Asianet News MalayalamAsianet News Malayalam

61 -കാരി കാമുകിയും 24 -കാരനായ കാമുകനും, വിവാഹനിശ്ചയം കഴിഞ്ഞു, കടുത്ത പ്രണയത്തിലെന്ന് ഇരുവരും

ഖുറാനിന്റെ അമ്മൂമ്മയെക്കാൾ ആറ് വയസ്സിന് ഇളയതും മുത്തച്ഛനേക്കാൾ എട്ട് വയസ്സിന് ഇളയതുമാണ് ചെറിൽ. ചെറിലിന്റെ ഇളയ മകൾക്ക് 29 വയസ്സാണ്. അതുകൊണ്ട് തന്നെ ഇന്നും അവരുടെ ഈ ബന്ധത്തെ എതിർക്കുന്നവർ ഏറെയാണ്. 

Quran McCain 24 year old and his fiancee Cheryl McGregor 61 year old
Author
Georgia, First Published Aug 13, 2021, 3:10 PM IST

പ്രണയത്തിന് കണ്ണും മൂക്കുമൊന്നുമില്ലെന്ന് നമ്മൾ പൊതുവെ പറയാറുണ്ട്. എന്നാൽ പ്രായവും ഒരു പ്രശ്നമല്ലെന്ന് തെളിയിക്കയാണ് 61 -കാരിയായ വൃദ്ധയും അവരുടെ ഇരുപത്തിനാലുകാരനായ കാമുകനും. ആ കമിതാക്കൾ ചുറ്റുമുള്ളവരുടെ എതിർപ്പിനെ മറികടന്ന് ഇപ്പോൾ വിവാഹനിശ്ചയം നടത്തിയിരിക്കയാണ്. അവർ തമ്മിൽ 37 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും, അവരുടെ പ്രണയം ഇപ്പോഴും ശക്തമായി തന്നെ തുടരുന്നു.  

ജോർജിയയിലെ റോമിലുള്ള ഖുറാൻ മക്കെയിൻ അദ്ദേഹത്തിന്റെ പ്രതിശ്രുത വധു ചെറിൽ മക്ഗ്രെഗറിനെ 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി കണ്ടത്. എന്നാൽ കഴിഞ്ഞ വർഷം വരെ അവർക്കിടയിൽ പ്രണയമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിലിന്റെ മക്കളിൽ ഒരാൾ ഖുറാനെക്കാൾ ഇളയതാണ്. എന്നിരുന്നാലും ഈ പ്രായ വ്യത്യാസമൊന്നും അവരുടെ പ്രണയത്തെ ബാധിച്ചിട്ടില്ല. അവർ തമ്മിൽ നല്ല പൊരുത്തമാണെന്നും, അവരുടെ ലൈംഗിക ജീവിതം മികച്ചതാണെന്നും അവർ അവകാശപ്പെടുന്നു. തങ്ങൾക്കല്ല കുഴപ്പം ചുറ്റുമുള്ളവർക്കാണ് എന്നും അവർ കൂട്ടിച്ചേർത്തു. അവർ ഒരുമിച്ചുള്ള വീഡിയോകൾ സന്തോഷപൂർവ്വം ഓൺലൈനിൽ പങ്കിടുമ്പോൾ, പലപ്പോഴും ആളുകളിൽ നിന്ന് മോശം പ്രതികരണമാണ് ലഭിക്കാറുള്ളതെന്ന് ചെറിൽ പറയുന്നു. എത്ര അവഗണിക്കാൻ ശ്രമിച്ചാലും തന്നെ ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും അവർ പറഞ്ഞു.

അതേസമയം പ്രായമുണ്ടെങ്കിലും, ചെറിലിന് ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന ഒരു മനസ്സുണ്ടെന്ന് ഖുറാൻ പറഞ്ഞു. ടിക് ടോക്കിൽ 826,000 ത്തിലധികം ഫോളോവേഴ്സാണ് ഖുറാനുള്ളത്. 2012 -ൽ ജോർജിയയിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ ജോലി ചെയ്യുന്നതിനിടെയാണ് അവർ തമ്മിൽ കണ്ടുമുട്ടുന്നത്. ചെറിലിന്റെ മകൻ ക്രിസ്, ഖുറാന്റെ മാനേജരായിരുന്നു. ചെറിൽ മകനെ കാണാനും, ഭക്ഷണം കഴിക്കാനുമായി റെസ്റ്റോറെന്റിൽ വരുമായിരുന്നു. പക്ഷേ ആ സമയത്ത് ഖുറാന് പ്രായം വെറും 15.  അതിനാൽ അന്ന് അവർക്കിടയിൽ പ്രണയം വളർന്നിരുന്നില്ല.    

