Asianet News MalayalamAsianet News Malayalam

സമാധി ദിനത്തിൽ ശ്രീനാരായണ ഗുരുവിനെ ഓർക്കുമ്പോൾ

മരണാനന്തരം ഗുരുവിന്റെ ദേഹം എന്ത് ചെയ്യണം എന്ന് ഗുരുവിനോട് ശിഷ്യർ  ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ മറുപടി, "ചക്കിലാട്ടി തെങ്ങിന്റെ മൂട്ടിൽ ഇടുക" എന്നായിരുന്നു. 

remembering sree narayana  guru on his samadhi day
Author
Chempazhanthy, First Published Sep 21, 2021, 10:50 AM IST

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ തിരുവിതാംകൂറിൽ യുഗപ്രഭാവനായ ഒരു സന്യാസി ജീവിച്ചിരുന്നു. നാട്ടിൽ നടമാടിയിരുന്ന ജാതി വിവേചനങ്ങളിലും ചൂഷണങ്ങളിലും മനംനൊന്ത് അദ്ദേഹം അതിനെയെല്ലാം പൊളിച്ചടുക്കാൻ വേണ്ടി തുനിഞ്ഞിറങ്ങുന്നു. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്നുറക്കെ ഉദ്ഘോഷിച്ചുകൊണ്ട് കേരളത്തിന്റെ തെക്കുവടക്ക് നിരന്തരം ചുറ്റി നടന്ന് അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ ഈ ഭൂമികയിൽ സാംസ്കാരികവും സാമൂഹികവുമായ വലിയൊരു നവോത്ഥാനത്തിന് തന്നെ കാരണമാവുന്നു. അന്നോളം സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞിരുന്നവരെ അദ്ദേഹം അതിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നു. അദ്ദേഹത്തിന്റെ വാക്കുകളാൽ സ്വാധീനിക്കപ്പെട്ട കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും സഹാനുഭൂതി കലർന്ന ഒരു  വിശ്വാസത്തിന്റെ തണലിലേക്ക് ആനയിക്കപ്പെടുന്നു. കേരളത്തിന്റെ തലവര തന്നെ മാറ്റിവരച്ച ആ ചരിത്രപുരുഷന്റെ പേര് ശ്രീനാരായണ ഗുരു എന്നാണ്. മഹാനായ ഈ ദാർശനികൻ മണ്മറഞ്ഞിട്ട് 93 സംവത്സരങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുന്ന ഈ അവസരത്തിൽ,  കേരളഭൂമിയുടെ സാമുദായിക സാഹചര്യം വീണ്ടും ആരെയും ആശങ്കയിലാഴ്ത്തും വിധം വഷളായിരിക്കുകയാണ്. വിവിധ ജാതിമതങ്ങളിലുള്ളവർ മറ്റു വിഭാഗക്കാർക്ക് നേരെ മുമ്പൊന്നും ഇല്ലാതിരുന്ന വിധത്തിലുള്ള വിദ്വേഷശരങ്ങൾ എയ്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ നിത്യേന മാധ്യമങ്ങളിൽ കാണുന്നത്. നാർക്കോട്ടിക് ജിഹാദും, ലവ് ജിഹാദും, ഘർ വാപ്പസിയും, ദുരഭിമാന കൊലപാതകങ്ങളും ഒക്കെയായി നമ്മുടെ സാമൂഹിക മണ്ഡലമാകെ കലുഷിതമായിക്കഴിഞ്ഞ ഈ  സന്ദർഭത്തിൽ ഗുരു എഴുതിവെച്ചതും പറഞ്ഞതുമായ കാര്യങ്ങൾക്ക് പ്രസക്തി വർധിച്ചു വരികയാണ്. ചെമ്പഴന്തിയിലെ ഒരു കുടിപ്പള്ളിക്കൂടത്തിലെ ആശാനായിരുന്ന നാണുവിൽ നിന്ന് കേരളം മൊത്തം അറിയപ്പെടുന്ന സാമൂഹ്യ പരിഷ്ക്കർത്താവിലേക്കും ആധ്യാത്മിക ആചാര്യനിലേക്കുമുള്ള ശ്രീനാരായണ ഗുരുവിന്റെ പരിണാമം, ഗുരുസ്പർശത്തിന്റെ അനുഗ്രഹം പേറി കേരളത്തിലെ അടിത്തട്ട് ജനത, അവർ വീണുകിടന്നിരുന്ന ദുരിതാന്ധകാരത്തിൽ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നടത്തിയ അസാമാന്യമായ ജൈത്രയാത്ര അത് ആർക്കും പ്രചോദനമേകുന്ന, വെളിച്ചം പകരുന്ന ഒന്നാണ്.

remembering sree narayana  guru on his samadhi day


പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ, മനുസ്മൃതിയുടെയും ശങ്കരസ്‌മൃതിയുടെയും നിയമങ്ങൾക്കനുസരിച്ച് വർണ്ണവ്യവസ്ഥയിലധിഷ്ഠിതമായി കർക്കശമായ ജാതി നിയമങ്ങളോടു കൂടി നിലനിന്നിരുന്ന ഒരു ഭൂപ്രദേശമായിരുന്നു.  നാട്ടിൽ ജാതിവ്യത്യാസം പ്രബലമായി നിന്നിരുന്ന കാലം. ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളുന്ന ഒരു തനി ഫ്യൂഡൽ കാലഘട്ടം. സാക്ഷാൽ വിവേകാനന്ദൻ പിന്നീട് കേരളത്തെ 'ഭ്രാന്താലയം' വിളിക്കുന്നുമുണ്ട്.  പലതരത്തിലുള്ള ജാതീയമായ അനാചാരങ്ങളുടെയും അനീതിയുടെയും ഒരു കൂത്തരങ്ങായിരുന്നു അന്നത്തെ തിരുവിതാംകൂർ. ഈ അനാചാരങ്ങളിൽ, അനീതികളിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണം അയിത്തവും ഊഴിയംവേലയും ആയിരുന്നു.

'അയിത്തം' എന്നത്, എല്ലാ നിലക്കും, ജാതീയതയുടെ ഉപോൽപ്പന്നമായ അനാചാരമായിരുന്നു   'ശുദ്ധി' അല്ലെങ്കിൽ 'വൃത്തി' ഇല്ലാത്തത് എന്നാണ് ആ  വാക്കിന്റെ അർഥം. മേൽ കീഴ് ജാതികളിൽ പെട്ട 'ശരീരങ്ങൾ തമ്മിൽ നിർബന്ധമായും പാലിക്കേണ്ട അകലം' എന്നതായിരുന്നു അയിത്തത്തിന്റെ ഒരു പ്രധാനമാനദണ്ഡം. ജാതിയിൽ ഏറ്റവും താഴെ എന്ന് അന്ന് കണക്കാക്കപ്പെട്ടിരുന്ന പുലയർക്ക് അന്ന്  ഉപ്പുവാങ്ങാൻ പോലും ചന്തയിലേക്ക് പ്രവേശനമില്ലായിരുന്നു. വള്ളങ്ങളിൽ സഞ്ചരിക്കുമ്പോൾ പോലും ജനം അയിത്തം നോക്കിയിരുന്ന കാലം.

മുകളിലേക്കും താഴേക്കും ഒരുപോലെ അയിത്തം ഉണ്ടായിരുന്നു എതാണ് ഈ ജാതിപിരമിഡിന്റെ  മറ്റൊരു പ്രത്യേകത. മുകളിലുള്ള ആൾക്ക് അയിത്തമുണ്ടാക്കുന്ന വ്യക്തി, അതായത് ആ അയിത്തത്തിന്റെ ഇര, അതേസമയം തന്നെ താഴേയുള്ള സമുദായത്തിൽ നിന്നുള്ള മറ്റൊരാളിൽ നിന്ന് തനിക്ക് അയിത്തമുണ്ടാവും എന്ന് ധരിച്ചുകൊണ്ട് വേട്ടക്കാരന്റെ റോളിലും നിലനിന്നിരുന്നു. ഉദാ.  അന്ന് നായർ ജാതിയിൽപെട്ടവർക്ക്, നമ്പൂതിരിയെ സ്പർശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഒരേയൊരു ഒഴിവുണ്ടായിരുന്നത്, നായർ സ്ത്രീകൾക്ക് അവരുമായി സംബന്ധത്തിനു വരുന്ന നമ്പൂതിരിമാരുടെ അടുത്ത് മാത്രമായിരുന്നു. ഇങ്ങനെ ബ്രാഹ്മണരിൽ നിന്നുള്ള അയിത്തത്തിന്റെ ഇരയായ നായർ, അതേസമയം തന്നെ തനിക്കു താഴെയുള്ളത് എന്ന് ധരിച്ചിരുന്ന ഈഴവരും പുലയരും ഒക്കെ അടങ്ങുന്ന അടിത്തട്ട് ജനതയോട് ഇതേ അയിത്തം വെച്ച് പുലർത്തിയിരുന്നു. നായരും അതിനു മേൽപ്പോട്ടുല്ലാവരും അയിത്തം തെറ്റിച്ചാൽ ഒരു കുളികൊണ്ടോ പഞ്ചഗവ്യസേവ കൊണ്ടോ ഒക്കെ അതിനു പരിഹാരമുണ്ടായിരുന്നു എങ്കിൽ, നിയമങ്ങൾ ലംഘിക്കുന്നത് കീഴാളരാണെങ്കിൽ അവർക്ക് അതിന്റെ പേരിൽ കഠിനമായ ശിക്ഷകൾ പലതും അന്ന് കിട്ടിയിരുന്നു.  

'ഊഴിയം വേല' എന്നുപറയുന്നത് അക്കാലത്ത് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ഒരു നിർബന്ധിതതൊഴിൽ സമ്പ്രദായമാണ് . അന്നത്തെ അടിത്തട്ട് ജനതയെക്കൊണ്ട്, അഞ്ചു പൈസ കൂലിയായി നൽകാതെ, ഭക്ഷണം മാത്രം നൽകിക്കൊണ്ട് കൂലിപ്പണി എടുപ്പിക്കുക.   റോഡുകൾ, തോടുകൾ, പാലങ്ങൾ, സത്രങ്ങൾ എന്നിങ്ങനെ പൊതുവായവയെല്ലാം നിർമിച്ചിരുന്നത് ഈ 'ഊഴിയം വേല' വഴിയായിരുന്നു.   ഇത്തരത്തിൽ ഊഴിയം വേല എന്ന കൂലിയില്ലാ അടിമപ്പണി ചെയ്തുകൊണ്ടിരുന്ന അമ്പതിനായിരത്തിൽ പരം കീഴ്ജാതിക്കാർ അന്ന് തിരുവിതാംകൂറിൽ മാത്രം ഉണ്ടായിരുന്നു എന്നാണ് ഏകദേശ കണക്ക്. ഈ കെടുതികളൊക്കെ അനുഭവിച്ചുകൊണ്ട്, തിരുവിതാംകൂറിൽ അവർണ്ണ സമുദായവും അയിത്തജാതിയുമായി കരുതപ്പെട്ടിരുന്ന ഒരു മധ്യവർഗ ഈഴവ കുടുംബത്തിലാണ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ശ്രീനാരായണ ഗുരുവിന്റെ ജനനമുണ്ടാവുന്നത്.
 
ഗുരുവിന്റെ ബാല്യം 

തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തിയിലെ 'വയൽവാരം' വീട്ടിൽ,  1856 ഓഗസ്റ്റ് 23 -നു മാടനാശാൻ എന്ന അധ്യാപകന്റെയും, ഭാര്യ കുട്ടിയമ്മയുടെയും നാലുമക്കളിൽ ഏറ്റവും ഇളയവനായിട്ടാണ്  ഗുരു ജനിക്കുന്നത്.  നാരായണൻ എന്ന് പേരിട്ട കുഞ്ഞിനെ ബാല്യത്തിൽ മാതാപിതാക്കൾ  സ്നേഹപൂർവ്വം നാണു എന്നു വിളിക്കുന്നു. സാമ്പത്തിക നില സാമാന്യം ഭേദമായിരുന്നതുകൊണ്ട് നാണുവിൻ്റെ അച്ഛനും അമ്മാവനും   പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരുന്നു.
 
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ബാല്യം തൊട്ടുതന്നെ ഗുരു അംഗീകരിച്ചിരുന്നില്ല എന്ന്  ഡോ. ടി ഭാസ്ക്കരനെഴുതിയ ഗുരുവിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. അതിന് അദ്ദേഹം ഉദാഹരിക്കുന്ന ഒരു സന്ദർഭം ഇതാണ്,"ഒരു ദിവസം വീടിനടുത്തുള്ള പുലയച്ചാളയിൽ കഞ്ഞി അടുപ്പത്തിരുന്നു തിളച്ചുമറിയുന്നതു നാണു കാണുന്നു. അടുത്താരും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കിൽ ആ കഞ്ഞി മുഴുവൻ തിളച്ചു മറിഞ്ഞ് അടുപ്പിൽ തൂവിപ്പോവും. രണ്ടാമതൊന്നോർക്കാതെ, നാണു കുടിലിൽ കയറി കഞ്ഞിക്കലം താഴെ ഇറക്കി വച്ചു . ഇവിടെ കുററം നാനാവിധമാണ് . ഒന്നാമത് , പുലയമാടത്തിൽ കയറി . രണ്ടാമത് , പുലയൻ പാകം ചെയ്ത ഭക്ഷണസാധനം തൊട്ടു . മൂന്നാമത് അതു വെച്ച കലവും തൊട്ടു. എല്ലാം നിഷിദ്ധവും അയിത്തത്തിനു കാരണവും. എങ്ങനെയോ ഈ വാർത്ത കറങ്ങിത്തിരിഞ്ഞ് നാണുവിന്റെ വീട്ടിൽ എത്തിയപ്പോൾ  അച്ഛൻ മാടനാശാൻ അതിന്റെ പേരിൽ നാണുവിനെ ശാസിക്കുന്നുണ്ട്, ചോദ്യം ചെയ്യുന്നുണ്ട്. “ഞാൻ അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു കുടുംബം പട്ടിണിയായിപ്പോകുമായിരുന്നു. ” എന്നാണ് അന്ന് നാണു കാരണം ബോധിപ്പിക്കുന്നത്."  

നെല്ലൂർ കുടിപ്പള്ളിക്കൂടത്തിൽ അച്ഛൻ മാടനാശാൻ തന്നെയാണ് നാണുവിനെ ആദ്യമായി എഴുത്തിനിരുത്തുന്നത്.  അച്ഛനിൽ നിന്ന് അക്ഷരത്തിന്റെ ആദ്യപാഠങ്ങൾ നാണു പഠിച്ചെടുത്ത ശേഷം, സംസ്‌കൃതം പഠിക്കാൻ വേണ്ടി നാണു അന്നത്തെ പ്രസിദ്ധ പണ്ഡിത കുടുംബമായിരുന്ന കണ്ണങ്കര വീട്ടിൽ എത്തിച്ചേരുന്നു. നാണുവിന്റെ അസാമാന്യമായ പഠനവൈഭവം, അവിടത്തെ ആശാന്മാർ തുടക്കത്തിൽ തന്നെ തിരിച്ചറിയുകായും," ഈ പയ്യൻ ലോകാരാധ്യനാവും" എന്ന് അന്നേ തന്നെ അവർ പ്രവചിക്കുകയും ഒക്കെ ഉണ്ടാവുന്നുണ്ട്.

കണ്ണങ്കരയിൽ നിന്ന് സംസ്കൃതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുക്കുന്ന നാണു, ഉപരിപഠനത്തിനു വേണ്ടി കുമ്മംപള്ളി രാമൻ പിള്ള ആശാന്റെ കുടിപ്പള്ളിക്കൂടത്തിൽ ചേരുന്നു. അവിടെ അന്ന് കുട്ടികൾക്ക് ജാതി നോക്കിയാണ്  ഇരിപ്പിടം കല്പിച്ചിരുന്നത്.  കൂടിയ ജാതിക്കാർക്ക് പലക, അടുത്ത ഗ്രേഡിൽ ഉള്ളവർക്കു പനംപായ്, ഏറ്റവും താഴെയുള്ളവർക്ക് മെടഞ്ഞ ഓല എന്നിങ്ങനെയാണ് അലോട്ട് ചെയ്യപ്പെടുന്നത്. ഒരു ദിവസം ക്‌ളാസിൽ ചെന്ന  നാണു  നേരെ ചെന്നു ഒരു പലകയിൽ ഇരിപ്പുറപ്പിക്കുന്നു. അതുകണ്ട മേല്ജാതിക്കാരായ കുട്ടികൾ നാണുവിനോട് “ മെടഞ്ഞ ഓലയാണ് നിനക്കുള്ളത്, അവിടെക്കു മാറി ഇരിക്കണം "എന്ന് പറയുന്നു. എതിർക്കാൻ നിൽക്കാതെ,ആ ഓലക്കീറിലേക്ക് മാറി ഇരുന്ന ശേഷം നാണു ചോദിക്കുന്നത്: “ ശ്വാസം ഏതു ഭാഗത്തുനിന്ന് എടുക്കണം ? ” എന്നാണ്. അതോടെ ഉത്തരം മുട്ടിയ കുട്ടികൾ ആശാനോടു വിവരം പറയുന്നു. കുട്ടികളുടെ പരാതികേട്ട രാമൻ പിള്ള ആശാൻ : “ ഞാൻ അവനെ നിയന്ത്രിച്ചു കൊള്ളാം, നിങ്ങൾ നിയന്ത്രിക്കേണ്ട,  അവന് ഇഷ്ടമുള്ളിടത്ത് ഇരിക്കട്ടെ ”എന്ന് പറഞ്ഞു എന്നാണ്  ഡോ.ടി ഭാസ്ക്കരൻ, ശ്രീനാരായണ ഗുരു വൈഖരിയിൽ എഴുതിയിട്ടുള്ളത്.

വിവാഹം, വിവാഹമോചനം 

പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ നാണു വീടിൻ്റെ കിഴക്കേ പറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചു തുടങ്ങുന്നു. ഈ സമയത്ത് തന്നെ അദ്ദേഹം തൻ്റെ ഗ്രാമത്തിലെ പുലയരുടെ വീടുകളിൽ ചെന്ന് അവിടുത്തെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനോട് വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു എങ്കിലും അദ്ദേഹം അത് വകവെക്കുന്നില്ല. അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് ചെമ്പഴന്തി പ്രദേശങ്ങളിൽ അദ്ദേഹം 'നാണു ആശാൻ' എന്നറിയപ്പെട്ടു തുടങ്ങി.  

അക്കാലത്തുതന്നെ സന്യാസ മാർഗത്തിൽ ചരിക്കാനുള്ള ത്വര നാണുവാശാനിൽ ഉണ്ടായിരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. കുട്ടികളെ പഠിപ്പിക്കൽ ഒക്കെ കഴിഞ്ഞാൽ എവിടെയെങ്കിലും ഒറ്റയ്ക്ക് ചെന്നിരുന്നു ധ്യാനിക്കുമായിരുന്നു നാണു. ഈ ധ്യാനിച്ചിരുപ്പ് യാദൃച്ഛികമായി കാണാനിടയായ നാട്ടുകാർ പലരും മാടനാശാനോടും കുട്ടിയമ്മയോടും ചെന്ന്, "സൂക്ഷിച്ചില്ലെങ്കിൽ മകൻ സന്യാസിയായിപ്പോവും, അവനെ എത്രയും പെട്ടെന്നൊരു വിവാഹം കഴിപ്പിക്കണം" എന്ന് മുന്നറിയിപ്പുകൊടുക്കുന്നു. ലൗകിക സുഖങ്ങൾ അറിഞ്ഞു തുടങ്ങിയാൽ നാണുവാശാന്റെ മനസ്സിലെ അനാവശ്യചിന്തകൾ അകന്നാലോ എന്ന് കരുതി  വീട്ടുകാർ നാണുവിന്‌ വേണ്ടി ഒരു വധുവിനെ കണ്ടെത്തുന്നു. നാട്ടിലെ നടപ്പുശീലങ്ങളുടെ പതിവുവാർപ്പുകൾക്ക് അപ്പുറമായിരുന്നു നാണുവാശാന്റെ ഇച്ഛാശക്തി എന്ന് തിരിച്ചറിയാൻ പക്ഷെ അപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് സാധിക്കുന്നില്ല.

remembering sree narayana  guru on his samadhi day

മാടനാശാൻ്റെ സഹോദരിയുടെ മകൾ കാളി തന്നെയായിരുന്നു വധു. അക്കാലത്തെ സമ്പ്രദായമനുസരിച്ച് വരൻ്റെ സഹോദരി വധുവിന് പുടവ കൊടുത്ത് കൂട്ടികൊണ്ടു വരുന്നതായിരുന്നു വിവാഹത്തിലെ പ്രധാന ചടങ്ങ്. ഈ വിവാഹത്തോട് വരൻ സഹകരിക്കുന്നില്ല എന്നു ജീവചരിത്രകാരൻമാർ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്. 1882 ലാണ് നാണു ആശാനും കാളിയമ്മയും തമ്മിലുള്ള വിവാഹം നടന്നത് എന്നാണ് എം കെ സാനു മാഷെഴുതിയ ജീവചരിത്രത്തിൽ കാണുന്നത്. എന്തായാലും "താൻ വിവാഹിതനായി" എന്നുള്ള വിവരം നാണുവാശാൻ അറിയുന്നത് സഹോദരി പെണ്ണിനെയും കൂട്ടി വീട്ടിലെത്തിയ ശേഷം മാത്രമാണ്. ഈ വിവരമറിയുമ്പോൾ അദ്ദേഹം ഞെട്ടിപ്പോവുന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ തന്നെ ഒരു 'വിവാഹം കഴിച്ചവനാക്കി' മാറ്റികഴിഞ്ഞിരിക്കുന്നു സമൂഹം എന്ന് അദ്ദേഹം തിരിച്ചറിയുന്നു.

ഈ വിവാഹ ബന്ധത്തിൽ നിന്നുള്ള ഗുരുവിൻ്റെ വേർപിരിയലിൻ്റ വിശദാംശങ്ങളും മൂർക്കോത്തു കുമാരന് ലഭിച്ച ഒരു കത്തിൻ്റെ അടിസ്ഥാനത്തിൽ എം കെ സാനു ഇതേ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അത് ഏകദേശം ഇങ്ങനെയാണ്. വിവാഹം നടന്ന അന്ന് വൈകുന്നേരത്തോടെ തന്നെ നാണുവാശാൻ വീടിന്റെ പരിസരത്തുനിന്ന് അപ്രത്യക്ഷനാവുന്നു. നാട്ടിൽ അത് വലിയ വാർത്തയാവുന്നു. ആ ഒളിച്ചുകളി രണ്ടുമാസം തുടർന്ന ശേഷം, വീട്ടിൽ മടങ്ങിവന്നു പ്രത്യക്ഷപ്പെട്ട്, നമ്മുടെ ചരിത്രനായകൻ വീട്ടിലുള്ള എല്ലാവരോടുമായി നടത്തിയ ഒരു ചെറുപസംഗം ഏതാണ്ട് ഇങ്ങനെയാണ്  "ലോകത്തിൽ ഓരോരുത്തരും ഓരോ കാര്യസാധ്യത്തിന്നായി ജനിക്കുന്നവരാണ് എനിക്കും നിങ്ങൾക്കും ഓരോ പ്രത്യേകകാര്യം സാധിക്കേണ്ടതായി ഉണ്ടായിരിക്കും . നിങ്ങൾ നിങ്ങളുടെ കാര്യം നോക്കുക; ഞാൻ എന്റെ കാര്യം നോക്കട്ടെ'- ഇങ്ങനെ പറഞ്ഞ് നാണുവാശാൻ ആ വീട്ടിൽനിന്നിറങ്ങിപ്പോകുകയും അതോടുകൂടി വിവാഹം തനിയേ വേർപെട്ടുപോകയും ചെയ്തു എന്നാണ് സാനുമാഷ് എഴുതിയിട്ടുള്ളത്.

