പഞ്ചർ ഒട്ടിക്കുന്നതിന്റെ മറവിൽ കൊടിയ തട്ടിപ്പാണ് അയാൾ നടത്തി വന്നത്. ജില്ലാ ഭരണകൂടവും പൊലീസും ഇപ്പോൾ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ഉത്തർപ്രദേശിലെ ബറേലി (Bareilly) ജില്ലയിൽ നിന്നുള്ള ഇസ്‌ലാം ഖാന് (Islam Khan) പഞ്ചർ ഒട്ടിക്കുന്ന ജോലിയാണ്. ബറേലിയിലെ നകതിയയിൽ റോഡരികിലാണ് അയാളുടെ കട. സ്കൂളിന്റെ പടി ചവിട്ടിയില്ലാത്ത അയാളുടെ ഏക വരുമാനം വഴിയരികിലെ ഈ കൊച്ചുകടയാണ്. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അയാളെ ആളുകൾ 'പഞ്ചർവാല' (Puncturewala) എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി അയാളുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച പൊലീസ് ഞെട്ടിപ്പോയി. ദാരിദ്ര്യത്തിൽ കഴിയുന്നതായി കരുതുന്ന അയാൾ കഴിഞ്ഞ ഒരു വർഷത്തിൽ സമ്പാദിച്ചത് 7.15 കോടി രൂപയുടെ സ്വത്തുക്കളാണ്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ അയാൾ ഒരു കൊടും കുറ്റവാളിയാണെന്ന് പൊലീസ് കണ്ടെത്തി. പഞ്ചർ ഒട്ടിക്കുന്നതിന്റെ മറവിൽ മയക്കുമരുന്ന് കടത്തായിരുന്നു അയാളുടെ ജോലിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബറേലിയിൽ നിന്ന് ഉത്തരേന്ത്യയുടെ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയാണ് അയാൾ കോടീശ്വരനായത്. ഈ കള്ളപ്പണം ഉപയോഗിച്ച് നഗരത്തിലെ ഒരു പോഷ് കോളനിയിൽ ഒരു ആഡംബര വീട് അയാൾ വാങ്ങി, കൃഷിഭൂമി സ്വന്തമാക്കി. നാകതിയയിൽ തന്നെ ആറ് കടകൾ കെട്ടി വാടകയ്ക്ക് നൽകി. ഇതൊന്നും പോരാതെ അയാളുടെ പേരിൽ ഒരു ബൈക്ക് ഷോറൂം ഉണ്ടായിരുന്നു. ഇസ്‍ലാം തന്റെ മൂന്ന് ആൺമക്കളുടെയും ഭാര്യയുടെയും പേരിൽ സ്വത്തുക്കൾ വാങ്ങിയതായും പൊലീസ് കണ്ടെത്തി.
പഞ്ചർ ഒട്ടിക്കുന്നതിന്റെ മറവിൽ കൊടിയ തട്ടിപ്പാണ് അയാൾ നടത്തി വന്നത്. ജില്ലാ ഭരണകൂടവും പൊലീസും ഇപ്പോൾ അയാളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. കൂടാതെ, അയാളുടെ ഉടമസ്ഥതയിലുള്ള ബൈക്ക് ഷോറൂം അടുത്തിടെ അധികാരികൾ തകർത്തതായും പറയപ്പെടുന്നു. "മയക്കുമരുന്ന് കള്ളക്കടത്തിൽ അയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് ഞങ്ങൾ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ തുടങ്ങിയത്. ഒരു ചെറിയ റിപ്പയർ കടയിൽ ജോലി നോക്കിയിരുന്ന അയാൾക്ക് അൻപതിനോടടുത്ത് പ്രായമുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം ഞങ്ങൾ അയാളെ പിടികൂടി, ജയിലിലടച്ചു" കേസന്വേഷിക്കുന്ന എഎസ്പി രാജ്കുമാർ അഗർവാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
2021 -ൽ ബറേലി പൊലീസ് മയക്കുമരുന്ന് കടത്തുന്ന തൈമൂർ ഖാൻ, ഷഹീദ് ഖാൻ സംഘത്തിലെ അംഗങ്ങളെ പിടികൂടുകയും ഏകദേശം 60 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, കർശന നിയന്ത്രണങ്ങൾക്കിടയിലും, ബറേലിയിലും അതിന്റെ സമീപപ്രദേശങ്ങളിലും മയക്കുമരുന്ന് കടത്ത് തടസമില്ലാതെ തുടർന്നു. അന്വേഷണത്തെ തുടർന്ന്, തൈമൂറിന്റെയും ഷഹീദിന്റെയും അകന്ന ബന്ധുവായ ഇസ്‌ലാം പ്രാദേശിക മയക്കുമരുന്ന് സംഘത്തിലെ പ്രധാന അംഗമാണെന്ന് പൊലീസ് കണ്ടെത്തി.
തുടർന്ന്, പൊലീസ് ഇയാളുടെ ആധാർ കാർഡ് ഉപയോഗിച്ച് പാൻ കാർഡിന്റെ വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് അയാളുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങൾ സമാഹരിച്ചു. അതിൽ കോടികളുടെ സമ്പാദ്യമാണ് പൊലീസ് കണ്ടെത്തിയത്. അടുത്തിടെ ഹൈവേയിൽ അനധികൃതമായി ഒരു ബഹുനില കെട്ടിടം അയാൾ പണിതതായി പൊലീസ് കണ്ടെത്തി. അതിനുള്ള വരുമാനത്തിന്റെ ഉറവിടം നൽകാൻ ആവശ്യപ്പെട്ടപ്പോൾ, അയാൾക്ക് അതിന് സാധിച്ചില്ല. അങ്ങനെയാണ് അയാളുടെ കള്ളി വെളിച്ചത്തായത്. മയക്കുമരുന്ന് സംഘത്തിലെ മറ്റ് കണ്ണികളെ തിരയുകയാണ് പൊലീസ് ഇപ്പോൾ.
