Asianet News MalayalamAsianet News Malayalam

സംസ്ഥാന സെക്രട്ടറി അഭിനയിച്ച വിവാദ ഷോര്‍ട്ട് ഫിലിമിനെ തള്ളിപ്പറഞ്ഞ് പുകസ

റിലീസ് ആയ നിമിഷം തൊട്ട്  ഈ ഹ്രസ്വചിത്രം കടുത്ത വിമർശനങ്ങൾക്ക് പാത്രമായിരുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി നിൽക്കുന്ന പലരും അതിനെ കടുത്ത ഭാഷയിൽ അപലപിച്ചു. 

pukasa disowns the short film released in the banner of its Thrissur district committee
Author
Thrissur, First Published May 28, 2020, 4:20 PM IST

 'കൊവിഡ് 19 കോറോണ വൈറസിനെ നേരിടുന്നതിന് "ശാരീരിക അകലം പാലിക്കുക" എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉതകും' എന്നു ധരിച്ചുകൊണ്ട്,  എംആർ ബാലചന്ദ്രൻ്റെ സംവിധാനത്തിൽ  'ഒരു തീണ്ടാപ്പാടകലെ' എന്ന പേരിൽ ഒരു ഹ്രസ്വചിത്രം നിർമ്മിക്കപ്പെട്ടിരുന്നു. പ്രസ്തുത ചിത്രം 'പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാക്കമ്മിറ്റിയും തൃശൂർ നാടക സംഘവും ചേർന്ന് അവതരിപ്പിക്കുന്നു' എന്ന കാപ്ഷ്യനോടെയാണ് യൂട്യുബിലും ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഒക്കെ പങ്കുവെക്കപ്പെട്ടത് 

 

pukasa disowns the short film released in the banner of its Thrissur district committee

 

എന്നാൽ, ആ ഹ്രസ്വചിത്രം റിലീസ് ആയ നിമിഷം തൊട്ട് അത് കടുത്ത വിമർശനങ്ങൾക്ക് പാത്രമായിരുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി നിൽക്കുന്ന പലരും അതിനെ കടുത്ത ഭാഷയിൽ അപലപിച്ചു. അതോടെ തങ്ങളുടെ സംസ്ഥാന സെക്രട്ടറി മുഖ്യ വേഷത്തിൽ അഭിനയിച്ച്, തൃശൂർ ജില്ലാകമ്മിറ്റിയുടെ ബാനറിൽ പുറത്തിറക്കിയ ആ നിർമ്മിതിയെ പുകസ തള്ളിപ്പറയുകയും ചെയ്തു.  

പുകസ തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രസ്തുത വിഷയത്തിലുള്ള പ്രതികരണം

"പ്രിയ സുഹൃത്തുക്കളെ,

കോവിഡ് 19 കോറോണ വൈറസിനെ നേരിടുന്നതിന് "ശാരീരിക അകലം പാലിക്കുക" എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഉതകും എന്ന വിചാരത്താൽ നാടകസൗഹൃദത്തിലെ കലാകാരന്മാർ ശ്രി.എം.ആർ.ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ "തീണ്ടാപ്പാടകലെ" എന്ന ഒരു ഹ്രസ്വചലച്ചിത്രം പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാക്കമ്മറ്റിയുടെ പേരുവെച്ച് ചില സുഹൃത്തുക്കൾ സമൂഹമാധ്യമത്തിൽ ഉപയോഗപ്പെടുത്തുകണ്ടായി. ലോക്ക് ഡൗൺ കാലമായതുകൊണ്ട് കമ്മിറ്റികൾ കൂടാൻ കഴിഞ്ഞിരുന്നില്ല. അത്യന്തം പ്രതികൂലമായ ഇന്നത്തെ സാഹചര്യത്തിൽ കമ്മിറ്റികൾ കൂടാതെത്തന്നെ സംഘത്തിലെ കലാകാരന്മാർ ഒറ്റക്കും കൂട്ടമായും കലാപ്രവർത്തങ്ങൾ നടത്തുന്നത് സ്വഭാവികമാണ്.

എന്നാൽ "തീണ്ടാപ്പാടകലെ" എന്ന ക്യാപ്ക്ഷനും ചിത്രത്തിലെ ചില സംഭാഷണങ്ങളും അന്തരീക്ഷവും ദൃശ്യവിന്യാസങ്ങളും സാമൂഹികമായ അകലത്തെ സാധൂകരികരിക്കുന്ന മട്ടിൽ ആയിപ്പോയിട്ടുണ്ടോ എന്ന സംശയം പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകരും സുഹൃത്തുക്കളും ഉന്നയിച്ചു. തുറന്ന മനസ്സോടെ ഇക്കാര്യം പരിശോധിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കന്നത്. ഒരു കലാസൃഷ്ടി ആസ്വാദന സമൂഹത്തിൻ്റെ സംവാദങ്ങളിലൂടെയാണ് വളർച്ച നേടുന്നത്. കലാരൂപം മുന്നോട്ടു വെക്കുന്ന ആശയത്തെ അതിൻ്റെ ആവിഷ്ക്കാര രീതി ചിലപ്പോഴെങ്കിലും തകിടം മറിച്ചേക്കാമെന്ന് പുരോഗമന സാഹിത്യ പ്രസ്ഥാനം അതിൻ്റെ നിരന്തര അന്വേഷണങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഘത്തിൻ്റെ നിലപാടുകൾക്ക് വിരുദ്ധമായ ഒരു സന്ദേശമാണ് "തീണ്ടാപ്പാടകലെ" എന്ന കലാസൃഷ്ടിയിലൂടെ പുറത്തു വരുന്നതെന്ന സുഹൃത്തുക്കളുടെ അഭിപ്രായത്തെ ഞങ്ങൾ മാനിക്കുന്നു. ഒരു കലാസൃഷ്ടി എന്ന നിലയിൽ ആ ചിത്രം പ്രദർശിപ്പിക്കാനും പ്രചരിപ്പിക്കാനും അതിൻ്റെ രചയിതാക്കൾക്ക് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അതേസമയം അത് സംഘത്തിൻ്റെ ബാനർ ഉപയോഗിച്ച് പ്രദർശിപ്പിച്ചതിൽ ഖേദിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റിയുടെ എഫ്.ബി.പേജിലോ യൂറ്റ്യൂബ് ചാനലിലോ ഈ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല. ഇതിൻ്റെ നിർമ്മാണത്തിലോ രചനയിലോ പ്രദർശനത്തിലോ സംഘടനയുടെ ജില്ലാ ഘടകം ഒരു വിധത്തിലും സഹകരിച്ചിട്ടില്ല. സംഘത്തിൻ്റെ പ്ലാറ്റ്ഫോമുകളിൽ അത് പ്രദർശിപ്പിക്കുകയില്ലെന്നും അറിയിക്കുന്നു.

അഭിവാദ്യങ്ങളോടെ
 

അഡ്വ.വി.ഡി.പ്രേമപ്രസാദ്
(പ്രസിഡണ്ട്)
എം.എൻ.വിനയകുമാർ
(സെക്രട്ടറി)
പുരോഗമന കലാസാഹിത്യ സംഘം തൃശൂർ ജില്ലാക്കമ്മിറ്റി.
തൃശൂർ/ 27 05 2020 "

ഇത് സംബന്ധിച്ച പ്രതികരണവുമായി ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പുകസ സംസ്ഥാന സെക്രട്ടറി കവി രാവുണ്ണി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ 

" 'ഒരു തീണ്ടാപ്പാടകലെ ' എന്ന ഹ്രസ്വചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന എല്ലാ ചർച്ചകളെയും അഭിപ്രായപ്രകടനങ്ങളിൽ പ്രകാശിപ്പിച്ച വിയോജിപ്പുകളെയും എതിർവാദങ്ങളെയും ഉള്ളതുറന്ന് സ്വാഗതം ചെയ്യുന്നു.കേരളത്തിൽ അതീവ ഉണർവോടെ നിലനില്ക്കുന്ന ഇടതുപക്ഷ ജാഗ്രതയും ദളിത് ഉണർവ്വും ഈ ചർച്ചകളിൽ പ്രതിഫലിച്ചു കണ്ടു .ഇത് നിശ്ചയമായും പ്രതീക്ഷാ ജനകമാണ്. കലാസൃഷ്ടിയുടെ സൂക്ഷ്മാംശങ്ങളിൽ പോലും അതീവ ജാഗ്രത പുലർത്താനും പുരോഗമന കലാസാഹിത്യ സംഘം കൈ കൊണ്ടു പോരുന്ന മൂല്യങ്ങളും തുടർന്നും ഉയർത്തിപ്പിടിക്കുന്നതിനും അഭിപ്രായ പ്രകടനങ്ങൾ പ്രേരകമായിട്ടുണ്ട്. പ്രതികരിച്ച ഏവരോടും നന്ദി രേഖപ്പെടുത്തുന്നു..."


വിഷയത്തോട് പ്രതികരിച്ചുകൊണ്ട് ചലച്ചിത്ര നാടക പ്രവർത്തകയായ മാല പാർവതിയും ഒരു പോസ്റ്റിട്ടു. നൗഷാദ് എന്നൊരു വ്യക്തി ഈ വിഷയത്തിൽ പുകസ തൃശൂരിന്റെ ഫേസ്‌ബുക്ക് പേജിൽ നടന്ന ഒരു സംവാദത്തിൽ ഇട്ട ഒരു കമന്റായിരുന്നു ഈ പോസ്റ്റെഴുതാനുണ്ടായ പ്രകോപനം.   "രാവുണ്ണി ആ പുലയൻ്റെ സ്ഥാനത്തു നിന്ന് ഡയലോഗ് പറഞ്ഞാൽ തീരുമോ ഈ ചൊറിച്ചിൽ.. " എന്നായിരുന്നു നൗഷാദിന്റെ കമന്റ്.

മാല പാർവതിയുടെ പ്രതികരണം 

 

എന്തായാലും ഹ്രസ്വചിത്രം വിവാദമായതോടെ, അതിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് തങ്ങളുടെ സംസ്ഥാന സെക്രട്ടറി തന്നെ ആയിരുന്നിട്ടും അതിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ് പുകസ. അതോടൊപ്പം, ഈ ഹ്രസ്വ ചിത്രത്തിലെ നിശിതമായ ഭാഷയിൽ വിമർശിച്ചുകൊണ്ട്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ നിരൂപകന്‍ ജി.പി രാമചന്ദ്രനും പരസ്യമായി രംഗത്ത് വന്നു. "അയിത്തവും ജാത്യഹങ്കാരവും അടക്കമുള്ള അശ്ലീലമായ ദുര്‍ഭൂതങ്ങളെ ഈ പ്രതിരോധ നടപടിയുടെ ഭാഗമായി പുനരാനയിക്കാനും ന്യായീകരിക്കാനും സാധൂകരിക്കാനും ചരിത്രവത്ക്കരിക്കാനും സര്‍വാംഗീകാരം നേടിയെടുക്കാനും ഉള്ള ചില സവര്‍ണശക്തികളുടെ പരിശ്രമം" എന്നാണ് അദ്ദേഹം ഈ ഹ്രസ്വചിത്രത്തെ വിശേഷിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios