മറ്റുള്ളവരുടെ രോഗവും വയ്യായ്കകളും എന്നും ഉമ്മന്‍ചാണ്ടിയുടെ ഹൃദയം തൊട്ടിരുന്നു. വയ്യാത്ത അവസ്ഥയില്‍ മുന്നിലെത്തുന്നവരെ സഹായിക്കാന്‍ ഒരു നിയമവും ചട്ടവും അദ്ദേഹം നോക്കിയിരുന്നില്ല.
. മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളിലും ചികില്‍സയിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന നേരത്തും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ അദ്ദേഹം ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. അതുതന്നെയാവണം അസമയത്തുള്ള അദ്ദേഹത്തിന്റെ ഈ വിയോഗത്തിന് ഇടയാക്കിയത്.

ഫോട്ടോ: റസാഖ് താഴത്തങ്ങാടി
കുറച്ചു മുമ്പുള്ള കഥയാണ്. ഉമ്മന്‍ ചാണ്ടിയാണ് അന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസിനെ നയിക്കുന്നത്, ടി എന്‍ ജി എന്ന് സ്‌നേഹത്തില്‍ എല്ലാവരാലും വിളിക്കപ്പെടുന്ന ടി എന്‍ ഗോപകുമാര്‍. വ്യക്തിപരമായ ഒരു കാര്യത്തിനായി ടി എന്‍ ജി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണാനെത്തി. അന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ഞാനും ടി എന്‍ ജിയുടെ ഒപ്പമുണ്ടായിരുന്നു.
ആരോഗ്യത്തെ വരിഞ്ഞുമുറുക്കിയ, ഒരു രോഗത്തെ അതിജീവിക്കാനുള്ള കഠിനപോരാട്ടത്തിലായിരുന്നു അന്ന് ടി എന്‍ ജി. ചുരുക്കം ആളുകള്‍ക്ക് മാത്രമേ അസുഖത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അധികമാളുകള്‍ അതറിയുന്നതില്‍ അദ്ദേഹത്തിന് താല്‍പ്പര്യവുമുണ്ടായിരുന്നില്ല. അതിനിടയിലാണ്, ടി എന്‍ ജിയുടെ ഇളയ മകള്‍ കാവേരിയുടെ വിവാഹം വരുന്നത്. രോഗാവശതകള്‍ അതിന് വിലങ്ങുതടിയാവരുതെന്ന് അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു. പതിവില്ലാത്തവിധം, നേരത്തെ തന്നെ ഏറ്റവും സിസ്റ്റമാറ്റിക്കായി അദ്ദേഹം ഒരുക്കങ്ങള്‍ ആരംഭിച്ചു. മൂന്ന് മാസങ്ങള്‍ക്കു മുമ്പേ തന്നെ ക്ഷണിക്കേണ്ടവരുടെ ലിസ്റ്റിട്ടു, ആരെയും വിട്ടുപോവാതെവിവാഹത്തിന് വിളിച്ചു.
ഉമ്മന്‍ ചാണ്ടിയുമായി ടി എന്‍ ഗോപകുമാര്‍ നടത്തിയ അഭിമുഖം

ആ ആവശ്യത്തിനായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. പതിവു പോലെ നല്ല തിരക്ക്. ഞങ്ങള്‍ ഓഫീസ് മുറിയില്‍ എത്തിയതും ഉമ്മന്‍ ചാണ്ടി സര്‍ എഴുന്നേറ്റുവന്ന് ടി എന്‍ ജിയെ സ്വീകരിച്ചു. തൊട്ടടുത്തുള്ള ഒരു സോഫയിലേക്ക് ടി എന്‍ ജിയെ ഇരുത്തി അദ്ദേഹം സമീപമിരുന്നു.
'മോളുടെ കല്യാണമാണ്, ക്ഷണിക്കാന്‍ വന്നതാണ്.'-ചുരുക്കം വാക്കുകളില്‍ ടി എന്‍ ജി തുടങ്ങി.
അതു കേട്ടതും അപ്പുറത്ത് ചെറിയ ചിരി വിടര്‍ന്നു. കുറേ നേരം അദ്ദേഹം ടി എന്‍ ജിയുടെ മുഖത്തേക്ക് നോക്കിനിന്നു. എന്നിട്ട് പതിയെ പറഞ്ഞു, കത്ത് അവിടെ നില്‍ക്കട്ടെ, ആരോഗ്യം എങ്ങനുണ്ട്?
ടി എന്‍ ജി ഒന്ന് അന്തിച്ചുനിന്നു.
ഉമ്മന്‍ ചാണ്ടി ടി എന്‍ ജിയുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.
'കുഴപ്പമില്ല...'-ടി എന്‍ ജി പറഞ്ഞ് ഒഴിയാന്‍ നോക്കി.
'എല്ലാ വിവരങ്ങളും ഗോപന്‍ അറിയാതെ ഞാന്‍ അന്വേഷിക്കുന്നുണ്ട്. നോക്കൂ, ലോകത്ത് ഈ രോഗത്തിന് കിട്ടാവുന്ന ഏറ്റവും നല്ല ചികില്‍സ നമുക്ക് ഉറപ്പാക്കണം. അതിനൊരു തടസ്സവുമില്ലാതെ നമുക്ക് നോക്കാം. ഒരു കാര്യവും പറയാന്‍ മടിക്കരുത്, നമുക്ക് ഏറ്റവും മികച്ച ചികില്‍സ തന്നെ ഉറപ്പാക്കാം.'-കൈകള്‍ മുറുക്കെ പിടിച്ച്, കണ്ണുകളിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു.
ടി എന്‍ ജി ഒന്നും പറഞ്ഞില്ല. അദ്ദേഹം മിണ്ടാതിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി വീണ്ടും ഇടപെട്ടു.
'ഗോപന്‍ ഇതൊന്നും അത്ര ശ്രദ്ധിക്കുന്ന ആളല്ല എന്നറിയാം. ഈ സമയത്ത് അങ്ങനെ ചെയ്യരുത്. നല്ല ശ്രദ്ധ വേണം. ഉഴപ്പരുത്. ഗോപന്റെ ശ്രദ്ധക്കുറവ് ഇതില്‍ ഉണ്ടാവുകയാണെങ്കില്‍, ഞാനിതിന് മുന്‍കൈ എടുക്കട്ടെ?'
'ഇല്ല, കാര്യങ്ങളൊക്കെ മാനേജ് ചെയ്യാവുന്ന അവസ്ഥയാണ്. പ്രശ്‌നമൊന്നുമില്ല.'-ടി എന്‍ ജി വിശദീകരിച്ചു.
'ശരി ഇനി കല്യാണക്കാര്യം.' അദ്ദേഹം പറഞ്ഞു.
ടി എന്‍ ജി കല്യാണത്തിന്റെ ഇന്‍വിറ്റേഷന്‍ കാര്‍ഡ് എടുത്തപ്പോള്‍, പോക്കറ്റില്‍നിന്നും, പ്രശസ്തമായ ആ കുഞ്ഞുഡയറി ഉമ്മന്‍ചാണ്ടി പുറത്തെടുത്തു. എന്നിട്ട് ഡേറ്റ് നോക്കി കുനുകുനാ അക്ഷരത്തില്‍ അത് എഴുതിവെച്ചു.
അതിനുശേഷം, അദ്ദേഹം പറഞ്ഞു: ആ ദിവസം ഞാന്‍ സ്ഥലത്തുണ്ടാവില്ല. പക്ഷേ, തലേ ദിവസം ഉറപ്പായും വരാം.'
ഇറങ്ങാന്‍ നോക്കിയപ്പോള്‍, അദ്ദേഹം എന്നെ നോക്കി. എന്നിട്ട് പറഞ്ഞു: 'സുരേഷ്, ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഫോളോഅപ്പ് ചെയ്യണം.'
'ചെയ്യാം ..'ഞാന്‍ മറുപടി പറഞ്ഞു.
ഏകദേശം 20 മിനിറ്റോളം അവിടെ ഇരുന്ന ശേഷം ഇറങ്ങുമ്പോള്‍ മുഖ്യമന്ത്രി കൂടെവന്നു. അദ്ദേഹം മുറിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങി. എന്നിട്ട്, വീണ്ടുമദ്ദേഹം ചികില്‍സയുടെ കാര്യം പറഞ്ഞു. 'വീണ്ടും ചോദിക്കുകയാണ്, എന്താവശ്യമുണ്ടെങ്കിലും എന്നെവിളിക്കണം. ഇത് ഞങ്ങളുടെ കൂടെ ആവശ്യമാണ്.'
'ഹേയ് അതൊന്നും വേണ്ട. ഇത് മാനേജ് ചെയ്യാനാവും'-ടി എന്‍ ജി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ശേഷം, ടി എന്‍ ജിയെ ലിഫ്റ്റില്‍ കയറ്റിയ ശേഷം, അദ്ദേഹം തിരിച്ചു നടന്നു.
'രോഗത്തിന്റെ കാര്യമൊക്കെ എങ്ങനെയാണ് ഉമ്മന്‍ ചാണ്ടി അറിഞ്ഞത്?'-മടങ്ങുമ്പോള്‍ ടി എന്‍ ജി ചോദിച്ചു.
'അദ്ദേഹം ആരോടെങ്കിലും അന്വേഷിക്കുന്നുണ്ടാവണം.'-ഞാന്‍ മറുപടി പറഞ്ഞു.

വേറിട്ട രാഷ്ട്രീയ നേതാവ്
രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഞാനീ സംഭവം ഓര്‍ത്തത്.
ഒന്ന്, മറ്റുള്ളവരുടെ രോഗ, ചികില്‍സാ കാര്യങ്ങളില്‍ അതിയായ ശ്രദ്ധ പുലര്‍ത്തിയ ഉമ്മന്‍ ചാണ്ടി സ്വന്തം ആരോഗ്യകാര്യത്തില്‍ പുലര്‍ത്തിയ അശ്രദ്ധ. മറ്റുള്ളവരുടെ രോഗവും വയ്യായ്കകളും എന്നും ഉമ്മന്‍ചാണ്ടിയുടെ ഹൃദയം തൊട്ടിരുന്നു. വയ്യാത്ത അവസ്ഥയില്‍ മുന്നിലെത്തുന്നവരെ സഹായിക്കാന്‍ ഒരു നിയമവും ചട്ടവും അദ്ദേഹം നോക്കിയിരുന്നില്ല. രോഗവിവശതകളില്‍ പൊള്ളിപ്പിടയുന്നവരുടെ ചികില്‍സയ്ക്കായി തനിക്ക് കഴിയാവുന്നതെന്തും അദ്ദേഹം ചെയ്തു. രോഗികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാന്‍ ഒരു മടിയും കാണിക്കാതിരുന്ന അദ്ദേഹം അതിന്റെ പേരില്‍ ഏറെ പഴി കേട്ടിരുന്നു. സാധാരണക്കാര്‍ക്കു മാത്രമല്ല, എല്ലാ തലത്തിലുള്ളവര്‍ക്കും അദ്ദേഹത്തിന്റെ പരിണഗണനയും ശ്രദ്ധയും ലഭിച്ചിരുന്നു.
എന്നാല്‍, സ്വന്തം കാര്യത്തില്‍ ഈ ശ്രദ്ധ അദ്ദേഹം പുലര്‍ത്തിയിരുന്നോ? ഇല്ല എന്നാണ് മനസ്സിലാവുന്നത്. മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളിലും ചികില്‍സയിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന നേരത്തും സ്വന്തം ആരോഗ്യകാര്യങ്ങളില്‍ അദ്ദേഹം ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. അതുതന്നെയാവണം അസമയത്തുള്ള അദ്ദേഹത്തിന്റെ ഈ വിയോഗത്തിന് ഇടയാക്കിയത്. ടി എന്‍ ജിയോട്, 'നിങ്ങള്‍ ചികില്‍സാ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം' എന്നു പറഞ്ഞ, മറ്റനേകം പേരുടെ ചികില്‍സകള്‍ക്ക് മുന്‍കൈ എടുത്ത ഉമ്മന്‍ ചാണ്ടി സ്വന്തം കാര്യത്തിലും ആ ശ്രദ്ധ പുലര്‍ത്തിയിരുന്നുവെങ്കില്‍, ഇതുപോലൊരു രോഗത്തിന്റെ പേരില്‍, ഇത്രവഗത്തില്‍ ഒരു മടക്കയാത്ര ഉണ്ടാവില്ലായിരുന്നു എന്നാണ് എന്റെ വിശ്വാസം.
രണ്ട്, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വിമര്‍ശിക്കുന്നതില്‍ ഒരു മയവും കാട്ടാതിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ നയിച്ച ടി എന്‍ ജിയോട് അദ്ദേഹം വ്യക്തിപരമായി പുലര്‍ത്തിയ സ്‌നേഹവും പരിഗണനയും. വിയോജിപ്പുകളെ സഹിഷ്ണുതയോടെ കണ്ട നേതാവായിരുന്നു അദ്ദേഹം.
ടി എന്‍ ജിയുടെ നിര്യാണത്തില്‍ അനുശോചനം പ്രകടിപ്പിച്ച് സംസാരിക്കുന്ന ഉമ്മന്‍ ചാണ്ടി

