അവകാശ പോരാട്ടങ്ങൾ സജീവമാക്കാനും അവകാശങ്ങളെ പറ്റി പാർശ്വവല്കൃത സമൂഹങ്ങളെ ബോധവൽക്കരിക്കാനുമാണ് 'അജയ് റൈറ്റ്സ്' എന്ന പേരിൽ ഒരു എൻ ജി ഒ തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിക്കുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ ബാക്കുവിൽ യുഎൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസ് നടക്കുന്നു. 'ഗ്ലോബൽ അലയൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്മ്യൂണിറ്റീസ്' എന്ന സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് ഗ്ലോബൽ കൺവീനർ വി ബി അജയകുമാർ എന്ന അജയൻ. ശുചീകരണ തൊഴിലാളികൾക്ക് വേണ്ടിയാണ് അജയന്റെ പ്രസംഗം. ചരിത്രാതീത കാലം മുതൽ ശുചീകരണ തൊഴിലാളികൾ നേരിടുന്ന വിവേചനവും സുരക്ഷ എന്ന സങ്കൽപം പോലുമില്ലാത്ത ജോലിസാഹചര്യവും കൃത്യമായി പറഞ്ഞ്, ഇവരോട് രാഷ്ട്രങ്ങളും കോർപറേറ്റുകളും മാപ്പ് പറയുകയല്ലേ ആദ്യം വേണ്ടത് എന്ന ചോദ്യം ഉയർത്തി അജയ്. അതുകൊണ്ടു പരിഹാരം ആവില്ലല്ലോ? അതിനായി തലമുറകൾ പിന്നോട്ടുള്ള ദ്രോഹത്തിന് നഷ്ടപരിഹാരം നൽകണമല്ലോ എന്നും പറഞ്ഞുവച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ വികസിത രാജ്യങ്ങൾ ഇപ്പോൾ നൽകാൻ തയാറാകുന്ന നഷ്ടപരിഹാരം മുൻകാല പ്രാബല്യത്തോടെ വേണമെന്ന അജയന്റെ പ്രസംഗം മറ്റു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സാകൂതം കേട്ടിരുന്നുവെന്ന് ആ കോൺഫറൻസിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തകൻ ജിനു സാം ജേക്കബ് ഓർക്കുന്നു.
പിന്നാലെ 40 രാജ്യങ്ങളുടെ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ അജയന് ക്ഷണം ലഭിക്കുന്നു. അവിടെയും ഈ വാദം അദ്ദേഹം കൃത്യമായി ഉന്നയിക്കുന്നു. നാലഞ്ച് വർഷം മുൻപ് ശശി തരൂർ ഓക്സ്ഫഡിൽ നടത്തിയ പ്രസംഗത്തിന്റെ ഓർമ ഉണർത്തുന്ന ഒന്നായിരുന്നു അത്. ചരിത്രത്തിലെ ദ്രോഹങ്ങൾ കണക്കിലെടുത്ത് ബ്രിട്ടൻ ഇന്ത്യക്ക് നഷ്ടപരിഹാരം നൽകണമെന്ന് തരൂർ വാദിച്ചപോലെയായിരുന്നു ശുചീകരണ തൊഴിലാളികളോട് മുൻ തലമുറകൾ ചെയ്ത ദ്രോഹത്തിന് നഷ്ടപരിഹാരം നൽകി വേണം പുതിയ പദ്ധതികളിലേക്ക് കടക്കേണ്ടതെന്ന അജയന്റെ സുചിന്തിത വാദം. ഇന്ന് പുലർച്ചെ, ജീവിതത്തോടുള്ള പോരാട്ടം അവസാനിപ്പിച്ച് നാല്പത്തി എട്ടാം വയസിൽ അജയൻ മടങ്ങിയപ്പോൾ നമുക്ക് നഷ്ടമായത് സങ്കീർണ വിഷയങ്ങൾക്ക് തെളിമയും ആർജവവുമുള്ള പരിപ്രേക്ഷ്യം നല്കാൻ കഴിഞ്ഞിരുന്ന ഒരു യഥാർത്ഥ ചിന്തകനെയാണ്.

മനുഷ്യാവകാശം, വിദ്യാഭ്യാസ അവകാശം, ഭൂ പ്രശ്നം, പരിസ്ഥിതി പ്രശ്നങ്ങൾ, തൊഴിലാളി അവകാശം, ലിംഗനീതി, കാലാവസ്ഥ വ്യതിയാനം എന്നിങ്ങനെ അരികുവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിന് അടിസ്ഥാനപരമായി മാറ്റം കൊണ്ടുവരേണ്ട മേഖലകൾ എല്ലാം അജയകുമാറിന്റെ പ്രിയ ഇടങ്ങൾ ആയിരുന്നു. കഴിഞ്ഞ 25 വർഷങ്ങളിൽ അധികമായി ദളിത്, ആദിവാസി, തൊഴിലാളി സമൂഹങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് നയരൂപീകരണ പ്രക്രിയയിൽ ഇടപെട്ടും സർക്കാരുകളോട് കലഹിച്ചുമൊക്കെ ആ രാഷ്ട്രീയം സജീവമായി മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു അജയൻ.
വിദ്യാർത്ഥിരാഷ്ട്രീയത്തിലൂടെയാണ് അജയകുമാർ പൊതുപ്രവർത്തന രംഗത്തേക്ക് എത്തുന്നത്. 90 -കളുടെ രണ്ടാം പകുതിയിൽ തൃശൂർ കേരള വർമ്മ കോളജിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്നു എ ഐ എസ് എഫ് പ്രവർത്തകനായിരുന്ന അജയൻ. പക്ഷെ, സംഘടനയുടെ ചില രീതികളോടൊക്കെ പൊരുത്തപ്പെടാതെ വന്നപ്പോൾ രാഷ്ട്രീയത്തിൽ നിന്ന് തന്നെ പിന്മാറി. അന്നത്തെ സഖാക്കൾ പാർട്ടിയിലും സർക്കാരിലും പിന്നീട് നിർണായക റോളുകളിൽ എത്തിയപ്പോൾ അവകാശ പോരാട്ടങ്ങൾക്ക് അവരുടെ പിന്തുണ ഉറപ്പിക്കാൻ അജയനായി. വി എസ് സുനിൽകുമാറും രാജാജി മാത്യു തോമസും ഒക്കെ ആ പോരാട്ടങ്ങൾക്ക് താങ്ങായവർ ആണ്. സുനിലിന്റെയൊക്കെ സഹായത്താൽ പല പ്രധാന വിഷയങ്ങളും പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്റെ ശ്രദ്ധയിൽപ്പെടുത്താനും അദ്ദേഹത്തിനായി.
രാഷ്ട്രീയം ഉപേക്ഷിച്ച അജയൻ മേധാ പട്കർ നയിച്ച 'നർമദാ ബചാവോ ആന്ദോളനി'ൽ സജീവമായി. പീപ്പിൾസ് വാച്ചിലും വേൾഡ് സോഷ്യൽ ഫോറത്തിലും പ്രവർത്തിച്ചു. അന്ന് അജയനോടൊപ്പം പ്രവർത്തിച്ചവർ മിക്കവാറും പിന്നാലെ ജനീവയിൽ യു എൻ ഏജൻസികളിൽ ഉദ്യോഗം കണ്ടെത്തി. എന്നാൽ കേരളത്തിൽ പ്രവർത്തിക്കണം എന്ന നിർബന്ധം ഒന്നുകൊണ്ടു മാത്രം അത്തരം ഓഫറുകൾ അജയ് നിരസിച്ചിരുന്നുവെന്നു സുഹൃത്ത് അനിവർ അരവിന്ദ് ഓർക്കുന്നു. സൈബർ മേഖലയിൽ അവകാശങ്ങൾക്കും തുല്യ അവസരങ്ങൾക്കുമായി പ്രവർത്തിക്കുന്ന അനിവറിന്റെ പല പോരാട്ടങ്ങൾക്കും കരുത്തായി പിന്നണിയിൽ അജയ് ഉണ്ടായിരുന്നു.
അവകാശ പോരാട്ടങ്ങൾ സജീവമാക്കാനും അവകാശങ്ങളെ പറ്റി പാർശ്വവല്കൃത സമൂഹങ്ങളെ ബോധവൽക്കരിക്കാനുമാണ് 'അജയ് റൈറ്റ്സ്' എന്ന പേരിൽ ഒരു എൻ ജി ഒ തിരുവനന്തപുരം കേന്ദ്രമാക്കി സ്ഥാപിക്കുന്നത്. കസ്റ്റഡി മർദ്ദനങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി വിശാലമായ പ്രചാരണം റൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. പലപ്പോഴും കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുന്നതും മരിക്കുന്നതും ദളിതരും അരികുവൽക്കരിക്കപ്പെട്ട തൊഴിലാളികളുമാണെന്ന് കണക്കുകൾ നിരത്തി റൈറ്റ്സ് സമർത്ഥിച്ചു. പിന്നീട് വിദ്യാഭ്യാസ അവകാശ നിയമത്തിനും ബാലാവകാശ നിയമത്തിനും ഒക്കെ കരുത്താവുന്ന രീതിയിൽ ക്രിയാത്‌മകമായ ഇടപെടലുകൾ അജയകുമാറും റൈറ്റ്‌സും നടത്തിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന ബജറ്റുകളിൽ എല്ലാ വർഷവും പദ്ധതി വിഹിതമായി പട്ടികജാതി, പട്ടിക വർഗ സംരക്ഷണത്തിനായി