അവധൂതജീവിതം 

തുടർന്നുള്ള ദിവസങ്ങളിൽ നാണുവാശാൻ സ്വന്തം നാടും വീടും വിട്ടു ഏറെനാൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. അത് ഒരുതരത്തിലും സ്വന്തം ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല. മറിച്ച് ഏകാന്തമായ ഇടങ്ങൾ തേടിയുളള ഒരു അന്വേഷണമായിരുന്നു. ഏകാന്തമായ ഇടങ്ങളിൽ മാത്രം ശാന്തത അനുഭവിച്ചിരുന്ന ഒരു യുവാവ്, ആന്തരികമായ പുരോഗതി തേടി തേടി നടത്തിയ ആത്മീയാന്വേഷണ യാത്രകളുടെ തുടക്കം മാത്രമായിരുന്നു ആ പോക്ക്. പക്ഷെ, കേവലം ആത്മാന്വേഷണം നടത്തുക എന്നത് മാത്രമായിരുന്നില്ല ഗുരുവിന്റെ സഞ്ചാരലക്ഷ്യം.  സാധാരണ ജനങ്ങളുടെ ജീവിതം അടുത്തുനിന്നു തൊട്ടറിയുക എന്നതുകൂടി ആയിരുന്നു. ഇക്കാലത്തെ ഗുരുവിന്റെ ജീവിതത്തെക്കുറിച്ചുള്ള അധികം വിവരങ്ങൾ നമുക്ക് ലഭ്യമല്ല. പക്ഷേ, ഗുരു തന്നെ പലപ്പോഴും സന്ദർഭവശാൽ അക്കാലത്തെക്കുറിച്ച് പരാമർശിച്ചത് ചിലതെല്ലാം ജീവചരിത്രകാരന്മാരാൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.  
 
ഉദാ. വിദ്വാൻ സുകുമാരൻ എഴുതിയ "ശ്രീനാരായണഗുരുദേവരുടെ അരുളുകൾ ഫലിതങ്ങൾ സംഭാഷണങ്ങൾ" എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ ഇക്കാലത്തെ ഒരനുഭവം പറയുന്നുണ്ട്. പരദേശത്തു സഞ്ചരിച്ചിരുന്ന കാലത്ത് ഒരു ദിവസം രാത്രി രണ്ടുമണിയായപ്പോൾ ഗുരു ഒരു ഗ്രാമത്തിലെത്തുന്നു. വിശപ്പു സഹിക്കവയ്യാതായപ്പോൾ അദ്ദേഹം, എന്ത് തിന്നാൻ കിട്ടുമെന്ന് തിരക്കി ചുറ്റിനും നോക്കുന്നു. കുറച്ചു ദൂരെയായി ഒരു വലിയ തിണ്ണയിൽ മാടുകൾക്കുള്ള കാടിവെള്ളം ഒഴിച്ചു വച്ചിരിക്കുന്ന തൊട്ടികൾ അദ്ദേഹം കാണുന്നു. അതിൽ കൈയിട്ടു വാരിയപ്പോൾ കുറെ വറ്റുകൾ അദ്ദേഹത്തിന് കിട്ടുന്നു. അതു വാരിയെടുത്തു മുണ്ടിൽ വച്ചു പിഴിഞ്ഞു തിന്ന് അദ്ദേഹം തൽക്കാലത്തേക്ക് പശിയടക്കുന്നു എന്നും അതിനു നല്ല രുചി തോന്നിയിരുന്നു എന്നും ഗുരുവിനെത്തന്നെ ഉദ്ധരിച്ചുകൊണ്ട് ഈ പുസ്തകം പറയുന്നു.

അതുപോലെ  തിരുവനന്തപുരത്തു ഗുരു താമസിച്ചിരുന്ന അവസരങ്ങളിൽ രാത്രിയിൽ കടപ്പുറത്തുപോയി മുക്കുവരുടെ പൊങ്ങുതടികളിൽ കിടന്നുറങ്ങുന്ന ഒരു പതിവായിരുന്നു. പുലർച്ചയോടെ മുക്കുവർ പൊങ്ങുതടിയിറക്കി വലയിടാൻ വരും, അതിനും മുമ്പേ തന്നെ ഗുരു എഴുന്നേറ്റു നടപ്പുതുടങ്ങും. ആ നേരത്തെഴുന്നേറ്റാൽ കടൽത്തീരത്തുകൂടിത്തന്നെ  മുപ്പതും നാല്പതും നാഴിക വരെ അന്ന് ഗുരു നടക്കുമായിരുന്നു. പലപ്പോഴും തുറയിലെ മുസ്ലിം ഭവനങ്ങളിൽ നിന്നായിരുന്നു പലപ്പോഴും ഭക്ഷണം. അക്കാലത്ത് തനിക്ക് ഭക്ഷണം തന്ന കടലോര ഗ്രാമങ്ങളിലെ ആ മുസ്ലിം ഉമ്മമാരെ ഗുരു പിൽക്കാലത്തും ഓർത്തെടുക്കുന്നുണ്ട്.  

 

അങ്ങനെ അവധൂതനായി അലഞ്ഞു തിരിഞ്ഞ ദിനങ്ങളിൽ ഒന്നിലാണ്,  കുഞ്ഞൻപിള്ള ചട്ടമ്പി എന്നൊരു മനുഷ്യനെ നാണുവാശാൻ കണ്ടു മുട്ടുന്നത്.. അന്ന് നാണു സന്ധിച്ച, സുദീർഘമായ കൊടുക്കൽ വാങ്ങലുകൾ നടത്തിയ കുഞ്ഞൻപിള്ള ചട്ടമ്പി, പിന്നീട് ചട്ടമ്പി സ്വാമികൾ എന്ന പേരിൽ കേരള സാമൂഹിക ചരിത്രത്തിൽ പ്രസിദ്ധിയാര്ജിക്കുന്നുണ്ട്. എന്തായാലും, വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു യോഗിവര്യൻ എന്ന നിലയിൽ നിന്ന്, ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്ന ഒരു മനീഷിയാവാനുള്ള പ്രാപ്തി നാണുവാശാനുണ്ട് എന്ന് ജനം തിരിച്ചറിയുന്നത് ഇക്കാലത്താണ്. അദ്ദേഹത്തെ അവർ നാണുവാശാൻ എന്നത് വിട്ട് നാണു സന്യാസി എന്ന് വിളിച്ചു തുടങ്ങുന്നു. അന്നത്തെ നാണുവിന്റെ സതീർഥ്യനായ വെളുത്തേരി ഒരു പടികൂടി കടന്ന് നാണുവിനെ 'നാരായണ ഗുരു' എന്ന് ആദ്യമായി സംബോധന ചെയ്യുന്നതും ഇക്കാലത്തു തന്നെയാണ്.

അക്കാലത്തുതന്നെ, നാണുവാശാൻ തന്റെ ഗുരുവായി സ്വീകരിച്ച ഒരാളെപ്പറ്റിയും നമ്മൾ നിർബന്ധമായും അറിയേണ്ടതുണ്ട്. അത് ആയില്യം തിരുനാളിന്റെ ഗവേണ്മെന്റിൽ സൂപ്രണ്ടുദ്യോഗം ചെയ്തുകൊണ്ടിരുന്ന തൈക്കാട്ട് അയ്യാവ് ആയിരുന്നു.  നാണുവാശാൻ യോഗവിദ്യ പഠിച്ചെടുക്കുന്നത് ഈ തൈക്കാട്ട് അയ്യാവിൽ നിന്നാണ്.   അയ്യാസ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ നാണുവാശാൻ  നടന്നുനടന്ന് നേരെ ചെല്ലുന്നത്, നാഗർകോവിലിനു കിഴക്കുഭാഗത്തുള്ള മരുത്വാമലയിലാണ് . ധാരാളം മരങ്ങളും കുറ്റിച്ചെടികളും നിബിഡമായി വളർന്നുനില്ക്കുന്ന ഒരു മലയാണ് ഈ മരുത്വാമല. അഗസ്ത്യമുനിയുടെ പാദസ്പർശമേറ്റു എന്ന് പ്രസിദ്ധിയാർജ്ജിച്ച ഈ മരുത്വാമലയുടെ ഒത്തമുകളിൽ  'പിള്ളത്തടം ' എന്നു പേരായ ഒരു ഗുഹയുണ്ട്.

 

remembering sree narayana  guru on his samadhi day

ആത്മാന്വേഷിയായ ഒരാൾക്ക് ഏകാന്തതയിൽ ധ്യാനലീനനായി ഇരിക്കാൻ പിള്ളത്തടം ഗുഹയിലും മികച്ച ഒരിടം ഈ ഭൂമിയിൽ വേറെയില്ല. വിശാലമായ ഗുഹ. സമുദ്രത്തിന് അഭിമുഖമായതുകൊണ്ട്, അകത്ത് ഇരിപ്പിടത്തിൽ മണൽതിട്ടയിൽ വിരിച്ച ദർഭയിൽ ചമ്രം പടിഞ്ഞിരുന്നു ധ്യാനിക്കുമ്പോൾ പുറത്തുള്ള തിരകളുടെ ഇരമ്പം തന്നെ നമ്മുടെ മനസ്സിലും അലയടിക്കും. .  അവിടെയിരുന്നു ദിവസങ്ങളോളം നടത്തിയ തപസ്സിനൊടുവിൽ നാണുവാശാനിൽ നിന്ന് നാരായണഗുരുവിലേക്കുള്ള ദൂരം പിന്നിടുന്നു നാണു. ഗുരുവിലെ വേദാന്തിയെ ഉണർത്തുന്നതും ഗ്രന്ഥകാരനെ വളർത്തുകയും ചെയ്യുന്നത്  മരുത്വാമലയിലെ ഈ ഏകാന്തവാസമാണ് തന്റെ 'ഗുരുദേവ കഥ' എന്ന കൃതിയിൽ ഡോ. സി ഗണേഷ് എഴുതിയിട്ടുള്ളത്..  

 
ഗുരുദേവന്റെ പ്രതിഷ്ഠകൾ 

 "ഞാൻ ലോകത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു" എന്ന പ്രഖ്യാപനത്തോടെ ഗുരു മരുത്വമലയിൽ നിന്ന് നേരെ ഇറങ്ങി നടക്കുന്നത് അരുവിപ്പുറത്തേക്കാണ്. കല്ലും മുള്ളും മേടും നിറഞ്ഞ മറ്റൊരു വാനപ്രദേശമായിരുന്നു അന്ന് അരുവിപ്പുറം. വന്യമൃഗങ്ങൾ സ്വൈരവിഹാരം നടത്തിക്കൊണ്ടിരുന്ന ഒരു അപകടസ്ഥലം കൂടിയായിരുന്നു ഇവിടം. ഏക ആശ്വാസം പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിവന്നിരുന്ന നെയ്യാറിന്റെ സംഗീതം മാത്രമായിരുന്നു. ഗുരുദേവന് പക്ഷെ അത് ധാരാളമായിരുന്നു. നദിയുടെ മടിത്തട്ടിൽ ഒരല്പനേരം ഇരിക്കണം. സ്വയം സംസാരിക്കണം. അതിൽ നിന്ന് കിട്ടുന്ന ഉത്തരത്തിനനുസരിച്ച് പ്രവർത്തിക്കണം.

നാട്ടിൽ കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയുടെ രൂക്ഷതയായിരുന്നു ഗുരുവിന്റെ മനസ്സിൽ. സമൂഹം ചുറ്റിനും കെട്ടിപ്പൊക്കിയിരുന്ന മതിലുകൾ അദ്ദേഹത്തെ ആകുലപ്പെടുത്തുന്നുണ്ടായിരുന്നു.  സമൂഹത്തിൽ ബ്രാഹ്മണമേധാവിത്വത്തിന്റെ സവര്ണാധിപത്യം എത്രമേൽ മനുഷ്യത്വ ഹീനമാണ് എന്ന് ചിന്തിച്ച് ഗുരു ദുഃഖിതനായി.
 
