ഇതുവഴി കടന്നു പോവുകയായിരുന്ന ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തത്.

റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ യുവതിയെ മർദ്ദിക്കുന്ന രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. നാല് ദിവസങ്ങൾക്ക് മുമ്പ് ബെം​ഗളൂരുവിലെ ജയന​ഗറിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

റിപ്പോർട്ട് പ്രകാരം റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ അശ്രദ്ധവും വേ​ഗത്തിലുള്ളതുമായ ഡ്രൈവിം​ഗിനെ ചോദ്യം ചെയ്തതാണ് യുവതി. തിരക്കേറിയ ഈ പ്രദേശത്തെ ഒരു ചെരുപ്പുകടയ്‍ക്ക് മുന്നിൽ വച്ചാണ് യുവതി ഡ്രൈവറെ ചോദ്യം ചെയ്തത്. ഇതിനോടുള്ള ഡ്രൈവറുടെ പ്രതികരണം എന്നാൽ ഞെട്ടിക്കുന്നതായിരുന്നു. ഇയാൾ യുവതിയെ തല്ലി താഴെയിടുകയായിരുന്നു.

ഇതുവഴി കടന്നു പോവുകയായിരുന്ന ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തത്. വളരെ പെട്ടെന്ന് തന്നെ ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

നികേഷ് സിം​ഗ് എന്ന യൂസർ എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ റാപ്പിഡോ ഡ്രൈവർ യുവതിയുടെ മുഖത്ത് അടിക്കുന്നതും യുവതി റോഡിലേക്ക് വീഴുന്നതും കാണാം. വളരെ പെട്ടെന്നായിരുന്നു ഇയാൾ യുവതിയുടെ മുഖത്തടിച്ചത്. അപ്രതീക്ഷിതമായിട്ടുള്ള അടിയുടെ ആഘാതത്തിലാണ് യുവതി റോഡിലേക്ക് വീഴുന്നത്.

Scroll to load tweet…

യുവതി ആദ്യം സംഭവം റിപ്പോർട്ട് ചെയ്യാൻ മടിച്ചുവെങ്കിലും ഒടുവിൽ ഔദ്യോ​ഗികമായി പരാതി നൽകി. ആ​ദ്യം ഡ്രൈവർക്കെതിരെ NCR (Non-Cognizable Report) ആണ് ഫയല്‍ ചെയ്തത്. എന്നാല്‍, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പിന്നീട് ഇയാള്‍ക്കെതിരെ എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ കനത്ത രോഷമാണ് ആളുകള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ‌ നിരോധിച്ചിരിക്കയാണ്. സർക്കാർ കൃത്യമായ ചട്ടക്കൂടുകൾ തയ്യാറാക്കിയ ശേഷം മാത്രമേ ബൈക്ക് ടാക്സികൾ പ്രവർത്തിക്കാവൂ എന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം