Asianet News MalayalamAsianet News Malayalam

കാണുമ്പോൾ തന്നെ ശ്വാസം മുട്ടും, പക്ഷേ സന്ദർശകർക്കൊരു കുറവുമില്ല, ഹോങ്കോങ്ങിലെ ഒരു രാക്ഷസക്കെട്ടിടം

ഒരേ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളതെല്ലാം. കാഴ്ചയിൽ വമ്പൻ കെട്ടിടമാണെങ്കിലും ഞെങ്ങി ഞെരുങ്ങിയുള്ളതാണ് ഇതിനുള്ളിലെ ജീവിതം. അതുതന്നെയാണ് ഈ കെട്ടിടത്തിന്റെ ഭീകരതയും. 

Quarry Bay monster building in hong kong tourist attraction rlp
Author
First Published Mar 17, 2024, 4:20 PM IST

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ആളുകളെ ആകർഷിക്കുന്ന നിരവധി നിർമ്മിതികൾ ഉണ്ട്. അവയിൽ പലതും അതിന്റെ നിർമ്മിതിയിലെ മനോഹാരിത കൊണ്ടാണ് ആളുകൾക്ക് പ്രിയപ്പെട്ടതാകുന്നത്. എന്നാൽ, അങ്ങനെയല്ലാത്ത ഒരു നിർമ്മിതിയുണ്ട് അങ്ങ് ഹോങ്കോങ്ങിൽ. വ്യത്യസ്തമായ കെട്ടിടങ്ങളുടെ  സാന്നിധ്യത്താൽ പ്രശസ്തമായ ഹോങ്കോങ്ങിലെ ഈ കെട്ടിടം കാഴ്ചയിൽ ഭീകരത ഉളവാക്കുന്നതാണ്. എങ്കിൽ കൂടിയും നിരവധി സന്ദർശകരാണ് ഓരോ ദിവസവും ഇവിടേക്ക് എത്തുന്നത്. ഇനി ആ നിർമ്മിതി ഏതാണെന്ന് പറയാം. ഹോങ്കോങ്ങിലെ മോൺസ്റ്റർ ബിൽഡിങ്ങ്. 18 നിലകളാണ് ഈ കെട്ടിടത്തിനുള്ളത്. 10000 -ൽ പരം ആളുകൾ ഇതിനുള്ളിൽ താമസിക്കുന്നുണ്ട്.

മോൺസ്റ്റർ ബിൽഡിങ് യഥാർഥത്തിൽ ഒരു ഒറ്റക്കെട്ടിടമല്ല. പരസ്പരബന്ധിതമായ അഞ്ച് കെട്ടിടസമുച്ചയങ്ങളുടെ കൂട്ടമാണ് ഇത്. ബ്രൂട്ടലിസ്റ്റ് വാസ്തുവിദ്യാശൈലി പിന്തുടർന്നാണ് മോൺസ്റ്റർ ബിൽഡിങ്ങിന്റെ നിർമാണം. ജ്യാമിതീയ രൂപങ്ങളോ, മറ്റ് മാനദണ്ഡങ്ങളോ ഒന്നുമില്ലാതെ സംയോജിപ്പിച്ച് കെട്ടിടം നിർമ്മിക്കുന്ന രീതിയാണ് ഇത്. അതായത് ഈ കെട്ടിടത്തിനെ മോടിപിടിപ്പിക്കുന്ന ഡിസൈനുകളോ ഘടകങ്ങളോ ഇവിടെയില്ല. പരമാവധി കുറഞ്ഞ സ്ഥലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പരമാവധി ആളുകൾക്ക് താമസിക്കാൻ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോൺസ്റ്റർ ബിൽഡിങ് നിർമിച്ചിരിക്കുന്നത്. 

അഞ്ച് ബ്ലോക്കുകളിലുമായി 2243 യൂണിറ്റുകളാണ് മോൺസ്റ്റർ ബിൽഡിങ്ങിൽ ഉള്ളത്. ഒരേ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളതെല്ലാം. കാഴ്ചയിൽ വമ്പൻ കെട്ടിടമാണെങ്കിലും ഞെങ്ങി ഞെരുങ്ങിയുള്ളതാണ് ഇതിനുള്ളിലെ ജീവിതം. അതുതന്നെയാണ് ഈ കെട്ടിടത്തിന്റെ ഭീകരതയും. 

1960 -കളിൽ ബ്രിട്ടീഷ് ഭരണകാലത്താണ് ഈ കെട്ടിടം നിർമിക്കുന്നത്. അന്ന് ഇതിന്റെ പേര് പാർക്ക് എസ്റ്റേറ്റ് എന്നായിരുന്നു. ഇവിടുത്തെ താമസക്കാർക്കായി ബാർബർ ഷോപ്പുകളും കഫെയും മസാജ് പാർലറും എല്ലാം ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഇതിനുള്ളിലെ ഓരോ വീടും. എങ്കിലും ഈ കെ‌ട്ടിടം കണ്ടാസ്വദിക്കുവാൻ സന്ദർശകർക്ക് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios