എലോൺ മസ്‌ക് റോക്കറ്റുണ്ടാക്കാൻ പഠിച്ചത് വായനയിലൂടെയാണ്, വാറൻ ബഫറ്റ്‌ പ്രസിദ്ധനാവും മുമ്പ് ഒരു ദിവസം അഞ്ഞൂറ് പേജ് വെച്ച് വായിച്ചിരുന്നു. വായന എന്ന ശീലം നിങ്ങളെ എത്തിച്ചേക്കാവുന്ന ഇടങ്ങൾ... 

ഇന്ന് വായനദിനമാണ്. 'വായന മരിക്കുന്നു' എന്ന വിലാപം കൂടുതൽ ശക്തിയാർജ്ജിച്ചത് സോഷ്യൽ മീഡിയയുടെ വരവോടെയാണ്. ഫേസ്ബുക്കും, വാട്ട്സാപ്പും, ട്വിറ്ററും, ടിക് ടോക്കും, യൂട്യൂബും ഒക്കെയടങ്ങുന്ന സൈബർലോകം തകർത്തു തരിപ്പണമാക്കിയത് മനുഷ്യന്റെ ഏകാഗ്രതയെയാണ്. ഇന്ന്  കഷ്ടിച്ച് ഒരു പതിനഞ്ചുമിനിറ്റുപോലും ഒരു പുസ്തകം തുറന്നു പിടിച്ച് വായിക്കാൻ വേണ്ട ഏകാഗ്രതയുള്ളവർ കുറവാണ്. അതിനുള്ളിൽ ഒരു ഫേസ്‌ബുക്ക് സ്റ്റാറ്റസിന് കിട്ടിയ ലൈക്ക്, അല്ലെങ്കിൽ പോപ്പ് അപ്പ് ചെയ്തുവന്ന ഒരു വാട്ട്സ്ആപ്പ് സ്റ്റാറ്റസ് നമ്മുടെ ശ്രദ്ധതിരിക്കും.   

പണം കൊടുത്ത് പുസ്തകം വാങ്ങാൻ ആർക്കുമാവും. ലോകം നന്നെന്നു പറയുന്ന പുസ്തകങ്ങൾ വാങ്ങി ഷെൽഫുകളിൽ അടുക്കിവെക്കുക എന്നത് നമുക്ക് വളരെ ചാരിതാർഥ്യം പകരുന്ന ഒരു പ്രവൃത്തിയാണ്. നല്ല വായനക്കാർ എന്നതിലുപരി നമ്മൾ ഇന്ന് നല്ല പുസ്തക ഉടമകളാണ്. പുതുതായി സ്വന്തമാക്കുന്ന പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ സ്റ്റാറ്റസാക്കുന്നതിലാണ് പലരുടെയും ശ്രദ്ധ.  

വായിച്ചിട്ടിപ്പോൾ എന്തിനാ എന്നാവും. എല്ലാം വീഡിയോ പരുവത്തിൽ നമ്മുടെ മുന്നിലെത്തുമ്പോൾ, അല്ലെങ്കിൽ ലേണിങ്ങ് ആപ്പുകൾ എല്ലാം സ്പൂണിലാക്കി നമുക്ക് ഫീഡ് ചെയ്യുമ്പോൾ, മെനക്കെട്ട് വായിച്ചിട്ടിപ്പോ എന്തുകിട്ടാനാണ് എന്നൊരു ചോദ്യമുണ്ട്. അതിനുള്ള മറുപടി കുഞ്ഞുണ്ണി മാഷ് പണ്ടേക്കു പണ്ടേ പറഞ്ഞിട്ടുള്ളതാണ്, " വായിച്ചാലും വളരും... വായിച്ചില്ലേലും വളരും... വായിച്ചാൽ വിളയും... വായിച്ചില്ലേൽ വളയും..." എന്ന്.

ഇന്ത്യക്കാരുടെ വായനാശീലങ്ങളെപ്പറ്റി നടന്ന ഒരു  പഠനം പറയുന്നത് പത്തിൽ മൂന്നു കുട്ടികൾക്ക് മാത്രമേ സിലബസിനു പുറത്തുള്ള പുസ്തകങ്ങൾ വായിക്കുന്ന ശീലമുള്ളൂ എന്നാണ്. പല സ്കൂളുകളിലേയും ലൈബ്രേറിയന്മാരുടെ തസ്തികകൾ നികത്തപ്പെടാതെ കിടക്കുന്നു. ലൈബ്രറി പിരീഡുകൾ അധ്യാപകർ അവരുടെ പാഠഭാഗങ്ങള്‍ തീർക്കാൻ വേണ്ടി ചെലവിടുന്നു. മനുഷ്യന്റെ ശരാശരി 'അറ്റെൻഷൻ സ്പാൻ' കഴിഞ്ഞ 2000 -ൽ  12 സെക്കൻഡ്  ആയിരുന്നത് 2015  ആയപ്പോഴേക്കും  എട്ട് സെക്കൻഡ് ആയി ചുരുങ്ങി. നമ്മുടെ ഫിഷ് ടാങ്കിലെ മത്സ്യത്തിന്‍റേതു പോലും ഒമ്പത്  സെക്കൻഡ് ആണെന്നോർക്കണം. നമുക്ക് മണിക്കൂറുകളോളം നേരം ഇരുന്നു പുസ്തകം വായിക്കുന്ന നേരം കൊണ്ട് നെറ്റ് ഫ്ലിക്സിലോ ആമസോൺ പ്രൈമിലോ ഏതെങ്കിലും അമേരിക്കൻ സീരീസിന്റെ രണ്ടോ മൂന്നോ എപ്പിസോഡ് കാണാനാണ് താത്പര്യം. 

വായിച്ചിട്ട് എന്ത് നേടാനാവും എന്നതിനേക്കാൾ കൃത്യമായി ചിലപ്പോൾ കാര്യം മനസ്സിലാവുക എന്തെങ്കിലുമൊക്കെ നേടിയവരുടെ വായന ശീലം എങ്ങനെയായിരുന്നു എന്ന് പറഞ്ഞാലായിരിക്കും .

രണ്ടു മൂന്ന് ഉദാഹരണങ്ങളാവാം. വാറൻ ബഫറ്റ്‌ ഒരു ഇൻവെസ്റ്ററായി പേരെടുക്കുന്നതിനു മുമ്പ് ദിവസവും 500 പേജ് വായിച്ചു തീർക്കുമായിരുന്നു. ബിൽ ഗേറ്റ്സ് വർഷത്തിൽ 50 പുസ്തകങ്ങൾ വീതം വായിക്കുമായിരുന്നു. എലോൺ മസ്ക് ഒരു ദിവസം വായനയ്ക്കായി നീക്കിവെച്ചിരുന്നത്  10  മണിക്കൂർ നേരമായിരുന്നു.  എങ്ങനെയാണ് ഇവർ ഇത് സാധിച്ചിരുന്നത്..? വാറൻ ബഫറ്റ്‌ ഇന്നും തന്റെ ദിവസത്തിന്റെ 80  ശതമാനവും നീക്കിവെക്കുന്നത് വായനയ്ക്കാണ്. അതുകൊണ്ടാവാം, അദ്ദേഹത്തിന്റെ വായനശീലം പോലെ ഇളക്കം തട്ടാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ബാങ്ക് ബാലൻസും. ടോണി റോബിൻസ് എന്ന അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സ് സ്ട്രാറ്റജിസ്റ്റാവട്ടെ സ്പീഡ് റീഡിങ്ങ് എന്ന ടെക്നിക്ക് വശമുള്ള ആളുമായിരുന്നു. തന്റെ ആ പ്രത്യേക സിദ്ധി കൈമുതലാക്കി റോബിൻസ് ഏഴ് വർഷത്തിനുള്ളിൽ വായിച്ചു തീർത്തത് 700  പുസ്തകങ്ങളാണ്. എലോൺ മസ്ക് ആദ്യമായി ഒരു റോക്കറ്റുണ്ടാക്കാൻ പഠിച്ചത് താൻ വായിച്ചുകൂട്ടിയ പുസ്തകങ്ങളിൽ നിന്നുമാണ്. 

തങ്ങളുടെ കരിയറിൽ  വിജയം കൈവരിച്ച 233 പേരുടെ ജീവിതചര്യകളില്‍ ഗവേഷണം നടത്തിയ ടോം കോർലി കണ്ടെത്തിയത്, അവരിൽ 67  ശതമാനം പേരും ഒരു മണിക്കൂറിൽ താഴെ നേരം മാത്രം ടിവി കാണുന്നവരാണ് എന്നാണ്. 

വായന നന്നാക്കാൻ അഞ്ചു മാർഗങ്ങൾ

1. ലൈബ്രറിയിൽ പോവുന്ന ശീലം തിരിച്ചു കൊണ്ടുവരിക : ലൈബ്രറി ഇല്ലാത്ത ഒരു നാടുമില്ല. അധികം പണച്ചെലവില്ലാതെ പുസ്തകങ്ങൾ വായിക്കാൻ ലൈബ്രറിയെക്കാൾ നല്ല ഒരു മാർഗമില്ല.

2. ഒരു ടൈമർ സെറ്റ് ചെയ്യുക: വായിക്കുന്നത് 30  മിനിട്ടാവട്ടെ, മൂന്നു മണിക്കൂറാവട്ടെ, ഒരു ടൈമർ സെറ്റ് ചെയ്‌താൽ വായന കൂടുതൽ ഫലപ്രദമാകും. ആ ഒരു സാധനത്തിന്റെ മാത്രം നിയന്ത്രണത്തിന് മനസിനെ വിട്ടുകൊടുത്തുകൊണ്ട് വായിച്ചാൽ നമുക്ക് കൂടുതൽ ഫലപ്രദമായ വായന സാധ്യമാവും. 

3.  പുസ്തകങ്ങളെ സന്തത സഹചാരികളാക്കുക: നിങ്ങൾ പോവുന്നിടത്തൊക്കെ കയ്യിലോ, ബാഗിലോ ഒരു പുസ്തകം കരുതുക. വായനയെ എപ്പോഴും ഒരു ഓപ്‌ഷനായി കരുതുക. വായന കൂടും.

4. കിടക്കുമ്പോൾ വായന പതിവാക്കുക: നിങ്ങൾ കിടക്കും മുമ്പ് വായിക്കുന്ന പലതും നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. മാത്രവുമല്ല, കിടക്കും മുമ്പുള്ള വായന നിങ്ങളുടെ വായനയും മെച്ചപ്പെടുത്തും. പോരാത്തതിന്, നിത്യവും ഒരേ സമയത്ത് വായിക്കുന്നത് ഒരു ശീലമായാൽ, അത് പാലിക്കാനും എളുപ്പമുണ്ട്. 

5. ചുരുങ്ങിയത് മൂന്ന് അധ്യായങ്ങളെങ്കിലും വായിക്കുക: ചില പുസ്തകങ്ങൾ വായനയിൽ വല്ലാത്ത ഒരു ബുദ്ധിമുട്ട് അനുഭവിപ്പിക്കാം. എന്നാലും മൂന്നധ്യായങ്ങളെങ്കിലും വായിക്കാതെ കീഴടങ്ങരുത്.