എക്‌സിൽ (ട്വിറ്ററിൽ) അദിതി സൂര്യവംശിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'മനുഷ്യർക്ക് സമാധാനം കണ്ടെത്താൻ കഴിയാത്തിടത്ത് മൃഗങ്ങൾ സമാധാനം കണ്ടെത്തുന്ന കാഴ്ച' എന്ന കുറിപ്പോടെ ആയിരുന്നു വീഡിയോ പങ്കുവെച്ചത്.
പൂച്ചയും എലിയും ശത്രുക്കൾ ആണെന്നാണ് പൊതുവിൽ പറയാറ്. എന്നാൽ ഇതാ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് തങ്ങൾക്കെതിരെ പരദൂഷണം പറഞ്ഞവരെ അത്ഭുതപ്പെടുത്തുകയാണ് ഇവിടെ ഏതാനും പൂച്ചകളും ഒരു എലിയും. ബോംബെ ഹൈക്കോടതിക്ക് സമീപത്തെ ഒരു തെരുവിലാണ് പൂച്ചകളും എലിയും ഒരുമിച്ച് ഭക്ഷണം കഴിച്ച് സഹവർത്തിത്വത്തിന്റെ പുതിയൊരു കാഴ്ച സമ്മാനിച്ചത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയിൽ തെരുവിൽ ആളുകൾ ഉപേക്ഷിച്ച ഭക്ഷണമാണ് പൂച്ചകളും എലിയും ചേർന്ന് യാതൊരു കലഹവും ഇല്ലാതെ ഒത്തൊരുമയോടെ കഴിക്കുന്നത്. സാധാരണയായി, എലിയും പൂച്ചയും ജീവിതകാലം മുഴുവൻ ശത്രുക്കളാണെന്നും എപ്പോഴും പരസ്പരം പോരാടുമെന്നുമുള്ള നമ്മുടെ സങ്കൽപ്പത്തിന് നേർവിപരീതമാണ് ഈ കാഴ്ച.
എക്‌സിൽ (ട്വിറ്ററിൽ) അദിതി സൂര്യവംശിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'മനുഷ്യർക്ക് സമാധാനം കണ്ടെത്താൻ കഴിയാത്തിടത്ത് മൃഗങ്ങൾ സമാധാനം കണ്ടെത്തുന്ന കാഴ്ച' എന്ന കുറിപ്പോടെ ആയിരുന്നു വീഡിയോ പങ്കുവെച്ചത്. വീഡിയോയോടൊപ്പം ചേർത്ത അദ്ദേഹത്തിൻറെ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്, 'ഇന്നലെ വൈകുന്നേരം ബോംബെ ഹൈക്കോടതിക്ക് പുറത്ത്, ഞാൻ ഒരു അസാമാന്യമായ കാഴ്ച കണ്ടു. പൂച്ചകളും എലികളും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഭയമില്ല, വഴക്കില്ല. സഹവർത്തിത്വം മാത്രം. നമ്മൾ മനുഷ്യർ വിഭജിക്കാൻ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുമ്പോൾ, മൃഗങ്ങൾ സമാധാനം കണ്ടെത്തുന്ന കാഴ്ച വിചിത്രമാണ്.'
വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. പരസ്പരം ഇടിച്ചു വീഴ്ത്താൻ എപ്പോഴും കാരണങ്ങൾ കണ്ടെത്തുന്നവരും എന്നാൽ ഒരുമിച്ചല്ലാതെ പരസ്പരം നിലനിൽക്കാൻ കഴിയാത്തവരുമായ യഥാർത്ഥ ജീവിതത്തിലെ 'ടോം ആൻഡ് ജെറി' ആണ് വീഡിയോയിൽ ഉള്ളത് എന്നായിരുന്നു നിരവധി ആളുകൾ കുറിച്ചത്.


