സൊമാറ്റോയിലെയും റെസ്റ്റോറന്റിലെയും ഒരേ ഭക്ഷണത്തിന്റെ വിലയിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി യുവതി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലായതോടെ പ്രതികരണവുമായി സൊമാറ്റോയും രംഗത്തെത്തി. 

ഫുഡ് ഡെലിവറി ആപ്പിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും റെസ്റ്റോറന്റിൽ ചെന്ന് കഴിക്കുമ്പോഴുമുള്ള വിലയുടെ വ്യത്യാസത്തെ കുറിച്ച് മിക്കവാറും ചർച്ചകൾ ഉയരാറുണ്ട്. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. യുവതിയുടെ പോസ്റ്റിൽ ഒടുവിൽ സൊമാറ്റോയും പ്രതികരിച്ചിരിക്കയാണ്.

സൊമാറ്റോയിലെയും ഒരു ചൈനീസ് ഫുഡ് ഔട്ട്ലെറ്റിലെയും ഒരേ ഭക്ഷണ ഓർഡറിന്റെ വില താരതമ്യം ചെയ്യുന്ന സ്ക്രീൻഷോട്ടുകളാണ് നളിനി ഉനാഗർ എന്ന സ്ത്രീ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ, “പ്രിയ സൊമാറ്റോ, ഞാൻ ചെയ്ത ഓർഡറിന്റെ യഥാർത്ഥ വില 320 രൂപ ആണ്. പക്ഷേ, സൊമാറ്റോയിൽ അത് 655 രൂപയാണ് കാണിക്കുന്നത്. ഡിസ്കൗണ്ടുകൾ കഴിഞ്ഞശേഷവും ഞാൻ 550 രൂപ നൽകണം. ഈ വില വ്യത്യാസം തികച്ചും വിവേകശൂന്യമാണ്. ഉപഭോക്താക്കളിൽ നിന്ന് അമിതമായി പണം ഈടാക്കുകയാണ്”.

Scroll to load tweet…

പോസ്റ്റിനൊപ്പം, റെസ്റ്റോറന്റിൽ നിന്നുള്ള 320 രൂപ വിലയുള്ള ഒരു ബില്ലിന്റെ ചിത്രവും ഒപ്പം തന്നെ അടുത്തായി സൊമാറ്റോയുടെ ഓർഡർ ആകെ 655 രൂപയായി എന്ന് കാണിക്കുന്ന ഒരു സ്‌ക്രീൻ ഷോട്ടിന്റെ ചിത്രവും യുവതി ഷെയർ ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ വിഷയത്തിൽ ആളുകൾ കമന്റുകളുമായി എത്താനും തുടങ്ങി. നിരവധിപ്പേരാണ് വിലയിലെ ഈ വ്യത്യാസത്തെ വിമർശിച്ചുകൊണ്ട് കമന്റ് നൽകിയത്. ഇത് അന്യായമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. അതോടെ സൊമാറ്റോയും പ്രതികരണവുമായി രം​ഗത്തെത്തുകയായിരുന്നു.

'ഹായ് നളിനി, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വിലകൾ നിർണയിക്കുന്നത് ഞങ്ങളുടെ റെസ്റ്റോറന്റ് പാർട്ണർമാരാണ്, കാരണം സൊമാറ്റോ ഉപഭോക്താക്കൾക്കും റെസ്റ്റോറന്റുകൾക്കുമിടയിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിരുന്നാലും, നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങൾ തീർച്ചയായും റെസ്റ്റോറന്റ് പാർട്ണറെ അറിയിക്കുകയും അത് പരിശോധിക്കാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ്. കൂടുതൽ സംശയങ്ങളുണ്ടാവുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല. സഹായിക്കാൻ ഞങ്ങൾ ഇവിടെ തന്നെയുണ്ട്' എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം.