Asianet News MalayalamAsianet News Malayalam

ഒടുവിൽ ഇന്ത്യയിലും കണ്ടു, ലോകത്തിൽ തന്നെ അപൂർവമായ പിങ്ക് പുള്ളിപ്പുലി!

ഗോൾഡൻ പുള്ളിപ്പുലി എന്നും വിളിക്കപ്പെടുന്ന അപൂർവമായ ഈ ഇനത്തെ- 2012 -ൽ ബോട്സ്വാന അതിർത്തിയോട് ചേർന്നുള്ള മറ്റൊരു സ്ഥലത്ത് മാത്രമാണ് ഔദ്യോഗികമായി കണ്ടെത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 

rare pink leopard found in Rajasthan
Author
Rajasthan, First Published Nov 11, 2021, 10:03 AM IST

പിങ്ക് നിറമുള്ള പുള്ളിപ്പുലിയെ(Pink Leopard) നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാണാൻ സാധ്യതയില്ല, കാരണം ഇത് മിക്കവാറും ഇന്ത്യയിൽ കാണപ്പെടുന്നേയില്ല. എന്നാല്‍ ഇപ്പോള്‍, തെക്കൻ രാജസ്ഥാനിലെ(Rajasthan) ആരവല്ലി മലനിരകളിലെ രണക്പൂർ മേഖലയിൽ(Ranakpur region) അടുത്തിടെ ഒരു പിങ്ക് പുള്ളിപ്പുലിയെ കണ്ടു.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, രണക്പൂരിലെയും കുംഭൽഗഡിലെയും പ്രദേശവാസികൾ സ്ട്രോബെറി നിറമുള്ള ഈ പുള്ളിപ്പുലിയെ ഇടയ്ക്കിടെ കണ്ടതായി അവകാശപ്പെടുന്നു. ഇത് വിശാലമായ വനമേഖലയായതു കാരണം പിങ്ക് പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടത് വിവിധ പ്രദേശങ്ങളിലാണ് എന്ന് രാജ്സമന്ദ് ഡിസിഎഫ് ഫത്തേ സിംഗ് റാത്തോഡ് പറഞ്ഞു. അടുത്തിടെയാണ് ഇത് ക്യാമറയിൽ പതിഞ്ഞത്.

സ്ട്രോബെറി പുള്ളിപ്പുലി അതിന്റെ ശരീരം കാരണം വ്യത്യസ്ത ഇനമാണെന്ന് സുവോളജിസ്റ്റുകൾ വിശ്വസിക്കുന്നു. ഉദയ്പൂർ ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് കൺസർവേറ്ററും ഫോട്ടോഗ്രാഫറുമായ ഹിതേഷ് മോട്വാനി നാല് ദിവസത്തെ തിരച്ചിലിന് ശേഷം പുള്ളിപ്പുലിയുടെ ചിത്രങ്ങൾ പകർത്തിയതായി അവകാശപ്പെട്ടു. അതിന് അഞ്ചോ ആറോ വയസ്സ് പ്രായമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 

മുമ്പ്, 2019, 2016 വർഷങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ സ്ട്രോബെറി പുള്ളിപ്പുലിയെ കണ്ടിരുന്നു. 2019 -ലാണ് ഈ അപൂർവ പുള്ളിപ്പുലിയെ ഒരു ദമ്പതികള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദക്ഷിണാഫ്രിക്കയിലെ താബ തോലോ വൈൽഡർനെസ് റിസർവിലെ മരത്തിൽ പിൻ ചെയ്‌ത ക്യാമറയാണ് സ്ട്രോബെറി പുള്ളിപ്പുലിയെ പകര്‍ത്തിയത്. റിസർവ് ഉടമ അലൻ വാട്‌സണും (45), ഭാര്യ ലിൻസിയുമാണ് (41) ലോകത്തിലെ ഏറ്റവും അപൂർവമായ ഈ പുള്ളിപ്പുലിയെ പകര്‍ത്തിയത്.

റിസർവിനു ചുറ്റും ഈ പുള്ളിപ്പുലി കറങ്ങുന്നത് ദമ്പതികൾ കണ്ടിരുന്നുവെങ്കിലും ഒരിക്കലും ചിത്രീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 'അവർ വളരെ നന്നായി മറഞ്ഞിരിക്കുന്നതും അവിശ്വസനീയമാംവിധം അവ്യക്തവുമാണ്. നീണ്ട പുല്ലിലൂടെ പോകുകയാണെങ്കിൽ നിങ്ങൾ അവരെ കാണില്ല' അലൻ പറഞ്ഞു. നിങ്ങളവളെ കാണാനാഗ്രഹിച്ചാലും അവൾ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളെ ഒരിക്കലും കാണാൻ പോകുന്നില്ല എന്നും അലന്‍ പറയുന്നു. 

ഗോൾഡൻ പുള്ളിപ്പുലി എന്നും വിളിക്കപ്പെടുന്ന അപൂർവമായ ഈ ഇനത്തെ- 2012 -ൽ ബോട്സ്വാന അതിർത്തിയോട് ചേർന്നുള്ള മറ്റൊരു സ്ഥലത്ത് മാത്രമാണ് ഔദ്യോഗികമായി കണ്ടെത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എറിത്രിസം എന്ന ജനിതകമാറ്റം കാരണമാണ് ഇവയ്ക്ക് പിങ്ക് നിറമായിരിക്കുന്നത്. ഏതായാലും ഇപ്പോൾ ഇന്ത്യയിലും ഈ അപൂർവ പുള്ളിപ്പുലിയെ കണ്ടെത്തിയിരിക്കുന്നു. 

Follow Us:
Download App:
  • android
  • ios