നീക്കിവയ്ക്കുന്ന കോടികൾക്ക് എന്ത് സംഭവിക്കുന്നു എന്ന അന്വേഷണമാണ് ബജറ്റ് വിഹിതം ഇഴകീറി മുറിച്ച് വിമർശനാത്മകമായി സമീപിക്കുന്ന ബജറ്റ് വിശകലനം ആരംഭിക്കാൻ അജയനെ പ്രേരിപ്പിച്ചത്. എല്ലാ വർഷവും കൃത്യമായി നടക്കുന്ന ഒരു പ്രക്രിയയി ഇത് മാറി. ശരിക്കും ഗുണഭോക്താക്കൾക്ക് വേണ്ട പദ്ധതികൾ എന്താണെന്നും സർക്കാർ അടിച്ചേൽപ്പിക്കുന്ന പദ്ധതികൾ എന്തൊക്കെയെന്നും നിർവഹണത്തിൽ നടക്കുന്ന അഴിമതി എന്താണെന്നുമൊക്കെ വിശദീകരിക്കുന്ന പ്രക്രിയയി റൈറ്റ്സിന്റെ ബജറ്റ് പഠനം മാറി. ഒരുപക്ഷെ, ഇന്ത്യയിൽ തന്നെ ആദ്യമായി ബജറ്റുകൾക്ക് ഇത്തരമൊരു ശാസ്ത്രീയ വിശകലനം നൽകാൻ ശ്രമിച്ചത് അജയനും സംഘവും ആയിരുന്നിരിക്കും.
പ്രളയത്തിൽ കേരളം മുങ്ങിനിന്ന 2018 -ൽ കേരളം ഒട്ടാകെ പ്രയാണം നടത്തിയ 'കളിപ്പാട്ട വണ്ടി' അജയന്റെ ആശയമായിരുന്നു. വീടുകൾ നഷ്ടപ്പെട്ട്, ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനായി പുതിയതും പഴയതുമായ കളിപ്പാട്ടങ്ങൾ നിറച്ച വണ്ടിയുമായി റൈറ്റ്സ് പ്രവർത്തകർ എത്തി. സമാന്തരമായി തന്നെ ഓൺലൈൻ പഠനത്തിന് വേണ്ട ഫോണും ടാബും ഒക്കെ അരികുവൽക്കരിക്കപ്പെട്ടവർ ജീവിക്കുന്ന ഇടങ്ങളിൽ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി.
'സ്കൂൾ ഇല്ലെങ്കിൽ ഞങ്ങളുടെ കുട്ടികൾ എങ്ങനെ പഠിക്കും? നഗരത്തിലെ മധ്യ വർഗ, ഉപരി വർഗ കുട്ടികളെ വീട്ടിൽ ഇരുത്തി പഠിപ്പിക്കാൻ വീട്ടുകാർക്ക് കഴിയും. ഞങ്ങളുടെ വീടുകളിൽ അതിന് ആരും ഉണ്ടാവില്ലല്ലോ' എന്ന ആശങ്ക ആയിരുന്നു അത്തരം ഇടപെടലുകൾക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 'കൂട് നഷ്ടപ്പെട്ട കുട്ടികളെ തേടി കളിപ്പാട്ടങ്ങൾ നിറച്ച വണ്ടിയുമായി പുറപ്പെട്ടയാൾ' എന്നാണ് കവി എസ്. കലേഷ് ഫേസ്ബുക്കിൽ അജയനെ അനുസ്മരിച്ചിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മനുഷ്യാവകാശ പ്രശ്നമായി മാറുന്നത് തിരിച്ചറിഞ്ഞാണ് രണ്ടു വർഷം മുൻപ് 'ഗ്ലോബൽ അലയൻസ് ഓഫ് ക്ലൈമറ്റ് ഫ്രണ്ട്ലൈൻ കമ്മ്യൂണിറ്റീസ്' എന്ന സംഘടനാ അജയകുമാർ സുഹൃത്തുക്കൾക്ക് ഒപ്പം സ്ഥാപിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്ത രാജ്യാന്തര സമ്മേളനങ്ങളായ cop 26, cop 28 , cop 29 എന്നിവയിൽ അജയൻ പ്രതിനിധി ആയിരുന്നു. കാലാവസ്ഥ വ്യതിയാനം പഠിക്കാനുള്ള യു എൻ സ്പെഷ്യൽ റാപ്പർട്ടയർക്ക് ഒപ്പം ചരിത്രപരമായി അടിച്ചമർത്തപ്പെട്ടവരുടെ കാലാവസ്ഥാ വിഷയങ്ങൾക്ക് പരിഹാരം തേടി പ്രവർത്തിക്കവെ ആണ് അജയന്റെ ആകസ്മിക നിര്യാണം.

