10 മുതൽ 20 വരെ കൈകളാണ് ഇതിന് ഉള്ളത്. എന്നാൽ, ഇതിന് എത്രത്തോളം വലിപ്പമുണ്ട് എന്നതിനെ കുറിച്ച് ഇതുവരെയും എവിടെയും വ്യക്തമാക്കിയിട്ടില്ല.

കരയിലായാലും കടലിലായാലും വിസ്മയങ്ങൾ അവസാനിക്കാറില്ല. അതുപോലെ അന്റാർട്ടിക്കയുടെ തീരത്ത് ഒരു 20 കൈകളുള്ള ജീവിയെ കണ്ടെത്തി. തണുത്തുറഞ്ഞ വെള്ളത്തിലാണ് തികച്ചും വ്യത്യസ്തമായ ഈ ജീവിയെ കണ്ടെത്തിയത്. ഇത് വിദ​ഗ്ദ്ധരിലും ജനങ്ങളിലും നിറച്ചത് വലിയ ആവേശമാണ്. ഒരുപാട് നി​ഗൂഢമായ ജീവികൾ സമുദ്രത്തിലുണ്ട് എന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലായിരുന്നു ഇത്. 

ജീവിയെ കാണാൻ സ്ട്രോബറി പോലെയാണ് ഇരിക്കുന്നത്. പ്രോമാക്കോക്രിനസ് ഫ്രഗാരിയസ് (Promachocrinus fragarius) എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. സ്ട്രോബറിയുടെ ലാറ്റിൻ ഭാഷയിലുള്ള പേരാണ് ഇത്. കാണാൻ സ്ട്രോബറി പോലെയിരിക്കുന്നത് കൊണ്ടാണത്രെ ഈ പേര് നൽകിയിരിക്കുന്നത്. 

10 മുതൽ 20 വരെ കൈകളാണ് ഇതിന് ഉള്ളത്. എന്നാൽ, ഇതിന് എത്രത്തോളം വലിപ്പമുണ്ട് എന്നതിനെ കുറിച്ച് ഇതുവരെയും എവിടെയും വ്യക്തമാക്കിയിട്ടില്ല. പർപ്പിൾ നിറം മുതൽ കടുത്ത ചുവപ്പ് നിറത്തിലേക്ക് വരെ ഇതിന്റെ നിറത്തിൽ വ്യത്യാസം വരാറുണ്ട്. 65 മുതൽ 6500 അടി വരെ ആഴങ്ങളിലാണ് സമുദ്രത്തിൽ ഇവയെ കാണുന്നത്. 

2008 നും 2017 നും ഇടയിൽ, സ്‌ക്രിപ്‌സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യാനോഗ്രഫിയിൽ നിന്നും സാൻഡിയാ​ഗോയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും ഉള്ള മൂന്ന് ശാസ്ത്രജ്ഞന്മാർ നിഗൂഢമായ ജൈവവൈവിധ്യം തേടി യാത്രകൾ നടത്തിയിരുന്നു. ജൈവവൈവിധ്യത്തിന് ഉതകുന്ന തരത്തിലുള്ള സവിശേഷമായ പാരിസ്ഥിതിക സാഹചര്യങ്ങൾ തെക്കൻ സമുദ്രത്തിനുണ്ട് എന്ന് എമിലി എൽ. മക്ലാഗ്ലിൻ, നെറിഡ ജി. വിൽസൺ, ഗ്രെഗ് ഡബ്ല്യു. റൂസ് എന്നീ മൂന്ന് ​ഗവേഷകർ പഠനങ്ങൾക്ക് ശേഷമുള്ള പ്രബന്ധത്തിൽ വിശദമാക്കുന്നു. 

പ്രോമാക്കോക്രിനസ് ഫ്രഗാരിയസിന്റെ കണ്ടെത്തലും ഇത് തന്നെയാണ് വെളിപ്പെടുത്തുന്നത്. നമുക്കറിയാത്ത, വളരെ അധികം വ്യത്യസ്തമായ അനേകം ജീവജാലങ്ങൾ ഈ ലോകത്തുണ്ട് എന്ന്. 20 കൈകളുള്ള ഈ സമുദ്രജീവിയെ കുറിച്ചുള്ള വിവരങ്ങൾ ഇൻവെർട്ടെബ്രേറ്റ് സിസ്റ്റമാറ്റിക്സ് ജേണലാണ് (journal Invertebrate Systematics) ജൂലൈയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.