ഭീകരവാദത്തിന് പണമെത്തിക്കുന്നവർക്കു നേരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും, അതിന്റെ തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന അറസ്റ്റുകളും ഒക്കെ തീവ്രവാദത്തിന് ചുക്കാൻ പിടിക്കുന്ന അയൽ രാജ്യത്തിന്റെ 'മർമ്മത്തുള്ള അടി'യാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ പറഞ്ഞിരിക്കുന്നു. തിങ്കളാഴ്ച രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള ആന്റി ടെററിസ്റ്റ് സ്ക്വാഡുകളുടെ (ATS) തലവന്മാരുടെ ദേശീയ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫണ്ടിങ്ങിന് തടയിടുക എന്നത് മാത്രമാണ് ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള ആദ്യപടി എന്നും അത് സാധ്യമാക്കുന്നത് കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇച്ഛാശക്തിയോടുള്ള അന്വേഷണങ്ങളും തുടർനടപടികളും മൂലമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഡോവൽ സൂചിപ്പിച്ചത് ഇപ്പോൾ NIA -യുടെ നേതൃത്വത്തിൽ ടെറർ ഫണ്ടിങ്ങിനെതിരെ നടന്നു കൊണ്ടിരിക്കുന്ന തീക്ഷ്ണമായ അന്വേഷണങ്ങളെപ്പറ്റിയാണ്. NIA പ്രസ്തുത അന്വേഷണങ്ങളുടെ തുടർച്ചയായി നടത്തിയ അറസ്റ്റുകൾ ഭീകരവാദികളെ തളർത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 

ഐക്യരാഷ്ട്ര സഭയുടെ ഫിനാൻഷ്യൽ ആക്ഷൻസ് ടാസ്ക് ഫോഴ്‌സ് (FATF) പാകിസ്താനെതിരെ ടെറർ ഫണ്ടിങ് സംബന്ധിച്ച ചട്ടലംഘനങ്ങൾക്ക് നോട്ടീസ് അയച്ചു. ഇതിനു പിന്നിലും NIA നടത്തിയ അന്വേഷണങ്ങളുടെ കണ്ടെത്തൽ സൃഷ്ടിച്ച സമ്മർദ്ദമുണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ പാകിസ്താന് നിർദേശമുണ്ട്. ഭീകരവാദത്തിന് ഫണ്ടിങ് നടത്തുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ പല ആക്ഷേപങ്ങളും പാകിസ്താനെതിരെ FATF സമർപ്പിച്ച നോട്ടീസിൽ ഉണ്ട്. മേൽപ്പറഞ്ഞ പ്രവർത്തനങ്ങളുടെ പേരിൽ പാകിസ്ഥാനെ തങ്ങളുടെ 'ഗ്രേ ലിസ്റ്റിൽ' പെടുത്തുന്നു എന്നാണ് FATF അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 13, മുതൽ 18 വരെ പാരിസിൽ  നടക്കാനിരിക്കുന്ന  FATF സമ്മേളനത്തിൽ പാകിസ്താനെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കുകയും, നോട്ടീസിനുള്ള പാകിസ്ഥാന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ, പാകിസ്താനെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയും ചെയ്തേക്കാം. കരിമ്പട്ടികയിൽ പെട്ടാൽ അത് അടുത്തപടിയായി നിരവധി സാമ്പത്തിക ഉപരോധങ്ങൾക്ക് കാരണമാകാനും ഇടയുണ്ട്. 
 



"നിങ്ങൾ ( ATS സംഘാംഗങ്ങൾ)  വെറും അന്വേഷണ ഉദ്യോഗസ്ഥന്മാരല്ല. അതിനുമപ്പുറം, തീവ്രവാദത്തിനെതിരെ ജീവൻ പണയം വെച്ച് യുദ്ധം ചെയ്യുന്ന ധീരന്മാരായ പോരാളികളാണ്. നിങ്ങൾ തീവ്രവാദത്തെ തച്ചുതകർക്കേണ്ട യോദ്ധാക്കളാണ്. നമ്മുടെ ഇന്റലിജൻസ് ഏജൻസികൾക്ക് അത് തനിയെ ചെയ്യാൻ സാധിക്കില്ല. എഫ്‌ഐആർ ഇടുക, കേസ് അന്വേഷിക്കുക എന്നതിൽ ഒതുങ്ങിനിൽക്കരുത് ജോലിയോടുള്ള നിങ്ങളുടെ അർപ്പണ മനോഭാവം" ഡോവൽ ATS ഉദ്യോഗസ്ഥരോട് പറഞ്ഞു. 

പാകിസ്ഥാനെപറ്റിയും ഡോവൽ പരാമർശിച്ചു, "ഇന്ന് ശത്രുരാജ്യത്തിനെതിരെ ഒരു യുദ്ധമെന്നത് ആർക്കും താങ്ങാനാവില്ല. അത് ഒട്ടും ലാഭകരമാവില്ല ഒരു രാജ്യത്തിനും. അതുകൊണ്ടാണ് ചില രാജ്യങ്ങൾ ശത്രുരാജ്യങ്ങളിലേക്ക് തീവ്രവാദികളെ പറഞ്ഞയച്ച് അവിടെ ചോരവീഴ്ത്താൻ ശ്രമിക്കുന്നത്. അത് യുദ്ധത്തേക്കാൾ ചെലവ് കുറഞ്ഞ ഇടപാടാണ്, കൂടുതൽ ആഘാതമുണ്ടാക്കുന്നതും..." 

"തീവ്രവാദികളുടെ ആയുധങ്ങൾ പിടിച്ചെടുക്കുക, അവർക്ക് ഫണ്ടിങ് വരുന്നത് തടയുക, അവരുടെ സ്വാധീനശക്തി തച്ചുതകർക്കുക - ഇത്രയും ഉറപ്പുവരുത്താനുള്ള നടപടികൾ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. അതുചെയ്യാൻ, നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് എന്താണ് വേണ്ടത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഞങ്ങൾക്ക് തരിക. തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ട നിർദേശങ്ങളും..." ഡോവൽ ഓഫീസര്‍മാരോട് പറഞ്ഞു. 

മാധ്യമങ്ങളെപ്പറ്റി പരാമർശിക്കാനും NSA ഡോവൽ മടിച്ചില്ല , "ATS നെപ്പറ്റി മാധ്യമങ്ങളിൽ വരുന്ന ധാരണകളും പ്രധാനമാണ്. നമ്മൾ കൈക്കൊള്ളുന്ന നടപടികളെപ്പറ്റി ഇടക്കിടെ മാധ്യമങ്ങളെ ധരിപ്പിക്കണം. നമ്മൾ അത് വീണ്ടും വിധം ചെയ്തില്ലെങ്കിൽ, മീഡിയ അവർക്ക് തോന്നുംപടി ഊഹിച്ച് എഴുതും, അത് അപകടമാണ്..." അദ്ദേഹം പറഞ്ഞു