ഇതിനായി ഗവേഷകര്‍ ആദ്യം എലികള്‍ക്ക് പരിശീലനം നല്‍കുന്നു. അതിന് ശേഷം, മൈക്രോഫോണുകളും, ലൊക്കേഷന്‍ ട്രാക്കറും അടങ്ങിയ കൊച്ചുബാഗുകള്‍ എലികളുടെ പുറത്ത് കെട്ടി, അവയെ ഭൂകമ്പം നടന്ന ഇടങ്ങളിലേയ്ക്ക് പറഞ്ഞു വിടുന്നു.

കംബോഡിയയില്‍ കുഴിബോംബ് കണ്ടെടുത്ത് ആളുകളുടെ ജീവന്‍ രക്ഷിച്ച മഗാവ എന്ന എലിയെ ഓര്‍മ്മയില്ലേ? ഇപ്പോള്‍ കംബോഡിയയുടെ പാത പിന്തുടര്‍ന്ന് ടാന്‍സാനിയും എലികളെ പരിശീലിപ്പിക്കുകയാണ്. എന്നാല്‍ അത് കുഴിബോംബുകള്‍ കണ്ടെത്താനല്ല, മറിച്ച് ഭൂകമ്പത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരഞ്ഞ് കണ്ടെത്താന്‍.

ഭൂകമ്പത്തില്‍ അകപ്പെട്ടു പോയവരെ കണ്ടെത്താനായി സാധാരണയായി നായ്ക്കളെയാണ് പരിശീലിപ്പിക്കാറുള്ളത്. എന്നാല്‍ ഈ കാര്യത്തില്‍ നായ്ക്കളേക്കാളും അനുയോജ്യര്‍ എലികളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നിന്നുള്ള 33 കാരിയായ ശാസ്ത്രജ്ഞ ഡോ. ഡോണ കീനാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നില്‍. മഗാവയ്ക്ക് പരിശീലനം നല്‍കിയ അപോപോ എന്ന സന്നദ്ധ സംഘടനയിലാണ് ഡോണയും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സംഘനയുമായി ചേര്‍ന്ന് ഡോണ ഈ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്.

ഇതിനായി ഗവേഷകര്‍ ആദ്യം എലികള്‍ക്ക് പരിശീലനം നല്‍കുന്നു. അതിന് ശേഷം, മൈക്രോഫോണുകളും, ലൊക്കേഷന്‍ ട്രാക്കറും അടങ്ങിയ കൊച്ചുബാഗുകള്‍ എലികളുടെ പുറത്ത് കെട്ടി, അവയെ ഭൂകമ്പം നടന്ന ഇടങ്ങളിലേയ്ക്ക് പറഞ്ഞു വിടുന്നു. ബാഗുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മൈക്രോഫോണുകള്‍ വഴി രക്ഷാപ്രവര്‍ത്തകര്‍ക്ക് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി പോയ ആളുകളുമായി സംസാരിക്കാനും, അവരുള്ള ഇടം തിരിച്ചറിയാനും സാധിക്കുന്നു. ഒരു ബീപ്പ് ശബ്ദം ഉപയോഗിച്ചാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പോകുന്ന എലിയെ തിരികെ കൊണ്ട് വരുന്നത്.

ആദ്യ ഘട്ടത്തില്‍ 170 എലികളെയാണ് ബ്രിട്ടീഷ് ഗവേഷക പരിശീലിപ്പിക്കുന്നത്. ടാന്‍സാനിയയിലെ മൊറോഗോറോയില്‍ വച്ചാണ് എലികള്‍ക്ക് പരിശീലനം നല്‍കുന്നത്. ഹീറോ റാറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ കീഴില്‍ ഇതുവരെ, ഏഴ് എലികള്‍ പരിശീലനം പൂര്‍ത്തിയാക്കി. വെറും രണ്ടാഴ്ചയില്‍ പരിശീലനം നേടാന്‍ അവക്കായി എന്നത് ഒരു വലിയ നേട്ടമായി ഗവേഷകര്‍ കാണുന്നു. പരിശീലനം ലഭിച്ച എലികളെ ഭൂകമ്പ സാധ്യതയുള്ള തുര്‍ക്കിയിലേക്ക് അയക്കാനാണ് തീരുമാനം. 

ഡോ. ഡോണ

എന്തുകൊണ്ടാണ് എലികളെ ഇത്തരമൊരു ദൗത്യത്തിന് തിരഞ്ഞെടുത്തത് എന്നൊരു സംശയം ആര്‍ക്കും ഉണ്ടാകാം? നായ്ക്കളെക്കാളും വേഗതയോടും, ചടുലതയോടും കൂടി മുന്നേറാന്‍ എലികള്‍ക്ക് സാധിക്കും. കൂടാതെ അവ ചെറുതായത് കൊണ്ട് അവശിഷ്ടങ്ങള്‍ക്കിടയിലൂടെ എളുപ്പത്തില്‍ നുഴഞ്ഞു കയറാം എന്നതും ദുരന്തമേഖലകളില്‍ അവയെ ഉപയോഗിക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നു.

അതേസമയം ശരിക്കുള്ള ഭൂകമ്പബാധിത പ്രദേശത്തേയ്ക്ക് എലികളെ ഇതുവരെ പറഞ്ഞയച്ചിട്ടില്ല. മറിച്ച് കൃത്രിമ അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു അവയുടെ ഇതുവരെയുള്ള പരിശീലനം. വ്യത്യസ്ത പരിതസ്ഥിതിയില്‍ ജീവിക്കാന്‍ കഴിയുന്ന എലികള്‍ മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുമെന്ന് ഡോണ പറയുന്നു. അതുകൊണ്ട് തന്നെ തിരച്ചില്‍ നടത്തുന്നതിനും, രക്ഷാപ്രവര്‍ത്തനത്തിനും എലികള്‍ അനുയോജ്യരാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എലികള്‍ വൃത്തിയില്ലാത്തവരാണെന്ന ധാരണ തെറ്റാണെന്നും ഡോണ അഭിപ്രായപ്പെട്ടു. മാത്രവുമല്ല, എലികള്‍ക്ക് നല്ല ബുദ്ധിയാണെന്നും, അവ പെട്ടെന്ന് കാര്യങ്ങള്‍ പഠിച്ചെടുക്കുമെന്നും ഡോണ അവകാശപ്പെടുന്നു.

Scroll to load tweet…

ഭൂകമ്പത്തിന്റെ ഇരകളെ രക്ഷിക്കാന്‍ മാത്രമല്ല, സങ്കീര്‍ണ്ണമായ മറ്റ് പല ജോലികള്‍ ചെയ്യിക്കാനും പദ്ധതി വഴി എലികളെ പരിശീലിപ്പിക്കുന്നുണ്ട്. ക്ഷയം, കന്നുകാലികളെ ബാധിക്കുന്ന പകര്‍ച്ചവ്യാധിയായ ബ്രൂസെല്ലോസിസ് എന്നിവ കണ്ടെത്തുന്നതിനും പരിശീലനം ലഭിച്ച എലികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. എലികളെ ഇത്തരം കാര്യങ്ങള്‍ക്കായി പരിശീലിപ്പിക്കുന്ന ഏക സംഘടനയാണ് അപോപോ.