രാഹുൽ രമാകാന്ത് ജാധവ് എന്നത് മുംബൈ അധോലോകത്തെ ഒരുകാലത്ത് അറിയപ്പെടുന്ന ഒരു ഷാർപ്പ് ഷൂട്ടറുടെ പേരായിരുന്നു. ഒരുകാലത്ത് മുംബൈ പോലീസിന്റെ ഉറക്കം കെടുത്തിയിരുന്ന രാഹുൽ ജാധവ് പിന്നീട് നന്നാവാൻ തീരുമാനിച്ചു. എന്നാൽ, അധോലോകത്ത് സജീവമായിരുന്നപ്പോൾ കൂടെക്കൂടിയിരുന്ന മയക്കുമരുന്ന് എന്ന ശീലം അയാളെ വിട്ടുപോവാൻ തയ്യാറായിരുന്നില്ല. അതിനുള്ള ഡീ-അഡിക്ഷൻ സെന്ററിൽ ചെന്നപ്പോൾ അവിടത്തെ കൗൺസിലർ അയാൾക്ക് ഒരു ഫോം പൂരിപ്പിക്കാൻ കൊടുത്തു. അതിൽ രണ്ടു കോളങ്ങളുണ്ടായിരുന്നു. ഒന്ന്, 'കഴിവുകൾ', രണ്ട്, 'ദൗർബല്യങ്ങൾ'.

ദൗർബല്യങ്ങൾ, തിന്മകൾ അതൊക്കെ എളുപ്പത്തിൽ എഴുതിക്കൂട്ടാൻ അയാൾക്ക് സാധിച്ചു. കാമാർത്തി, പണത്തോടുള്ള ആക്രാന്തം, അസൂയ, ദുരഭിമാനം, ക്രോധം അങ്ങനെ പലതും എഴുതി കോളം നിറഞ്ഞപ്പോൾ നിർത്തി. കഴിവുകളുടെ കോളം ഒഴിഞ്ഞു കിടക്കുന്നു. പേന പിടിച്ച അയാളുടെ കൈവിരലുകൾ വിറച്ചുതുടങ്ങി. എന്ത് കഴിവുണ്ടെന്നാണ് ഇപ്പോൾ എഴുതുക. 9mm പിസ്റ്റൾ കൊണ്ട് ഇന്ത്യയിലെ ഏതൊരു ഷൂട്ടിംഗ് ചാമ്പ്യനെക്കാളും നന്നായി താൻ ലക്ഷ്യം ഭേദിക്കും എന്നയാൾക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. മുംബൈയിലെ സിനിമക്കാരെയും ബിൽഡർമാരെയുമൊക്കെ ഭീഷണിപ്പെടുത്തി പണം തട്ടിയും, വഴങ്ങാത്തവർക്കുനേരെ വെടിയുതിർത്തും ലക്ഷക്കണക്കിന് രൂപ വസൂലാക്കിയ ചരിത്രമുണ്ട് രാഹുൽ ജാധവിന്.അതൊക്കെ പക്ഷേ, ഈ ഷീറ്റിൽ എങ്ങനെയാണ് എഴുതിവെക്കുക?

പിന്നെ എന്തെഴുതും? രാഹുൽഒരു നിമിഷം ഓർത്തു. പിന്നെ എഴുതി, "എനിക്ക് നന്നായി ഓടാൻ അറിയാം. എത്ര നേരം വേണമെങ്കിലും ഒരു ക്ഷീണവുമില്ലാതെ ഞാൻ ഓടും. " അതെഴുതിക്കഴിഞ്ഞപ്പോൾ അയാൾക്ക് പെട്ടെന്ന് താൻ അത്രയും കാലം ഓടിയ ഓട്ടങ്ങൾ പലതും ഓർമവന്നു. മുംബൈ പൊലീസിന്റെ എൻകൗണ്ടർ സ്‌ക്വാഡ് പിന്നാലെ കൂടിയപ്പോൾ പലവട്ടം ഓടേണ്ടി വന്നിട്ടുണ്ട് രാഹുലിന്. ജീവൻ പോകും എന്നുറപ്പായാൽ ആരായാലും ഓടിപ്പോവില്ലേ? മറ്റു ഗ്യാങ്ങുകളിലെ ഷൂട്ടർമാർ വെടിവെച്ചു കൊല്ലാൻ വേണ്ടി പിന്നാലെ കൂടിയപ്പോഴും രാഹുൽ ഓടിയിട്ടുണ്ട്. "എക്സ്പീരിയൻസ് ഉണ്ടോ ഓട്ടത്തിൽ? എത്ര ദൂരം വരെ പരമാവധി നിർത്താതെ ഓടിയിട്ടുണ്ട്? " കൗൺസിലർ ചോദിച്ചപ്പോൾ രാഹുൽ, "രണ്ടു കിലോമീറ്റർ" എന്ന് മറുപടി പറഞ്ഞു. 

 

 

മദ്യത്തിലും മയക്കുമരുന്നിലും നിന്ന് മാത്രമായിരുന്നില്ല രാഹുലിന് വിമുക്തി വേണ്ടിയിരുന്നത്. നന്നാവാൻ തീരുമാനിച്ചിട്ടും തന്നെ തിരികെ സ്വീകരിക്കാതിരുന്ന സമൂഹത്തോട് വല്ലാത്തൊരു ഈറയുണ്ടായിരുന്നു അയാളുടെ മനസ്സിൽ അപ്പോഴും. അത് തീർക്കാൻ ഒരു നല്ല മരുന്നാകും  ഓട്ടം എന്നയാൾ തിരിച്ചറിഞ്ഞു. അയാൾ ആദ്യമായി ഒരു പ്രൊഫഷണൽ ഓട്ടം ഓടുന്നത് 2016 -ൽ നടന്ന ഒരു മരത്തോണിലാണ്. അന്ന് പത്ത് കിലോമീറ്റർ രാഹുൽ 55 മിനിറ്റിനുള്ളിൽ ഓടി പൂർത്തിയാക്കി. മുൻ പരിചയമില്ലാത്ത ഒരു ഓട്ടക്കാരനെ സംബന്ധിച്ചിടത്തോളം മോശമില്ലാത്ത ഒരു സമയം. 

അതിനു ശേഷം പിന്നെ ദീർഘദൂര ഓട്ടത്തിന്റെ റെക്കോർഡുകൾ തകർക്കാൻ വേണ്ടിയുള്ള ശ്രമങ്ങളായി രാഹുൽ. ഇന്നയാൾ ഇരുപത് കിലോമീറ്റർ ദൂരം ഓടി പരിശീലിക്കുന്നുണ്ട്  ദിവസേന. മുംബൈ മരത്തോണിൽ പങ്കെടുത്തിട്ടുള്ള രാഹുൽ ഒരിക്കൽ രണ്ടു ദിവസം കൊണ്ട് മുംബൈയിൽ നിന്ന് പുണെയിലേക്കുള്ള 150 കിലോമീറ്റർ ദൂരം പിന്നിട്ടു. രാഹുലിന്റെ ഇതുവരെയുള്ള റെക്കോർഡ് ആറുമണിക്കൂർ നേരം കൊണ്ട് 63 കിലോമീറ്റർ ഓടിത്തീർത്തതാണ്. ആറുമണിക്കൂർ കൊണ്ട് നൂറുകിലോമീറ്റർ ഓടിയതാണ് ലോകറെക്കോർഡ്. അത് തകർക്കാനുള്ള ശ്രമത്തിലാണ് രാഹുൽ ജാധവ് ഇപ്പോൾ. 

2007 -ൽ അറസ്റ്റിലായി, നന്നാകാൻ തീരുമാനിച്ച്, പിന്നീട് ഒരു  മാരത്തോൺ റണ്ണർ ആകും മുമ്പ്, രാഹുൽ ജാധവ്  എന്ന യുവാവ് അധോലോകത്തേക്ക് കടന്നു ചെല്ലുന്നതിനും, അവിടെ കുപ്രസിദ്ധനായ ഒരു ഷാർപ്പ് ഷൂട്ടർ ആകുന്നതിനും പിന്നിൽ ഒരു വലിയ കഥയുണ്ട്. അത്, ഹിന്ദുസ്ഥാൻ ടൈംസിന്റെ ക്രൈം റിപ്പോർട്ടർ ആയിരുന്ന പൂജ ചങ്കോയിവാല തന്റെ  "Gangster on the Run: The True Story of a Reformed Criminal" എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഹാർപ്പർ കോളിൻസ് ആണ് ഇംഗ്ലീഷിൽ ഈ പുസ്തകം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മുംബൈയിലെ അധോലോകത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച രാകേഷ് മരിയ ഐപിഎസ്  ഈ പുസ്തകത്തെ, ' അധോലോകത്തെ ഒരു പത്രപ്രവർത്തകയുടെ കണ്ണിലൂടെ കാണുന്ന രസകരമായ ഒരാഖ്യാനം' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ആ പുസ്തകത്തിലെ ചെറിയൊരു ഭാഗത്തിന്റെ സ്വതന്ത്ര മലയാള പരിഭാഷ ചുവടെ. വിവർത്തനം ബാബു രാമചന്ദ്രൻ.

 

 

രാംഗോപാൽ വർമയുടെ സത്യ എന്ന സിനിമയിൽ മനോജ് ബാജ്പേയി അവതരിപ്പിച്ച അധോലോക നേതാവായ ഭിക്കു മാത്രേ,കടലോരത്തുള്ള ഒരു പാറക്കെട്ടിൽ കേറി നിന്ന് ചക്രവാളത്തിലേക്ക് നോക്കി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, "മുംബൈ കാ കിംഗ് കോൻ?" ബോംബെ അധോലോകത്തെ അടക്കി വാഴുന്ന രാജാവ് ആരാണ് എന്ന ചോദ്യത്തിന് സിനിമയിലെ ഉത്തരം 'ഭിക്കു മാത്രേ' എന്നായിരുന്നു എങ്കിലും, 1998 -ൽ, മുംബൈയിലെ ഒരു തിയറ്ററിൽ ഇരുന്ന് ആ സിനിമ കണ്ട രാഹുൽ എന്ന ഇരുപത്തിരണ്ടുകാരൻ പയ്യൻ അതിനു മറുപടിയായി ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്, 'രാഹുൽ രമാകാന്ത് ജാധവ്" എന്ന സ്വന്തം പേര് തന്നെയായിരുന്നു. ഇരുട്ടുവീണ ആ സിനിമാക്കൊട്ടകയ്ക്കുള്ളിൽ നിന്ന് ആ പ്രഖ്യാപനം ക്ഷണിച്ചുവരുത്തിയത് പൊട്ടിച്ചിരികളായിരുന്നു. ആ പ്രഖ്യാപനത്തിന്റെ പേരിൽ അന്ന് ചുറ്റുമിരുന്നവർ രാഹുലിനെ പരിഹസിച്ചുവെങ്കിലും, സിനിമ കണ്ടിറങ്ങിയപ്പോഴേക്കും അക്ഷരാർത്ഥത്തിൽ, മുംബൈ കാ ഡോൺ 'ഭിക്കു' ആകാൻ വേണ്ടി അവന്റെ ധമനികളുടെ ഓടുന്ന ചോര തിളയ്ക്കാൻ തുടങ്ങിയിരുന്നു. 

 


അതിനു ശേഷം, അടുത്ത ഒരു വർഷത്തിനുള്ളിൽ രാഹുൽ ജാധവ് പതിനെട്ടു തവണ കൂടി സത്യ എന്ന ചിത്രം കണ്ടു. ഓരോ തവണ കാണുമ്പോഴും അവന്റെ കണ്മുന്നിൽ കൂടുതൽ കൂടുതൽ മിഴിവാർന്നു വന്നു നിന്നുകൊണ്ടിരുന്നത് ഭിക്കു മാത്രേ എന്ന അധോലോക നായകന്റെ സ്വഭാവ സവിശേഷതകളും, അയാളുടെ ഇഷ്ടാനിഷ്ടങ്ങളും, പെരുമാറ്റ രീതികളും ഒക്കെയായിരുന്നു. ഭിക്കു മാത്രേയോട് വല്ലാത്തൊരു ആരാധനതന്നെ തോന്നിയ രാഹുൽ അയാളെപ്പറ്റി വളരെ ക്ലിനിക്കൽ ആയിത്തന്നെ പഠിച്ചു. ആ സ്വഭാവരീതികൾ തന്റെ പെരുമാറ്റത്തിലേക്കും പകർത്തിത്തുടങ്ങി. ആ ചിത്രം കൊണ്ടുണ്ടായ ഉൾപ്രേരണപ്പുറത്താണ് രാഹുൽ ജാധവ് എന്ന മിടുക്കനായ യുവാവ് മുംബൈ അധോലോകത്തിലേക്ക് കടന്നുചെല്ലാൻ തീരുമാനിക്കുന്നത്. എങ്ങനെയും മുംബൈ അണ്ടർ വേൾഡിന്റെ ഭാഗമാകാൻ, ഒരുദിവസം അതിനെ അടക്കിവാഴാൻ മോഹിക്കുന്നത്.

അധോലോകത്തിലേക്ക് പിച്ചവെക്കാൻ അവസരം കിട്ടിയപ്പോൾ തന്നെ രാഹുൽ സ്വന്തം പേര് 'ഭിക്കു' എന്ന് മാറ്റി. തന്നെ ഇനിമുതൽ അങ്ങനെ വിളിച്ചാൽ മതി എന്ന് ഡേവിഡ് അടക്കമുള്ള തന്റെ കൂട്ടുകാരോട് അയാൾ നിർബന്ധിച്ചു. തുടക്കത്തിൽ അത് അവർക്കൊക്കെ ഒരു രസമായി തോന്നി എങ്കിലും, പിന്നീടങ്ങോട്ട് സ്വീകരിച്ച പേരിനോട് നീതി പുലർത്തുന്ന തരത്തിലുള്ള സാഹസികപ്രവർത്തനങ്ങൾ രാഹുലിൽ നിന്നുണ്ടാകാൻ തുടങ്ങിയതോടെ അവർ ആവേശത്തോടെ തന്നെ അവനെ 'ഭിക്കു' എന്ന് ഉറച്ചുവിളിച്ചു. എന്തിന് മറ്റുള്ള അധോലോക സംഘാംഗങ്ങളും, പൊലീസും അവരുടെ ഇൻഫോർമർമാരും ഒക്കെ  വളരെ പെട്ടെന്നു തന്നെ രാഹുലിനെ ഭിക്കു എന്ന പേരിൽ വിളിക്കാൻ തുടങ്ങി. 

ഭിക്കുവിന്റെ സ്വഭാവത്തിലുണ്ടായിരുന്ന ആ താൻപോരിമയും ധിക്കാരവും തന്നെയാണ് അധോലോകപ്രവേശത്തിന് ശേഷം വലിയ കളികളിലേക്ക് വളരെ പെട്ടെന്ന് കടന്നുചെല്ലാൻ രാഹുലിനെ പ്രേരിപ്പിച്ചതും. അണ്ടർ വേൾഡിലെ പുത്തൻകൂറ്റുകാരനായിരുന്നിട്ടും താൻ ഒരു സംഭവമാണെന്നും, അധികം താമസിയാതെ ലോകത്തിലെ ഏറ്റവും വലിയ അധോലോകമാഫിയാ സംഘത്തിന്റെ തലവനായി താൻ മാറും എന്നും അന്നുതന്നെ രാഹുൽ ജാധവ് പറഞ്ഞുകൊണ്ടിരുന്നു. അധോലോകത്തിലെ സ്വപ്നസഞ്ചാരിയായിരുന്നു അന്നുതന്നെ രാഹുൽ എന്നുപറയാം. അധോലോകത്തിലെ തന്റെ സഞ്ചാരത്തിന് ബലമേകാൻ അധികം താമസിയാതെ ഒരു ഗോഡ്ഫാദറിനെ രാഹുൽ തന്നെ കണ്ടെത്തി. പേര് ഭായിജാൻ. അയാളുടെ വഴികാട്ടി. ഗുരു..! മുംബൈ അധോലോകത്തിന്റെ പ്രിയപ്പെട്ട ഷാർപ്പ് ഷൂട്ടർ. 'സുപാരി' അഥവാ 'കോണ്ട്രാക്റ്റ്' കില്ലർ. 

മുംബൈ അധോലോകത്തിന്റെ രഹസ്യങ്ങളും തന്ത്രങ്ങളും അന്വേഷിച്ച് തന്നെ സമീപിച്ച രാഹുലിനെ ആദ്യമൊക്കെ ഭായിജാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. "എടാ രാഹുലേ..! നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ? നിന്റെ പേരിൽ മുംബൈയിലെ ഒരു സ്റ്റേഷനിലും ഒരു പെറ്റിക്കേസ് പോലുമില്ലല്ലോടാ? പിന്നെന്തിനാണ് മോനെ നീ ആവശ്യമില്ലാത്ത പൊല്ലാപ്പിന് ഇറങ്ങിപ്പുറപ്പെടുന്നത്?" എന്ന് ആ പഴയ അണ്ടർ വേൾഡ് ഷാർപ്പ് ഷൂട്ടർ അവനെ നിരുത്സാഹപ്പെടുത്തി. " നീ ഈ പുറമേക്ക് കാണുന്ന ഗ്ലാമറും, തോക്കും വെടിയും ഒക്കെ രണ്ടു ദിവസം കൊണ്ട് മടുക്കും. പിന്നെ വേണം എന്ന് വെച്ചാൽ പോലും പുറത്തു പോകാനാവില്ല നിനക്ക്. മനസാക്ഷിക്ക് നിരക്കാത്ത പലതും ചെയ്യേണ്ടിയും വന്നേക്കും. പിന്നീട് നിനക്ക് പശ്ചാത്തപിക്കേണ്ടി വരും... പറഞ്ഞേക്കാം" എന്ന് ഭായിജാൻ ഓർമ്മിപ്പിച്ചപ്പോഴും, രാഹുൽ തികഞ്ഞ ബോധ്യത്തോടെ പറഞ്ഞ മറുപടി, " ഭായിജാൻ... എനിക്ക് ഇന്നുവരെ ഞാൻ എടുത്ത തീരുമാനത്തിന്റെ പേരിൽ പശ്ചാത്താപം ഉണ്ടായിട്ടില്ല. ഇത്രയും നാൾ പ്രവർത്തിച്ച ഒന്നിന്റെയും പേരിൽ എനിക്ക് കുറ്റബോധം ഉണ്ടായിട്ടുമില്ല. ഞാൻ എന്ന് അച്ഛനെക്കാൾ പ്രായമുള്ളവരെ കരയിച്ചിട്ടുണ്ട്. അങ്ങനെ പലരെയും ഭീഷണിപ്പെടുത്തുമ്പോഴും എനിക്ക് ഒരിക്കലും ഒരു ചങ്കിൽകുത്തും ഉണ്ടായിട്ടില്ല. ഈ പശ്ചാത്താപം എന്ന വാക്കിന്റെ അർത്ഥം പോലും എനിക്കറിയില്ല." എന്നായിരുന്നു. 

"എനിക്കറിയാമെടാ നായിന്റെ മോനെ..! " എന്ന് പറഞ്ഞുകൊണ്ട് ഭായിജാൻ അവന്റെ കവിളത്ത് പതുക്കെ ഒരടി വെച്ചുകൊടുത്തു അപ്പോൾ. " നിന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് ഇതിലൊന്നും വന്നു പെടേണ്ട എന്ന് ഞാൻ നിന്നോട് പറയുന്നത്." ഭായിജാൻ കൂട്ടിച്ചേർത്തു. 

സാധാരണഗതിക്ക് മുംബൈ അധോലോകത്തേക്ക് കടന്നുവരുന്ന പുതിയ പയ്യന്മാർക്ക് എട്ടുപത്തു വർഷം കഴിയാതെ ഭായിജാനെപ്പോലെ ഉള്ള വാടകക്കൊലയാളികളെ കണ്മുന്നിൽ ഒന്ന് കാണാൻ പോലും കിട്ടാറില്ല. അങ്ങനെ നോക്കുമ്പോൾ രാഹുലിന് കിട്ടിയത് വലിയ സുവർണാവസരമായിരുന്നു. ഭായിജാൻ എന്ന പ്രൊഫഷണൽ കില്ലർ അത്രയും നാൾ അന്വേഷിച്ചുനടന്ന, എന്നാൽ വിശ്വസിക്കാൻ പറ്റിയ ഒരാളെ കിട്ടാത്തതുകൊണ്ടുമാത്രം അതുവരെ കൂടെനിർത്താതിരുന്ന അസിസ്റ്റന്റ് ആയി മാറി രാഹുൽ. അവിചാരിതമായി, കോടതിയിൽ വെച്ചായിരുന്നു അവർ തമ്മിലുള്ള കൂടിക്കാഴ്ച. ആദ്യം കണ്ടപ്പോൾ തന്നെ എന്തോ ഭായിജാന് പയ്യനെ ബോധിച്ചു. കൂടെ നിർത്താം എന്ന് സമ്മതവും മൂളി.  

അതിനുശേഷം ഭായിജാന്റെ വീട്ടിലായി രാഹുലിന്റെ പകൽ നേരങ്ങൾ. പലതരം തോക്കുകളുടെ ഒരു കമനീയ ശേഖരം തന്നെ ഉണ്ടായിരുന്നു ഭായി ജാന്. ആവശ്യാനുസാരം അയാൾക്ക് എടുത്തുപയോഗിക്കാൻ വേണ്ടി പലതരം പിസ്റ്റലുകളും, യന്ത്രത്തോക്കുകളും, സ്നൈപ്പർ ഗണ്ണും ഒക്കെ ഉണ്ടായിരുന്നു അവിടെ. അതൊക്കെ തൂത്തു തുടച്ചും, എണ്ണയിട്ടു മിനുക്കിയും, ലോഡ് ചെയ്തും അൺലോഡ് ചെയ്തും ഒക്കെ അവിടെത്തന്നെ കഴിഞ്ഞു കൂടി രാഹുൽ. ആളെക്കൊല്ലാനും ഭീഷണിപ്പെടുത്താനും ഒക്കെയായി ക്വട്ടേഷൻ കാൾ വരുമ്പോൾ പേരും വിലാസവും വിശദവിവരങ്ങളും ഒക്കെ കുറിച്ചെടുത്തിരുന്നത് രാഹുൽ ആയിരുന്നു. അതുപോലെ ഹവാലാ പണം വിതരണം ചെയ്യാനുള്ളവരുടെ ലിസ്റ്റും, ആയുധങ്ങളും വെടിയുണ്ടകളും സപ്ലൈ ചെയ്യുന്നവരുടെ വിവരങ്ങളും ഒക്കെ രാഹുലിന്റെ കയ്യിൽ ഭദ്രമായിരുന്നു. 

ദാവൂദ് ഇബ്രാഹിമിന്റെ രണ്ടു കൂട്ടാളികളെ വെടിവെച്ചു കൊന്നതിന്റെ പേരിലാണ് ഏറ്റവും ഒടുവിലായി ഭായിജാനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.  "അല്ല ഭായി ജാൻ, സത്യം പറ.... ദാവൂദിന്റെ ആളുകളെ തട്ടാനും മാത്രമുള്ള ധൈര്യമൊക്കെ നിങ്ങൾക്കുണ്ടോ?" ഒരു ദിവസം സന്ധ്യക്ക് രാഹുൽ ഭായിജാനോട് ചോദിച്ചു. 

"പിന്നില്ലാതെ..." ഭായിജാൻ തലകുലുക്കി,"അതൊക്കെ ഇവിടെ പറഞ്ഞിട്ടുള്ളതാ. ഇവിടം അടക്കിവാഴാൻ വേണ്ടിയുള്ള ഭായിമാരുടെ തമ്മിൽ തല്ലല്ലേ എന്നും ഇവിടെ. അല്ലെങ്കിലും ഒരു യുദ്ധം നടക്കുമ്പോൾ അതിർത്തിയിലുള്ള ജവാന്മാരല്ലേ കൂടുതലും മരിക്കുക.അങ്ങനെ ഏത് നിമിഷവും ചാവാൻ വേണ്ടി  അവർ തീറ്റിപ്പോറ്റുന്ന ചാവേറുകളാണെടാ ഞാനും, ഇപ്പോൾ നീയും ഒക്കെ." 

"മരണക്കളി ആണെന്ന് അറിഞ്ഞിട്ട് പിന്നെന്തിനാ ഇതിന് നിൽക്കുന്നെ?" എന്നായി രാഹുൽ. 

"പണ്ടത്തെപോലൊന്നും അല്ലെടാ ഇപ്പോൾ. ഇപ്പോൾ സംഗതി പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമായിട്ടുണ്ട് അധോലോകത്തിൽ. വിധേയത്വമില്ലെങ്കിൽ ഇവിടെ പിടിച്ചു നില്ക്കാൻ പാടാണ്. എനിക്ക് എന്റെ ദാദയോട് തികഞ്ഞ കൂറുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ എന്റേതുകൂടിയാണ്. പക്ഷേ, മുംബൈയിൽ 1993 -ൽ നടന്ന സ്‌ഫോടനങ്ങൾ നടക്കാൻ പാടില്ലായിരുന്നു. ആ 257 ജീവനുകൾ പോളിയാണ് പാടില്ലായിരുന്നു. ദാവൂദ് സത്യം പറഞ്ഞാൽ മുംബൈ അധോലോകം ഇനിയും അർഹിക്കുന്നില്ല. അയാളുടെ പേരും പറഞ്ഞു നടക്കുന്ന ഓരോരുത്തരെയും തെരഞ്ഞു പിടിച്ച് വെടിവെച്ചു കൊല്ലുകയാണ് വേണ്ടത്. " അത് പറഞ്ഞപ്പോൾ അടക്കാനാകാത്ത കോപത്താൽ ഭായിജാന്റെ പല്ലുകൾ തിരുമ്മുന്നുണ്ടായിരുന്നു. മൂക്കിനുള്ളിലെ രോമകൂപങ്ങൾ പോലും വിറക്കുന്നുണ്ടായിരുന്നു. 

"ദാവൂദിന്റെ പേര് മുംബൈ ബ്ലാസ്റ്റ്സിൽ പുറത്തുവന്നപ്പോൾ ഞാൻ ആകെ തകർന്നുപോയി. വല്ലാത്തൊരു ഷോക്കായിരുന്നു എനിക്കത്. ആകെ നിരാശനായിപ്പോയി ഞാൻ." രാഹുൽ പറഞ്ഞു. "നഗരത്തിലെങ്ങും ദാവൂദിന്റെ കോലം കത്തിക്കുകയായിരുന്നു ആളുകൾ. രാജ്യദ്രോഹി ദാവൂദ് ഇബ്രാഹിം എന്ന് മുദ്രാവാക്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു. അതൊന്നും എനിക്കങ്ങോട്ട് ദഹിക്കുന്നുണ്ടായിരുന്നില്ല.  അയാൾ എന്റെ ആക്ഷൻ ഹീറോ ആയിരുന്നു ഒരുകാലത്ത്. അയാൾ എന്തിനാണ് ഇങ്ങനെ ഒരു പോഴത്തരം പ്രവർത്തിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല. അയാൾ ഒരു ഗ്യാങ്സ്റ്റർ ആയിരുന്നു, ഭീകരവാദി ആയതെന്നാണ്? ആ ഒരൊറ്റ സംഭവത്തിന് ശേഷമാണ്, രാഷ്ട്രീയക്കാർക്കും, പൊലീസിനും ഒക്കെ അധോലോകത്തോട് ഇത്ര വെറി വന്നത്." രാഹുൽ കൂട്ടിച്ചേർത്തു. 

" അതെ, അതിനു ശേഷമാണ് മുംബൈ പൊലീസിനെ അവർ തുടലഴിച്ച് വിട്ടത്. മക്കോക്കയുടെ പേരും പറഞ്ഞ് ആ ഡേർട്ടി ഹാരികൾ എന്ന് പറയുന്ന 1983 ബാച്ച് വെടിവെച്ചു കൊന്നത്, അധോലോകത്തിൽ പ്രവർത്തിച്ചിരുന്ന ഒന്നും രണ്ടുമല്ല 600 പേരെയാണ്. ഇനിയങ്ങോട്ട് നോക്കിക്കോ, അവർ നമ്മുടെ മേൽ കേറി നിരങ്ങാൻ പോവുന്ന കാലമാണ്. സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്ക് കൊള്ളാം... " ഭായി ജാൻ രാഹുലിനോട് പറഞ്ഞു. 

"അടിപൊളി..., നല്ല ബെസ്റ്റ് ടൈമിൽ ആണല്ലോ ഞാൻ അധോലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്..." രാഹുലും ഒന്ന് നെടുവീർപ്പിട്ടു.

---

രാഹുലിന്റെ ജീവിതത്തിലെ കുറ്റകൃത്യങ്ങളുടെ കാലവും അതിനു ശേഷമുണ്ടായ മാനസാന്തരവും ഒക്കെ പ്രമേയമായ ഈ പുസ്തകം ആദിമധ്യാന്തം വായനക്കാരനെ സസ്‌പെൻസിന്റെ മുൾമുനയിൽ നിർത്തുന്ന അതിമനോഹരമായ ഒരു ജീവിത കഥാഖ്യാനമാണ്. ബോളിവുഡ് സിനിമകളിലെ അധോലോകങ്ങ ജീവിതങ്ങളുടെ പ്രഘോഷണങ്ങൾ എങ്ങനെയൊക്കെ മുംബൈയിലെ യൗവ്വനങ്ങളെ സ്വാധീനിക്കുന്നു എന്നും, അതൊക്കെ കണ്ടു പ്രചോദിതരായി അധോലോകത്തേക്ക് ഇറങ്ങിച്ചെല്ലുന്ന അവർ പിന്നീട് ചെന്നുപെടുന്ന മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും ലഹരിനിറഞ്ഞ ലോകം എത്ര ദുരിതപൂർണ്ണമാണ് എന്നതിന്റെയൊക്കെ നേർസാക്ഷ്യങ്ങൾ ഈ പുസ്തകത്തിലുണ്ട്. തുടർവായനയ്ക്ക് ഇംഗ്ലീഷിലുള്ള പുസ്തകം ഹാർപ്പർ കോളിൻസിൽ ലഭ്യമാണ്.