നായ്ക്കളിൽ പേവിഷ ബാധ തടയുക എന്നതാണ് അടിസ്ഥാനമായി ചെയ്യേണ്ടത്. 70 ശതമാനം നായ്ക്കളിലെങ്കിലും പേവിഷബാധ പ്രതിരോധ കുത്തി വയ്പ് ഉറപ്പാക്കണം. എന്നാൽ, ഇക്കാര്യത്തിൽ നമ്മുടെ സംവിധാനങ്ങൾ ഇനിയും വലിയ തോതിൽ മുന്നേറേണ്ടിയിരിക്കുന്നു.

കുറേവർഷം മുമ്പ് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ഓഫീസിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങുമ്പോൾ സ്ഥിരമായി ചെയ്തിരുന്ന പണി കുറേ കല്ലുകൾ ശേഖരിക്കുക എന്നതാണ്. അവ കൈകാര്യം ചെയ്യാൻ പാകത്തിൽ സ്കൂട്ടറിന്റെ മുമ്പിലെ പ്ളാറ്റ്ഫോമിൽ അടുക്കി വയ്ക്കും. അതൊരു പ്രതിരോധ തന്ത്രമാണ്. ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എന്നത് എനിക്ക് പഴമൊഴി മാത്രമല്ലായിരുന്നു. പുളിയറക്കോണത്തെ ഏഷ്യാനെറ്റ് ന്യൂസ് റൂമിൽ നിന്ന് വിളപ്പിൽശാലയ്ക്കുള്ള മടക്കയാത്രയിൽ കാവിൻപുറത്തെത്തുമ്പോൾ ആദ്യം കല്ലെടുക്കും. മിക്കവാറും നമ്മെ കാത്തവൻമാരുണ്ടാകും. അവരൊരു പ്രത്യേക ജനുസ്സാണ്. ഇരുള് കനം വച്ച് നാട് ഗാഢനിദ്രയിലേക്ക് കടക്കുമ്പോൾ സജീവമാകുന്ന വേട്ടപ്പട്ടികൾ. കാലുയർത്തി സ്കൂട്ടർ പായിക്കുമ്പോൾ അവ നമ്മെ ലക്ഷ്യമിട്ടു തുടങ്ങിയാൽ പിന്നെ കല്ലെറിഞ്ഞോടിക്കുകയേ നിർവാഹമുള്ളു. ചിലപ്പോൾ വിരട്ടലായിരിക്കും ലക്ഷ്യം. കടിച്ചില്ലെങ്കിലും വണ്ടിക്ക് കുറുകേ ചാടി നമ്മെ അവർ തള്ളിയിട്ട് അപകടത്തിലാക്കിയേക്കാം.

വഴിയിൽ സഞ്ചരിക്കുമ്പോൾ പട്ടി വിരട്ടിയിട്ടില്ലാത്തവർ കുറവായിരിക്കും. ഇനി കടിച്ചില്ലെങ്കിലും നമ്മെ പട്ടികൾ തൊട്ടാൽ തന്നെ മനസ്സമാധാനം നഷ്ടപ്പെടാം. കാരണം പേവിഷ ബാധയുണ്ടായാൽ സംഭവിക്കാവുന്നത് അത്ര ദയനീയമായ അവസ്ഥയാണ്. ആസന്നമായ മരണത്തെക്കാത്ത് തികച്ചും വിഭ്രമാത്മകമായ അവസ്ഥയിലൂടെയാകും കടന്നു പോകേണ്ടി വരിക. വെള്ളം പോലുമിറക്കാനാകാതെ രോഗി കഷ്ടപ്പെടുമ്പോൾ അത് കണ്ട് നിൽക്കേണ്ട ഉറ്റവരുടെ നിസ്സഹായാവസ്ഥ വിവരാണാതീതമാണ്. ചെറുപ്പകാലത്ത് തിരുവനന്തപുരത്തെ ജനറൽ ആശുപത്രിയിൽ പേവിഷബാധ ഏറ്റവരുടെ പ്രത്യേക സെല്ലിനടുത്തൂടെ പോകുമ്പോൾ ഞാൻ കണ്ണുപൊത്തി ഓടാറാണ് ചെയ്യുക. അത് കാണാനുള്ള മനക്കരുത്ത് എനിക്കില്ലായിരുന്നു. അതിനാൽ തന്നെ പേവിഷ ബാധക്ക് എമിലി റോക്സിന്റെ സഹായത്തോടെ മരുന്ന് കണ്ടെത്തിയ ലൂയി പാസ്റ്ററുടെ രേഖാചിത്രം പാഠപുസ്കതത്താളിൽ കാണുമ്പോൾ ദൈവത്തെക്കാളേറെ ബഹുമാനത്തോടെ സ്മരിച്ചിരുന്നു.

1885 ജൂലൈ ആറിന് രാത്രി 8 മണിക്ക് പേപ്പട്ടിയുടെ കടിയേറ്റ ഒമ്പതു വയസ്സുകാരൻ ജോസഫിൽ ആദ്യമായി വിജയകരമായി പരീക്ഷിച്ചതിനു ശേഷം ഒരു നൂറ്റാണ്ടു പിന്നിടുമ്പോൾ മരണം ഉറപ്പായിരുന്ന ദശലക്ഷങ്ങളാണ് വാക്സിനിലൂടെ ജീവിതം തിരിച്ചു പിടിച്ചത്. 

വിഷബാധക്കെതിരെയുള്ള ശക്തമായ ആരോഗ്യ അവബോധമുള്ളതിനാലാണ് പരപ്രേരണയില്ലാതെ നമ്മൾ പ്രതിരോധ കുത്തിവയ്പിന് ഒരുങ്ങുന്നത്. പാലക്കാട്ടെ ശ്രീലക്ഷ്മി എന്ന പത്തൊൻപതുകാരിയും അതിനാൽ തന്നെ അയൽവീട്ടിലെ വളർത്തു നായ കടിച്ചു പരിക്കേൽപ്പിച്ചിട്ടും ആത്മധൈര്യത്തോടെയാണിരുന്നത്. ശുപാർശ ചെയ്തിട്ടുള്ള കുത്തിവയ്പെല്ലാം എടുത്ത് ധൈര്യമായാണ് അവൾ കോളേജിൽ പോയത്. എന്നാൽ, നമ്മെയെല്ലാം സങ്കടക്കടലിലാക്കി, പ്രതിരോധ കുത്തിവയ്പുകളെ നിഷ്ഫലമാക്കി ദയനീയമായ മരണം വരിക്കാനായിരുന്നു യൗവനപഥങ്ങളിൽ സ‍ഞ്ചരിച്ചു തുടങ്ങുകയായിരുന്ന ആ പെൺകുട്ടിയുടെ വിധി. 

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. അടുത്തകാലത്തായി 14 പേവിഷബാധ മരണങ്ങളാണ് കേരളത്തിൽ സംഭവിച്ചത്. അതിൽ തന്നെ നല്ലൊരു ശതമാനം പേരും പ്രതിരോധ കുത്തിവയ്പ്പടക്കം എല്ലാ ചികിത്സാ മുൻകരുതലും എടുത്തവരായിരുന്നു. എന്തായിരിക്കും ശ്രീലക്ഷ്മിയുടെ കാര്യത്തിലടക്കം സംഭവിച്ചത് എന്നതിൽ വ്യക്തതയില്ല. മുറിവിന്റെ ആഴക്കൂടുതൽ കൊണ്ടാകാം അപകടം സംഭവിച്ചിട്ടുണ്ടാകുകയെന്നും അല്ലാതെ പേവിഷ വാക്സിന്റെ ഫലപ്രാപ്തിക്കുറവല്ല കാരണമെന്നുമാണ് പാലക്കാട്ടെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ റീത്ത പറ‌ഞ്ഞത്. 

ഇതേ ബാച്ചിലെ മരുന്ന് മറ്റുള്ളവർക്ക് നൽകിയപ്പോൾ അത് ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ടെന്ന് അവർ പറയുന്നു. എന്നാൽ, ഇതൊന്നും ആധികാരികമായല്ല ആരോഗ്യ വകുപ്പധികൃതർ പറഞ്ഞത്. മാത്രമല്ല മാരകമായ മുറിവേറ്റവർക്ക് നൽകേണ്ട സിറം പാലക്കാട്ട് ജില്ലാ ആശുപത്രിയിൽ ഇല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിൽ കൊണ്ടുപോയാണ് ശ്രീലക്ഷ്മിക്ക് അത് നൽകിയത്. ഏറ്റവും ആധുനികവും ശാസ്ത്രീയവുമെന്ന് നാം വിശ്വസിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമാകുമ്പോൾ അതിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ വിശദീകരണമാണ് നാം പ്രതീക്ഷിക്കുന്നത്. നിർഭാഗ്യവശാൽ അത്തരം നടപടികളുണ്ടായില്ല. 

ശ്രീലക്ഷ്മിയുടെ കാര്യത്തിൽ മാത്രമല്ല, ഇതിനു മുൻപുണ്ടായ സമാനമായ പേവിഷ ബാധ മരണങ്ങളുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. ഒരുപക്ഷേ ശരിയായ അന്വേഷണം നടന്നിട്ടുണ്ടാകാം. പക്ഷേ, അന്വേഷണ വിവരങ്ങൾ പൊതുജന സമക്ഷം വെളിപ്പെടുത്തുന്നില്ല. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാരോ ആരോഗ്യ വകുപ്പ് സെക്രട്ടറിയോ മന്ത്രിയോ ഒന്നും അക്കാര്യം നമ്മോട് വ്യക്തമായി പറയുന്നില്ല. 

ഈ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ എന്ത് സംഭവിച്ചിരിക്കാമെന്ന് അന്വേഷിച്ചത്. നിർഭാഗ്യവശാൽ ആരോഗ്യവകുപ്പ് ഈ വിഷയം ഏതാണ്ട് ഉപേക്ഷിച്ച അവസ്ഥയാണ് പ്രത്യക്ഷമായിട്ടാണെങ്കിലും പ്രകടിപ്പിക്കുന്നത്. പ്രതിരോധ വാക്സിൻ വിദഗ്ദ്ധരുമായി ‌ഞങ്ങൾ ഇക്കാര്യം പരിശോധിച്ചു. ശ്രീലക്ഷ്മിയുടെ കാര്യത്തിൽ അവർക്കും കൃത്യമായ ഉത്തരം നൽകാനാവുന്നില്ല. കാരണം ആ വിവരങ്ങൾ പൊതുജനസമക്ഷമോ ഈ മേഖലയിലേ വിദഗദ്ധർക്കോ ലഭ്യമല്ല. എന്നാൽ ഇത്തരം സംഭവങ്ങളിൽ ഭൂരിഭാഗവും വില്ലാനാകുക വാക്സിനുകൾ തന്നെയാണെന്നാണ് അവർ പറയുന്നത്. പാല് പോലെയാണ് വാക്സിനുകൾ, നല്ല ഫലപ്രാപ്തി തരും, പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ കേടായി വിപരീത ഫലമാകും ഉളവാക്കുക. 

ഓരോ വാക്സിനുകളും, അതുപോലെ ഇൻസുലിനുകൾ, വില കൂടിയ ജീവൻ രക്ഷാമരുന്നുകൾ എല്ലാം നിർമ്മാണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കോൾഡ് ചെയിൻ അഥവാ ശീതീകരണ വ്യവസ്ഥ പാലിച്ചിരിക്കേണ്ടതുണ്ട്. വാക്സിനുകളിലും പല ജീവൻ രക്ഷാമരുന്നുകളിലും കേവലം രാസപദാർത്ഥങ്ങളല്ല മറിച്ച് ജൈവഘടകങ്ങൾ കൂടി അടങ്ങിയിട്ടുള്ളതാണ്. ഇത് നിർമ്മിക്കുമ്പോഴും, അത് വിതരണത്തിനായി കൊണ്ടു പോകുമ്പോഴും, ആശുപത്രികളിൽ സൂക്ഷിക്കുമ്പോഴും അവ നിശ്ചിത താപനിലയിൽ തന്നെയായിരിക്കണം സൂക്ഷിക്കേണ്ടത്. പൊതുവേ ആദ്യ ഘട്ടങ്ങളിലും അവസാന ഘട്ടത്തിലും ഇത് പാലിക്കാറുണ്ട്. വാക്സിനുകൾ കടത്തുന്ന ട്രാൻസിറ്റ് വേളയാണ് ഏറ്റവും വലിയ വെല്ലുവിളി. പ്രത്യേക ഐസ് പാക്കുകളിൽ ക‍ൃത്യമായ ശീതികരണം ഉറപ്പാക്കിയാവണം വാക്നുകളും ഇൻസിലിനുമൊക്കെ കടത്തേണ്ടത്. 

എന്നാൽ, നമ്മുടെ കടത്തൽ സംവിധാനങ്ങളിൽ ഇത് കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ പറ്റുന്നില്ല. വാക്സിനുകളുടെ ഗുണ നിലവാരം സംബന്ധിച്ച് സംസ്ഥാനത്ത് വളരെ ചെറിയ സാമ്പിളുകൾ മാത്രമേ പരിശോധിക്കപ്പെടുന്നുള്ളൂ. ഡ്രഗ് കൺട്രോൾ വിഭാഗം വിലകൊടുത്ത് വാങ്ങി ലാബുകളിൽ പരിശോധനയ്ക്ക് എത്തിക്കുകയാണ് പതിവ്. രഹസ്യ സ്വാഭാവം നിലനിർത്താൻ വേണ്ടിയാണിത്. എന്നാൽ, പലപ്പോഴും ഗുണനിലവാരം കുറഞ്ഞവ കണ്ടെത്തിയാൽ തന്നെ വലിയ നടപടികൾ ഉണ്ടാകാറില്ല. അങ്ങേയറ്റം അത് നശിപ്പിക്കുകയാണ് ചെയ്യാറ്. ആ ബാച്ചിൽപ്പെട്ടതെല്ലാം നശിപ്പിക്കേണ്ടതിനാൽ, ഇത് ഒഴിവാക്കണമെന്ന് വാക്കാൽ പറയുന്നതിൽ ഒതുങ്ങും പലപ്പോഴും കാര്യങ്ങൾ. 

അടുത്തകാലത്ത് സംസ്ഥാനത്തെ ഒരു പ്രമുഖ ലാബിൽ പരിശോധിച്ച ഇൻസുലിൻ മരുന്നുകളിൽ ഒരു ബാച്ച് മുഴുവൻ നിർവീര്യമാണെന്ന് കണ്ടെത്തിയിരുന്നു. ശേഖരണത്തിലെ പിഴവാണ് പ്രധാന വില്ലനെന്നാണ് അനുമാനം. ഇത്തരം വാക്സിനുകൾ നിശ്ചിത താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. അത് കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. ഉദാഹരണത്തിന് പേപ്പട്ടി വിഷബാധക്കെതിരെയുള്ള പ്രതിരോധ വാക്സിനുകൾ മൈനസ് 2 -നും 8 -നും ഇടയിൽ സൂക്ഷിക്കണമെന്നാണ് നിബന്ധന. അത് പൂജ്യം ഡിഗ്രി സെൽഷ്യസ് ആകുന്നതു പോലും വാക്സിന്റെ ഫലപ്രാപ്തിയെ ബാധിക്കാം.

എന്നാൽ സാധാരണ താപനിലയിൽ കുറേക്കാലം സുക്ഷിക്കുന്ന വാക്സിനുകൾ പട്ടികളിൽ കുത്തി വയ്ക്കുമ്പോഴും അവയ്ക്ക് പേവിഷബാധക്കെതിരെ പ്രതിരോധം നൽകാറുണ്ട്. എന്നാൽ, മനുഷ്യരുടെ കാര്യത്തിൽ ഇത്തരം സാഹസങ്ങൾ അഭികാമ്യമല്ല. കാരണം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങളിൽ ഏറ്റവും മാരകമായതാണ് പേവിഷബാധ. രോഗലക്ഷണങ്ങൾ പ്രകടമായാൽ പിന്നെ ഏതാണ്ട് മഹാഭൂരിപക്ഷം കേസുകളും മരണത്തിലെത്തുകയാണ് പതിവ്. പ്രതിരോധ മരുന്ന് കണ്ടത്തിയിട്ടും പേവിഷ ബാധമൂലം ലോകത്ത് ഒരു വർഷം 60,000 പോരാളം മരിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ആഫ്രിക്കയിലും ഏഷ്യയിലുമാണ്.

ലോകത്ത് ഏറ്റവുമധികം പേർ പേവിഷബാധയേറ്റു മരിക്കുന്നത് ഇന്ത്യയിലാണ്. പ്രതിവർഷം ശരാശരി 20,000 പേർക്കാണ് ജീവൻ നഷ്ടമാകുന്നത്. ലോകത്തെ മൂന്നിലൊന്ന് പേവിഷ ബാധ മരണങ്ങളും നമ്മുടെ രാജ്യത്താണെന്നത് തികച്ചും ആശങ്കാജനകമാണ്. അതും പ്രതിവർഷം 3 കോടി പോവിഷ വാക്സിനുകൾ നിർമ്മിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ ഇമ്യുണോളജിക്കൽസ് എന്ന പൊതുമേഖലാ കമ്പനി നിർമ്മിച്ച് സൗജന്യമായി ലഭ്യമാക്കുന്ന വാക്സിൻ ആവശ്യത്തിന് ലഭ്യമായിട്ടും ഇത്രയും തടയാമായിരുന്ന മരണം സംഭവിക്കുക എന്നത് ഗൗരവതരം തന്നെയാണ്.

നായ്ക്കളിൽ പേവിഷ ബാധ തടയുക എന്നതാണ് അടിസ്ഥാനമായി ചെയ്യേണ്ടത്. 70 ശതമാനം നായ്ക്കളിലെങ്കിലും പേവിഷബാധ പ്രതിരോധ കുത്തി വയ്പ് ഉറപ്പാക്കണം. എന്നാൽ, ഇക്കാര്യത്തിൽ നമ്മുടെ സംവിധാനങ്ങൾ ഇനിയും വലിയ തോതിൽ മുന്നേറേണ്ടിയിരിക്കുന്നു. പാലക്കാട്ട് ശ്രീലക്ഷ്മിയെ കടിച്ചത് അയൽ വീട്ടിലെ വളർത്തു നായയാണ്. അതിന് പേവിഷബാധക്കുള്ള പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല. നമ്മുടെ വളർത്ത് നായ്ക്കളിൽ നല്ല ശതമാനവും തെരുവ് നായ്ക്കളിൽ മഹാഭൂരിപക്ഷവും പേവിഷ ബാധക്കതിരെയുള്ള കുത്തിവയ്പ്പ് എടുത്തവയല്ല. മനുഷ്യന്റെ കാര്യത്തിൽ പോലും പേവിഷബാധക്കതിരെ ഫലപ്രദമായ നടപടികളെടുക്കാനാകാത്ത അവസ്ഥയിൽ പട്ടികൾക്കുള്ള പ്രതിരോധത്തിന് സമയമെടുക്കും. മൃഗസംരക്ഷണ വകുപ്പ് മുതൽ തദ്ദേശ സ്ഥാപനങ്ങൾ വരെയുള്ളവരുടെ ഫലപ്രദമായ ഏകോപനം ഇതിന് അനിവാര്യമാണ്. നിർഭാഗ്യവശാൽ നമ്മുടെ സ്ഥാപനങ്ങളുടെ ഏപോപനമില്ലായ്മയും പിടിപ്പുകേടും കൊണ്ടിത് നടക്കാതെ പോകുന്നു.

വാക്സിൻ ഗുണനിലവാരവും അത് ശരിയായ രീതിയിൽ പ്രയോഗിക്കുന്നു എന്നും ഉറപ്പാക്കിയേ തീരൂ. കാരണം ശ്രീലക്ഷ്മിയുടെ അച്ഛൻ പറഞ്ഞത് പോലെ ഇത്തരം സന്ദർഭങ്ങളിൽ എത്ര മികച്ച ചികിത്സ നൽകാനും ശരാശരി മലയാളി തയ്യാറാണ്. മകൾ നഷ്ടപ്പെട്ടിട്ടും ശ്രീലക്ഷ്മിയുടെ കുടുംമ്പം സംയമനം പാലിച്ചു എന്നത് മൂലം ഇതിലെ കുറ്റക്കാർ രക്ഷപ്പെടുന്ന അവസ്ഥ ആശ്വാസ്യമല്ല. മുറിവിൽ വൈദഗ്ധ്യത്തോടെ കുത്തി വയ്ക്കുന്നതടക്കമുള്ള കാര്യം പാലിച്ചിരുന്നോ എന്ന് ആരോഗ്യ വിദഗ്ദ്ധ‌ർ പരിശോധിച്ചേ പറ്റൂ. കുറ്റാരോപിതരുടെ മാതൃപ്രസ്ഥാനം തന്നെ അത് പരിശോധിക്കുന്നതിൽ അപാകതയുണ്ട്. സർക്കാർ ചട്ടക്കൂടിൽ നടത്തുന്ന അന്വേഷണത്തിൽ സഹപ്രവർത്തകർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവരത് പുറത്ത് കൊണ്ടുവരാനുള്ള സാധ്യത കുറവാണ്. 

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷനെയും വിശ്വാസത്തിലെടുക്കാൻ പ്രയാസമാണ്. അവർക്കും സ്വാഭാവികമായി നിക്ഷിപ്ത താത്പര്യങ്ങളും പരിമിതിയുമുണ്ടാകും. എന്തുകൊണ്ട് ഒരു മെഡിക്കൽ ഓംബുഡസ്മാൻ സംവിധാനത്തേക്കുറിച്ച് ചിന്തിച്ചു കൂടാ? വൈദ്യുതി മുതൽ ബാങ്കിങ്ങ് വരെയുള്ള മേഖലകളിൽ സമാന സംവിധാനങ്ങൾ ഫലപ്രദമാണ്. വൈദ്യശാസ്ത്ര മേഖലയിൽ നല്ല അറിവും പരിചയവും ഒപ്പം ഉയർന്ന ധാർമ്മികതയും നൈതികയും പുലർത്തിയിട്ടുള്ള മുതിർന്ന ഡോക്ടർമാർ തന്നെ ഇതിന് നേതൃത്വം നൽകണം. അവർക്ക് യുക്തമായ അധികാരവും ചുമതലകളും നിഷ്കർഷിക്കുന്ന വ്യവസ്ഥകളും സംവിധാനങ്ങളും നിയമനിർമ്മാണത്തിലൂടെ ഉറപ്പാക്കണം. 

എന്നാൽ, ഇതിന് സ്വാഭാവികമായി കാലതാമസമുണ്ടാകും. പക്ഷേ, നാമെല്ലാവരും അതിനായി പരിശ്രമിച്ചേ പറ്റൂ. ഇത് പക്ഷേ പ്രശ്നം നടന്നു കഴിഞ്ഞാലുള്ള ചികിത്സയാണ്. എന്നാൽ, വൈദ്യശാസ്ത്രം എപ്പോഴും കാംക്ഷിക്കുന്നത് പ്രതിരോധ ചികിത്സയാണ്. Prevention is better than cure. അപ്പോൾ എങ്ങനെ പരമാവധി അപകടം ഉണ്ടാകാതെ നോക്കാം എന്നതാണ്. ഇവിടെയാണ് സാങ്കേതികവിദ്യയെ കൂട്ടുപിടിക്കേണ്ടത്. ഇന്റർനെറ്റ് ഉപയോഗിച്ച് ബന്ധിതമായ വിവിധ ഉപകരണങ്ങളെ ഒരേ സമയം കോർത്തിണക്കുന്ന സംവിധാനത്തെയാണ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് അഥവാ IOT എന്ന് പറയുന്നത്. ഒരു തരം ബ്ളോക്ക് ചെയിൻ സാങ്കേതിക വിദ്യ വഴി ക്ളൗഡ് കമ്പ്യൂട്ടങ്ങിലൂടെ വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കുകയാണ് പദ്ധതി. 

സ്റ്ററിലൈസ് ചെയ്ത IOT സെൻസറുകൾ വാക്സിൻ പെട്ടിയോട് ചേർന്ന് ഘടിപ്പിക്കും. ഇവ നിരന്തരം താപനില നിരീക്ഷിക്കുകയും നിശ്ചിത ഇടവേളകളിൽ ഇതിലെ സിം കാർഡിലൂടെ കൺട്രോൾ റൂമിലേക്ക് സന്ദേശം അയക്കുകയും ചെയ്യും. അതായത് നിർമ്മാണ കമ്പനിയിൽ നിന്ന് പുറപ്പെട്ട് അവസാന വിതരണ സ്ഥലം വരെ, വാക്സിൻ നിരീക്ഷണത്തിൽ തുടരും. എപ്പോഴെങ്കിലും നിശ്ചിത താപനിലയിൽ വ്യതിയാനം വരാൻ തുടങ്ങുമ്പോൾ തന്നെ ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് സന്ദേശം നൽകും. വാക്സിൻ കൊണ്ടുപോയികൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ തുടങ്ങി ആരെയും ഈ വിവരകൈമാറ്റ ശൃംഘലയിലെ കണ്ണിയാക്കാമെന്നതിനാൽ അപ്പപ്പോൾ തന്നെ പരിഹാര നടപടികളും സാധ്യമാണ്. തുടക്കം മുതൽ ഒടുക്കം വരെ വാക്സിൻ പ്രയാണത്തിലെ ഓരോ അവസ്ഥയും കൃത്യമായി ക്ളൗഡ് സെർവറിൽ രേഖപ്പെടുത്തുന്നതിനാൽ ഏത് ഘട്ടത്തിലും പരിശോധനക്കും പുനപരിശോധനക്കും ഇത് പാത്രവുമാണ്. 

വാക്സിൻ ലോട്ടിന്റെ ചിത്രങ്ങൾ അടക്കം ഓരോ ഘട്ടത്തിലും രേഖപ്പെടുത്തും വിധം കൃത്യമായ പ്രോട്ടോകാളുകളുണ്ട്. കോൾഡ് ചെയിൻ ഉറപ്പാക്കി വാക്സിൻ വിതരണം ചെയ്യുകയാണ് ലോകരോഗ്യ സംഘടനയും മറ്റും ചെയ്യുന്നത്. അതിന് പക്ഷേ ഏറെ പണച്ചെലവേറിയ സംവിധാനം വേണം. സാധാരണ ഗതിയിൽ വിദേശത്തെ വാക്സിൻ സ്മാർട്ട് ബോക്സുകൾക്ക് വലിയ വിലയായതിനാൽ നമ്മളെ പോലെയുള്ള ദരിദ്ര വികസിത രാജ്യങ്ങളിൽ അത് ഉപയോഗിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ പുതിയ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ താങ്ങാവുന്ന വിലയ്ക്ക് തന്നെ ഇത്തരം ഉത്പന്നങ്ങളും സമ്പ്രദായങ്ങളുമായി മുന്നോട്ടു വന്നിട്ടുള്ളതിനാൽ ഇതൊക്കെ നമുക്ക് എളുപ്പത്തിൽ നടപ്പാക്കാം.

ഇതൊന്നും അതിസങ്കീർണ്ണമായ സാങ്കേതിക വിദ്യയൊന്നുമല്ല. നമ്മുടെ നാട്ടിലെ തന്നെ ഗവേഷണ സ്ഥാപനങ്ങളും കലാലയങ്ങളും ഇത്തരം സമ്പ്രദയങ്ങളും ഉത്പന്നങ്ങളും വികസിപ്പിക്കുന്നുണ്ട്. അതൊക്കെ നമ്മുടെ വ്യവസ്ഥയിലേക്ക് ഉൾകൊള്ളിക്കുക എന്നതാണ് പ്രധാനം. ഇനി അഥവാ ഇതൊക്കെ ഉൾക്കൊണ്ടാലും അത് ഗുണനിലവാരത്തോടെ നടപ്പാക്കുക എന്നതും പ്രധാനമാണ്. മനുഷ്യജീവിതം എത്രകണ്ട് ശ്രേഷ്ഠവും, ആയാസരഹിതവുമാകാക്കാം എന്നതാണ് നല്ല ഭരണം ലക്ഷ്യം വയ്ക്കേണ്ടത്. 

ശ്രീലക്ഷ്മി പാലക്കാട്ടെ ഏതോ ഒരു പെൺകുട്ടിയല്ല. ഒരു വിലപ്പെട്ട ജീവനാണ്. ജീവിതത്തെക്കുറിച്ചുള്ള നിറം പിടിച്ച സ്വപ്നവുമായി പറക്കവേ അകാലത്തിൽ ചിറകറ്റുപോയ ആ പൂമ്പാറ്റയോടുള്ള ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാകും വാക്സിൻ പ്രതിരോധ ചികിത്സ മെച്ചപ്പെടുത്തുകയെന്നുള്ളത്.