‘ഇത് മൃ​ഗങ്ങളോടുള്ള ക്രൂരതയുടെ ഉദാഹരണമാണ്. ആപ്പിളിന്റെ വായയിൽ ഒരു വലിയ മുറിവ് നിങ്ങൾക്ക് കാണാൻ സാധിക്കും. അത് തന്റെ ഹൃദയം തകർക്കുന്നു.’

കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടുന്ന യുവാവിന്റെ വീഡിയോ വൈറൽ. ലോസ് ഏഞ്ചൽസിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവിടെ, ദി പിയറോ അപ്പാർട്ട്മെന്റിന്റെ പാർക്കിംഗ് ഗാരേജിലെ മാലിന്യമിടുന്ന ബിന്നിന് മുകളിൽ നിന്നാണ് പാമ്പിനെ പിടികൂടിയിരിക്കുന്നത്.

പാമ്പിനെ കണ്ടതോടെ അപാർട്മെന്റിലെ താമസക്കാർ ഭയന്നു. പിന്നാലെ, മൃ​ഗസംരക്ഷണവകുപ്പിനെയും പൊലീസിനെയും വിളിച്ചെങ്കിലും അവർ പ്രതികരിച്ചില്ല. അങ്ങനെയാണ്, പാമ്പിനെ പിടികൂടുന്ന ജോസഫ് ഹാർട്ടെന്ന യുവാവിനെ പരിഭ്രാന്തരായ താമസക്കാർ വിളിച്ചു വരുത്തിയത്. ജോസഫ് തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ‌ ഷെയർ ചെയ്തിരിക്കുന്നതും. ആരോ വളർത്തിയിരുന്ന പാമ്പിനെ ഇവിടെ ഉപേക്ഷിച്ചതാണ് എന്നാണ് കരുതുന്നത്.

ഇരുപതടി വരുന്ന കൂറ്റൻ പെരുമ്പാമ്പിനെയാണ് ജോസഫ് പിടികൂടിയിരിക്കുന്നത്. 'ചൊവ്വാഴ്ച വൈകുന്നേരമാണ് പാമ്പിനെ പിടികൂടാനുണ്ടെന്ന് പറഞ്ഞ് ലോസ് ഏഞ്ചൽസിൽ നിന്നും തനിക്ക് കോൾ വരുന്നത്. ഉടനെ തന്നെ താൻ തന്റെ ട്രക്കിൽ കയറി അങ്ങോട്ട് തിരിക്കുകയായിരുന്നു' എന്ന് വീഡിയോയുടെ കാപ്ഷനിൽ ജോസഫ് കുറിച്ചു.

'ലോസ് ഏഞ്ചൽസിന്റെ ഡൗണ്ടൗണിലെ ഒരു അപ്പാർട്ട്മെന്റിന് താഴെ മാലിന്യമിടുന്ന കണ്ടെയ്നറിൽ ഉപേക്ഷിച്ച നിലയിലാണ് ഈ പാവം പാമ്പിനെ കണ്ടെത്തിയത്. അതിന് പിന്നീട് തങ്ങൾ 'ആപ്പിൾസ്' എന്ന് പേര് നൽകി'യെന്നും യുവാവ് കാപ്ഷനിൽ പറയുന്നു.

'ഇത് മൃ​ഗങ്ങളോടുള്ള ക്രൂരതയുടെ ഉദാഹരണമാണ്. ആപ്പിളിന്റെ വായയിൽ ഒരു വലിയ മുറിവ് നിങ്ങൾക്ക് കാണാൻ സാധിക്കും. അത് തന്റെ ഹൃദയം തകർക്കുന്നു. പാമ്പിന്റെ മുൻ ഉടമ ഇതിനെ ചികിത്സിക്കാനുള്ള ചെലവ് വലുതാവുമെന്ന് ഭയന്ന് പാമ്പിനെ ഉപേക്ഷിച്ചതായിരിക്കാം. എന്നാൽ, ഇങ്ങനെ ഉപേക്ഷിക്കുന്നത് ശരിയായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ‌ ഒരുപാട് ഓപ്ഷനുകളില്ലായിരിക്കാം. കാരണം ഞാൻ വരുന്നതിന് മുമ്പ് പൊലീസിനെയും, അനിമൽ കൺട്രോൾ വകുപ്പിനെയും വിളിച്ചിട്ടും അവരാരും സഹായിക്കാൻ എത്തിയില്ലെ'ന്നും ജോസഫ് കുറിക്കുന്നു.

View post on Instagram

'ആപ്പിൾസിന് ഒരു സെക്കന്റ് ചാൻസ് നൽകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ഇത്തരം സാഹചര്യങ്ങൾ എല്ലാ പെറ്റ് ഉടമകൾക്കും ഉണ്ടാവാം. എന്നാൽ, അത്തരം അവസ്ഥയിൽ പാമ്പുകളെ ഉപേക്ഷിക്കരുത്, അവയോട് ക്രൂരത കാണിക്കരുത്' എന്നും യുവാവ് കുറിച്ചു.

വീഡിയോയിൽ യുവാവ് പാമ്പിനെ എടുക്കുന്നതും കാണാം. ഒരുപാടുപേരാണ് യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ച് കമന്റുകൾ നൽകിയിരിക്കുന്നത്.