യാതൊരുവിധ മനുഷ്യാവകാശങ്ങളും ഇല്ലാത്ത താഴ്ന്ന ജാതിക്കാർ എന്ന ഒരു സമൂഹത്തെ ബ്രാഹ്മണർ സൃഷ്ടിച്ചെടുത്തിരിക്കുന്നു. അവർക്ക് ദൈവത്തെ ആരാധിക്കാൻ അനുവാദമില്ല. വഴി നടക്കാൻ അനുവാദമില്ല. തൊഴിലെടുക്കാൻ അനുവാദമില്ല.ഉണ്ണാൻ അവകാശമില്ല,. ഉടുക്കാൻ അവകാശമില്ല... അങ്ങനെ അസ്വാതന്ത്ര്യത്തിന്റെയും അവകാശനിഷേധത്തിന്റെയും രാവണൻകോട്ടയിൽ അകപ്പെട്ട ഒരു സമൂഹം. അവരെ ആരാണ് അതിൽ നിന്നൊന്നു രക്ഷിക്കുക?

'സകല അവകാശങ്ങളും നിഷേധിക്കപ്പെട്ടു കിടക്കുന്നതുകൊണ്ട്, രക്ഷ എവിടെനിന്നു തുടങ്ങും?' എന്ന ചോദ്യത്തിനാണ് ഗുരു ആദ്യം ഉത്തരം കണ്ടെത്തുന്നത്. ജാതിശ്രേണിയിൽ ഏറ്റവും അടിത്തട്ടിലേക്ക് പാർശ്വവൽക്കരിക്കപ്പെട്ട കൂട്ടർക്ക് മാടൻ, മറുത തുടങ്ങിയ ദൈവങ്ങളെ മാത്രമേ ആരാധിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ അന്ന്. ആദ്യം മാറ്റമുണ്ടാവേണ്ടത് ആരാധനാ സ്വാതന്ത്ര്യത്തിനാണ് എന്ന് ഗുരു ഉറപ്പിക്കുന്നു. അത് അടിച്ചമർത്തപ്പെട്ടവന്റെ ആത്മീയാവശ്യമാണ്. അതുണ്ടായാൽ, അതിന്റെ ചിറകിലേറി അവൻ മുകളിലേക്ക് പറക്കും. മുന്നേറും എന്ന് ഗുരുവിന്റെയുള്ളിൽ ഒരു വെളിച്ചമുണ്ടാവുന്നു.

remembering sree narayana  guru on his samadhi day

ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കു വേണ്ടി ഒരു ക്ഷേത്രം വേണം. അതിന് എന്തുകൊണ്ടും യോജിച്ച ഇടം ഈ അരുവിപ്പുറം തന്നെയാണ് എന്നും ഗുരു ഉറപ്പിക്കുന്നു. അരുവിപ്പുറം പരിസരത്തു തപസ്സിരുന്ന കാലത്താണ്  ഗുരു പുലിവാതുക്കൽ വേലായുധൻ വൈദ്യനുമായി പരിചയപ്പെടുന്നത്. ഒരുദിവസം വൈദ്യൻ പതിവായി തൊഴാൻ പോവാറുള്ള  ആങ്കോടു അമ്പലത്തിലേക്ക് തൊഴാൻ പോവാൻ വേണ്ടി ഇറങ്ങാൻ നിൽകുമ്പോൾ, ഗുരു പുലിവാതുക്കൽ വീട്ടിലേക്ക്ന്നു അവിചാരിതമായി കടന്നു ചെല്ലുന്നു. പോകുന്നിടത്തേക്ക് ഞാനും കൂടി വന്നോട്ടെ എന്നായി ഗുരു. അങ്ങനെ ഇരുവരും ഒരുമിച്ച് ഒട്ടുദൂരം നടന്നു ക്ഷേത്രത്തിന്റെ അടുത്തെത്തുന്നു. അന്ന് ഈ അമ്പലത്തിൽ തിയ്യനായ വൈദ്യന് അയിത്തമുള്ളതുകൊണ്ട് അകത്തുകയറി തൊഴാനുള്ള അനുവാദമില്ല. ഒരു തീണ്ടാപ്പാടകലെ അയിത്തക്കാർക്കു നില്ക്കാൻ വേണ്ടി കല്ലുനാട്ടിയിരുന്ന സ്ഥലത്തു ചെന്നുനിന്ന്, ഏറെ പ്രയാസപ്പെട്ട്  വളഞ്ഞും ഒഴിഞ്ഞും ഏന്തിയുമൊക്കെനോക്കി വൈദ്യൻ ഒരുവിധം ദീപാരാധന കണ്ടു തൊഴുന്നു. ഇങ്ങനെ ചുറ്റമ്പലത്തിനു പുറത്തു നിന്ന് തൊഴുന്ന നേരത്തു കനത്ത മഴപെയ്യുന്നു. ദീപാരാധനയൊക്കെ കഴിഞ്ഞ്, കുറെ നേരം കൂടി കഴിഞ്ഞപ്പോൾ അമ്പലത്തിലെ പോറ്റിയോ മറ്റോ ആയ ഒരാൾ കുറെ കളഭം കൊണ്ടു വന്ന് എറിഞ്ഞു കൊടുത്തത് കൊടുത്തതു വൈദ്യൻ മുണ്ടു നിവർത്തിപ്പിടിച്ചെടുത്തു മടങ്ങിപ്പോരുന്നു.  ഈ മേടൊക്കെ കണ്ടുകൊണ്ടു നിന്ന ഗുരു മടക്ക യാത്രയിൽ വൈദ്യരോട്  "ഇതെന്തൊരു കഷ്ടമാണ്  വൈദ്യരെ? ഇതിനൊക്കെ നിന്നുകൊടുക്കണോ ? നമുക്ക് സ്വന്തമായി ഒരാരാധനാസ്ഥലം ഉണ്ടാക്കിക്കൂടെ ? നമുക്കു തന്നെ ചെയ്യാവുന്നതല്ലേ ഇതൊക്കെ?' " എന്ന് ചോദിക്കുന്നു "പൊന്നു സ്വാമീ, എന്നാൽ എന്തു രക്ഷയായി" എന്ന് വേലായുധൻ വൈദ്യനും മറുപടി പറയുന്നു. " ഈ ഒരു സംഭാഷണത്തിന്റെ തുടർച്ചയായിട്ടാണ് അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത് എന്നാണ് കോട്ടുകോയിക്കൽ വേലായുധൻ എഴുതിയ ശ്രീനാരായണ ഗുരു ജീവചരിത്രത്തിൽ പറയുന്നത്.

1888 -ലെ  ശിവരാത്രിയോടെയാണ് അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത്. നദിയുടെ കിഴക്കേതീരത്തുള്ള ഒരുപാറയെ പീഠമായി സങ്കൽപ്പിച്ച് അതിന്മേൽ ഏതാണ്ടൊരു ശിവലിംഗാകൃതിയിൽ ആറ്റിൽകിടന്ന ഒരു ശിലാഖണ്ഡം എടുത്തു ശിവരാത്രി ദിവസം പ്രതിഷ്ഠ നടത്താനാണ് സ്വാമിയുടെഭാവം എന്നറിഞ്ഞ അനുയായികൾ ആ പീഠത്തിനു മുകളിൽ ഒരു പന്തലിട്ട് ചെറിയതോതിൽ തയ്യാറെടുക്കുന്നു. അർദ്ധരാത്രിയോടു കൂടി സ്വാമി കുളിച്ച  അതിനകത്തു കടന്ന് പ്രതിഷ്ഠിക്കാനുള്ള ശിലയെ കൈയിൽ എടുത്തു ധ്യാനിച്ചുകൊണ്ടു രാത്രി മൂന്നു മണിവരെ ഒരേ നിലയിൽ നിൽക്കുന്നു. മൂന്നു മണിക്ക് ഈ ശിലയെ ഗുരു പീഠത്തിൽ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്യുന്നു എന്നാണ് കുമാരനാശാൻ എഴുതിയത്. ക്ഷേത്ര പ്രതിഷ്ഠക്കു ശേഷം ഗുരു തന്റെ മഹത്തായ മാനവികതയുടെ പ്രഖ്യാപനം മലയാള ഭാഷയിൽ അവിടെ എഴുതിവക്കുന്നു.

 

ജാതിഭേദം മതദ്വേഷം
യേതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്.

ഈ പ്രതിഷ്ഠയെത്തുടർന്ന് കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ  വലിയ മാറ്റങ്ങളുണ്ടാവുന്നു. ഒരു അവർണ്ണ സമുദായ ജാതൻ ശിവപ്രതിഷ്ഠ നടത്തി ആചാരം ലംഘിച്ചത് യാഥാസ്ഥിതികരെ പ്രകോപിപ്പിക്കുകയും സാധാരണക്കാരേയും ഉൽപ്പതിഷ്ണുക്കളേയും ആവേശഭരിതരാക്കുകയും ചെയ്യുന്നുണ്ട്. 1923 ഫെബ്രുവരി അഞ്ചിന് മുരിക്കുംപുഴയിൽ നടത്തിയ പ്രതിഷ്ഠ ഇതുപോലെ പ്രസക്തമായ മറ്റൊരു പ്രതിഷ്ഠയാണ്. മുൻപ് ജന്തു ബലിയും മറ്റും നടന്നിരുന്ന ഒരു കാളീക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായിരുന്നു മുരിക്കും പുഴ. അവിടെ ശിവലിംഗം സ്ഥാപിക്കണമെന്നായിരുന്നു നാട്ടുകാർ ആഗ്രഹിച്ചിരുന്നത്.പക്ഷേ മനസിൽ നിശ്ചയിച്ചത് മറ്റൊന്നായിരുന്നു. ശിലാഖണ്ഡങ്ങൾക്കും ദൈവ രൂപങ്ങൾക്കും പകരം ശ്രീനാരായണ ദർശനത്തിൻ്റെത്തന്നെ സാരാംശമെന്നു വിശേഷിപ്പിക്കാവുന്ന സത്യം ധർമ്മം ദയ ശാന്തി എന്നീ നാലു വാക്കുകളാണ് നടുവിലെ  ഓംകാരത്തോടൊപ്പം അവിടെ ഗുരുപ്രതിഷ്ഠിച്ചത്.

മറ്റൊരു ശ്രദ്ധേയമായ സംഭവം, 1927 -ൽ ഗുരു ആലപ്പുഴ ചേർത്തല താലൂക്കിലെ കളവങ്കോട് അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഗുരു കണ്ണാടി പ്രതിഷ്ഠിച്ചതാണ്. അതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് ഇനി ആവശ്യം എന്ന നിലപാടിലേക്ക് ഗുരു എത്തിയിട്ട് അപ്പോഴേക്കും വർഷങ്ങൾക്കഴിഞ്ഞിരുന്നു. എങ്കിലും പലയിടങ്ങളിൽ നിന്നും ക്ഷേത്ര പ്രതിഷ്ഠ നടത്തുവാനുള്ള അപേക്ഷകൾ പിന്നെയും ഗുരുവിനു നിരന്തരം ലഭിച്ചു കൊണ്ടിരുന്നു. അക്കാലത്താണ് പ്രതിഷ്ഠക്കുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം പണിക്കവീട്ടിൽ പദ്മനാഭപ്പണിക്കർ ഗുരുവിനെച്ചെന്നു കാണുന്നത്. തങ്ങൾ പണിത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിത്തരണം എന്നായിരുന്നു ആവശ്യം, ഗുരു അതിന് വഴങ്ങി. പ്രതിഷ്ഠാചടങ്ങിനായി ഗുരുസ്ഥലത്തെത്തിയപ്പോൾ തികച്ചും അപ്രതീക്ഷിതമായ ഒരു തർക്കം അവിടെ ഉടലെടുത്തു. പുരോഗമന പക്ഷക്കാരായ ഏതാനും യുവാക്കൾ - അവർ സഹോദര സംഘത്തിൻ്റെ പ്രവർത്തകർ കൂടിയായിരുന്നു - കെ.സി.കുട്ടൻ എന്ന നേതാവിൻ്റെ കീഴിൽ സംഘടിച്ചെത്തി ഗുരുവിനെ കണ്ടു. ഇനിയും ക്ഷേത്ര നിർമ്മാണത്തെ പ്രോൽസാഹിപ്പിക്കില്ല എന്ന നിലപാടാണ് ശരിയെന്നും ഗുരു ഈ ചടങ്ങിൽ നിന്നും പിൻമാറണമെന്നും അവർ അഭ്യർത്ഥിച്ചു.ആളുകൾ പ്രതിഷ്ഠയെ അനുകൂലിക്കുന്നതും പ്രതികൂലിക്കുന്നതുമായ രണ്ടു ചേരിയായിപ്പിരിഞ്ഞു തർക്കം തുടങ്ങി.ഈ ഘട്ടത്തിൽ ഗുരു ഇടപെട്ടു." ഒരു ആൾക്കണ്ണാടി കൊണ്ടുവരട്ടെ" എന്നു ഗുരു പറഞ്ഞു. കാട്ടിപ്പറമ്പിൽ ഗോപാലൻ എന്ന വ്യക്തി ഉടൻ എറണാംകുളത്തു പോയി കണ്ണാടിയുമായി തിരിച്ചെത്തി. ആ കണ്ണാടിയിൽ ഗുരു പറഞ്ഞതനുസരിച്ച്   "ഓം ശാന്തി " എന്നെഴുതിച്ചേർത്തു. വലിയൊരു തർക്കത്തിനിടക്ക് ശാന്തിയുടെ നിമന്ത്രണമായി ഗുരുവിൻ്റെ ഈ കണ്ണാടിപ്രതിഷ്ഠ മാറുന്നു. പിന്നീട് ഗുരുവിൻ്റെ അദ്വൈത ദർശനവുമായി ബന്ധപ്പെട്ട് നിരവധി വ്യാഖ്യാനങ്ങൾ കണ്ണാടി പ്രതിഷ്ഠക്കുണ്ടായിട്ടുണ്ട്.

ഗുരുവിനെപ്പറ്റി ഉയർന്നു വന്നിട്ടുള്ള ഒരു വിമർശനം, ഗുരു ഹൈന്ദവ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു നടന്ന ഒരു  സന്യാസി ആണ് എന്നതാണ്.ഗുരുവും ശിഷ്യൻമാരും ചേർന്ന് പ്രതിഷ്ഠിച്ച എൺപതിലധികം ക്ഷേത്രങ്ങളുണ്ട്.തിരുവനന്തപുരം മുതൽ മംഗലാപുരം വരെ അവയുടെ കണ്ണിനീണ്ടു ചെന്നെത്തി. എന്നാൽ, നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം, ഇതത്രയും തൊട്ടുകൂടാത്തവരായി അകറ്റി നിർത്തിയിരുന്ന ജനവിഭാഗങ്ങളുടെ പ്രതിരോധ കേന്ദ്രങ്ങളായിരുന്നു എന്നതാണ്.

ഗുരുവിന്റെ പ്രതിഷ്ഠകളെപ്പറ്റി  പൊതുവിൽ രണ്ടു പക്ഷമാണുള്ളത്. ഒന്ന്, ഗുരു തികഞ്ഞ കയ്യടക്കമുള്ള ഒരു തിരക്കഥാകാരനെപ്പോലെ മുൻ‌കൂർ അറിഞ്ഞുവെച്ച്, ബൗണ്ട് സ്ക്രിപ്റ്റ് ആയി എഴുതി വെച്ച്,  കാലാനുസൃതമായി ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തിയ ഒന്നായിരുന്നു ഈ പല പ്രതിഷ്ഠകൾ എന്നാണ്. ആദ്യം തന്നെ കണ്ണാടി പ്രതിഷ്ഠിക്കാൻ ഗുരുവിന് അറിയാഞ്ഞിട്ടല്ല. എന്നാൽ, അന്നത്തെ കേരളത്തിന്റെ സാമൂഹിക മനസ്സ് അത്തരമൊരു പ്രതിഷ്ഠക്ക് പാകമായിട്ടില്ല, മൂപ്പെത്തിയിട്ടില്ല  എന്ന തിരിച്ചറിവുണ്ടായിരുന്നതുകൊണ്ടാണ്, വിഗ്രഹങ്ങളെക്കുറിച്ചുള്ള നമ്മുടെ നിക്ഷിപ്ത ബോധ്യങ്ങളെ അഡ്രസ് ചെയ്തുകൊണ്ടാണ് ആദ്യം തന്നെ പരമ്പരാഗതമായ ശിവലിംഗ പ്രതിഷ്ഠ നടത്തുന്നത്. അതും ഏതെങ്കിലും ശില്പിയെക്കൊണ്ട് ഒരു ലിംഗം കൊത്തിയുണ്ടാക്കി അതെടുത്തു പ്രതിഷ്ഠിക്കുകയല്ലായിരുന്നു ഗുരു ചെയ്‌തത്‌. മറിച്ച് അരുവിപ്പുറത്തെ ആറ്റിൽ മുങ്ങി അതിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെടുത്ത ഒരു വെറും കല്ലിൽ ശിവലിംഗത്തെ സങ്കല്പിച്ചുകൊണ്ട് അതിനെ പ്രതിഷ്ഠിക്കുകയായിരുന്നു. അവിടെ നിന്നങ്ങോട്ട് ജനങ്ങളുടെ മനസ്സിൽ വിഗ്രഹങ്ങളെക്കുറിച്ചുണ്ടായിരുന്ന സങ്കൽപ്പങ്ങൾ ഘട്ടം ഘട്ടമായി ഉടച്ചു വാർക്കുന്ന ഗുരു,  ശാരദാപ്രതിഷ്ഠയ്ക്ക് ശേഷം പറയുന്നത്, ഇനി നമുക്ക് വേണ്ടത് ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളും വ്യവസായങ്ങളുമാണ് എന്നാണ് എന്നതും ശ്രദ്ധേയമാണ്.
 

ശ്രീനാരായണ ധർമ്മപരിപാലനയോഗം

ഡോക്ടർ പൽപ്പു, അദ്ദേഹത്തിന്റെ ജ്യേഷ്ഠനായ പി വേലായുധൻ എന്നിവർക്ക് വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും സർക്കാർ സർവീസിൽ അന്ന് ജോലി കിട്ടുന്നില്ല. "നിങ്ങളുടെ കുലത്തൊഴിൽ ചെത്തായതുകൊണ്ട് സർക്കാർ സർവീസിൽ പ്രവേശിക്കാൻ പാടില്ല" എന്നൊരു മറുപടിയാണ് അന്ന് തിരുവിതാംകൂർ ഗവൺമെന്റിൽ നിന്ന് അവർക്ക് കിട്ടുന്നത്. ഇരുവരും പാടെ നിരാശരാവുകയും, ഈ അനീതിക്കെതിരെ പോരാടണം എന്ന് മനസ്സിലുറപ്പിക്കുകയും ചെയ്യുന്നു. പല പത്രങ്ങളിലൂടെയും ഇങ്ങനെ ഈഴവർ സംഘടിക്കേണ്ടുന്നതിന്റെ ആവശ്യം വിസ്തരിച്ചുകൊണ്ട് നിരവധി ലേഖനങ്ങൾ അവർ പ്രസിദ്ധം ചെയ്തു എങ്കിലും ഒന്നിനും വേണ്ടത്ര ജനസമ്മിതി കിട്ടുന്നില്ല. ആയിടെയാണ് വിവേകാനന്ദനെ ഇവർ മൈസൂര് വെച്ച് കണ്ടുമുട്ടുന്നു. ആ കൂടിക്കാഴ്ചയിൽ നിന്ന്, "ഒരു ആധ്യാത്മികാചാര്യന്റെ പിന്തുണയിലാണ് സംഘടന പ്രവർത്തിക്കേണ്ടത്" എന്നൊരു ഉപദേശം അവർക്ക് കിട്ടുന്നത് എന്നും പറയപ്പെടുന്നു. അതിനുശേഷം അവർ മയ്യനാട്, പരവൂർ എന്നിവിടങ്ങളിൽ സന്ദർശിച്ച് ഈഴവമഹാസഭ എന്നൊരു പ്രസ്ഥാനമുണ്ടാക്കുന്നു.

 പിന്നീട്, ഡോ. പൽപ്പു ഗുരുദേവനെ കണ്ടുമുട്ടുന്നു. സമുദായത്തിന്റെ പ്രയാസങ്ങളെപ്പറ്റി അദ്ദേഹത്തോട് ചർച്ചചെയ്യുന്നു. തിരുവിതാംകൂർ മെഡിക്കൽ സ്‌കൂളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും ആദ്യം പ്രവേശനം നിഷേധിക്കപ്പെട്ടതും, പിന്നീട് മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ മെഡിക്കൽ ബിരുദം നേടിയിട്ടും നാട്ടിലെ ഗവണ്മെന്റ് ജോലി നിഷേധിച്ചത് കാരണം മദ്രാസിൽ ചെന്ന് ജോലി തേടേണ്ടി വന്നതും അടക്കമുള്ള ദുരവസ്ഥകൾ വിവരിച്ചു കേട്ടപ്പോൾ ഗുരുദേവന് ഈ അവസരത്തിൽ, സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി തുനിഞ്ഞിറങ്ങിയ ഡോ. പൽപ്പുവിനെ സഹായിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ബോധ്യപ്പെടുന്നു.

അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് അക്കാലത്ത് ഒരു വാവൂട്ടുയോഗം  പ്രവർത്തിച്ചു വന്നിരുന്നു.1899 -ൽ ഈ വാവൂട്ടുയോഗത്തെ ഡോ. പൽപ്പുവും കവി കുമാരനാശാനും മറ്റും ചേർന്ന് ആദ്യം 'അരുവിപ്പുറം ക്ഷേത്രയോഗം 'ആയി വിപുലപ്പെടുത്തുന്നു. 1903 -ൽ തിരുവനന്തപുരം കുന്നുകുഴിയിലുള്ള കമലാലയം ബംഗ്ലാവിൽ വച്ചു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരം  ജോയിന്റ് സ്റ്റോക്ക് കമ്പനിയായി യോഗത്തെ രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുന്നു. 1903 മെയ് പതിനഞ്ചാം തിയതിയാണ്  അരുവിപ്പുറം ക്ഷേത്രയോഗത്തെ "അരുവിപ്പുറം ശ്രീനാരായണ ധർമ്മപരിപാലന യോഗം " എന്ന പേരിൽ ഇന്ത്യൻ കമ്പനീസ് ആക്ട്അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നത് എന്നാണ്  പ്രൊഫസർ.പി എസ് വേലായുധൻ എഴുതിയ എസ് എൻ ഡി പി യോഗചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  ഗുരുവിന്റെ ആധ്യാത്മിക സിദ്ധിവിശേഷങ്ങളും, ജനങ്ങൾക്കിടയിലെ ആദരവും, അംഗീകാരവും, സാമൂഹിക പരിവർത്തനത്തിനുള്ള നിശ്ചയ ദാർഢ്യവും പ്രയോജനപ്പെടുത്തിക്കൊണ്ട്, ഒരു സംഘടനയ്ക്ക് രൂപം കൊടുക്കണം എന്ന് ആഗ്രഹിച്ച ഡോ. പൽപ്പുവാണ് എസ്എൻടിപിയുടെ നെടുംതൂണായി മാറിയത്. ആദ്യത്തെ പതിനാറു വർഷക്കാലം എസ്എൻഡിപിയോഗത്തിന്റെ മുഖ്യ വരുമാനമെന്നത് ഡോ. പല്പുവിന്റെ ശമ്പളത്തിൽ നിന്നുള്ള വിഹിതം കൂടിയായിരുന്നു.

ആദ്യം ആലോചിച്ചത്  ജാതിയുടെ ഉന്നമനം മുന്നോട്ടുവെക്കുന്ന ഒരു സംഘടനയെപ്പറ്റി ആയിരുന്നു എങ്കിലും ജാതിഭേദത്തെയും മതദ്വേഷത്തെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഗുരുവിന്റെ നേതൃത്വത്തിൽ ഒരു ജാതിസംഘടന ഉണ്ടാക്കുക എന്നതിലെ അനൗചിത്യം തിരിച്ചറിഞ്ഞാണ് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ സത്തയെ കാതലാക്കി നിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പേരിൽ തന്നെയാവാം സംഘടന എന്ന തീരുമാനമുണ്ടാവുന്നത്.   ഇതുസംബന്ധിച്ചുള്ള ഗുരുവിന്റെ  വാക്കുകൾ കെ . ദാമോദരന്റെ  ശ്രീനാരായണഗുരുസ്വാമി- ജീവചരിത്രം എന്നപുസ്തകത്തിലുള്ളത് "ഈഴവനെന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നതല്ല . അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ ആളുകളെ ചേർക്കാവുന്നതാണ്. യോഗത്തിൽ ധാരാളം അംഗങ്ങൾ ചേരട്ടെ എന്നു നാം ആശംസിക്കുന്നു" എന്നാണ്. ശ്രീനാരായണ ധർമ്മപരിപാലന യോഗം എന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും വഴികാട്ടിയും യോഗത്തിന്റെ സ്ഥിരാധ്യക്ഷനും ഒക്കെ ശ്രീനാരായണ ഗുരു തന്നെയായിരുന്നു. ചിലപ്പോഴെല്ലാം യോഗത്തിന്റെ ചില പ്രവർത്തനങ്ങളോടു വിയോജിച്ചെങ്കിലും അവസാനം വരെ യോഗത്തെ കൈ ചേർത്തു പിടിച്ചുകൊണ്ട്,  ഗുരു ഉദ്ഘോഷണം ചെയ്യുന്നത് "സംഘടന കൊണ്ടു ശക്തരാകുവിൻ" എന്നായിരുന്നു

എസ് എൻ ഡി പിയോഗത്തിന്റെ ഒന്നാം വാർഷിക യോഗത്തിൽ വിദ്യാഭ്യാസവും, വ്യവസായവും, കൃഷിയും അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ,സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി സ്ത്രീ സമാജവും ഒക്കെ തുടങ്ങുന്നുണ്ട്. മൂന്നാം വാർഷികം ആയപ്പോഴേക്കും സമുദായത്തിന്റെ സമഗ്ര പുരോഗതിയാണ് സംഘടനയുടെ ലക്‌ഷ്യം. അഖിലേന്ത്യാ വ്യവസായ പ്രദർശനവും, സാഹിത്യ പരീക്ഷയും ഒക്കെ അന്ന്   യോഗം  നടത്തുന്നുണ്ട്. സാമൂഹിക രാഷ്ട്രീയ സാഹിത്യ രംഗത്തെ പല വിശിഷ്ട വ്യക്തിത്വങ്ങളും അക്കാലത്ത്  യോഗം  വഴി ഗുരുവിന്റെ ശിഷ്യരാവാൻ മുന്നോട്ടെത്തുന്നു. ഇക്കൂട്ടത്തിൽ മിതവാദി സി കൃഷ്ണൻ, സഹോദരൻ അയ്യപ്പൻ, സിവി കുഞ്ഞുരാമൻ, മൂലൂർ പത്മനാഭപ്പണിക്കർ, സി കേശവൻ, ബോധാനന്ദസ്വാമികൾ, നടരാജ ഗുരു, സ്വാമി സത്യവ്രതൻ എന്നിങ്ങനെ പലരുമുണ്ടായിരുന്നു. യോഗത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനായി ഗുരു അക്കാലത്തു തന്നെ തന്റെ സ്വത്തുക്കൾ മുഴുവൻ യോഗത്തിനു കൈമാറുന്നുണ്ട്.
 
 
സാമൂഹിക പരിഷ്കരണ ശ്രമങ്ങൾ 

കെട്ടുകല്യാണങ്ങൾ ഇനിയും ആർഭാടമായി നടത്തേണ്ടതില്ല എന്ന് ഗുരു തന്റെ അനുയായികളെ ബോധവൽക്കരിക്കുന്നുണ്ട്. ഒരു വിവാഹത്തിനു കൂടിയാൽ പത്തുപേർ മാത്രമേ ആകാവൂ എന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. കുട്ടികളുടെ വിവാഹങ്ങൾക്കായി വലിയ തുക സമ്പാദിച്ചുവെച്ചിട്ടുള്ളവരോട്, ചെലവുചെയ്യാൻ ഉദ്ദേശിക്കുന്ന തുക സേവിംഗ്സ് ബാങ്കിലോ മറ്റോ നിക്ഷേപിച്ച് അതിന്റെ രസീത് വിവാഹസമയത്ത് തങ്ങളുടെ കുട്ടികൾക്കായി സംഭാവന ചെയ്യാനാണ് ഗുരു ആവശ്യപ്പെടുന്നത്. അതുപോലെ മരിച്ചാൽ അടിയന്തരത്തിനു നടത്തപ്പെടുന്ന ബലിപൂജകളെയും ഗുരു എതിർക്കുന്നുണ്ട്. പുരോഹിതൻ വന്നിരുന്ന്  “എള്ളടു പൂവെടു തണ്ണികൊടു ” എന്നു പറയുന്നതു കേട്ട് രണ്ടരി നനച്ചിടുന്നതിനേക്കാൾ വളരെ പ്രയോജനം ഉറ്റവർ ചേർന്ന് ഈശ്വരനോടു പരേതമായ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതിൽ നിന്നും ഉണ്ടാകും എന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. അച്ഛനോ അമ്മയോ ഭാര്യയോ ഭർത്താവോ മരിച്ചെന്നുവെച്ച് അവരോടുള്ള സ്നേഹത്തെ പ്രകടിപ്പിക്കാൻ വലിയ തുകകൾ ചെലവിട്ടു സദ്യ കഴിക്കുന്നതിനേക്കാൾ ആ തുക വല്ല ധർമ്മസ്ഥാപനങ്ങൾക്കും മരി ച്ചവരുടെ പേരിൽ ദാനം ചെയ്യുന്നത് അത്യന്തം പുണ്യമായിരിക്കും എന്നും ഗുരു പറഞ്ഞു. ചുരുക്കത്തിൽ, മനുഷ്യജീവിതത്തിൽ അനാവശ്യമായ ഒരു തരത്തിലുള്ള അടിയന്ത്രങ്ങളും നടത്തരുത് എന്ന അഭിപ്രായം ഗുരു അക്കാലത്ത് പ്രകടിപ്പിക്കുന്നുണ്ട്.

ദിവസങ്ങൾ കഴിയുന്തോറും യോഗത്തിന്റെ പ്രവർത്തനങ്ങൾ ധർമ്മ പ്രചാരണത്തിൽ നിന്നും വ്യതിചലിക്കുന്നതായി ഗുരുവിനു തോന്നിത്തുടങ്ങുന്നു. ഒരു സമുദായത്തിന്റെ മാത്രം താങ്ങായി യോഗത്തെ നിലനിർത്താനുള്ള ശ്രമം, അപായകരമാണ് എന്ന് ഗുരു കാണുന്നു. അങ്ങനെയാണ് ഗുരു, "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്നൊരു പ്രസ്താവം ഗുരുവിൽ നിന്നുണ്ടാവുന്നത്.
 
'നാം ജാതിമതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു . എന്നിട്ടും ചില പ്രത്യേകവർഗ്ഗക്കാർ നമ്മ അവരുടെ വർഗ്ഗത്തിൽപ്പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു . നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല." എന്നാണ്  നാരായണഗുരു ഇതേപ്പറ്റി പിന്നീട് 1916  -ൽ പ്രബുദ്ധകേരളത്തിൽ എഴുതുന്നത്.

സാമൂഹ്യ പുനർ നിർമ്മിതിക്ക് വിദ്യാഭ്യാസം കഴിഞ്ഞാൽ വ്യവസായമാണ് പ്രധാനമെന്ന് ഗുരു തിരിച്ചറിഞ്ഞിരുന്നു. പാവപ്പെട്ടവർ സാമ്പത്തികമായ ക്ലേശം അനുഭവിക്കുന്നു, വ്യവസായം കൊണ്ടല്ലാതെ ധനാഭിവൃദ്ധി ഉണ്ടാക്കാൻ സാധിക്കില്ല, ഇക്കാര്യത്തിൽ സധൈര്യം വേണ്ടത് ചെയ്യേണ്ടതാണ് എന്നുതന്നെ ഗുരു അനുയായികളോട് പറയുന്നുണ്ട് എങ്കിലും ഇക്കാര്യത്തിൽ ഗുരു ഒരു അപവാദമായി കണ്ടിരുന്നത് അബ്കാരി വ്യവസായത്തെയാണ്. മദ്യവർജനം ഗുരുവിന്റെ നയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. "മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കുടിക്കരുത്, കൊടുക്കരുത് " എന്നുതന്നെയാണ് ഗുരു അടിവരയിട്ടു പറഞ്ഞിട്ടുള്ളത്.. "ചെത്തുകാരന്റെ ദേഹം നാറും, തുണി നാറും, വീട് നാറും, അവൻ തൊട്ടതെല്ലാം നാറും" എന്നുവരെ 1920 -ൽ ഗുരു പറഞ്ഞിട്ടുണ്ട്. മദ്യവില്പനകൊണ്ട് ലാഭമുണ്ടാക്കാൻ സാധിക്കും എങ്കിലും അത് വര്ജിക്കേണ്ടതാണ് എന്ന് ഗുരു എടുത്തു പറഞ്ഞിട്ടുണ്ട്. അവയവത്തിനു കുഷ്ഠരോഗമുണ്ടായാൽ അത് ശരീരത്തിൽ മുഴുവൻ പടർന്നു കയറി നാശമുണ്ടാകുന്നത് പോലെ ചെത്ത് സമുദായത്തെ കാർന്നുതിന്നു നശിപ്പിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കള്ളുചെത്തുന്ന കത്തി നാലാക്കിയാൽ ഓരോ കഷ്ണം കൊണ്ടും ക്ഷൗരത്തിനുള്ള ഓരോ കത്തിയുണ്ടാക്കാം എന്നും അതാണ് ചെത്തിനേക്കാൾ മാനമെന്നും അതും ആദായമുണ്ടാക്കാൻ പര്യാപ്തമാണ് എന്നും ഗുരു അക്കാലത്ത് പറയുന്നുണ്ട്.
 
1924 - ൽ ആലുവാ അദ്വൈതാശ്രമത്തിൽ വെച്ച്  ഏഷ്യയിലെ ആദ്യത്തെ സർവമത സമ്മേളനം ഗുരു വിളിച്ചു കൂട്ടുന്നു. ഈ സമ്മേളനം എന്ത് മനോഭാവത്തോടെ സംഘടിപ്പിക്കുന്നു എന്നു വ്യക്തമാക്കുന്ന ഒരു “ബാനർ" ഗുരു വളരെ വലിയ അക്ഷരത്തിൽ പ്രവേശനകവാടത്തിൽ എഴുതി കെട്ടിക്കുന്നുണ്ട്.   “വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനും വേണ്ടിയാണ് " എന്നാണ് ആ ബാനർ വിളംബരം ചെയ്തത്. തുറന്ന മനസ്സോടെ ചർച്ചകൾ നടന്നാൽ മതകലഹം താനേ ശമിക്കും എന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. "കാക്കയ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞ്" എന്ന മനോ ഭാവം ഓരോ മതക്കാരനും വെടിയണം . ഇക്കാര്യം വെളിവാക്കലായിരുന്നു സർവമതസമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം .


ഗുരുഫലിതങ്ങൾ  

അസാമാന്യമായ നർമ്മബോധം ഗുരുദേവന്റെ ഒരു പ്രത്യേകതയായിരുന്നു. സംവദിക്കാൻ എത്തുന്നവരോട് അർത്ഥപൂർണ്ണമായി ഇടപെടാനുള്ള ഒരുപാധി കൂടിയായിരുന്നു ഗുരുവിനു നർമ്മം. പലതും കാച്ചിക്കുറുക്കിയ ജീവിത സാരങ്ങൾ തന്നെയായിരുന്നു. ഉദാ. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയപ്പോൾ ക്ഷോഭിച്ച ബ്രാഹ്മണരോട് അദ്ദേഹം പറഞ്ഞത്, "ഞാൻ പ്രതിഷ്ഠ നടത്തിയത് ഈഴവ ശിവനെയാണ്" എന്ന മറുപടിയാണ്. ഈഴവശിവൻ നിൽക്കുന്നിടത്ത് ബ്രാഹ്മണർക്ക് കാര്യമില്ല. ഈഴവനെങ്കിലും അത് ശിവനാണ് എന്ന നിലയ്ക്ക് ബ്രാഹ്മണർക്ക് മറുത്തൊന്നും പറയാനും വയ്യ. കുറിക്കു കൊണ്ട ഫലിതമായും വെട്ടിമുറിക്കാനാവാത്ത യുക്തിയാണ് സാമൂഹ്യകേരളത്തിൽ പ്രകമ്പനം കൊണ്ട ഒരു പ്രസ്താവനയായിരുന്നു അത്.

മറ്റൊരു സന്ദർഭത്തിൽ, ഗുരുദേവൻ തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. അദ്ദേഹം ഇരുന്ന സീറ്റിനു അഭിമുഖമായി ഒരു നമ്പൂതിരി ഇരുന്നിരുന്നു. വണ്ടി നീങ്ങിക്കഴിഞ്ഞപ്പോൾ കുശലാന്വേഷണം എന്ന നിലക്ക് നമ്പൂതിരി നാരായണ ഗുരുവിനോട്, "താങ്കളുടെ ജാതി ഏതാണ്" എന്ന് ചോദിക്കുന്നു.

ഉടനെ വന്ന ഗുരുദേവന്റെ മറുപടി, "കണ്ടാൽ അറിഞ്ഞുകൂടെങ്കിൽ, പറഞ്ഞാലെങ്ങനെ അറിയും" എന്ന മറുചോദ്യമായിരുന്നു. അതിനു പിന്നാലെ, ഗുരു "ഒരു പട്ടിക്ക് പട്ടിയെ കണ്ടാലറിയാം, ഒരു മനുഷ്യന് മനുഷ്യനെ കണ്ടാലറിഞ്ഞുകൂടാ" എന്നൊരു ആത്മഗതവും നടത്തുന്നു. ജാതിയുടെ പേരിലുള്ള മിഥ്യാഭിമാനത്തിന്റെ പളുങ്കുഭരണിയാണ് അന്ന് ഗുരുവിന്റെ ഒരൊറ്റ  ചോദ്യത്തിനുമുന്നിൽ തകർന്നുവീണത്. കേരളത്തിൽ മറ്റു പലരും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് ഗുരുവിന്റെ ഈ ചോദ്യത്തിന് ശേഷമാണ്.

അതുപോലെ മരണാനന്തരം ഗുരുവിന്റെ ദേഹം എന്ത് ചെയ്യണം എന്ന് ഗുരുവിനോട് ശിഷ്യർ  ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞ മറുപടി, "ചക്കിലാട്ടി തെങ്ങിന്റെ മൂട്ടിൽ ഇടുക" എന്നായിരുന്നു. ഉത്തരം കേട്ട് ഞെട്ടിയ ശിഷ്യർ അങ്ങനെ ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ,"എന്തെ..? മൃതദേഹത്തിന് വേദനിക്കുമോ ?" എന്നും ഗുരു ചോദിക്കുന്നുണ്ട്.  
അതുപോലെ ഗുരു സിലോണിലേക്കുള്ള യാത്രാ മദ്ധ്യേ വയനാട്ടിലോ മറ്റോ, വെച്ച് സന്ധിക്കുന്ന ചില ശിഷ്യർ, വിദേശത്തെവിടെയോ പറഞ്ഞുണ്ടാക്കിച്ച ഒരു പ്രതിമ ഗുരു ഒന്ന് കാണണം എന്ന് നിർബന്ധിക്കുന്നു, വലിയ താത്പര്യമൊന്നും കൂടാതെ പ്രതിമ കാണാനെത്തുന്ന ഗുരു കുറച്ചു നേരം അത് നോക്കി നിൽക്കുന്നു. ഗുരുവിന്റെ അഭിപ്രായം എന്തെന്ന് ശിഷ്യർ തിരക്കിയപ്പോൾ അദ്ദേഹം പറയുന്നത്, "ഒരുപാട് കാലം ജീവിച്ചിരിക്കും, ആഹാരവും വേണ്ടല്ലോ..." എന്നാണ്. അതിന്റെ ഒരു ബ്ലാക്ക് ഹ്യൂമർ ചിലപ്പോൾ പതിറ്റാണ്ടുകൾക്കിപ്പുറവും കേരളീയർക്ക് മനസ്സിലായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

ഗുരുസമാധി 

ജീവിതസായാഹ്നത്തിൽ ഗുരുവിന് കടുത്ത ഏകാന്തത അനുഭവപ്പെടുന്നുണ്ട്. അക്കാലത്ത് അദ്ദേഹം ഏറെ നേരം മുറിയടച്ച് തനിച്ചിരിക്കുകയും, മൗനം ഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇതേപ്പറ്റി എംകെ സാനു എഴുതിയിട്ടുള്ളത്, "എല്ലാ മഹാത്മാക്കളും ആത്മാവിൽ ഏകാകികളാണ്. ജനക്കൂട്ടത്തിന്റെ മധ്യത്തിലും അവരുടെ ഏകാന്തതാ ഭാവം ഉയർന്നുതന്നെ നിൽക്കും. തങ്ങൾ ഭിന്നരാണ് എന്ന ബോധ്യത്തോടെ സ്വന്തം ഏകാന്ത മാർഗത്തിലൂടെ ജീവിതയാത്ര തുടരാനാണ് അവരുടെ വിധി " എന്നാണ്. എന്നാൽ, അധികം വൈകാതെ ഗുരുവിന്റെ ഈ ഏകാന്തതയ്ക്ക് അറുതിയുണ്ടാവുന്നുണ്ട്. മഹത്തായ ഏകാന്തതയിലേക്ക് ഗുരു അടുക്കുകയായിരുന്നു. 

1928 ആയപ്പോഴേക്കും പലവിധം രോഗങ്ങൾ ഗുരുവിനെ ബാധിക്കാൻ തുടങ്ങുന്നു. ആദ്യം വന്നത് അതിസാരമായിരുന്നു. അത് ഇടയ്ക്കിടെ വന്നുപെട്ട് അദ്ദേഹത്തെ അലട്ടിത്തുടങ്ങി. പിന്നാലെ അന്ത്രരോഗവും അദ്ദേഹത്തെ ബാധിച്ചു തുടങ്ങി. വൈക്കത്തുവെച്ച് രോഗം കലശലായപ്പോൾ അദ്ദേഹം, ആലുവയിലേക്ക് ചെന്ന് ചികിത്സ നടത്തുന്നു. രോഗം കലശലായതോടെ മദിരാശിയിൽ നിന്ന് ഡോക്ടർമാർ എത്തുന്നു. ഗുരുവിന്റെ ഇഷ്ടപ്രകാരം പാലക്കാട്ടേക്ക് കൊണ്ടുചെന്നു അവിടെ ആയുർവേദ ചികിത്സ തുടങ്ങുന്നു. അധികം വൈകാതെ തന്നെ സമാധിയെക്കുറിച്ചുള്ള സൂചനകൾ ഗുരുവിൽ നിന്നുണ്ടാവുന്നു. ശിഷ്യർക്ക് ആദ്യം അത് വിശ്വസിക്കാനാവുന്നില്ല. ഗുരുവിന്റെ ആഗ്രഹപ്രകാരം ശിഷ്യർ ദൈവദശകം ഉറക്കെ പാരായണം ചെയ്തുകൊണ്ടിരുന്നു. അതിങ്ങനെ കേട്ട് കിടക്കുന്നത് ഗുരുവിനു ഇഷ്ടമുള്ള കാര്യമായിരുന്നു.

1928 സെപ്തംബർ ഇരുപതാം തീയതി രാവിലെ മുതൽ ചന്നം പിന്നം മഴപെയ്തുകൊണ്ടേയിരുന്നു. അന്തരീക്ഷം മൂടിക്കെട്ടി ഇരുന്നു എങ്കിലും ഗുരുവിന്റെ മുഖത്തെ തേജസ്സിന് കുറവൊന്നുമുണ്ടായിരുന്നില്ല. ദൈവദശകം ഒന്നുകൂടി വായിക്കൂ, എന്ന് ബോധാനന്ദ സ്വാമികളോട് ഗുരു പറയുന്നു. അദ്ദേഹം പതിഞ്ഞ തലത്തിൽ ദൈവദശകം ചൊല്ലിത്തുടങ്ങുന്നു. അവസാന ശ്ലോകവും തീർന്നതോടെ ഗുരുവിന്റെ കണ്ണുകൾ പതിയെ അടയുന്നു. അന്ന് ഡോക്ടർ പല്പു, ഗുരുവിന്റെ മരണാനന്തരം പറഞ്ഞത്, "സ്വാമി സമാധി അടഞ്ഞു എന്ന് നാം വിചാരിക്കുന്നുണ്ട് എങ്കിലും, ആ മഹാത്മാവ് നമുക്കിടയിൽ തന്നെയുണ്ട്. സൂര്യൻ അസ്തമിക്കുമ്പോൾ അത് മാഞ്ഞു പോയതായി നമ്മൾ കണ്ണ്. എന്നാൽ അതെവിടെയും മറയുന്നില്ല. അത് പ്രകാശിച്ചുകൊണ്ടുതന്നെ ഇരിക്കുകയും, വീണ്ടും വന്നു നമുക്ക് വെളിച്ചം തരികയും ചെയ്യുന്നു. അതുപോലെയാണ് സ്വാമി" എന്നാണ്. ഗുരു തന്റെ പിൻഗാമിയായി കണ്ടിരുന്ന ബോധാനന്ദ സ്വാമികളും ഗുരു മരിച്ച് മൂന്നാം ദിവസം തന്നെ മരിച്ചു പോവുന്നുണ്ട്.  

ഗുരുവിൻ്റെ വിയോഗത്തെ തുടർന്ന് അന്ന് എല്ലാ പത്രങ്ങളിലും അനുസ്മരണക്കുറിപ്പുകൾ വന്നിരുന്നു.കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തമായിരുന്നത് ഗുരുവിൻ്റെ വത്സല ശിഷ്യനും യുക്തിവാദിയുമായിരുന്ന സഹോദരൻ അയ്യപ്പൻ എഴുതിയ ലേഖനമാണ്." ശ്രീനാരായണ ഗുരു സ്വാമി മരിച്ചു പോയി, സമാധിയടഞ്ഞു, വിദേഹ മുക്തനായി, കൈവല്യംപ്രാപിച്ചു എന്നെല്ലാം പറയുന്നത്, അദ്ദേഹം മരിച്ചു പോയി എന്നതിൻ്റെ ബഹുമാന സൂചകമായ അലങ്കാര പര്യായങ്ങൾ മാത്രമാണ്. മറ്റെല്ലാവരേയും പോലെ അദ്ദേഹവും മരിക്കുക തന്നെയാണുണ്ടായത്. ഒരു വ്യത്യാസവുമില്ല. എന്നാലദേഹം സാധാരണക്കാരേപ്പോലെ മരണത്തോടു കൂടി അവസാനിച്ചില്ല. അദ്ദേഹം അവരേപ്പോലെ മരിച്ചിട്ടും അവരെപ്പോലെയല്ലാത്ത വിധം ജീവിക്കുന്നുണ്ട്." എന്നാണ് അദ്ദേഹം കുറിച്ചത്. മരണശേഷം തൻ്റെ ആസ്ഥാനമായിരുന്ന ശിവഗിരിയിൽത്തന്നെയാണ് ഗുരുവിൻ്റെ ഭൗതികദേഹം സംസ്ക്കരിക്കപ്പെടുന്നത്.

ശ്രീനാരായണ ധർമ്മസംഘം 

1903 -ൽ രൂപീകരിക്കപ്പെട്ട എസ്എൻഡിപി യോഗവുമായി ഗുരുവിന് 1916 മുതൽക്കുതന്നെ ആശയപരമായ അകൽച്ചകൾ വന്നുതുടങ്ങിയിരുന്നു. “യോഗത്തിന് ജാത്യാഭിമാനം വർദ്ധിച്ചുവരുന്നതുകൊണ്ടും യോഗത്തിൻറെ തീരുമാനങ്ങൾ നമ്മെ അറിയിക്കാതെ എടുത്തുവരുന്നതു കൊണ്ടും നമ്മെ സംബന്ധിച്ച കാര്യങ്ങൾക്ക് യോഗത്തിൻറെ ആനുകൂല്യം ഒട്ടും ഇല്ലാതിരിക്കുന്നതുകൊണ്ടും മുൻ‌പേ തന്നെ മനസിൽ നിന്നും വിട്ടിട്ടുള്ളതുപോലെ മേലിൽ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും കൂടി നാം എസ് എൻ ഡി പി യോഗത്തെ വിട്ടിരിക്കുന്നു” -  എന്ന്  ഗുരു ഡോക്ടർ പൽപ്പുവിന് ഒരു കത്തുപോലും അന്നെഴുതുന്നുണ്ട്. മരിക്കുന്നതിന് വെറും മാസങ്ങൾക്കു മുമ്പ് 1928 ലാണ് ഗുരു ധർമ്മസംഘം രൂപീകരിക്കുന്നത്. ഗുരുവിന്റെ കാലശേഷം ഈ ധർമ്മ സംഘത്തിനാണ് വില്പത്ര പ്രകാരം ഗുരുവിന്റെ ആസ്തികളുടെ അവകാശമുണ്ടായിരുന്നത്. ഈ വിൽപത്രത്തിൽ എസ്എൻഡിപി യോഗത്തിനു കാര്യമായ എതിർപ്പുകളുണ്ടായിരുന്നു. തിരുവനന്തപുരം സിവിൽ കോടതി മുൻപാകെ  ഇതിന്റെ പേരിൽ എസ്എൻഡിപി യോഗം കേസും കൊടുക്കുന്നുണ്ട്.  ഡോ. പൽപ്പുവും, ധർമ്മതീർത്ഥയും, ഗോവിന്ദാനന്ദയും അടക്കമുള്ള ശ്രീനാരായണ ശിഷ്യരെ എല്ലാം പ്രതികളാക്കിക്കൊണ്ട് എസ്എൻഡിപി യോഗത്തിനുവേണ്ടി സിവി കുഞ്ഞിരാമൻ അന്യായം ഫയൽ ചെയ്യുന്നു. ഏറ്റവും കൗതുകകരമായ കാര്യം SNDP യോഗം സ്ഥാപിക്കാൻ ഗുരുവിനൊപ്പം പങ്കുവഹിച്ച Dr പൽപ്പുവിനേയും സംന്യാസിമാർക്കൊപ്പം പ്രതിയാക്കിയാണ് കേസ് നൽകിയത് എന്നതാണ്. സ്വത്തു തർക്കത്തിൽ മനംനൊന്ത പൽപ്പു എനിക്കെൻ്റെ ഗുരുസ്വാമിയെ മാത്രം മതി എന്നു പറഞ്ഞ് ഗുരുവിൻ്റെ ചിത്രം മാറോടു ചേർത്തു കണ്ണീർവാർത്തതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. "ഗുരുവിൻ്റെ ബുദ്ധിശക്തികൾ സുപ്തമായിരുന്ന കാലത്താണ് "വിൽപ്പത്രം തയ്യാറാക്കിയത് എന്നായിരുന്നു ഈ കേസിലെ പ്രധാന ആരോപണങ്ങളിലൊന്ന്. ഗുരുസമാധിക്ക് ശേഷമുള്ള മണ്ഡലം മഹോത്സവം വലിയ ചടങ്ങായി നടത്താൻ അന്ന് തീരുമാനിച്ചിരുന്നു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അരിയും പച്ചക്കറികളും സംഭാവനകളുമെല്ലാം ശിവഗിരിയിൽ വന്നു നിറഞ്ഞിരുന്നു. പക്ഷേ ഈ കേസിനെ തുടർന്ന് ചടങ്ങ് സ്റ്റേ ചെയ്യപ്പെട്ടു. കുമിഞ്ഞുകൂടിയിരുന്ന സാധനങ്ങളെല്ലാം നശിച്ചുപോയി, നാഥൻ നഷ്ടപ്പെട്ട ശിവഗിരി അന്ന് അക്ഷരാർത്ഥത്തിൽ ശ്മശാനമൂകമായിപ്പോവുന്നുണ്ട്.

കുരിശു ചുമക്കുന്ന ക്രിസ്തു 

പ്രശസ്ത നിരൂപകനായ കെ.പി.അപ്പൻ എഴുതിയ 'ചരിത്രത്തെ അഗാധമാക്കിയ ഗുരു' എന്ന പുസ്തകത്തിൽഗുരു കുരിശു ചുമന്ന് ക്രിസ്തുവായത്. എന്നൊരു അധ്യായമുണ്ട്, ഗുരു അവസാന നാളുകളിൽ ഒരുപാട് വേദനിച്ചിരുന്നു. കഷ്ടാനുഭവങ്ങളുടെ കുരിശ് അദ്ദേഹം പേറിയിരുന്നു.കൂടെ നിന്നവർ ഗുരുവിനോട് സ്നേഹമില്ലായ്മ കാട്ടി. ഉയരത്തിലുള്ള ഒരു കുരിശ് മനുഷ്യരക്ഷകരുടെ ശിരസിനു മുകളിൽ എപ്പോഴും കാണാം എന്ന് അപ്പൻ എഴുതുന്നു. ഇക്കാലത്തുതന്നെയാണ് ഗുരു "നാം ഇലവുകാത്ത കിളിയെപ്പോലെ ആയി" എന്നൊരു പരാമർശവും നടത്തുന്നത്. ഇലവ് എന്ന് പറയുന്നത് പഞ്ഞിമരത്തിനാണ്. പഞ്ഞിമരത്തിൽ കായുണ്ടാവുമ്പോൾ കിളി അത് പഴുത്തിട്ട് തിന്നാം എന്ന് കരുതി കാത്തിരിക്കും. പക്ഷെ, അത് പഴുക്കുകയല്ല. പൊട്ടിത്തെറിച്ച് അപ്പൂപ്പൻ താടികളായി നാലുദിക്കിലേക്കും പറന്നകലുകയാണ് ചെയ്യുക. അതുപോലെയാണ് തന്റെ യോഗാനുഭവം എന്നാണ് ഗുരു തന്റെ ഏറെ ഗഹനമായ ആ ഒരൊറ്റ വരിയിലൂടെ ഉദ്ദേശിച്ചത്.

മനുഷ്യരെല്ലാം ഒരു ജാതിയാണ് എന്ന് ആവർത്തിച്ച് നമ്മളോട് പറഞ്ഞത് ഗുരുവാണ്. അദ്ദേഹം എന്നും പ്രചരിപ്പിക്കാൻ ശ്രമിച്ചതും പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ സാർവലൗകികമതം തന്നെയാണ്. എന്നാൽ, അതിൽ നിന്നൊക്കെ വ്യതിചലിച്ച്, മതത്തിന്റെയും ജാതിയുടെയും പേരുപറഞ്ഞ മനുഷ്യർക്കിടയിൽ വിഭാഗീയത പരത്താൻ, അതിന്റെ പേരിൽ വോട്ടുബാങ്കുകൾ വളർത്താൻ, തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്താൻ, ഗുരുദർശനങ്ങളിൽ നിന്ന് വ്യതിചലിച്ചുണ്ടാക്കിയ സമ്പത്തു സംരക്ഷിക്കാൻ ഏത് ബാന്ധവങ്ങൾക്കും തയ്യാറാവുന്ന പലരും ഗുരുവിന്റെ പേരുപറഞ്ഞുതന്നെ ജനമധ്യത്തിൽ നിലനിൽക്കുന്ന ഒരു കാലം കൂടിയാണിത്.

 

 

ശ്രീനാരായണ ഗുരു എന്ന വ്യക്തി ഏകാകിയായ ഒരു യുവാവായി തന്റെ സാമൂഹിക പ്രവർത്തനത്തിലേക്ക് കടന്നുവന്ന ഒരാളാണ്. പറയത്തക്ക ഒരാളും അദ്ദേഹത്തിന്റെ കൂടെ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. പക്ഷെ തന്റെ ദീർഘകാലത്തെ പ്രവർത്തനം കഴിഞ്ഞ് അദ്ദേഹം അന്തരിക്കുന്ന സമയമാവുമ്പോഴേക്കും നിരവധി പേർ അദ്ദേഹത്തിന്റെ അനുയായികളായിക്കഴിഞ്ഞിരുന്നു. അന്നത്തെ കണക്കനുസരിച്ച് ചുരുങ്ങിയത് 20 ലക്ഷം പേരെങ്കിലും അദ്ദേഹത്തിന്റെ ഉറച്ച അനുയായികളായിക്കഴിഞ്ഞിരുന്നു.  ഗുരു തന്റെ പ്രവർത്തനം തുടങ്ങുന്ന കാലത്ത്, കേരളത്തിലെ ബഹുഭൂരിപക്ഷം പേർക്കും പല പൊതു വഴികളിലൂടെയും സഞ്ചരിക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ആ അവസ്ഥയിൽ നിന്ന്  അദ്ദേഹം ഇഹലോകവാസം വെടിയുന്ന കാലമാവുമ്പോഴേക്കും, ഈ തൊട്ടുകൂടാത്തവരായി മാറ്റി നിർത്തപ്പെട്ടവരിൽ നിന്ന് മന്ത്രിമാരുണ്ടായി വരുന്നു, ന്യായാധിപന്മാരും ഡോക്ടർമാരും എഞ്ചിനീയർമാരും ഉണ്ടായി വന്നു കഴിഞ്ഞിരുന്നു. സാഹിത്യ, സാംസ്‌കാരിക, കലാ രംഗത്ത് ഗുരുവിനാൽ പ്രചോദിതരായി ഉദാത്ത സംഭാവനകൾ നൽകാൻ അടിത്തട്ട് ജനതയിലെ നിരവധി പേർക്ക് സാധിച്ചിരുന്നു. ആ നിലയ്ക്ക് ഗുരു ഒരു തരത്തിലും ഒരു പരാജയപ്പെട്ട മാതൃകയല്ല. ആധുനിക കേരളം, നവോത്ഥാന കേരളം, പ്രബുദ്ധ കേരളം എന്നൊക്കെ നമ്മൾ ഇന്ന് അഭിമാനത്തോടെ പറയുന്ന നാടിനെ വാർത്തെടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചവരിൽ ഒരാൾ ശ്രീനാരായണ ഗുരു തന്നെയാണ്.  മനസ്സിനെ മഥിക്കുന്ന പല പ്രതിസന്ധികളും തരണം ചെയ്യാൻ ഇന്നും നമ്മളിൽ പലരും ആശ്രയിക്കുന്നത് ഗുരുവിന്റെ കൃതികളെയും, ചിന്തകളെയും, ദർശനങ്ങളെയുമാണ്. ആ അക്ഷയഖനിയുടെ രൂപത്തിൽ ഇന്നും ശ്രീനാരായണ ഗുരുദേവൻ നമുക്കിടയിൽതന്നെ ജീവിച്ചിരിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios