Asianet News MalayalamAsianet News Malayalam

ഒടുവില്‍ ആ മലയാളി ചാരന്‍റെ 10 കോടിയുടെ സ്വത്ത് ഭാര്യയുടെ മകന്; ഓർക്കാപ്പുറത്ത് കിട്ടിയ 'ലോട്ടറി'യില്‍ അന്തംവിട്ട് മകന്‍

അവിടെ വൈകുന്നേരങ്ങളിൽ നടന്നിരുന്ന പാർട്ടികളിൽ നിരവധി ഐഎഎസ്സുകാരും വന്നെത്തി. മദ്യവും സുഭിക്ഷമായ ഭക്ഷണവും ഒഴുകി. ഇടക്ക് വളരെ സുപ്രധാനമായ പല കോൺഫിഡൻഷ്യൽ ഫയലുകളും കൈമാറപ്പെട്ടു. കൂമറിന്റെ ബന്ധങ്ങൾ രാഷ്ട്രപതി ഭവൻ മുതൽ പ്രതിരോധമന്ത്രാലയം, എക്കണോമിക് അഫയേഴ്‌സ് കാര്യാലയം തുടങ്ങി പല മർമ്മപ്രധാനമായ വകുപ്പുകളിലേക്കും നീണ്ടു ചെന്നു. 

property worth ten crores belonging to a convicted spy goes to mangaluru man, his legal heir
Author
Mangalore, First Published Sep 29, 2019, 3:29 PM IST

മംഗലാപുരത്ത് വളരെ സാധാരണമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു എഡ്വിൻ ഡിസൂസ എന്ന റിയൽ എസ്റ്റേറ്റ് ഏജന്റ്. വയസ്സ് എഴുപത്താറായി. ഒരേയൊരു മകനുള്ളത് ദുബായിൽ ടാക്സി ഡ്രൈവറാണ്. വയസ്സാംകാലത്ത് വിശ്രമജീവിതം നയിക്കുന്നതിനിടെ എഡ്വിൻ ഡിസൂസയ്ക്ക് ഡൽഹി പോലീസിന്റെ ഒരു ഫോൺ കാൾ വരുന്നു. അപ്പുറത്ത് ഇൻസ്‌പെക്ടർ ശിവ് ദേവ്. ദില്ലി പോലീസിൽ സബ് ഇൻസ്പെക്ടറാണ്. ഒരു കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചതിനു ശേഷമുള്ള വിളിയാണ്. 

ഇൻസ്‌പെക്ടർ എഡ്വിൻ ഡിസൂസയോട് ചോദിച്ചു, "നിങ്ങളുടെ അമ്മയുടെ പേര് ഗീത നാരായൺ എന്നാണോ..?"  എഡ്വിൻ അത് നിഷേധിച്ചു. അപ്പോൾ ഇൻസ്‌പെക്ടർ ഒന്നുകൂടി വ്യക്തമായി ചോദിച്ചു, "ഗീത നാരായണൻ ഏലിയാസ് ഗെർട്ടി വാൾഡർ ആണോ നിങ്ങളുടെ അമ്മ..?" ഗെർട്ടി വാൽഡർ - അതേ, അതുതന്നെയായിരുന്നു എഡ്വിൻ ഡിസൂസ എന്ന മംഗളൂരു സ്വദേശിയുടെ അമ്മയുടെ പേര്. അത് ചോദിച്ചുറപ്പിച്ച ശേഷം ഇൻസ്‌പെക്ടർ ദില്ലിയിൽ നിന്ന് ബൈക്കർണാകട്ടെയിലുള്ള എഡ്വിന്റെ വീട്ടിലേക്ക് അദ്ദേഹത്തെ തേടിയെത്തി. ബാക്കി വിവരങ്ങൾ നേരിട്ടായിരുന്നു സംസാരിച്ചത്. തന്റെ ആദ്യഭർത്താവും എഡ്വിന്റെ പിതാവുമായ ഗിൽബെർട്ടിനെ വിവാഹമോചനം ചെയ്ത്, അന്ന് തീരെ കുഞ്ഞായിരുന്ന എഡ്വിനെ തന്റെ അമ്മ ജൂലിയാനാ വാൾഡറുടെ പരിരക്ഷണയിൽ വിട്ടുകൊണ്ട് ജോലിതേടി മുംബൈക്ക് തീവണ്ടി കേറി  ഗെർട്ടി വാൾട്ടർ. മുംബൈയിൽ ചെന്നിറങ്ങിയ ഗെർട്ടിക്ക് അധികം താമസിയാതെ അവിടത്തെ SLM മാണിക് ലാൽ (SLMMIL) എന്ന കമ്പനിയിൽ ജോലി കിട്ടി. അവിടെ വെച്ചാണ് അവർ കൂമർ നാരായണൻ എന്നറിയപ്പെടുന്ന ചിറ്റർ വെങ്കിട്ട നാരായണൻ  എന്ന മലയാളിയെ പരിചയപ്പെടുന്നത്. അവർ തമ്മിൽ പ്രണയത്തിലാവുകയും ഗെർട്ടി, സ്വന്തം പേര് ഗീത എന്ന് മാറ്റുകയും ചെയ്തു.

തന്റെ അമ്മയുമായി നിരന്തര സമ്പർക്കം തുടർന്നിരുന്ന ഗെർട്ടി മകന്റെ ചെലവിനുള്ള തുക കൃത്യമായി അയച്ചുകൊടുത്തുകൊണ്ടിരുന്നു. പതിനഞ്ചു വയസു പ്രായമുള്ളപ്പോൾ മകനെ ദില്ലിയിൽ തനിക്കൊപ്പം കഴിയാൻ ഗെർട്ടി വിളിച്ചുവരുത്തിയെങ്കിലും അവിടത്തെ താമസം ബോധിക്കാതെ എഡ്വിൻ തിരിച്ച് മംഗലാപുരത്തേക്ക് തന്നെ മടങ്ങുകയായിരുന്നു. രണ്ടാനച്ഛൻ നാരായണനെ ഒരിക്കൽ പോലും കണ്ടിട്ടില്ല എഡ്വിൻ.

കൂമർ നാരായണൻ എന്ന തന്റെ രണ്ടാനച്ഛനുമായുള്ള ആ ബന്ധമാണ് ദില്ലിയിലെ പൊലീസ് ഇൻസ്പെക്റ്ററെ എഡ്വിനടുത്തേക്ക് എത്തിച്ചത്. രണ്ടു വർത്തമാനങ്ങളാണ് ഇൻസ്‌പെക്ടർക്ക് എഡ്വിന് പങ്കുവെക്കാനുണ്ടായിരുന്നത്. ഒന്ന്, അത്ര സുഖകരമല്ലാത്ത വാർത്തയായിരുന്നു. എഡ്വിന്റെ രണ്ടാനച്ഛൻ ദില്ലിയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് അന്നത്തെ പത്രങ്ങളിലെല്ലാം ഒന്നാം പേജിൽ ഇടം പിടിച്ച ഒരു ചാരക്കേസിൽ പ്രതിയായിരുന്നു. രാജീവ് ഗാന്ധി സർക്കാരിനെപ്പോലും പിടിച്ചു കുലുക്കിയ ഒരു ചാരപ്രവൃത്തിയാണ് കൂമർ നാരായണൻ ചെയ്തത്. രണ്ടാമത്തേത് ഒരു സന്തോഷവാർത്തയായിരുന്നു. കൂമറിന്റെ ദില്ലിയിലെ പത്തുകോടി വിലമതിക്കുന്ന സ്വത്തുക്കളുടെ ഏക അവകാശി ഇനി എഡ്വിൻ മാത്രമാണ് എന്നത്.  

വിവരമറിഞ്ഞപാടെ എഡ്വിൻ, ദുബായിൽ ടാക്സിക്കാർ ഓടിക്കുന്ന മകൻ പ്രകാശിനെയാണ് വിളിച്ചത്. ഇരുവർക്കും തങ്ങളെത്തേടിയെത്തിയിരിക്കുന്ന സൗഭാഗ്യം വിശ്വസിക്കാൻ പോലുമായില്ല ആദ്യമൊക്കെ. ദുബായിൽ ലോട്ടോ ടിക്കറ്റുകൾ പലകുറി എടുത്തിട്ടുണ്ടെങ്കിലും അപ്പോഴൊന്നും തേടിയെത്താത്ത ഭാഗ്യമാണ് താൻ പോലുമറിയാതെ തന്റെ കുടുംബത്തെ ഇങ്ങോട്ട് തേടി വന്നിരിക്കുന്നത് എന്നാണ് പ്രകാശ് പറഞ്ഞത്.