എന്നാൽ, പിന്നീട് ഖുറാന് ജോലി നഷ്ടപ്പെടുകയും, കുറേ കാലം അവർ തമ്മിൽ ബന്ധമൊന്നുമില്ലാതിരിക്കയും ചെയ്തു. പിന്നീട് 2020 നവംബറിൽ ഖുറാൻ ഒരു കൺവീനിയൻസ് സ്റ്റോറിൽ കാഷ്യറായി ജോലി ചെയ്യുന്നതിനിടെയാണ് അവർ തമ്മിൽ വീണ്ടും കാണുന്നത്. അവർ ഒരുമിച്ച് ടിക് ടോക്കിൽ നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ ഖുറാൻ പോസ്റ്റ് ചെയ്യുകയും, അതിന് ആളുകൾ മോശം പ്രതികരണങ്ങൾ നടത്തുകയും ചെയ്തു. 'ഞാൻ എല്ലാ ദിവസവും അവളെ കാണാറുണ്ടായിരുന്നു. അവൾ എപ്പോഴും സന്തോഷവതിയായിരിക്കും, പക്ഷേ അന്ന് അവൾ ദുഃഖിതയായിരുന്നു. ഞാൻ അവളെ ആശ്വസിപ്പിച്ചു' ഖുറാൻ പറഞ്ഞു.  

ഇതോടെ അവർ തമ്മിൽ കൂടുതൽ അടുക്കാൻ തുടങ്ങി. ഒപ്പം ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ ചില വീഡിയോകൾ അവർ ഓൺലൈനിൽ പങ്കിടുകയും അത് വൈറലാവുകയും 1.3 മില്ല്യൺ ലൈക്കുകൾ നേടുകയും ചെയ്തു. പതുക്കെ അവർക്കിടയിൽ പ്രണയം മൊട്ടിട്ടു. 'ഞങ്ങൾ ഒരു ആത്മീയ തലത്തിൽ ബന്ധപ്പെട്ടിരിക്കുന്നു' ഖുറാൻ പറഞ്ഞു. 'ഞങ്ങൾ ഒരു ഡേറ്റിംഗിന് പോയപ്പോഴാണ് ഞാൻ അവളോട് എന്റെ പ്രണയം പറഞ്ഞത്. അവൾക്കും അങ്ങനെത്തന്നെയായിരുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചെറിലിന്റെ മക്കൾക്ക് ആദ്യമൊക്കെ വലിയ എതിർപ്പായിരുന്നു. പിന്നീട് അവരുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയപ്പോൾ ആ ബന്ധത്തെ വീട്ടുകാർ അംഗീകരിച്ചു.

ഖുറാനിന്റെ അമ്മൂമ്മയെക്കാൾ ആറ് വയസ്സിന് ഇളയതും മുത്തച്ഛനേക്കാൾ എട്ട് വയസ്സിന് ഇളയതുമാണ് ചെറിൽ. ചെറിലിന്റെ ഇളയ മകൾക്ക് 29 വയസ്സാണ്. അതുകൊണ്ട് തന്നെ ഇന്നും അവരുടെ ഈ ബന്ധത്തെ എതിർക്കുന്നവർ ഏറെയാണ്. ചീത്തവിളി കാരണം 700,000 -ലധികം അക്കൗണ്ടുകൾ ഇതിനിടയിൽ അവർ ബ്ലോക്ക് ചെയ്തു. എന്നാൽ ഇത്രയൊക്കെ വിദ്വേഷം ആളുകൾ കാണിച്ചിട്ടും, അവർ പോസിറ്റീവായി തന്നെ തുടരുന്നു. ജൂലൈ 31 ന് അവരുടെ വിവാഹനിശ്ചയം കഴിഞ്ഞു. താമസിയാതെ വിവാഹിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios