സ്റ്റൈപ്പെൻഡായി പ്രതിമാസം ഒരുലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകും. അതേസമയം, ഓഫീസിൽ ചെന്ന് ജോലി ചെയ്യേണ്ടതുമില്ല. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാം.
ഇന്റേൺഷിപ്പിന് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് സ്റ്റാർട്ടപ്പ് സ്ഥാപകൻ. Puch AI -യുടെ സഹസ്ഥാപകനും സിഇഒയും ആയ സിദ്ധാർത്ഥ് ഭാട്ടിയയാണ് ഇന്റേണായി രണ്ടുപേരെ ആവശ്യമുണ്ട് എന്ന് കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, ഇവർക്ക് നൽകാനുദ്ദേശിക്കുന്ന സ്റ്റൈപ്പെൻഡാണ് ആളുകളെ അമ്പരപ്പിച്ചത്. മാസത്തിൽ രണ്ട് ലക്ഷം രൂപ വരെയാണ് കമ്പനി ഓഫർ ചെയ്യുന്നത്. രണ്ടുപേരെയാണ് ആവശ്യം എന്നും പറയുന്നുണ്ട്.
ബുധനാഴ്ചയാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിൽ (ട്വിറ്റർ) തന്റെ AI സ്റ്റാർട്ടപ്പ് രണ്ട് ഇന്റേണുകളെ അന്വേഷിക്കുകയാണ് എന്ന പോസ്റ്റ് സിദ്ധാർത്ഥ് ഭാട്ടിയ ഷെയർ ചെയ്തത്. ഒരാൾ AI എഞ്ചിനീയറായി ജോലി ചെയ്യാനാണ്. മറ്റൊരാൾ 'ഗ്രോത്ത് മജീഷ്യൻ' ആയി വളർച്ച കൈകാര്യം ചെയ്യാനാണ് വേണ്ടത് എന്നും പോസ്റ്റിൽ കാണാം.
സ്റ്റൈപ്പെൻഡായി പ്രതിമാസം ഒരുലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകും. അതേസമയം, ഓഫീസിൽ ചെന്ന് ജോലി ചെയ്യേണ്ടതുമില്ല. വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാം. അത് മാത്രമല്ല, ഇതിന് ഒരു കോളേജ് ഡിഗ്രി വേണ്ട എന്നും അദ്ദേഹം പറയുന്നുണ്ട്. കഴിഞ്ഞ മാസം ഹൈസ്കൂളിൽ പഠിക്കുന്നൊരാൾക്ക് ജോലി നൽകിയതിനെ കുറിച്ചും സിദ്ധാർത്ഥ് ഭാട്ടിയ പറയുന്നുണ്ട്.
കഴിവുള്ളവരെ പോസ്റ്റിൽ ടാഗ് ചെയ്യാനാണ് പറയുന്നത്. അങ്ങനെ ടാഗ് ചെയ്തതിൽ ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടാൽ ടാഗ് ചെയ്തവർക്ക് ഒരു ഐഫോൺ നൽകുമെന്നും പോസ്റ്റിൽ കാണാം.
Puch AI ഒരു എഐ സ്റ്റാർട്ടപ്പാണ്. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ ഗ്രാജ്വേറ്റായ സിദ്ധാർത്ഥ് ഭാട്ടിയയും ഐഐടി ബോംബെയിൽ നിന്നു പഠിച്ചിറങ്ങിയ അർജിത് ജെയിനും കൂടിയാണ് ഇത് സ്ഥാപിച്ചത്.
പോസ്റ്റിന് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. മിക്കവരും തങ്ങളുടെ തന്നെ യോഗ്യതകളാണ് വിവരിച്ചിരിക്കുന്നത്.
