Asianet News MalayalamAsianet News Malayalam

നടപ്പാതയിൽ അസ്ഥികൂടം; 200 വർഷങ്ങൾക്ക് മുമ്പ് കപ്പൽ തകർന്ന് മരിച്ച നാവികന്റേതെന്ന് കണ്ടെത്തൽ

വിദ​ഗ്ധരുടെ അഭിപ്രായത്തിൽ ഇതിന് 200 വർഷമെങ്കിലും പഴക്കം ഉണ്ടാകുമെന്നും ഇയാൾ കപ്പൽ തകർന്ന് മരിച്ചതായിരിക്കണം എന്നും പറയുന്നു.

remains found could be 200 year old shipwrecked sailor
Author
First Published Dec 1, 2022, 3:32 PM IST

കോൺവാളിലെ തീരദേശ പാതയിൽ കണ്ടെത്തിയ മൃതദേഹം 200 വർഷങ്ങൾക്ക് മുമ്പ് മരിച്ച നാവികന്റേത് ആണെന്ന് കണ്ടെത്തൽ. വടക്കൻ കോർണിഷ് തീരത്തെ നടപ്പാതയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ഈ അവശിഷ്ടങ്ങൾ പതിനെട്ടാം നൂറ്റാണ്ടിലോ പത്തൊമ്പതാം നൂറ്റാണ്ടിലോ കപ്പൽ തകർന്നപ്പോൾ കൊല്ലപ്പെട്ട നാവികന്റേതാവാം എന്നാണ് വിദ​ഗ്ദ്ധർ നടത്തിയ പ്രാഥമിക പരിശോധനയുടെ കണ്ടെത്തൽ. 

അസ്ഥികൂടം കണ്ടെത്തിയ ആൾ അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നാലെ, പൊലീസും ഫോറൻ‌സിക് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി. അസ്ഥികൂടത്തിന്റെ പഴക്കം കണക്കിലെടുത്ത് അവരത് കോൺവാൾ കൗൺസിലിന് കൈമാറി. കോൺവാൾ ആർക്കിയോളജിക്കൽ യൂണിറ്റിലെ ഒരു അസ്ഥി വിദഗ്ധനാണ് കൂടുതൽ പഠനം നടത്താനായി അസ്ഥികൂടം വേർതിരിച്ചത്. 

വിദ​ഗ്ധരുടെ അഭിപ്രായത്തിൽ ഇതിന് 200 വർഷമെങ്കിലും പഴക്കം ഉണ്ടാകുമെന്നും ഇയാൾ കപ്പൽ തകർന്ന് മരിച്ചതായിരിക്കണം എന്നും പറയുന്നു. കൗൺസിലിന്റെ റൂറൽ ഹിസ്റ്റോറിക് എൻവയോൺമെന്റ് ടീമിൽ നിന്നുള്ള ആൻ റെയ്നോൾഡ്സ് പറയുന്നത്, സ്മാരകങ്ങൾക്കും ട്രിബ്യൂട്ടുകൾക്കും പ്രശസ്തമായ ഒരിടത്ത് നിന്നുമാണ് ഈ അസ്ഥികൂടം കണ്ടെത്തിയത് എന്നും എളുപ്പത്തിൽ കാണാവുന്ന ഇടത്തായിരുന്നു അത് ഉണ്ടായിരുന്നത് എന്നുമാണ്. 

പരിശോധനയിൽ നിന്നും അസ്ഥികൂടം മുതിർന്ന ഒരാളുടേതാണ് എന്ന് വ്യക്തമായി. അസ്ഥികൾ കൂടുതൽ പരിശോധിച്ചതിൽ നിന്നും കൂടുതൽ അധ്വാനമുള്ള ജോലി ചെയ്യുന്ന ഒരാളുടേതായിരിക്കണം മൃതദേഹം എന്ന് കണ്ടെത്തി. കൂടാതെ, ഇത് കണ്ടെത്തിയ സ്ഥലം വച്ച് നോക്കുമ്പോൾ കപ്പൽ തകർന്ന് കൊല്ലപ്പെട്ട ഒരു നാവികനായിരിക്കണം ഇത് എന്ന നി​ഗമനത്തിൽ എത്തുകയായിരുന്നു എന്നും റെയ്‍നോൾഡ്സ് പറഞ്ഞു. 

വീണ്ടും അടക്കുന്നതിന് മുമ്പ് തന്നെ ഇയാളെ കുറിച്ച് പറ്റാവുന്ന എല്ലാ വിവരങ്ങളും ശേഖരിക്കും എന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios