അന്ന് വൈകിട്ട് ജോലി തീര്‍ന്ന് തിരികെ പോകുമ്പോള്‍ പരമാവധി ഭക്ഷണ വസ്തുക്കള്‍ വാങ്ങി സറ്റോക്ക് ചെയ്യണം എന്ന് സഹപ്രവര്‍ത്തകരെല്ലാം മുന്നറിയിപ്പ് നല്‍കി. അടുത്തുള്ള സിറ്റി സെന്ററിലേക്കാണ് ഞങ്ങള്‍ പോയത്. അകത്തു ചെന്നപ്പോള്‍ തിക്കും തിരക്കും. പാലുല്‍പ്പന്നങ്ങള്‍ ഒന്നും റാക്കുകളില്‍ ഉണ്ടായിരുന്നില്ല. പച്ചക്കറിയും തീര്‍ന്നു തുടങ്ങി. കൈയില്‍ കരുതിയതെല്ലാം കൊണ്ട്, കിട്ടിയ ഭക്ഷണ സാധനങ്ങളെല്ലാം അന്ന് വാങ്ങി വെച്ചു. പേടിപ്പെടുത്തുന്ന അവസ്ഥയിലൂടെയാണ് ആ മൂന്നാലു ദിവസങ്ങള്‍ കടന്ന് പോയത്.

 

 

ഖത്തറില്‍ ദഫ്‌നയിലെ ഡിപ്ലോമാറ്റ് ഏരിയയില്‍ ജെ ഡബ്ല്യൂ മേറിയറ്റ് ഹോട്ടലിന്റെ പ്രോജക്റ്റില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിന് എതിരെ ഉപരോധം ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വാട്‌സാപ്പില്‍ ആരോ അയക്കുന്നത്. തുടര്‍ന്ന്, യുദ്ധം വരാന്‍ പോവുന്നുവെന്ന പ്രചാരണമുണ്ടായി. ഫേസ്ബുക്കിലും അത്തരം വാര്‍ത്തകള്‍ പരന്നു.

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും അവിടെയുള്ള എല്ലാ എംബസികളുടെയും, ശൈഖ് പാലസുകളുടേയും ചുറ്റുമായി റോക്കറ്റ് ലോഞ്ചറുകള്‍, മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍, റഡാറുകള്‍, അങ്ങിനെ ആകെ ഒരു യുദ്ധസമാനമായ അന്തരീക്ഷം. യുദ്ധമിതാ വരാന്‍ പോവുന്നു എന്നാണ് അപ്പോള്‍ കരുതിയത്.

 

 

അന്ന് വൈകിട്ട് ജോലി തീര്‍ന്ന് തിരികെ പോകുമ്പോള്‍ പരമാവധി ഭക്ഷണ വസ്തുക്കള്‍ വാങ്ങി സറ്റോക്ക് ചെയ്യണം എന്ന് സഹപ്രവര്‍ത്തകരെല്ലാം മുന്നറിയിപ്പ് നല്‍കി. അടുത്തുള്ള സിറ്റി സെന്ററിലേക്കാണ് ഞങ്ങള്‍ പോയത്. അകത്തു ചെന്നപ്പോള്‍ തിക്കും തിരക്കും. പാലുല്‍പ്പന്നങ്ങള്‍ ഒന്നും റാക്കുകളില്‍ ഉണ്ടായിരുന്നില്ല. പച്ചക്കറിയും തീര്‍ന്നു തുടങ്ങി. കൈയില്‍ കരുതിയതെല്ലാം കൊണ്ട്, കിട്ടിയ ഭക്ഷണ സാധനങ്ങളെല്ലാം അന്ന് വാങ്ങി വെച്ചു. പേടിപ്പെടുത്തുന്ന അവസ്ഥയിലൂടെയാണ് ആ മൂന്നാലു ദിവസങ്ങള്‍ കടന്ന് പോയത്.

പിന്നെയും കുറേ മാസങ്ങളോളം ഖത്തറില്‍ ഉള്ളവര്‍ വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. പച്ചക്കറി, പാല് തുടങ്ങിയവ പ്രധാനമായും വന്നുകൊണ്ടിരുന്നത് സൗദിയില്‍ നിന്നാണ്. മറ്റ് ഉല്‍പ്പന്നങ്ങള്‍, ആവശ്യവസ്തുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍ എല്ലാം യു എ ഇയില്‍നിന്നും വന്നു. ഇതെല്ലാം നിലച്ചു. യു എ ഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ബിസിനസ് നടത്തിയിരുന്ന പല കമ്പനികളും ആ സമയത്ത് പൂട്ടി പോയിട്ടുണ്ട്, ഒരുപാട് പേരുടെ ജോലിയും നഷ്ടമായി. ഖത്തറിലേക്ക് അതുവരെ ഇറക്കുമതി ചെയ്തിരുന്നതില്‍ 60 ശതമാനവും ഈ രാജ്യങ്ങളില്‍ നീന്നായിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഖത്തറും നിരോധിച്ചു. 

 

 

പിന്നീട് ഖത്തറിലെ ബിസിനസുകാര്‍ ഉപരോധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഖത്തറുമായി നല്ല ബന്ധത്തിലുള്ള ഒമാനില്‍ എത്തിച്ച് അവിടെ നിന്ന് ലേബല്‍ മാറ്റി ഖത്തറില്‍ എത്തിച്ചു കച്ചവടം ചെയ്യുകയായിരുന്നു. അതോടെ രാജ്യത്ത് റോ മെറ്റീരിയലുകള്‍ക്ക് വിലകൂടി. ആയിരക്കണക്കിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമാണത്. നേരത്തെ കരാര്‍ പറഞ്ഞു ഉറപ്പിച്ച പ്രോജക്ടുകള്‍ പലതും നഷ്ടത്തിലായി.   കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള പെയ്‌മെന്റ് കൂടി മുടങ്ങിയപ്പോള്‍ അനേകം ചെക്ക് കേസുകളുണ്ടായി. വല്ലാത്തൊരു സമയമായിരുന്നു അത്. 

ഉപരോധം ഒഴിവാക്കണമെങ്കില്‍ അല്‍ജസീറാ ന്യൂസ് അടക്കം നിര്‍ത്തലാക്കണം, ഇറാനും തുര്‍ക്കിയുമായുള്ള ബന്ധം അവസാനിപ്പിക്കണം...  അങ്ങിനെ തുടങ്ങുന്ന നിരവധി നിബന്ധനകളായിരുന്നു ഉപരോധത്തിനു മുമ്പായി ഖത്തറിനു മുമ്പില്‍ വെച്ചത്. പക്ഷെ ഖത്തര്‍ ഭരണാധികാരി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ്  അല്‍താനി ആ ആവശ്യങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞു. സൗദി-ഖത്തര്‍ രാജ്യ അതിര്‍ത്തിയില്‍ കിടങ്ങ് കുഴിച്ചു ഖത്തറിനെ പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തും എന്ന് പറഞ്ഞപ്പോഴും ശൈഖ് തമീം വകവെച്ചു കൊടുത്തില്ല. ഖത്തറിനെ സംബന്ധിച്ചിടത്തോളം അല്‍ ജസീറ ന്യൂസ് അവരുടെ ആത്മാഭിമാനത്തിന്റെ ഭാഗം കൂടിയാണ്.  ...

 

ഉപരോധത്തെ തുടര്‍ന്ന് രാജ്യത്ത് പാല്‍ക്ഷാമം രൂക്ഷമായപ്പോള്‍, വിദേശത്തുനിന്നും വിമാനത്തില്‍ ഖത്തറിലെത്തിച്ച പശുക്കള്‍

 

പിന്നീട് ഖത്തര്‍ ചെയ്തത് രാജ്യത്തെ സ്വയം പര്യാപ്തമാക്കി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു. അതിന് മുമ്പേ തുര്‍ക്കിയും ഇറാനും സഹായമായി എത്തിയിരുന്നു. പാലുല്‍പ്പങ്ങള്‍ മുഴുവന്‍ തുര്‍ക്കിയില്‍ നിന്നാണ് ആദ്യം ഇറക്കുമതി ചെയ്തിരുന്നത്. പിന്നീട് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫ്‌ളൈറ്റ് മുഖാന്തരം പശുക്കളെ വരെ ഖത്തറില്‍ എത്തിച്ചു. സ്വന്തമായി ക്ഷീരോല്‍പ്പാദനം തുടങ്ങി. തുടന്ന് നടന്ന 'മേഡ് ഇന്‍ ഖത്തര്‍' എന്ന കാമ്പയിനും ഫലം കണ്ടു.

2022-ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പ് ഫുട്‌േബാളിനു മുമ്പേ ഈ ഉപരോധം അവസാനിക്കുമെന്ന് നേരത്തെ പ്രചാരണങ്ങളുണ്ടായിരുന്നു. അതിനു നിരവധി കാരണങ്ങള്‍ പറഞ്ഞുവന്നിരുന്നു. ഉപരോധം പിന്‍വലിക്കാനുള്ള ഇപ്പോഴത്തെ തീരുമാനത്തിനു പിന്നില്‍ അവയാണ് എന്ന് കരുതുന്നവരുണ്ട്. 

ഉപരോധം ഏര്‍പ്പെടുത്തിയ അയല്‍രാജ്യങ്ങളുടെ ഒരു പ്രധാന കമ്പോളം ആയിരുന്നു ഖത്തര്‍. ഖത്തറില്‍നിന്നു അവര്‍ക്ക് വലിയ വരുമാനമുണ്ടായിരുന്നു. ഖത്തറുമായുള്ള ബന്ധം വിച്‌ഛേദിച്ചപ്പോള്‍ അത് ഈ രാജ്യങ്ങളിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു.

ഖത്തര്‍ ലോകകപ്പ് നടന്നാല്‍ അതിന്റെ ഗുണവിഹിതം അയല്‍ രാജ്യങ്ങള്‍ക്ക് സ്വഭാവികമായി കിട്ടേണ്ടതാണ്. ഖത്തര്‍ തൃശ്ശൂര്‍ ജില്ലയുടെ അത്രയുമുള്ള ഒരു കൊച്ചു രാജ്യമാണ്. അതില്‍ കാല്‍ഭാഗം സ്ഥലത്ത് മാത്രമാണ് പൊതുവെ ആളുകള്‍ താമസിക്കുന്നത്. ലോകകപ്പിന് എത്തുന്ന എല്ലാ ആളുകളുടെയും താമസസൗകര്യം ഒരുക്കാന്‍ ഖത്തറിനു കഴിയില്ല. ഇതിനിടയില്‍ ലോകകപ്പ് സമയത്ത് ഖത്തര്‍ ക്രൂയിസ് ഷിപ്പുകള്‍ വാടകക്ക് എടുത്തു അതില്‍ താമസ സൗകര്യം ഒരുക്കും എന്ന് ചില റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

 

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമാദ്  അല്‍താനി

 

2022 അടുത്തെത്തുന്ന അവസരത്തില്‍ ഖത്തറുമായി തെറ്റി നിന്നാല്‍ ഖത്തര്‍ അവരുടെ രീതിയില്‍ മുന്നോട്ട് പോകുകയും ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന യു എ ഇ, ഈജിപ്ത്, ബഹ്റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അത് വലിയ തിരിച്ചടി ആവും ചെയ്യും. സൗദിക്കും ലോകകപ്പ് നല്ല അവസരമാണ്. കൊറോണ ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കൂടി ആവുമ്പോള്‍ ഉപരോധ രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം മാറ്റാതെ മറ്റൊരു നിര്‍വാഹവും ഇല്ലാ എന്ന് വേണം പറയാന്‍.

ലോകകപ്പ് എന്നത് ട്രില്യണ്‍ ഡോളറുകളുടെ ബിസിനസാണ്. ഈ ഉപരോധങ്ങളോടെ ഖത്തര്‍ ലോകത്തിനു കാണിച്ചു കൊടുത്തത് കാര്യക്ഷമതയുള്ള, ശക്തമായ സാമ്പത്തിക അടിത്തറയുള്ള  ഒരു രാജ്യമാണ് എന്നാണ്. നിശ്ചയദാര്‍ഢ്യവും സ്വാശ്രയത്വവുമുള്ള വമ്പന്‍ വിപണി എന്ന സന്ദേശമാണ് ഖത്തര്‍ ഇതിലൂടെ വിദേശനിക്ഷേപകര്‍ക്ക് നല്‍കുന്നത്. ഖത്തറിനെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ് ഹബ് ആക്കിയെടുക്കുക എന്ന ലക്ഷ്യവും ഇവിടെ അവര്‍ക്ക് നിറവേറ്റാന്‍ കഴിയും. ലോക വേള്‍ഡ് കപ്പ് കഴിയുന്നത്തോടെ ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു രാജ്യമായി ഖത്തര്‍ മാറും.

 

 

ഉപരോധം മാറുന്നതോടെ കാര്യമായ മാറ്റങ്ങള്‍ ഖത്തറിന്റെ സാമ്പത്തിക രംഗത്ത് ഉണ്ടാവും. അയല്‍രാജ്യങ്ങളുമായി നല്ലരീതിയില്‍ വിലപേശാനുള്ള കരുത്തും ഖത്തറിന് ഉണ്ടാവും.  ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ക്കും ഈ അവസ്ഥ ഏറെ ഗുണകരമാണ്. നിശ്ചയമായും, നിരവധി പുതിയ തൊഴില്‍ അവസരങ്ങള്‍ ഖത്തറില്‍ വരുന്ന മാസങ്ങളില്‍ സൃഷ്ടിക്കപ്പെടും.