Asianet News MalayalamAsianet News Malayalam

ആഫ്രിക്കയില്‍നിന്നും അടിച്ചുമാറ്റിയ അമൂല്യ വസ്തുക്കള്‍ ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നു

ബെനിന്‍ തലസ്ഥാനമായിരുന്ന അബോമിയിലുള്ള കൊട്ടാരത്തില്‍നിന്നും 1892-ല്‍ ഫ്രഞ്ച് സൈന്യം തട്ടിയെടുത്ത ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ വസ്തുക്കളാണ് ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നത്.
 

rance returns 26  looted artifacts to Benin
Author
Benin, First Published Oct 27, 2021, 7:48 PM IST

ആഫ്രിക്കന്‍ രാജ്യമായ ബെനിനില്‍നിന്നും 130 വര്‍ഷം മുമ്പ് തട്ടിയെടുത്ത 26 അമൂല്യ വസ്തുക്കള്‍ ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നു. ബെനിന്‍ തലസ്ഥാനമായിരുന്ന അബോമിയിലുള്ള കൊട്ടാരത്തില്‍നിന്നും 1892-ല്‍ ഫ്രഞ്ച് സൈന്യം തട്ടിയെടുത്ത ചരിത്രപരമായ പ്രാധാന്യമുള്ള അമൂല്യ വസ്തുക്കളാണ് ഫ്രാന്‍സ് തിരിച്ചുകൊടുക്കുന്നത്. തിരിച്ചുകൊടുന്നതിനു മുമ്പായി ഇവ ഫ്രഞ്ച് മ്യൂസിയത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. 

പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ബെനിന്‍. ടോഗോ, നൈജീരിയ, നൈജര്‍, ബുര്‍കിനോഫാസ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യം ഒരു കാലത്ത് അടിമക്കച്ചവടത്തിന് കുപ്രസിദ്ധമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു വന്ന കച്ചവടക്കാര്‍ ഇവിടെയുള്ള മനുഷ്യരെ തട്ടിക്കൊണ്ടുപോയി അടിമകളായി വിദേശരാജ്യങ്ങളില്‍ വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ദഹോമി രാജവംശത്തിന്റെ അധീനതയിലായിരുന്ന രാജ്യം 130 വര്‍ഷം മുമ്പ് ഫ്രാന്‍സ് പിടിച്ചെടുത്ത് കോളനിയാക്കി. ആ സമയത്താണ്, ഇവിടെനിന്നും സമൂല്യമായ വസ്തുക്കള്‍ ഫ്രഞ്ച് സൈന്യം അപഹരിച്ച് ഫ്രാന്‍സിലേക്ക് കടത്തിയത്. 1960-ല്‍ ഫ്രഞ്ചുകാരില്‍നിന്നും സ്വാതന്ത്ര്യം വാങ്ങിയ ഈ രാജ്യം അതിനുശേഷം പല തരം സര്‍ക്കാറുകളുടെ അധീനതയിലായിരുന്നു. ഇടയ്ക്കിടക്ക് സൈനിക ഭരണകൂടങ്ങളും ഇവിടെ ഭരിച്ചു. 1971 മുതല്‍ 1990 വരെ കമ്യൂണിസ്റ്റ് ഭരണകൂടമായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. അതിനുശേഷം, ബഹുപാര്‍ട്ടി സര്‍ക്കാറാണ് ഈ രാജ്യം ഭരിക്കുന്നത്. ഫ്രഞ്ചാണ് ഇവിടത്തെ ദേശീയഭാഷ. 

1892-ല്‍ അബോമിയിലെ കൊട്ടാരത്തില്‍നിന്നും ഫ്രഞ്ച് സൈന്യം പിടിച്ചെടുത്ത 19-ാം നൂറ്റാണ്ടിലെ സിംഹാസനങ്ങളും വിശുദ്ധ അള്‍ത്താരകളും രാജകീയ പ്രതിമകളുമാണ് തിരിച്ചുകൊടുക്കുന്നത്. 2003 മുതല്‍ ഇവ പാരീസിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിക്കുന്നത്. ഇവ തിരിച്ചുകൊടുക്കുന്നതിന് മുന്നോടിയായാണ് ഫ്രഞ്ച് മ്യൂസിയത്തില്‍ പ്രദര്‍ശനം നടത്തുന്നത്. ചരിത്രപരമായ നാഴികക്കല്ലാണ് ഇതെന്നാണ് ബെനിന്‍ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ആഫ്രിക്കന്‍ പൈതൃകം അവിടത്തെ മനുഷ്യര്‍ക്ക് തിരിച്ചുകൊടുക്കുകയാണ് ഇതിലൂടെ എന്നാണ് ഫ്രാന്‍സ് ഇതിനെക്കുറിച്ച് പറയുന്നത്. 

അബോമി നിധി എന്നറിയപ്പെടുന്ന 26 വസ്തുക്കളാണ് ബെനിന് കൈമാറുന്നത്. ഇവ അബോമിയിലെ സര്‍ക്കാര്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് ആ രാജ്യത്തിന്റെ തീരുമാനം. ഫ്രാന്‍സിനെ അനുകരിച്ച് മറ്റു രാജ്യങ്ങളുടെ തങ്ങളുടെ അമൂല്യമായ പൈതൃക സമ്പത്ത് ബെനിന് തിരിച്ചു തരണമെന്ന് മ്യൂസിയം ക്യൂറേറ്റര്‍ കാലിക്‌സ് ബിയാ ആവശ്യപ്പെട്ടു. ഈ 26-നു പുറമേ ഇനിയും അമൂല്യമായ വസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്നും അതൊക്കെ തിരിച്ചു നല്‍കാനുള്ള തുടക്കമാണ് ഇതെന്നുമാണ് ബെനിന്‍ സര്‍ക്കാര്‍ ഇതിനെ കാണുന്നത്. 

ഈ വര്‍ഷമാദ്യം ഇതേ പോലെ കൊളോണിയല്‍ കാലത്ത് കടത്തിക്കൊണ്ടുവന്ന നൂറു കണക്കിന് അമൂല്യ വസ്തുക്കള്‍ നൈജീരിയയ്ക്ക് തിരികെ നല്‍കാന്‍ ജര്‍മനി തീരുമാനിച്ചിരുന്നു. അതിനെ പിന്തുടര്‍ന്നാണ്, ഫ്രാന്‍സും അമൂല്യ വസ്തുക്കള്‍ തിരിച്ചു നല്‍കാനുള്ള തീരുമാനം എടുത്തത്. 

Follow Us:
Download App:
  • android
  • ios