ഹോട്ടലുകളിലും മറ്റും ഉപേക്ഷിച്ചു കളയുന്ന അധിക സോപ്പുകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുംവിധം ഒരു സംരംഭം. Photo courtesy: differencemakers.org
2014-ല്‍ കൊളംബിയയുടെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കിടയിലാണ്, സമീര്‍ ലഖാനി എന്ന ചെറുപ്പക്കാരന്‍ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ, അലക്കു സോപ്പ് കൊണ്ട് കുളിപ്പിക്കുന്നത് കണ്ടത്. തുടര്‍ന്നുള്ള യാത്രയിലും പലയിടങ്ങളിലും അദ്ദേഹം ആ കാഴ്ച കണ്ടു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ തന്നെ സമീര്‍ താന്‍ കണ്ട കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തി. അപ്പോഴാണ് അദ്ദേഹം തിരിച്ചറിഞ്ഞത് വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമേ കുളിക്കാനുള്ള സോപ്പുകള്‍ ലഭ്യമാകുന്നുള്ളൂ എന്ന്.
അപ്പോഴാണ് അദ്ദേഹം മറ്റൊരു കാര്യത്തെക്കുറിച്ച് കൂടി ചിന്തിച്ചത്. രാജ്യത്തെ ഒരുമാതിരിപ്പെട്ട എല്ലാ ഹോട്ടലുകളും തങ്ങളുടെ ഹോട്ടലുകളില്‍ അതിഥികളായി എത്തുന്നവര്‍ക്ക് സൗജന്യമായി സോപ്പുകളും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ വളരെ ചുരുക്കം ചില അതിഥികള്‍ മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. മറ്റു ചിലരാകട്ടെ ഭാഗികമായി ഉപയോഗിച്ചതിനു ശേഷം അത് ഉപേക്ഷിക്കുന്നു. ഇത്തരം ഒരു അവസ്ഥ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മറുവശത്ത് വലിയൊരു വിഭാഗം ജനത കുളിക്കാന്‍ ആവശ്യമായ സോപ്പില്ലാതെ ബുദ്ധിമുട്ടുന്നത്.
ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയതോടെ അദ്ദേഹം ഒരു തീരുമാനമെടുത്തു. ഹോട്ടലുകളിലും മറ്റും ഉപേക്ഷിച്ചു കളയുന്ന അധിക സോപ്പുകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്കായി വിതരണം ചെയ്യാന്‍ സാധിക്കുംവിധം ഒരു സംരംഭം ആരംഭിക്കുക എന്നതായിരുന്നു അത്. അങ്ങനെ 2014-ല്‍ അദ്ദേഹം ഇക്കോ സോപ്പ് ബാങ്ക് തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ ഭാഗികമായി ഉപയോഗിച്ച സോപ്പുകള്‍ ശേഖരിച്ച് അണുമുക്തമാക്കി പുതിയ സോപ്പുകള്‍ നിര്‍മ്മിച്ച് പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വന്‍ വിജയമായി.
10 വികസ്വര രാജ്യങ്ങളിലായി തങ്ങള്‍ക്ക് നിലവില്‍ 16 റീസൈക്ലിംഗ് ശാഖകളുണ്ടെന്ന് സമീര്‍ പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, 1.4 ദശലക്ഷം പൗണ്ട് സോപ്പ് റീസൈക്കിള്‍ ചെയ്യുകയും ഒമ്പത് ദശലക്ഷം സോപ്പ് വിവിധ ആളുകളില്‍ നിന്നായി സംഭാവനയായി സ്വീകരിക്കുകയും ചെയ്തു.
സോപ്പ് ലഭ്യത ഇല്ലാത്തതിനാല്‍ ഒരു കുട്ടിയും അണുബാധകള്‍ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ബാധിച്ച് ദുരിതത്തില്‍ ആകരുത് എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സമീര്‍ പറയുന്നു. സോപ്പ് വിതരണം മാത്രമല്ല, ദാരിദ്ര്യബാധിത പ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയാനും ഈ സംരംഭം സഹായിക്കുന്നു.ഇക്കോ സോപ്പ് ബാങ്കിന്റെ സൂത്രധാരനായ സമീര്‍, 2017-ല്‍ സിഎന്‍എന്‍ തെരഞ്ഞെടുത്ത പത്ത് ഹീറോകളില്‍ ഒരാളായും 2020-ലെ ഫോര്‍ബ്സ് അണ്ടര്‍ 30 ലിസ്റ്റിലും ഇടം നേടിയിരുന്നു.
