രാജവെമ്പാലയ്ക്ക് എത്ര വലിപ്പമുണ്ടാകുമെന്നാണ് നിങ്ങൾ കരുതുന്നത് എന്ന കുറിപ്പോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വീഡിയോ പങ്കുവച്ചത്.
18 അടിയുള്ള രാജവെമ്പാലയെ തിരുവനന്തപരുത്ത് നിന്നും പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസം കേരളത്തില്‍ ഏറെ വൈറലായിരുന്നു. അതിന് പിന്നാലെ പടുകൂറ്റനൊരു രാജവെമ്പാലയെ കൈയിലെടുത്ത് നില്‍ക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത് വളരെ വേഗം കാഴ്ചക്കാരെ നേടിയെടുത്തു. യുവാവിന്‍റെ കൈത്തണ്ടയുടെ ഇരട്ടി തടിയുള്ള രാജവെമ്പാലയെ ഏറെ ശ്രമപ്പെട്ടാണ് യുവാവ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തം.
യുവാവിന്‍റെ മുഖത്ത ഭയത്തിന്‍റെ കണിക പോലുമില്ല. എന്നാല്‍ പാമ്പിന്‍റെ ഭാരം കൈയിലുണ്ടാക്കുന്ന അസ്വസ്ഥത അവന്‍റെ മുഖത്ത് വ്യക്തമാണ്. വീഡിയോ തുടങ്ങുമ്പോൾ യുവാവിന്‍റെ കാലിനോട് ചേര്‍ന്ന് മുകളിക്ക് ഉയർന്നു നില്‍ക്കുന്ന പാമ്പിനെ കാണാം. യുവാവിന്‍റെ കണങ്കാലിനെക്കാൾ വണ്ണം പാമ്പിനുണ്ടെന്ന് വീഡിയോയില്‍ വ്യക്തം. ക്യാമറ മുകളിലേക്ക് പോകുമ്പോൾ ഒരു യുവാവ് തന്‍റെ ഇരുകൈകൾ കൊണ്ടും ശരീരം കൊണ്ടും ഭാരം താങ്ങി ഒരു കൂറ്റന്‍ രാജവെമ്പാലയെ കൈയിലെടുത്ത് നില്‍ക്കുന്നത് കാണാം.
ആരുടെയും ഉള്ളില്‍ ഒരു ഉൾക്കിടിലമുണ്ടാക്കാന്‍ പര്യാപ്തമായ ഒരു വീഡിയോയായിരുന്നു അത്. പാമ്പിന്‍റെ ദംശനം വേണ്ട വിഷം തീണ്ടാന്‍ എന്ന് പോലും കാഴ്ചക്കാരന് തോന്നിപ്പോകും. 'രാജവെമ്പാലയുടെ യഥാർത്ഥ വലിപ്പത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയിൽ എവിടെയാണ് ഇത് കാണപ്പെടുന്നതെന്ന് നിങ്ങൾക്കറിയാമോ? ഒന്ന് കണ്ടാൽ എന്തുചെയ്യണം" എന്ന കുറിപ്പോടെയാണ് പ്രവീണ്‍ വീഡിയോ പങ്കുവച്ചത്. പാമ്പിന്‍റെ തനിസ്വരൂപം കണ്ട കാഴ്ചക്കാര്‍ ഭയന്ന് പോയെന്ന് കുറിപ്പുകളില്‍ നിന്ന് വ്യക്തം. അനാക്കോണ്ടയോളം വലിപ്പമുള്ള രാജവെമ്പാല എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.


