2017ലാണ് മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയത്. അന്ന് ഒരു ദൃഢനിശ്ചയം എടുത്തു- ദൗത്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ചെരുപ്പ് ധരിക്കൂ

ജയ്പൂര്‍: പരിസ്ഥിതി ദിനത്തിലും മറ്റും പലരും വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കാറുണ്ട്. എന്നാല്‍ അവ വളര്‍ന്ന് മരമായോ എന്ന് പലരും ശ്രദ്ധിക്കാറില്ല. അവയ്ക്ക് വേണ്ട പരിചരണം നല്‍കാനും മെനക്കെടാറില്ല. എന്നാല്‍ രാജസ്ഥാന്‍ സ്വദേശിയായ അജിത് സിംഗ് ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തനാണ്. ആറ് വര്‍ഷം കൊണ്ട് 51,000 മരങ്ങളാണ് ഈ ടെക്കി നട്ടുപിടിപ്പിച്ചത്. വെറുതെ നടുക മാത്രമല്ല അവയ്ക്കെല്ലാം വേര് പിടിച്ചെന്നും ഇലകള്‍ വന്നുവെന്നും ഉറപ്പാക്കുകയും ചെയ്തു. 

ട്രീ മാന്‍ എന്നാണ് അജിത് സിംഗ് അറിയപ്പെടുന്നത്. 2017ലാണ് മരം നട്ടുപിടിപ്പിക്കല്‍ തുടങ്ങിയത്. അന്ന് അജിത് സിംഗ് ഒരു ദൃഢനിശ്ചയം എടുത്തു- ദൗത്യം പൂര്‍ത്തിയാക്കിയിട്ടേ ഇനി ചെരുപ്പ് ധരിക്കൂ. ഈ സെപ്തംബർ 17 ന് അദ്ദേഹം തന്റെ ലക്ഷ്യത്തിലെത്തി. സിക്കാറിലെ ഗ്രാമവാസികൾ അദ്ദേഹത്തെ അനുമോദിക്കാന്‍ ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. 

യാഥാർത്ഥ് വെൽഫെയർ ട്രസ്റ്റിലൂടെയാണ് അജിത് സിംഗ് വൃക്ഷത്തൈ നടല്‍ കാമ്പെയിന്‍ തുടങ്ങിയത്- "ഞാൻ മരം നടുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ആളുകളെ കൂടുതൽ ബോധവാന്മാരാക്കാൻ ശ്രമിച്ചു. ഈ ലക്ഷ്യത്തിലെത്താന്‍ പലരും എന്നോടൊപ്പം ചേർന്നു. ഈ ദൌത്യം വേഗത്തിൽ പൂർത്തിയാക്കാൻ ഞാൻ ആഗ്രഹിച്ചു. വെറുടെ തൈ നടുക മാത്രമല്ല അവ വളരുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. എന്റെ സംഘത്തില്‍ പെട്ടവരും സുഹൃത്തുക്കളും സഹായിച്ചു."

താൻ നേരിട്ട വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു- "ഞങ്ങൾ നേരിട്ട പ്രധാന ബുദ്ധിമുട്ട് മരം നടാന്‍ ശരിയായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. തൈ മരമായി വളരാനുള്ള സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് നട്ടത്. നമ്മളിൽ പലരും മഴക്കാലത്ത് തൈകള്‍ നട്ടുപിടിപ്പിക്കുന്നു. എന്നാൽ ഈ തൈകളില്‍ എത്രയെണ്ണം മരമായി വളരുന്നുവെന്ന് പലരും ശ്രദ്ധിക്കാറില്ല."

തൈ നടുക എന്നത് തുടക്കം മാത്രമാണ്. അവയ്ക്ക് വേരുകള്‍ വരുന്നുണ്ടെന്നും തഴച്ച് വളരുന്നുണ്ടെന്നും ഉറപ്പാക്കണം. അതിനായി കന്നുകാലികള്‍ തൈകളുടെ സമീപം വരാതെ നോക്കണം. വേരും ഇലകളുമൊക്കെ വന്നാല്‍ പിന്നെ കന്നുകാലികളെ പേടിക്കേണ്ടതില്ലെന്നും ട്രീ മാന്‍ പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ എഞ്ചിനീയറായാണ് അജിത് സിംഗ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ തന്റെ ശമ്പളത്തിന്റെ 90 ശതമാനവും ഈ പദ്ധതിക്കായി ചെലവഴിച്ചതായി സിംഗ് പറഞ്ഞു.