ഈ ബില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും വേണ്ടി പുടിന്‍ തന്‍റെ അധികാരം ദുര്‍വിനിയോഗം ചെയ്‍തു എന്ന് പ്രതിപക്ഷം ആരോപിച്ചു. 

2036 വരെ താൻ തന്നെ അധികാരത്തിൽ തുടരുമെന്ന് അർത്ഥമാക്കുന്ന നിയമനിർമ്മാണത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിൻ ഒപ്പുവെച്ചു. തിങ്കളാഴ്ചയാണ് പുടിന്‍ ബില്ലില്‍ ഒപ്പ് വച്ചത്. സർക്കാരിന്റെ നിയമ വിവര പോർട്ടലിൽ പോസ്റ്റ് ചെയ്‍ത ബില്ലിന്റെ ഒരു പകർപ്പാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അധികാര ദുര്‍വിനിയോഗത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമെന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്.

നിലവിലുള്ള പുടിന്‍റെ കാലാവധി 2024 -ലാണ് കഴിയേണ്ടത്. എന്നാല്‍, അറുപത്തിയെട്ടുകാരനായ പുടിന് അടുത്ത 20 വര്‍ഷം കൂടി ഭരിക്കാനാകുമെന്ന ഉറപ്പ് നല്‍കുന്നതാണ് നിലവില്‍ ഒപ്പുവച്ച ബില്‍. എന്നാൽ, കഴിഞ്ഞ വര്‍ഷം ഭരണഘടനാ ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നിരുന്നു. രാജ്യവ്യാപകമായി നടന്ന വോട്ടെടുപ്പിൽ റഷ്യക്കാർ ഭേദഗതിയെ അംഗീകരിച്ച് കൊണ്ട് വോട്ട് ചെയ്‍തു. അദ്ദേഹത്തെ രണ്ട് വർഷത്തെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അനുവദിക്കുന്നതായിരുന്നു റഷ്യയിലെ അന്നത്തെ വിധിയെഴുത്ത്. പിന്നീട്, ഭേദഗതി മാർച്ച് അവസാനം റഷ്യന്‍ പാര്‍ലമെന്‍റ് അധോസഭയായ ഡ്യൂമ പാസാക്കി.

2036 -ലേക്ക് പുടിന് 83 വയസാവും. പുടിൻ 2000 മുതൽ 2008 വരെ തുടർച്ചയായി രണ്ട് തവണ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട്, 1993 -ലെ ഭരണഘടനയുടെ നിയമങ്ങൾ അനുസരിച്ച് സ്ഥാനമൊഴിയേണ്ടി വന്നു. 2012 -ലും 2018 -ലും രാഷ്ട്രപതി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അദ്ദേഹം രണ്ട് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 

ഈ പുതിയ നിയമം ഭരണഘടനയുടെ തന്നെ മാറ്റത്തിനാണ് കാരണമാകുന്നത്. ഈ ബില്‍ അവതരിപ്പിക്കുന്നതിനും പാസാക്കുന്നതിനും വേണ്ടി പുടിന്‍ തന്‍റെ അധികാരം ദുര്‍വിനിയോഗം ചെയ്‍തു എന്ന് പ്രതിപക്ഷം ആരോപിച്ചു. 2036 വരെ പുടിന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് ആവും. അങ്ങനെ വന്നാല്‍, ഏറ്റവും അധികം കാലം അധികാരത്തില്‍ തുടര്‍ന്ന നേതാവായ ജോസഫ് സ്റ്റാലിനെയും മറികടന്നേക്കും പുടിന്‍. 29 വര്‍ഷമാണ് സ്റ്റാലിന്‍ ഭരിച്ചത്. 

(ചിത്രങ്ങൾ: ഫയൽ ചിത്രങ്ങൾ/​ഗെറ്റി)

വായിക്കാം: 'ഇനി പുടിനെ ആജീവനാന്തം പ്രോസിക്യൂട്ട് ചെയ്യാനാവില്ല'; പുതിയ ബില്ലുമായി റഷ്യൻ പാർലമെന്റ്