ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലുള്ള അതുവരെ ശ്രദ്ധിക്കാതിരുന്ന പലകാര്യങ്ങളും ശ്രദ്ധിക്കാനും വീട് വൃത്തിയാക്കാനുമെല്ലാം ഇഷ്‍ടം പോലെ സമയം കിട്ടുന്നുണ്ട്. ആവശ്യമില്ലാത്തതൊക്കെ ഒഴിവാക്കാനും എല്ലാമൊന്നൊതുക്കി വയ്ക്കാനും പലര്‍ക്കും സമയവും കിട്ടി. എന്നാല്‍, ഇങ്ങനെയൊരു കണ്ടെത്തല്‍ അപൂര്‍വമായിരിക്കും. ചൈനയില്‍ ലോക്ക്ഡൗണ്‍ സമയത്ത് ഗാരേജ് വൃത്തിയാക്കുന്നതിനിടെ കണ്ടെത്തിയത് 95 ലക്ഷമെങ്കിലും വിലവരുന്ന ഒരു ചൈനീസ് വൈന്‍ പാത്രമാണ്. നൂറ്റാണ്ട് പഴക്കമുള്ള നമ്മുടെ ചായപ്പാത്രത്തെപ്പോലെ തോന്നിക്കുന്ന ഈ പാത്രം ഡെര്‍ബിഷെയറിലെ ഒരു നിര്‍മ്മാണത്തൊഴിലാളിയുടെ കൈവശമായിരുന്നു ഉണ്ടായിരുന്നത്. 

20 ലക്ഷത്തിനും 40 ലക്ഷത്തിനും ഇടയിലാണ് ഇതിന് ലേലക്കാര്‍ വില കണ്ടിരുന്നത്. എന്നാല്‍, ചൈനയില്‍ നിന്നും വാങ്ങാനെത്തിയവര്‍ അതിലേറെ വില മതിക്കുന്നതാണ് ഈ പാത്രമെന്ന് പറയുകയായിരുന്നു. ക്വിയാൻലോംഗ് ചക്രവര്‍ത്തിയുടെ കൈവശമുണ്ടായിരുന്നതായിരിക്കാം ഈ പാത്രമെന്നാണ് ഹാന്‍സണ്‍സ് ലേലക്കാര്‍ പറയുന്നത്. 

പാത്രത്തിന്‍റെ ഉടമ അതൊരു ചാരിറ്റി ഷോപ്പിന് നല്‍കാന്‍ പദ്ധതിയിട്ടിരിക്കുകയിരുന്നു. 51 വയസുള്ള പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത അദ്ദേഹം പറയുന്നത്, 15 സെന്‍റിമീറ്ററിലുള്ള ഈ വൈന്‍പാത്രം രണ്ടാം ലോകമഹായുദ്ധ സമയത്ത് ഏഷ്യയിലുണ്ടായിരുന്ന തന്‍റെ മുത്തച്ഛന്‍ കൊണ്ടുവന്നതാണ് എന്നാണ്. കുറേക്കാലം ആ പാത്രം അമ്മ വീട്ടില്‍ പ്രദര്‍ശന അലമാരയ്ക്കകത്ത് പ്രദര്‍ശിപ്പിച്ചു. പിന്നീട്, അത് ഡെര്‍ബിഷെയറിലുള്ള ഒരു ബന്ധുവിന്‍റെ ഗാരേജിലേക്ക് മാറ്റപ്പെട്ടു. 
ലോക്ക്ഡൗണ്‍ സമയത്ത് ഇഷ്‍ടം പോലെ സമയം വെറുതെയുള്ളതുകൊണ്ട് ഗാരേജ് ഒന്ന് വൃത്തിയായി നോക്കിക്കളയാമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് വൈന്‍പാത്രം കണ്ടെത്തുന്നത്.  

ആദ്യം അതൊരു ചാരിറ്റി ഷോപ്പിലേക്ക് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എപ്പോഴും താന്‍ ആ ചായപ്പാത്രത്തെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും അതിനെ പ്രത്യേകതയുള്ള ഒന്നായി കണ്ടിരുന്നുവെന്നും അയാള്‍ പറയുന്നു. അങ്ങനെ ഒരു ചിന്തയില്‍ നിന്നാണ് അയാളത് ഹാന്‍സണ്‍സ് ലേലക്കാരിലേക്കെത്തിക്കുന്നത്. ആദ്യം അവര്‍ പൂപ്പാത്രം പുറത്തെടുത്തപ്പോള്‍ ചിരിക്കുമോ എന്ന് ഭയന്ന് മറ്റ് ചില വസ്‍തുക്കള്‍ കൂടി അദ്ദേഹം കയ്യില്‍ കരുതിയിരുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ ലേലക്കാര്‍ അത് പതിനെട്ടാം നൂറ്റാണ്ടിലെ വൈന്‍ പാത്രമായിരുന്നുവെന്ന് മനസിലാക്കി. ക്വിയാൻലോംഗ് ചക്രവർത്തി ഉപയോഗിച്ചിരുന്നതാണ് പാത്രമെന്ന് കൂടി തിരിച്ചറിഞ്ഞതോടെ പാത്രത്തിന്‍റെ വില കൂടി. 

ലേലക്കമ്പനി ഉടമയായ ചാള്‍സ് ഹാന്‍സണ്‍ പറയുന്നത്, ഏകദേശം അതുപോലെ തന്നെയിരിക്കുന്ന രണ്ട് വസ്‍തുക്കള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. അവ തായ്‍വാനിലെയും ചൈനയിലെയും മ്യൂസിയത്തിലാണുള്ളത് എന്നാണ്. ലോക്ക് ഡൗണിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമെന്നാണ് കമ്പനി ഉടമ വൈന്‍പാത്രം കണ്ടെത്തിയതിനെ വിശേഷിപ്പിച്ചത്. സപ്‍തംബര്‍ 24 -ന് ഓണ്‍ലൈന്‍ ലേലത്തിലൂടെ ഇതിന്‍റെ വില്‍പന നടക്കും.