അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യൻ ദമ്പതികൾക്ക് അയൽക്കാരിയായ അമേരിക്കൻ സ്ത്രീ വികാരനിർഭരമായ യാത്രയയപ്പ് നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദമ്പതികളെ കെട്ടിപ്പിടിച്ച് നിയന്ത്രിക്കാനാകാതെ കരയുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ, രാജ്യങ്ങളും സംസ്കാരങ്ങളും അതിരുകളാകാത്ത സൗഹൃദത്തിന്‍റെ മനോഹരമായ ഉദാഹരണമായി മാറി.

തിർത്തികളും നിയമങ്ങളും ഭരണകൂടങ്ങൾക്ക് വേണ്ടിയാണ്. പലപ്പോഴും സാധാരണക്കാരായ മനുഷ്യരെ സംബന്ധിച്ച് ഇത്തരം അതിർത്തികളും നിയമങ്ങളും ഒരു അതികപ്പറ്റായി തോന്നുന്ന സന്ദർഭങ്ങൾ നിരവധിയാണ്. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിൽ നിന്ന് ജന്മനാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ ദമ്പതികൾക്ക് വികാരനിർഭരമായ യാത്രയയപ്പ് നൽകുന്നതിനിടെ യുഎസ് സ്ത്രീ വികാരഭരിതയായി വിടപറയുന്ന ദൃശ്യങ്ങളായിരുന്നു അത്. അയൽക്കാരെ ആലിംഗനം ചെയ്ത് വിടപറയുന്നതിനിടെ സ്ത്രീ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അന്യദേശക്കാരായിട്ടും ഏറെ നാളായി അയൽക്കാരായ കുടുംബങ്ങൾ തമ്മിൽ രൂപപ്പെട്ട ആത്മബന്ധമാണ് വീഡിയോയിലൂടെ ശ്രദ്ധേയമാകുന്നത്.

പൊട്ടിക്കരഞ്ഞ് അയൽക്കാരി

വിജയ് കൊക്കേരഗദ്ദയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. താനും ഭാര്യയും ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി ഡെട്രോയിറ്റ് വിമാനത്താവളത്തിലേക്ക് പോകുന്ന ദിവസമാണ് സംഭവം നടന്നതെന്ന് വിജയ് സമൂഹ മാധ്യമത്തിലെഴുതി. വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കാനൊരുങ്ങുന്നതിനിടെയാണ് അയൽക്കാരിയായ അമേരിക്കൻ സ്ത്രീ ഇരുവരുടെയും അടുത്തേക്ക് എത്തിയത്. ദമ്പതികളെ കണ്ടയുടൻ അവർ, ദമ്പതികളെ ചേർത്തുപിടിച്ചു. പിന്നാലെ നിയന്ത്രിക്കാനാകാതെ കണ്ണീർ ഒഴുകുന്നതിനിടെ ഏറെ നേരം അവൾ ഇരുവരെയും കെട്ടിപ്പിടിച്ചുനിന്നു. അതേസമയം പുഞ്ചിരിയോടെ ദമ്പതികൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീണ്ടും കാണാൻ കഴിയട്ടെ!

ഈ യാത്രയയപ്പ് മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ലെന്നും വീഡിയോ ചിത്രീകരിക്കുന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും വിജയ് എഴുതുന്നു. ഒരു സുഹൃത്താണ് വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് പറയാതെ ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് അദ്ദേഹം വീഡിയോ തങ്ങൾക്ക് കൈമാറുകയായിരുന്നു. കുറിപ്പിൽ അയൽക്കാരിയായ സ്ത്രീയെ വീണ്ടും കാണാൻ കഴിയുമെന്ന പ്രതീക്ഷ വിജയ് പങ്കുവച്ചു. ജീവിതത്തിൽ രൂപപ്പെട്ട യഥാർഥ സ്നേഹബന്ധത്തിന്‍റെ തെളിവാണ് ഈ ദൃശ്യങ്ങളെന്നും അദ്ദേഹം വൈകാരികമായി എഴുതി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളിലൂടെ പ്രതികരിച്ചത്. രാജ്യങ്ങളും സംസ്കാരങ്ങളും അതിരുകളാകാത്ത സൗഹൃദത്തിന്‍റെ മനോഹരമായ ഉദാഹരണമാണ് ഇതെന്ന് പലരും അഭിപ്രായപ്പെട്ടു. അയൽബന്ധങ്ങൾ എത്ര ആഴത്തിലുള്ള മനുഷ്യബന്ധങ്ങളായി മാറാമെന്നതിന്‍റെ ഹൃദയസ്പർശിയായ ഓർമപ്പെടുത്തലായാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഈ യാത്രയയപ്പ് വീഡിയോയെ വിശേഷിപ്പിക്കുന്നത്.