തന്റെ 'റാറ്റ് ടൂർ' വീഡിയോകൾ കെന്നി ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കെന്നി മാത്രമല്ല വേറെയും ആളുകൾ‌ ടൂറിസ്റ്റുകളെ ഇതുപോലെ എലികൾ നിറഞ്ഞ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോകുന്നുണ്ട്. 

ലോകത്തിന്റെ തന്നെ സാമ്പത്തിക ഉത്ഭവകേന്ദ്രം എന്ന് കണക്കാക്കാവുന്ന ന​ഗരമാണ് ന്യൂയോർക്ക്. എന്നാൽ, ന്യൂയോർക്കും തങ്ങളുടേതായ പ്രശ്നങ്ങളിൽ നിന്നും എങ്ങനെ എങ്കിലും പുറത്ത് കടക്കാനുള്ള വഴി തേടുകയാണ്. കേൾക്കുമ്പോൾ ഇതാണോ ഇത്ര വലിയ പ്രശ്നം എന്ന് തോന്നുമെങ്കിലും ഇതും വലിയ ഒരു പ്രശ്നമാണ്. എലികളാണ് ആ പ്രശ്നക്കാർ. 

എലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് ന്യൂയോർക്ക്. കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയാണ് ഈ വർഷം ന​ഗരത്തിലെ എലികൾ. എന്നാൽ, അതിനേയും വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ് ന്യൂയോർക്ക്. എലികൾ എങ്ങനെയാണ് വിനോദസഞ്ചാരത്തിന്റെ ആകർഷണ കേന്ദ്രമായി മാറുക എന്നല്ലേ? എലികൾ സ്വൈര്യവിഹാരം നടത്തുന്ന പ്രദേശങ്ങളിലൂടെ രാത്രികളിലുള്ള ടൂർ. അതാണ് സംഭവം. 

ന്യൂയോർക്ക് സിറ്റിയിലെ ടൂർ ​ഗൈഡുമാർ ന​ഗരത്തിലെ കുപ്രസിദ്ധമായ സ്ഥലങ്ങളിൽ രാത്രികളിൽ വിനോദസഞ്ചാരികളുമായി എത്തുന്നു എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തെരുവുകളിൽ അർദ്ധരാത്രികളിൽ എലികളുള്ള സ്ഥലങ്ങളിൽ ടൂറിസ്റ്റുകൾക്ക് ചെല്ലുകയും ആ കാഴ്ചകൾ കാണുകയുമാവാം. 

കെന്നി ബോൾവെർക്ക് ഇത്തരത്തിൽ ഒരു ടൂർ ​ഗൈഡാണ്. വിവിധ കൺസ്ട്രക്ഷൻ സൈറ്റുകൾ, റെസ്റ്റോറന്റുകൾക്ക് സമീപമുള്ള സ്ഥലങ്ങൾ, നടപ്പാതകൾ എന്നിവയൊക്കെ അടങ്ങിയ ഒരു റൂട്ട് മാപ്പാണ് കെന്നി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ, കെന്നിയുടെ പ്രഥമലക്ഷ്യം എലികളൊന്നും ഇല്ലാത്ത ഒരു ന​ഗരം സൃഷ്ടിക്കുക എന്നതാണ്. നഗരത്തിലെ 311 നമ്പറിലേക്ക് വിളിച്ച് ആളുകൾക്ക് എലികളെ കുറിച്ച് പരാതിപ്പെടാനുള്ള അവസരം ഉണ്ടാക്കണം എന്ന് കെന്നി അഭ്യർത്ഥിച്ചിട്ടുണ്ട്. 

എവിടെയൊക്കെയാണ് എലികൾ ഉള്ളത് എന്നതും കെന്നി ആളുകളിൽ എത്തിക്കുന്നു. തന്റെ 'റാറ്റ് ടൂർ' വീഡിയോകൾ കെന്നി ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. കെന്നി മാത്രമല്ല വേറെയും ആളുകൾ‌ ടൂറിസ്റ്റുകളെ ഇതുപോലെ എലികൾ നിറഞ്ഞ സ്ഥലങ്ങൾ കാണിക്കാൻ കൊണ്ടുപോകുന്നുണ്ട്. 

മൂന്ന് മില്ല്യണിലധികം എലികൾ ന​ഗരത്തിലുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.