Asianet News MalayalamAsianet News Malayalam

രാജലക്ഷ്മിയെ ആത്മഹത്യ ചെയ്യിച്ച സമൂഹമാണിത്; ഇന്ന് എഴുത്തുകാരി ജനിച്ച ദിവസം...

ആദ്യമായി രാജലക്ഷ്മിയുടെ ഒരു എഴുത്ത് വെളിച്ചം കാണുന്നത്, 1956 -ലായിരുന്നു. 'മകൾ' എന്ന നീണ്ട കഥ  പ്രസിദ്ധപ്പെടുത്തിയത് മാതൃഭൂമി ആഴ്ച്പ്പതിപ്പായിരുന്നു. അതോടെ 'രാജലക്ഷ്മി' എന്ന പേരും മലയാള സാഹിത്യത്തിൽ നാലാൾ അറിഞ്ഞുതുടങ്ങി.

rajalekshmi malayalam writer birth anniversary
Author
Thiruvananthapuram, First Published Jun 2, 2019, 11:33 AM IST

ഇന്ന് രാജലക്ഷ്മിയുടെ ജന്മദിനമാണ്. 1965 ജനുവരി പതിനെട്ടാം തീയതി ജീവനൊടുക്കാതിരുന്നെങ്കിൽ ഇന്ന് 89 വയസ്സു കണ്ടേനേ രാജലക്ഷ്മി എന്ന മലയാളത്തിന്റെ അനുഗൃഹീതയായ എഴുത്തുകാരിക്ക്.  ഈ ഭൂമിക്കു മുകളിൽ അവർ ജീവിച്ചിരുന്നത് ആകെ മുപ്പത്തഞ്ചിൽ ശിഷ്ടം വർഷം മാത്രം. അതിൽത്തന്നെ എഴുതാൻ പേനയെടുത്തതോ വെറും പത്തിൽ താഴെ കൊല്ലങ്ങൾ മാത്രം. 

പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളി വിദ്യാഭ്യാസത്തിനുശേഷം മഹാരാജാസ് കോളേജിൽനിന്ന് ഫിസിക്സിൽ ബിരുദംനേടി. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീട് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് 1953 -ൽ ഭൗതികശാസ്ത്രത്തിൽ ബിരുദാന്തരബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജുകളിൽ ഫിസിക്സ് പഠിപ്പിച്ചു. അതിനിടയിൽ എഴുത്തു തുടർന്നു. 

ആദ്യമായി രാജലക്ഷ്മിയുടെ ഒരു എഴുത്ത് വെളിച്ചം കാണുന്നത്, 1956 -ലായിരുന്നു. 'മകൾ' എന്ന നീണ്ട കഥ  പ്രസിദ്ധപ്പെടുത്തിയത് മാതൃഭൂമി ആഴ്ച്പ്പതിപ്പായിരുന്നു. അതോടെ 'രാജലക്ഷ്മി' എന്ന പേരും മലയാള സാഹിത്യത്തിൽ നാലാൾ അറിഞ്ഞുതുടങ്ങി.

രാജലക്ഷ്മി എഴുതിത്തെളിഞ്ഞു വരുന്ന അമ്പതുകളിൽ മലയാളിക്ക് ആകെ രണ്ടു സ്ത്രീ കഥാകാരികളുടെ പെരുമാത്രമേ അറിയുമായിരുന്നുള്ളൂ. ഒന്ന്, ലളിതാംബിക അന്തർജ്ജനം, രണ്ട്, പാൽക്കുളങ്ങര സരസ്വതിയമ്മ. അവരുടെ കൂടെ ഒരു കസേര വലിച്ചിട്ട് രാജലക്ഷ്മിയും നിവർന്നിരുന്നു. 1958 -ൽ അവരുടെ ആദ്യ നോവൽ വരുന്നു. 'ഒരു വഴിയും കുറേ നിഴലുകളും'. ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായിട്ടാണ് നോവൽ പ്രസിദ്ധീകരിച്ചത്. അതിനു ശേഷം, 1960 -ൽ 'ഉച്ചവെയിലും ഇളംനിലാവും' എന്ന ആത്മകഥാംശമുള്ള നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി വന്നുതുടങ്ങിയെങ്കിലും ഏഴെട്ട് ഭാഗങ്ങൾക്കു ശേഷം രാജലക്ഷ്മിയുടെ നിർബന്ധം കാരണം നോവൽ നിർത്തി വെക്കേണ്ടി വന്നു.  കുടുമ്മത്തിരിക്കുന്നവരെ ഇകഴ്ത്തിക്കൊണ്ട് ഇല്ലാക്കഥകളുണ്ടാക്കി വിറ്റുകാശാക്കുകയാണ് രാജലക്ഷ്മി ചെയ്യുന്നതെന്ന ചില ബന്ധുക്കളുടെ ആക്ഷേപമാണ്‌ അവരെ വേദനിപ്പിച്ചതും, നോവൽ തന്നെ പിൻവലിക്കുന്നതിലേക്ക് നയിച്ചതും. അതിനകം എഴുതിത്തീർത്തിരുന്ന നോവൽ പിന്നീട് രാജലക്ഷ്മി കത്തിച്ചുകളയുകയാണുണ്ടായത്. 

എഴുതിയിരുന്നതിൽ എന്തിലും അറിയാതെ ജീവിതം കലർന്ന് പോവുമായിരുന്നു രാജലക്ഷ്മിക്ക്. അതിനെപ്പറ്റിയൊക്കെ കുത്തിപ്പറഞ്ഞ് എന്നും അവരെ കുറ്റപ്പെടുത്തിയിരുന്ന സഹതാപലേശമില്ലാത്ത ലോകം അവരെക്കൊണ്ട് ഇങ്ങനെ എഴുതിച്ചു, "‘ഞാന്‍ ഇരുന്നാല്‍ ഇനിയും കഥ എഴുതും. അതുകൊണ്ടിനി ആര്‍ക്കൊക്കെ ഉപദ്രവമാകുമോ? ഞാന്‍ പോട്ടെ..’

'മകൾ'ക്കു ശേഷം രാജലക്ഷ്മി പിന്നെയും  കുറേ കഥകൾ കൂടിയെഴുതി. 'ഒരദ്ധ്യാപിക ജനിക്കുന്നു, ചരിത്രം ആവര്‍ത്തിച്ചില്ല, ദേവാലയത്തില്‍, ഹാന്‍റ് കര്‍ച്ചീഫ്, ആത്മഹത്യ, തെറ്റുകള്‍, മാപ്പ്, സുന്ദരിയും കൂട്ടുകാരും, ശാപം ' തുടങ്ങിയ  ഒരുപിടി കഥകൾ. അതിനു ശേഷം അവസാന നോവലായ 'ഞാനെന്ന ഭാവ'വും പ്രസിദ്ധീകരിക്കപ്പെടുന്നു.

എഴുതിയ വിരലിലെണ്ണാവുന്ന കഥകളിൽ 'ആത്മഹത്യ' എന്ന് പേരായ ഒന്നുമുണ്ടായിരുന്നു. അതിലെ നീരജ എന്ന കഥാപാത്രത്തെക്കൊണ്ട് രാജലക്ഷ്മി ഇങ്ങനെ പറയിച്ചു, "ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്. കൊള്ളരുതായ്മയുടേയും ഭീരുത്വത്തിന്റെയും. എന്നാല്‍ ‘ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്ക്കുന്നത് ഭീരുത്വമാണത്രെ; ഭീരുത്വം. അല്ല ധീരതയാണ്. അവരവര്‍ വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. Reverse face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍.."

അറുപത്തഞ്ചിലെ ജനുവരി: പതിനെട്ടാം തീയതി. പുലർച്ചെ തന്നെ രാജലക്ഷ്മി ഉണർന്നു. കുളിച്ച് ഈറൻ മാറാൻ പോയ രാജലക്ഷ്മി കുളിമുറിയിൽ പുടവത്തുമ്പത്ത് തൂങ്ങിയാടുകയായിരുന്നു എന്ന് പറയപ്പെടുന്നു. എന്തിനായിരുന്നു എന്ന് ചോദിച്ചാൽ അങ്ങനെ കൃത്യമായ ഒരുത്തരം ഇന്നും ആർക്കുമില്ല... ഒരുപക്ഷേ, അവരുടെ എഴുത്തിൽ നിറഞ്ഞുനിന്നിരുന്ന ജൈവികമായ വൈകാരികാംശത്തിന് പൊടുന്നനെയുള്ള മരണം കൊണ്ട് ഒരു കൊട്ടിക്കയറ്റംനടത്തിയതാവും, അല്ലാതെന്തു പറയാൻ...! 
 
ആകെ രണ്ടേ രണ്ടു കവിതകളാണ് രാജലക്ഷ്മി തന്റെ ജീവിതത്തിൽ ആകെ എഴുതിയത്. അതിലൊന്നും, തന്റെ ജീവിതവും രാജലക്ഷ്മി ഇവ്വിധം ഉപസംഹരിച്ചു, 
 
"നിന്നെ ഞാൻ സ്നേഹിക്കുന്നു..
  ഈ കണ്ണീരിന് ഉപ്പുരസമുണ്ട്.. 
  ജീവിതത്തിന്റെ ഉപ്പുരസം.. 
  എന്നെ വേദനിപ്പിച്ചവളേ.. 
  എന്റെ ഹൃദയം മുറിപ്പെടുത്തിയവളേ..
  നിന്നെ ഞാൻ സ്നേഹിക്കുന്നു..."

Follow Us:
Download App:
  • android
  • ios