ആരാണ് ഈ 'കൂമർ' നാരായണൻ?

എൺപതുകളിൽ ദില്ലിയിൽ ഒരു വലിയ ചാരസംഘത്തെ നയിച്ചിരുന്ന വളരെ സമർത്ഥനായ ഒരു ബിസിനസുകാരനായിരുന്നു നാരായണൻ. പാലക്കാട് വടക്കാഞ്ചേരി സ്വദേശി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി അധികം കഴിയുന്നതിനു മുമ്പുതന്നെ നാരായണന് എക്കണോമിക് അഫയേഴ്‌സ് വകുപ്പിൽ ജോലി കിട്ടി. അവിടെ കുറേവർഷം ജോലി ചെയ്ത ശേഷം ആ ജോലി രാജിവെച്ച് നാരായണൻ  SLM മാണിക് ലാൽ ലിമിറ്റഡ് (SLMMIL) എന്ന കമ്പനിയിൽ റീജണൽ റെപ്രസെന്ററ്റീവ് മാനേജരായി ചേർന്നു.

ദില്ലിയിലെ ഹെലി റോഡിലായിരുന്നു SLMMIL -ന്റെ  ഓഫീസ്.  ദില്ലിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥിരം താവളമായിരുന്നു ആ പ്രദേശം. ഈ കമ്പനിയുടെ ആവശ്യങ്ങൾക്കായി കൂമർ തന്റെ പഴയ ലാവണത്തിലെ ബന്ധങ്ങൾ അനധികൃതമായി പ്രയോജനപ്പെടുത്തി,  ആ ഓഫീസർമാരിൽ നിന്നൊക്കെ സുപ്രധാനമായ വിവരങ്ങൾ ചോർത്തിക്കൊണ്ടിരിക്കുകയായിരുന്നു നാരായണൻ. ആ വിവരങ്ങൾ തന്റെ ബിസിനസിന്റെ ലാഭത്തിനായി പ്രയോജനപ്പെടുത്താനും നാരായണൻ സമർത്ഥനായിരുന്നു. 1977 മുതൽ 1985 വരെയായിരുന്നു കൂമറിന്റെ ഓപ്പറേഷനുകൾ. കമ്പനിക്കുവേണ്ടി കൂമർ ചോർത്തിയ നിർണായക വിവരങ്ങൾ കടലും കടന്ന് ഫ്രാൻസ്, ജര്‍മ്മനി, പോളണ്ട് പോലുള്ള പല വിദേശരാജ്യങ്ങൾക്കും എത്തി എന്നാണ് റിപ്പോർട്ട്.

തുടക്കത്തിൽ ടെക്‌സ്‌റ്റൈൽസ് ബിസിനസ്സിലായിരുന്ന കമ്പനി അധികം താമസിയാതെ എഞ്ചിനീയറിങ്ങ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നു. ഇൻഡസ്ട്രിയൽ റബർ നിർമാണത്തിലും കൈവെച്ചു. പല വിദേശകമ്പനികളുടെയും ഏജന്‍റ് ആയിരുന്ന മാണിക് ലാൽ മറൈൻ ഉപകരണങ്ങളും ഇറക്കുമതി ചെയ്തുപോന്നു. എംഡിയായിരുന്ന യോഗേഷ് മാണിക് ലാൽ മാനേജരായിരുന്ന കൂമർ നാരായണനെ ഏഴായിരം രൂപ ശമ്പളത്തിനാണ് അന്ന് കമ്പനിയിൽ നിലനിർത്തിയിരുന്നത്. കൂമറിന്റെ ഡിപ്പാർട്ട്മെന്റ് ബന്ധങ്ങൾ ഹെലി റോഡിലെ അവരുടെ ഓഫീസിനെ കോർപ്പറേറ്റ് ചാരവൃത്തിയുടെ ഹബ്ബാക്കി മാറ്റി.

