ഓര്‍മ്മയില്ലേ, അന്ന് പാര്‍ലിമെന്‍റില്‍ വെച്ച് രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു പുഞ്ചിരിയോട് കൂടി ആലിംഗനം ചെയ്തത്. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി... തുടങ്ങി കോണ്‍ഗ്രസ് നേതാക്കളെയെല്ലാം അധിക്ഷേപിച്ച് സംസാരിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി, മോദിയെ ആലിംഗനം ചെയ്തത്. 'അദ്ദേഹം (മോദി) എന്നെ, കോണ്‍ഗ്രസ്സിനെ, എന്‍റെ അച്ഛനെ, മുത്തശ്ശിയെ, അമ്മയെ ഒക്കെ അധിക്ഷേപിച്ചു സംസാരിച്ചു. അപ്പോഴെനിക്ക് തോന്നിയത് ദേഷ്യമല്ല, മറിച്ച് സ്നേഹമാണ്. കാരണം, ഈ ലോകത്തിന്‍റെ സൗന്ദര്യം കാണാന്‍ കഴിയാത്ത ഒരാളായതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ സംസാരിക്കുന്നത് എന്നാണെനിക്ക് തോന്നിയത്' എന്ന് പിന്നീട് ആ ആലിംഗനത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. 

രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് 28 വര്‍ഷമാകുന്നു. 1991 -ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ മക്കളായ രാഹുല്‍ ഗാന്ധിക്ക് ഇരുപതും, പ്രിയങ്ക ഗാന്ധിക്ക് പത്തൊമ്പതും വയസ്സാണ് പ്രായം.. എന്നാല്‍, അന്നുതൊട്ടിങ്ങോട്ട് ആ കൊലപാതകത്തിന്‍റെ വേദന ഉള്ളില്‍ പേറുന്നതോടൊപ്പം സ്നേഹത്തെയും കരുണയേയും ക്ഷമയേയും കുറിച്ച് കൂടി അവര്‍ ഇരുവരും സംസാരിച്ചു. അതിനവര്‍ പറഞ്ഞ പ്രധാന കാരണം, അച്ഛന്‍ പഠിപ്പിച്ചത് സ്നേഹമാണ്.. സ്നേഹത്തേയും വെറുപ്പിനേയും കുറിച്ച് അച്ഛനോളം വേറെയാരും പറഞ്ഞു തന്നിട്ടില്ല എന്നായിരുന്നു. 

ഈ മരണം എനിക്കും സഹോദരിക്കും സന്തോഷമല്ല..  
'ഈ മരണം തന്നെയോ തന്‍റെ സഹോദരി പ്രിയങ്കാ ഗാന്ധിയേയോ  സന്തോഷിപ്പിക്കുന്നില്ല' എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍റെ മരണത്തോട് രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു. 2009 -ലാണ് ശ്രീലങ്കന്‍ സൈന്യം, വേലുപ്പിള്ള പ്രഭാകരനെ വധിക്കുന്നത്. രാഹുലിന്‍റെയും പ്രിയങ്കയുടേയും പിതാവ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത് തമിഴ് പുലികളാലാണ്. 

'എന്‍റെ അച്ഛന്‍ കൊല്ലപ്പെടുന്നത് 1991 -ലാണ്. 2009 -ല്‍ അച്ഛന്‍റെ മരണത്തിന് കാരണമായിത്തീര്‍ന്നയാള്‍ ശ്രീലങ്കയിലൊരിടത്ത് കൊല്ലപ്പെട്ടു കിടക്കുന്നു. പക്ഷെ, അസ്വാഭാവികം എന്ന് തോന്നുമെങ്കിലും പറയട്ടെ, ഞാന്‍ എന്‍റെ സഹോദരിയെ വിളിച്ചു പറഞ്ഞു, ആ കൊലപാതകം എന്നെ ഒട്ടും സന്തോഷിപ്പിക്കുന്നില്ല എന്ന്. എന്‍റെ പിതാവിനെ കൊന്നയാള്‍ കൊല്ലപ്പെട്ടു കിടക്കുന്നു. ഞാനത് ആഘോഷിക്കേണ്ടതാണ്. പക്ഷെ, എന്തുകൊണ്ടോ എനിക്ക് സന്തോഷം തോന്നിയില്ല. സഹോദരി പ്രിയങ്ക തിരികെ പറഞ്ഞത്, നീ ശരിയാണ്... എനിക്കും സന്തോഷം തോന്നുന്നില്ല എന്നാണ്. എനിക്ക് സന്തോഷം തോന്നാത്തതിന് കാരണം ഇതാണ്, അയാളുടെ മക്കളുടെ സ്ഥാനത്ത് ഞാനെന്നെ കാണുന്നു. കാരണം, എനിക്കറിയാം അയാള്‍ മരിച്ചു കിടക്കുന്ന അതേ സമയത്ത് അയാളുടെ മക്കള്‍ കരയുകയാണ് അന്ന് ഞാന്‍ കരഞ്ഞതുപോലെ എന്ന്.'

'അയാള്‍ ഒരു ചീത്ത മനുഷ്യനായിക്കോട്ടെ, പക്ഷെ, അയാളുടെ മരണം മറ്റാരെയൊക്കെയോ ബാധിക്കുന്നുണ്ട്. എന്‍റെ അച്ഛന്‍റെ മരണം എന്നെ ബാധിച്ചതുപോലെ. ആഴത്തില്‍ ചിന്തിച്ചാല്‍ ആ അക്രമത്തിനു പിന്നിലുമുള്ള കാരണം കണ്ടെത്താനായേക്കും. അതൊരു ഒറ്റപ്പെട്ട സംഭവമല്ല. അവര്‍ക്ക് നേരെ നടന്ന അക്രമങ്ങളും അവര്‍ നടത്തിയ അക്രമത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടാകാം.' എന്നും രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞു. 

ഈ വര്‍ഷങ്ങളിലത്രയും രാഹുല്‍ ഗാന്ധി ഓര്‍ത്തെടുത്തത് അച്ഛന്‍ തന്നെ പഠിപ്പിച്ച സ്നേഹത്തിന്‍റെ പാഠങ്ങളെ കുറിച്ചാണ്. രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുമ്പോഴും തനിക്ക് നേരെ വരുന്ന അധിക്ഷേപങ്ങളോട് മുഴുവന്‍ അദ്ദേഹം പ്രതികരിച്ചത് വളരെ സൗമ്യനായിട്ടായിരുന്നു. 

'വെറുപ്പ് ഒരു തടവറയാണ്, ആരാണോ ആ വെറുപ്പിനെ ചുമക്കുന്നത് അയാള്‍ ആ തടവറയിലാണ് എന്നാണ് എന്‍റെ അച്ഛനെന്നെ പഠിപ്പിച്ചത്.' രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഇരുപത്തിയേഴാമത്തെ വര്‍ഷം, അതായത് കഴിഞ്ഞ ചരമദിനത്തില്‍ രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. 

'ഇന്ന്, അദ്ദേഹത്തിന്‍റെ ഈ ചരമദിനത്തില്‍ ഞാന്‍ അദ്ദേഹം എന്നെ പഠിപ്പിച്ച സ്നേഹത്തെ കുറിച്ച് ഓര്‍ക്കുന്നു. അദ്ദേഹം പഠിപ്പിച്ച ബഹുമാനത്തിന്‍റെ പാഠങ്ങളെ കുറിച്ചോര്‍ക്കുന്നു. ഇതാണ് ഒരു അച്ഛന് മകന് നല്‍കാനുള്ള ഏറ്റവും വലിയ സമ്മാനം. രാജീവ് ഗാന്ധി, നിങ്ങള്‍ ഞങ്ങള്‍ക്കായി നല്‍കിയ ആ സ്നേഹം എല്ലായ്പ്പോഴും നമ്മുടെ ഹൃദയത്തിലുണ്ട്.' എന്നു കൂടി അദ്ദേഹം കുറിച്ചു.

പ്രിയങ്ക ഗാന്ധി- നളിനി കൂടിക്കാഴ്ച
'ഞാന്‍, അച്ഛനെപ്പോലെയാണ്... കൂടുതലും... അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ എനിക്ക് 19 വയസ്സാണ് പ്രായം. അന്ന്, അച്ഛന്‍ കൊല്ലപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ അച്ഛന്‍റെ ഘാതകരോട് എന്നല്ല, ലോകത്തോട് മൊത്തം എനിക്ക് ദേഷ്യം തോന്നിയിരുന്നു ഉള്ളില്‍. പ്രിയങ്ക ഗാന്ധി, രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്. പക്ഷെ, ഇവിടെ നിന്നും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വെറുപ്പ് ഇല്ലാതെയായി. 

'അഹിംസ എന്ന് പറയുന്നത് ഇരവല്‍ക്കരണത്തിന്‍റെ അഭാവമാണ്. അതായത് നിങ്ങളൊരിക്കലും ഒരു അക്രമത്തിനും ഇരയാക്കപ്പെട്ടിട്ടില്ല എന്നര്‍ത്ഥം.' മാധ്യമപ്രവര്‍ത്തകയായ ബര്‍ക്ക ദത്തിന് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. 

രാജീവ് ഗാന്ധി കൊല്ലപ്പെട്ട് 17 വര്‍ഷങ്ങള്‍ക്ക് കഴിഞ്ഞപ്പോഴാണ് പ്രിയങ്ക ഗാന്ധി ജയിലിലെത്തി നളിനി ശ്രീഹരനെ കാണുന്നത്. 2016 -ല്‍ ഇറങ്ങിയ രാജീവ് മര്‍ഡര്‍, ഹിഡന്‍ ട്രൂത്ത്സ് ആന്‍ഡ് പ്രിയങ്ക -നളിനി മീറ്റിങ്ങ് എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ചില കാര്യങ്ങളുണ്ട്. 2018 -ല്‍ ജയിലില്‍ ചെന്ന് കാണുമ്പോള്‍ പ്രിയങ്ക ഗാന്ധി, നളിനിയോട് ചോദിക്കുന്നുണ്ട്, 'എന്തിനാണ് നിങ്ങളത് ചെയ്തത്? എന്‍റെ അച്ഛന്‍ നല്ലൊരു മനുഷ്യനായിരുന്നു, മൃദുവായ മനുഷ്യനായിരുന്നു. എന്തും നിങ്ങള്‍ക്ക് അദ്ദേഹത്തോട് ചര്‍ച്ച ചെയ്യാമായിരുന്നല്ലോ?' എന്ന്. 

''ഞാന്‍ നളിനിയെ കാണുമ്പോള്‍, എനിക്ക് മനസിലായി. എനിക്ക് അവരോട് ദേഷ്യമില്ല. എന്‍റെ ഉള്ളില്‍ അവരോട് വെറുപ്പില്ല. അപ്പോഴും എനിക്ക് തോന്നുന്നത്, അവര്‍ ചെയ്തതിന് മാപ്പ് കൊടുക്കുക തന്നെയാണ് ഞാന്‍ ചെയ്യേണ്ടത് എന്നാണ്..'' -പ്രിയങ്ക ഗാന്ധി അഭിമുഖത്തില്‍ പറഞ്ഞു. 

അന്ന് നളിനി പ്രിയങ്കയോട് പറഞ്ഞത് ഇങ്ങനെയാണ്, 'മാഡം, എനിക്ക് ഒന്നുമറിയില്ല. എനിക്കൊരു ഉറുമ്പിനെ പോലും നോവിക്കാനാവില്ല. ഞാന്‍ സാഹചര്യങ്ങളുടെ തടവുകാരിയായിരുന്നു. മറ്റൊരാളെ വേദനിപ്പിക്കുന്നതിനെ കുറിച്ച് സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചിരുന്നില്ല...' 

ആ കുഞ്ഞ് അനാഥയാക്കപ്പെടരുത് -മാപ്പ് നല്‍കി സോണിയ
രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ നളിനി വിവാഹിതയായിരുന്നു. മാത്രവുമല്ല, ഗര്‍ഭിണിയുമായിരുന്നു. വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കുകയായിരുന്നു. 1999 -ല്‍ സോണിയ ഗാന്ധിയും ഇതിനെ അനുകൂലിച്ച് സംസാരിച്ചു. നളിനിയുടെ കുഞ്ഞ് അനാഥയാവരുത് എന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നാണ് അന്ന് സോണിയ ഗാന്ധി പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്ക ഗാന്ധി അതിനെ കുറിച്ച് പറഞ്ഞത്, മറ്റൊരു കുഞ്ഞ് കൂടി അനാഥയാകാന്‍ എന്‍റെ അമ്മ ആഗ്രഹിച്ചിരുന്നില്ല എന്നാണ്. ആ കുഞ്ഞ് നിഷ്കളങ്കയാണ്. അതെന്താണ് ചെയ്തത് എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. 

'എനിക്ക് തമിഴ് ജനങ്ങളെ അംഗീകരിക്കാനാകും. എനിക്ക് അവരുടെ ദേശീയ വികാരത്തെ കുറിച്ചറിയാം. പക്ഷെ, അവര്‍ സ്വീകരിക്കുന്ന വഴികളാണെനിക്ക് അംഗീകരിക്കാനാകാത്തത്. എന്തിന് വേണ്ടിയും എന്തിനെയെങ്കിലും കൊല്ലുന്നത് എനിക്കിഷ്ടമല്ല..' അച്ഛന്‍റെ മരണത്തിന് കാരണമായവയെ കുറിച്ചുള്ള പ്രിയങ്കയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു. 

വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും രാഷ്ട്രീയം
വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും വര്‍ത്തമാന കാല രാഷ്ട്രീയം അരങ്ങു വാഴുമ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉയര്‍ത്തിപ്പിടിക്കുന്ന  സ്നേഹത്തിന്‍റേയും ക്ഷമയുടേയും രാഷ്ട്രീയം കൂടി കാണേണ്ടതുണ്ട്. യാതൊരു പരിധികളുമില്ലാതെ പരസ്പരം വാക്കുകളാലും, അല്ലാതെയും അക്രമിക്കുമ്പോള്‍ ചില നേരത്തേക്കെങ്കിലും ഇവര്‍ നിശബ്ദരാവുന്നതിന് കാരണം രാജീവ് ഗാന്ധിയുടെ കൊലപാതകമാണ്. ഒരിക്കലെങ്കിലും നിങ്ങളെന്തിനെങ്കിലും ഇരയാക്കപ്പെട്ടവരാണെങ്കില്‍, അതിനെ അതിജീവിച്ചവരാണെങ്കില്‍ നിങ്ങള്‍ക്ക് സംഭവിച്ചത് മറ്റൊരാള്‍ക്ക് കൂടി സംഭവിക്കാന്‍ നിങ്ങളനുവദിക്കില്ല എന്ന് തന്നെയാണ് ഇക്കാലമത്രയും ഇവര്‍ പറഞ്ഞത് എന്നതിനും ഇത് തന്നെയാകാം കാരണം.