞ്ഞു. പഞ്ചാബിൽ ഇടനാഴി ഉദ്ഘാടനം തരംഗമുണ്ടാക്കിയെന്ന് റോബിൻ പറയുന്നു. രണ്ടായിരത്തി പത്തുമുതൽ കർതാർപുർ ഗുരുദ്വാരയിലേക്ക് വരുന്ന റോബിന് എന്നാൽ പാകിസ്ഥാൻറെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് സംശയമുണ്ട്.

വാഗ അതിർത്തി കടന്ന് എത്തിയപ്പോൾ പലരും ചോദിച്ചു. എങ്ങനെയുണ്ട് പാകിസ്ഥാൻ? പ്രത്യേകിച്ച് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ. മൂന്നു ദിവസത്തെ വിസ മാത്രമാണ് പാകിസ്ഥാൻ നല്കിയത്. വിസയിൽ ലാഹോറും കർതാർപൂരും പോകാൻ മാത്രം അനുവാദം എന്നു വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ദിവസത്തെ സമയം ഒരു രാജ്യത്തെക്കുറിച്ച് പഠിക്കാൻ ഒന്നുമല്ല. എങ്കിലും ചില കാര്യങ്ങൾ ബോധ്യമായി. പാകിസ്ഥാൻറെ നഗരങ്ങൾ പ്രതീക്ഷിച്ചതിലും മികച്ചതാണ്. വൃത്തിയായി സൂക്ഷിക്കുന്നു. ദില്ലിയിലേതിനെക്കാൾ വലിയ ഷോപ്പിംഗ് മാളുകൾ തുറന്നിരിക്കുന്നു.

പ്രവാസികളായ പകിസ്ഥാനികളിൽ നിന്നാവാം, ഇത്തരം സംരംഭങ്ങൾക്ക് നിക്ഷേപം വരുന്നുണ്ട്.  ഇന്ത്യാക്കാരെക്കുറിച്ച് രാഷ്ട്രീയനേതാക്കൾ ഉണ്ടാക്കിയ തെറ്റിദ്ധാരണകൾ അവർക്കുമുണ്ട്. മനുഷ്യർ തമ്മിൽ സംസാരിക്കുമ്പോൾ മാറാവുന്ന ധാരണകൾ. പട്ടാളത്തിനാണ് ജനാധിപത്യ സർക്കാരുകളുടെ കാലത്തും പാകിസ്ഥാനിൽ ആധിപത്യം. പട്ടാള ഉദ്യോഗസ്ഥർക്കുള്ള സൗകര്യങ്ങളെക്കുറിച്ച് ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തക വിവരിച്ചു. നഗരങ്ങളിലെ ഏറ്റവും വലിയ വീടുകൾ പട്ടാള ഉദ്യോഗസ്ഥരുടേതാണ്.

മടക്കയാത്രയിൽ അമൃത്സറിൽ നിന്നാണ് ദില്ലിയിലേക്ക് വിമാനം കയറിയത്. അതിനുമുമ്പ് ഞാനും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ആഷിഷ് കുമാർ സിംഗും കൂടി റോബിൻ സിംഗിനെ കണ്ടു. ഞങ്ങൾ കർതാർപൂരിൽ നിന്ന് ലാഹോറിലേക്ക് പോയപ്പോൾ റോബിൻ ഇടനാഴി വഴി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ‘പാകിസ്ഥാനിൽ നിന്ന് മടങ്ങിയതല്ലേ. നിങ്ങളെ പെഷാവരി മട്ടൺ കഴിക്കാൻ കൊണ്ടു പോകാം’. റോബിൻ പറഞ്ഞു. റോബിൻറെ വാഹനത്തിൽ ഞങ്ങൾ ഒരു മാർക്കറ്റിൽ എത്തി. രണ്ടു ചെറിയ മേശയുള്ള ഒരു തട്ടുകട. ബിട്ടൂസ് മീറ്റ് കോർണർ എന്നാണ് പേര്. അമൃത്സറിൽ പെഷാവരി മട്ടൺ കിട്ടുന്നത് ഇവിടെ മാത്രം. പല പ്രമുഖരും ഈ തട്ടുകട അന്വേഷിച്ച് വരാറുണ്ട്. മട്ടണിൽ നാരങ്ങപിഴിഞ്ഞൊഴിച്ച് കുരുമുളക് മാത്രം ചേർത്ത് റോസ്റ്റ് ചെയ്യുന്നതാണ് രീതി. മൂന്ന് പ്ലേറ്റ് വാങ്ങി. പെഷാവരി മട്ടൻറെ സ്വാദ് ഇതെഴുതുമ്പോഴും നാവിലുണ്ട്.

ബിട്ടുവിൻറെ കുടുംബം വിഭജനകാലത്ത് പാകിസ്ഥാനിലെ പെഷാവറിൽ നിന്ന് അമൃത്സറിലേക്ക് കുടിയേറിയതാണ്. അതിനുംമുമ്പ് അഫ്ഗാനിസ്ഥാനിൽ നിന്നാണ് ബിട്ടുവിൻറെ മുൻഗാമികൾ പെഷാവറിലേക്ക് വന്നത്. ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലും വലിയ സിഖ് സാന്നിധ്യമുണ്ടായിരുന്നു. കർതാർപുരിനെക്കാൾ പ്രധാനപ്പെട്ട ഗുരുദ്വാരകൾ അഫ്ഗാനിസ്ഥാനിലുണ്ടായിരുന്നു. അതിർത്തികൾ വരയ്ക്കപ്പെട്ടതോടെ ഇവയൊക്കെ വിശ്വാസികൾക്ക് അന്യമായി. ലാഹോറിൽ നിന്ന് അഞ്ചു മണിക്കൂർ ഇസ്ലാമാബാദിന്. അവിടെ നിന്ന് ആറു മണിക്കൂർ കാബൂളിലേക്ക്. ലാഹോറിൽ പ്രാതലും ഇസ്ലാമാബാദിൽ ഊണും കഴിഞ്ഞ് അത്താഴത്തിന് കാബൂളിലെത്തുന്ന യാത്രകൾക്ക് അതിർത്തി കടക്കാൻ നമുക്ക് ഇനി എന്നാവും കഴിയുക?.