അവിടെ വൈകുന്നേരങ്ങളിൽ നടന്നിരുന്ന പാർട്ടികളിൽ നിരവധി ഐഎഎസ്സുകാരും വന്നെത്തി. മദ്യവും സുഭിക്ഷമായ ഭക്ഷണവും ഒഴുകി. ഇടക്ക് വളരെ സുപ്രധാനമായ പല കോൺഫിഡൻഷ്യൽ ഫയലുകളും കൈമാറപ്പെട്ടു. കൂമറിന്റെ ബന്ധങ്ങൾ രാഷ്ട്രപതി ഭവൻ മുതൽ പ്രതിരോധമന്ത്രാലയം, എക്കണോമിക് അഫയേഴ്‌സ് കാര്യാലയം തുടങ്ങി പല മർമ്മപ്രധാനമായ വകുപ്പുകളിലേക്കും നീണ്ടു ചെന്നു. അവിടങ്ങളിൽ നടന്നതും, നടക്കാൻ പോകുന്നതുമായ പല രഹസ്യ പദ്ധതികളുടെയും രേഖകൾ നാരായണന്റെ പക്കലെത്തി. നാരായണൻ ആ ഫയലുകൾ തന്റെ പ്യൂണിനെക്കൊണ്ട് ഫോട്ടോസ്റ്റാറ്റ് എടുപ്പിച്ച് അപ്പോൾ തന്നെ ഒറിജിനൽ ഫയൽ തിരികെ നൽകുമായിരുന്നു. തുടക്കത്തിൽ പുറത്തെ ഒരു കടയിൽ നിന്ന് ഫോട്ടോസ്റ്റാറ്റ് എടുത്തിരുന്ന നാരായണൻ പണി കൂടിയപ്പോൾ ആ ആവശ്യത്തിനായി ഒരു ഫോട്ടോ കോപ്പിയർ മെഷീൻ തന്നെ വാങ്ങി. രഹസ്യരേഖകളുമായി പയ്യനെ പുറത്തുവിടുക എന്ന റിസ്ക് ഒഴിവാക്കാൻ വേണ്ടിയായിരുന്നു അത്.

property worth ten crores belonging to a convicted spy goes to mangaluru man, his legal heir

ഏറെനാൾ വളരെ സെന്‍സിറ്റീവായ പല വിവരങ്ങളും ചോർത്തികൊണ്ടിരുന്ന നാരായണനെ ഒടുവിൽ 1985  ജനുവരി 17 -ന് പൊലീസ്  അറസ്റ്റുചെയ്യുമ്പോഴാണ്  സംഗതി വെളിയിലാകുന്നത്. അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങൾ അന്ന് തലസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചു.  1979 -ൽ കൂമറും ഫ്രഞ്ച് എംബസിയുടെ അറ്റാഷെ ആയിരുന്ന എം. മോർവനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ചാരവൃത്തിയുടെ തുടക്കം. ബിസിനസ് തുടർന്നുപോകണമെന്ന് കമ്പനിക്കുണ്ടെങ്കിൽ തനിക്ക് ഇന്ത്യയുടെ വ്യാവസായിക ലൈസൻസിങ്, വിദേശസഹകരണം, വിദേശ നിക്ഷേപം, പ്രതിരോധ പദ്ധതികൾ, സാമ്പത്തിക പ്ലാനിങ് എന്നിവ സംബന്ധിച്ച ക്‌ളാസിഫൈഡ് ഇൻഫോർമേഷൻ തരണം എന്നായിരുന്നു മോർഗന്റെ ആവശ്യം. ഇല്ലെങ്കിൽ കച്ചവടം മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലെന്ന് മോർവൻ തറപ്പിച്ചു പറഞ്ഞു.

കൊമേഴ്‌സ്, ഷിപ്പിങ്ങ്, ട്രാൻസ്‌പോർട്ട് മന്ത്രാലയങ്ങളിലെല്ലാം തന്നെ നാരായണന് തന്റെ ഇഷ്ടക്കാർ ഉണ്ടായിരുന്നു. അവർ വഴി വളരെ രഹസ്യസ്വഭാവമുള്ള രേഖകൾ അയാൾ നിരന്തരം ചോർത്തിക്കൊണ്ടിരുന്നു. ഫയലൊന്നിന് അന്നത്തെ 300 രൂപ വീതം കൈക്കൂലി പറ്റിക്കൊണ്ടായിരുന്നു ആ ഓഫീസർമാർ ചാരപ്രവർത്തനത്തിന് കൂട്ടുനിന്നത്. എംബസിയിൽ നിന്ന് നാരായണൻ 500 രൂപ കമ്മീഷൻ പറ്റിയിരുന്നു. ഓഫീസർമാർക്കുള്ള കൈക്കൂലി കഴിഞ്ഞാലും രേഖയൊന്നിന് 200  രൂപ വീതം നാരായണന്റെ പോക്കറ്റിൽ വീണിരുന്നു.  അങ്ങനെ,  1979 -നും 1984 -നുമിടയിൽ ഒന്നരലക്ഷം രൂപ കമ്മീഷനായി ഇതേ എംബസികളിൽ നിന്ന് കൈപ്പറ്റി.

2002 -ൽ ദില്ലി ഹൈക്കോടതി കൂമർ ചാരസംഘത്തിലെ 14 പേർക്കെതിരെ ഐപിസി സെക്ഷൻ 120B അടക്കമുള്ള വകുപ്പുകൾ ചേർത്ത് ചുമത്തി കുറ്റപത്രം സമർപ്പിച്ചു. കമ്പനി എംഡി യോഗേഷ് മാണിക് ലാലിനെ കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കൂമർ അടക്കമുള്ള മറ്റുള്ളവർക്ക് പത്തുവർഷത്തെ തടവുശിക്ഷ കിട്ടി. കൂമറിനൊപ്പം രാജീവ് ഗാന്ധിയുടെ പിഎ ആയിരുന്ന പിസി അലക്‌സാണ്ടറുടെ അസിസ്റ്റന്റും കൂട്ടുപ്രതിയായിരുന്നു പ്രസ്തുത കേസിൽ. ചാരക്കേസ് പുറത്തായതോടെ പിസി അലക്‌സാണ്ടർ സ്ഥാനമൊഴിഞ്ഞു. 

പക്ഷേ, വിചാരണക്കാലയളവിൽ തന്നെ കൂമർ നാരായണൻ മരണപ്പെട്ടിരുന്നു. അദ്ദേഹം ഗെർട്ടിയുടെ പേരിന് ദില്ലിയിലെ സൈനിക ഫാംസിൽ ഒരു ബംഗ്ളാവ് വാങ്ങിയിരുന്നു. 2002 -ൽ ഇതേ ബംഗ്ളാവിൽ വെച്ച് ഗെർട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ആ കേസിൽ ആരെയും അറസ്റ്റുചെയ്യാൻ ദില്ലി പൊലീസിന് കഴിഞ്ഞിരുന്നില്ല. അമ്മയുടെ മരണത്തെപ്പറ്റി എഡ്വിൻ അന്നുതന്നെ അറിഞ്ഞിരുന്നു എങ്കിലും, തന്നെ ചെറുപ്പത്തിൽ തന്നെ അമ്മൂമ്മയെ ഏൽപ്പിച്ച് കടന്നുകളഞ്ഞ അമ്മയോട് അത്ര അടുത്ത ബന്ധം ഇല്ലാതിരുന്നതിനാൽ അദ്ദേഹം ശവമടക്കിലൊന്നും സംബന്ധിച്ചില്ല. കൂടുതൽ ബന്ധം അമ്മൂമ്മയോടായിരുന്നു എഡ്വിന്.

എന്നാൽ ഈ സ്വത്ത് സ്വന്തമാക്കുക അത്ര എളുപ്പമാവില്ല. അവസാനകാലത്ത് തന്നെ കൂമറും ഗെർട്ടിയും ദത്തെടുത്തിരുന്നു എന്നവകാശപ്പെട്ടുകൊണ്ട് രാധിക എന്നൊരു യുവതി സ്വത്തിന് അവകാശവും പറഞ്ഞുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്. അത് താൻ ഒരു  പൊലീസുകാരന് വിറ്റു കച്ചവടമാക്കി എന്നുപോലും രാധിക പറയുന്നുണ്ട്. സ്വത്തിന്റെ അവകാശത്തിൽ തർക്കം വന്നതോടെ 'ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയിട്ട് ഊണില്ല' എന്ന് പറയുന്ന അവസ്ഥയിയിട്ടുണ്ട് അച്ഛനും മകനുമെങ്കിലും ആ സ്വത്ത് കൈവിട്ടുപോകാതിരിക്കാനുള്ള മാർഗങ്ങൾ തേടി ദില്ലിയിലെ പ്രശസ്തനായ ഒരു അഭിഭാഷകനെ സമീപിച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു. 

 
 

Follow Us:
Download App:
  • android
  • ios