ലിമ: പെറുവിന്‍റെ വടക്കന്‍ തീരത്തുനിന്ന് ബലിയര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്‍തു ഗവേഷകര്‍ കണ്ടെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലബലിയായിരുന്നിരിക്കാം ഇതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. 12 മുതല്‍ 15 -ാം നൂറ്റാണ്ടുവരെ പെറുവിന്‍റെ വടക്കന്‍ തീരത്ത് നിലനിന്നിരുന്ന ചിമു നാഗരിക കാലത്ത് ബലിയര്‍പ്പിക്കപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 

''ബലിയർപ്പിച്ച കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ ഏറ്റവുമധികം കണ്ടെത്തിയത് ഇവിടെനിന്നാണ്...'' ചീഫ് ആർക്കിയോളജിസ്റ്റ് ഫെറൻ കാസ്റ്റിലോ AFP -യോട് പറഞ്ഞു. നാല് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളാണ് ചിമു നാഗരികകാലത്ത് ദൈവ പ്രീതിക്കായി ബലിയര്‍പ്പിക്കപ്പെട്ടിരുന്നത് എന്നും കാസ്റ്റിലോ പറയുന്നു.

 

തീരദേശ വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ നടത്തിയ ഖനനത്തിലാണ് ഈ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. പെറുവിന്‍റെ തലസ്ഥാന നഗരമായ ലിമയുടെ വടക്കായി സ്ഥിതി ചെയ്യുന്ന നഗരമാണ് ഹുവാന്‍ചാകോ. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളേയും അതുണ്ടാക്കുന്ന അപകടങ്ങളേയും ചെറുക്കാനായിരുന്നു കുട്ടികളെ ബലിനല്‍കിയിരുന്നതെന്നും പറയപ്പെടുന്നു. ഇനിയും ഖനനം നടത്തിയാല്‍ ഇനിയും കുട്ടികളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. കടലിന് അഭിമുഖമായി കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. 

1200 -നും 1400 -നും ഇടയില്‍, ചിമു സംസ്കാര കാലഘട്ടത്തിൽ നിരവധി ബാലബലി നടന്ന സ്ഥലമായിരുന്നു ഹുവാൻ‌ചാക്കോ. നഗരത്തിലെ പാംപ ലാ ക്രൂസ് പരിസരത്തുനിന്ന് പുരാവസ്തു ഗവേഷകർ നടത്തിയ പരിശോധനയിലാണ് ആദ്യമായി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. 2018 ജൂണിലായിരുന്നു ഇത്. അന്ന്, 56 അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ഹുവാൻ‌ചാക്കോ -യില്‍ നിന്നും അധികം ദൂരമില്ലാത്ത സ്ഥലമാണ് പാംപ ലാ ക്രൂസ്

ചിമു നാഗരികത പെറുവിയൻ തീരത്തുനിന്നും ഇക്വഡോറിലേക്കും വ്യാപിച്ചുവെങ്കിലും 1475 -ൽ ഇങ്കാ സാമ്രാജ്യം കീഴടക്കിയതിനുശേഷം ഇല്ലാതായിത്തീരുകയായിരുന്നു.