പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ കനക്കുമ്പോൾ, പ്രതിഷേധങ്ങളെ നേരിടാനുള്ള സർക്കാരിന്റെ സംവിധാനങ്ങൾക്കും മൂർച്ച കൂടുകയാണ്. ഇന്നലെ ദില്ലിയിലെ സീലംപൂരിൽ കലാപത്തെ അടിച്ചമർത്താൻ നിയുക്തമായത് ദുതകർമ്മസേന (Rapid Action Force)യിലെ ജവാന്മാരായിരുന്നു. അവരുടെ കയ്യിലുള്ള പുതിയൊരു ആയുധമാണെങ്കില്‍ ഭയപ്പെടേണ്ടതും. ഇത് വിദേശനിർമ്മിതമായ ഒരു കലാപ നിയന്ത്രണ ആയുധമാണ്. പേര് ഇലക്ട്രിക് ഷോക്ക് ഷീൽഡ്. കഴിഞ്ഞയാഴ്ച നടന്ന സമരങ്ങൾക്കിടെ കല്ലേറും മറ്റും ഉണ്ടായതോടെയാണ് ദ്രുതകർമ്മസേനയുടെ ഭടന്മാർ നിയോഗിക്കപ്പെട്ടത്.

ദില്ലിയിൽ ഇതിനുമുമ്പും പ്രക്ഷോഭങ്ങളെ നേരിടാൻ വേണ്ടി ദ്രുതകർമ്മ സേനയെ നിയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട് എങ്കിലും, ഇതാദ്യമായിട്ടാണ് ഇലക്ട്രിക്ക് ഷോക്ക് ഷീൽഡ് ഉപയോഗിച്ചുകാണുന്നത് എന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എന്താണ് ഇലക്ട്രിക് ഷോക്ക് ഷീൽഡുകൾ?

ഉയർന്ന ഇലക്ട്രിക് വോൾട്ടേജ് പൾസുകൾ ഒന്നിന് പിന്നാലെ ഒന്നായി പ്രതിഷേധക്കാരുടെ ശരീരത്തിലേക്ക് കടത്തിവിട്ടുകൊണ്ടാണ് ഈ ആയുധം പ്രവർത്തിക്കുന്നത്. ഷീൽഡിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന നിയന്ത്രണ സംവിധാനത്തിൽ കൈപ്പിടിക്ക് അടുത്തതായി ഒരു വിരൽ കൊണ്ട് ഓൺ ചെയ്യാവുന്ന തരത്തിൽ ഒരു ബട്ടൺ ഉണ്ടായിരിക്കും. അത് ഞെക്കിയാൽ കലാപകാരികളുടെ ദേഹത്തേക്ക് ഉയർന്ന വോൾട്ടേജ് കടത്തിവിടപ്പെടും. 

 

ഇത് അഞ്ചോ പത്തോ സെക്കന്റ് നേരം അമർത്തിപ്പിടിച്ചാൽ ഷീൽഡുമായി സമ്പർക്കത്തിൽ വരുന്ന കലാപകാരിക്ക് കടുത്ത വേദനയും, തുടർന്ന് ബോധക്ഷയവും സംഭവിക്കും. അമേരിക്കൻ പൊലീസ് ഉപയോഗിക്കുന്ന ടേസർ ഗണ്ണുകളുമായി സാമ്യമുണ്ട് ഇവയുടെ പ്രവർത്തനത്തിന്.

എത്രമാത്രം സുരക്ഷിതമാണ് ഇവ?

ചുരുങ്ങിയ സമയത്തേക്ക് വളരെ കൂടിയ വോൾട്ടേജിലുള്ള, എന്നാൽ വളരെ കുറഞ്ഞ കറന്റിലുള്ള ഒരു ഇലക്ട്രിക് പൾസ് മനുഷ്യ ശരീരത്തിലേക്ക് കടത്തിവിടുകയാണ് ഇലക്ട്രോ ഷോക്ക് കലാപ നിയന്ത്രണ സംവിധാനങ്ങൾ ചെയ്യുന്നത്. ഒരാളിൽ തന്നെ ഇത് പലവട്ടം ഉപയോഗിക്കരുത് എന്നാണ് നിർമാതാക്കൾ പറയുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ചലനരഹിതരായി താഴെ വീഴുന്ന ആളുകളിൽ ഇത് പിന്നെയും ഉപയോഗിച്ചാൽ അത് അവരുടെ മരണത്തിനു വരെ കാരണമാകാം. കാനഡയിലെ വാൻകൂവറിൽ ഒരു പോളിഷ് കുടിയേറ്റക്കാരനായ റോബർട്ട് ഡ്സ്കാൻസ്കി, ഓസ്‌ട്രേലിയയിൽ റോബർട്ടോ ലൗഡിസിയോ കുർട്ടി എന്ന ബ്രസീലിയൻ വിനോദസഞ്ചാരി എന്നിവർ  ടേസർ പ്രയോഗത്തിൽ മരിച്ച സംഭവങ്ങൾ തന്നെ അതിന് തെളിവായുണ്ട്.

തുടർച്ചയായി ഈ ഷീൽഡിൽ നിന്നുള്ള ഷോക്കേൽക്കുന്നത് ഹൃദയസ്തംഭനത്തിന് കാരണമായേക്കും എന്ന് കനേഡിയൻ ഗവേഷകനായ പിയറി സവാർഡ് നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ആയുധങ്ങൾ ഇതേ കാരണത്താൽ ജർമ്മനി അടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും നിരോധിക്കപ്പെട്ടതാണ്. ഈ ആയുധത്തിൽ നിന്ന് ഏൽക്കുന്ന വൈദ്യുത ഷോക്ക് ഏറെ വേദനാജനകമാണ് എന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പൊലീസ് ഓഫീസർമാർ ഇതിനെ ഒരു പീഡനായുധമായും ദുരുപയോഗം ചെയ്തുവരുന്നുണ്ട് എന്ന ആംനെസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന ഒരിക്കൽ റിപ്പോർട്ട് ചെയ്തിരുന്നു.