'എന്റെ ഡ്രൈവർ പാർ‌ട്ണറായിരുന്ന സൂരജ് മൗര്യയോട് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ​ഗുരു​ഗ്രാമിലെ ​ഗതാ​ഗതക്കുരുക്കിൽ 6 മണിക്കൂറിലധികം അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ, ഒരു പരാതിയും പറഞ്ഞില്ല.' 

ക​നത്ത മഴയിലും വെള്ളക്കെട്ടിലും ആറ് മണിക്കൂറെടുത്ത് യാത്രക്കാരിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച റാപ്പിഡോ ഡ്രൈവർക്ക് ആദരം. ​ഗു​രു​ഗ്രാമിലെ കനത്ത മഴയിലാണ് യുവതിയെ ഡ്രൈവർ വീ‍ട്ടിലെത്തിച്ചത്. പിന്നാലെ, ഡ്രൈവറെ പുകഴ്ത്തിക്കൊണ്ട് യുവതി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും ഷെയർ ചെയ്തിരുന്നു. ദീപിക നാരായൺ ഭരദ്വാജ് എന്ന യുവതിയാണ് സൂരജ് മൗര്യ എന്ന ഡ്രൈവറെ പുകഴ്ത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പ് ഷെയർ ചെയ്തത്.

'എന്റെ ഡ്രൈവർ പാർ‌ട്ണറായിരുന്ന സൂരജ് മൗര്യയോട് ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നും നന്ദി പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. ​ഗുരു​ഗ്രാമിലെ ​ഗതാ​ഗതക്കുരുക്കിൽ 6 മണിക്കൂറിലധികം അദ്ദേഹം എനിക്കൊപ്പം ഉണ്ടായിരുന്നു. പക്ഷേ, ഒരു പരാതിയും പറഞ്ഞില്ല' എന്നായിരുന്നു ദീപിക സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. ഈ വെള്ളത്തിലൂടെ തന്നെ ഡ്രൈവർ വീട്ടിലെത്തിച്ചു എന്നും മാഡത്തിന് എന്താണോ തോന്നുന്നത് ആ പൈസ മാത്രം അധികം മതി എന്ന് വളരെ മാന്യമായി അദ്ദേഹം തന്നോട് പറഞ്ഞു എന്നും ദീപിക തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു.

പിന്നാലെ വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി മാറുകയായിരുന്നു. റാപ്പിഡോയും പോസ്റ്റിനോട് പ്രതികരിച്ചു. അനേകങ്ങളാണ് സോഷ്യൽ മീഡിയയിൽ ഡ്രൈവറെ പുകഴ്ത്തി കമന്റുകൾ നൽകിയിരുന്നത്.

Scroll to load tweet…

ഇപ്പോഴിതാ ഒരു പോസ്റ്റിൽ ഡ്രൈവർ സൂരജ് മൗര്യയെ അഭിനന്ദിച്ചതിനെ കുറിച്ചും ദീപിക ഷെയർ ചെയ്തു. 'ഇന്ന് റാപ്പിഡോ അദ്ദേഹത്തെ ഓഫീസിലേക്ക് വിളിച്ചു, കഠിനാധ്വാനത്തിനും പേടിസ്വപ്നം പോലെ തോന്നിച്ച ആ ദിവസം, തന്നെ വീട്ടിലെത്തിക്കാൻ 6 മണിക്കൂർ വണ്ടിയോടിച്ചതിന് ലഭിച്ച അഭിനന്ദനങ്ങൾക്കുമുള്ള ഒരു സമ്മാനവും നൽകി' എന്നാണ് പോസ്റ്റിൽ പറയുന്നത്.

അനേകങ്ങളാണ് ഈ പോസ്റ്റിനും കമന്റ് നൽകിയിരിക്കുന്നത്. ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും ഹൃദയഹാരിയായ പോസ്റ്റ് എന്നായിരുന്നു മിക്കവരുടേയും കമന്റ്.