വാഹനം ഇടിച്ച് റോഡില്‍ ചോര വാര്‍ന്ന് കിടക്കുന്ന കുഞ്ഞിനെ എടുത്ത് കൊണ്ട് പോകാന്‍ അമ്മ കരടി പല തവണ ശ്രമിക്കുന്നു. പക്ഷേ, അതിന് കഴിയുന്നില്ല.

നുഷ്യന് മാത്രമല്ല, ഭൂമിയിലെ എല്ലാ ജീവികൾക്കും തന്‍കുഞ്ഞ് പൊന്‍ കുഞ്ഞ് തന്നെയാണ്. അത്തരത്തിലൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളടെ കാഴ്ചയെ അസ്വസ്ഥമാക്കി. സംഭവം നടന്നത് മധ്യപ്രദേശിലെ ഷാഹ്‌ഡോൾ ജില്ലയിലെ ഗോഹ്പാരായു–ജയ്ത്‌പൂർ റോഡിലാണ്. രാത്രിയിൽ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ച് റോഡില്‍ പരിക്കേറ്റ് കിടന്ന തന്‍റെ കുഞ്ഞിനെ രക്ഷിക്കാനുള്ള അമ്മക്കരടിയുടെ വീഡിയോയായിരുന്നു അത്.

വീഡിയോയില്‍ മറ്റൊരു വാഹനത്തിന്‍റെ വെളിച്ചത്തിൽ പകര്‍ത്തിയ ദൃശ്യങ്ങളാണത്. രണ്ട് കുഞ്ഞുങ്ങളുമായി എത്തിയതായിരുന്നു അമ്മ കരടി. എന്നാല്‍ ഒരു കുഞ്ഞിനെ അമിത വേഗത്തിലെത്തിയ വാഹനം ഇടിച്ചിട്ടു. റോഡില്‍ മുറിവേറ്റ് ചോരവാര്‍ന്ന് കിടന്ന കുഞ്ഞിനെ വലിച്ചിഴച്ച് റോഡിന് വെളിയിലെത്തിക്കാനുള്ള അമ്മയുടെ ശ്രമമാണ് വീഡിയോയിലുള്ളത്. റോഡില്‍ വീണ് കിടന്ന കുഞ്ഞിനെ കടിച്ചും വലിച്ചും റോഡിന് വെളിയിലേക്ക് കൊണ്ട് പോകാന്‍ അമ്മ കരടി ആവുന്നതും ശ്രമിക്കുന്നു. വലിച്ച് ഇഴച്ച് കൊണ്ട് പോകുമ്പോൾ റോഡില്‍ ചോര പാട് പതിയുന്നതും കാണാം.

View post on Instagram

ഈ സമയമത്രയും അമ്മ കരടിയുടെ മുതുകില്‍ അപകടത്തെ തുടർന്ന് ഭയന്ന് പോയ മറ്റൊരു കുഞ്ഞ് കരടി അള്ളിപ്പിടിച്ചിരിക്കുന്നതും കാണാം. ഇടയ്ക്ക് വീണ് പോയ കുഞ്ഞിനെ മറികടന്ന് അമ്മ കരടി മുന്നോട്ട് പോകുമ്പോൾ. വേദന കൊണ്ട് കരടി കുഞ്ഞ് പുളയുന്നത് കാണാം. ഹൃദയഭേദകമായ അവന്‍റെ കരച്ചില്‍ കേട്ട് അമ്മക്കരടി തിരിച്ച് വരുന്നതും സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഏതാണ്ട് ഒരു മണിക്കൂറോളം റോഡ് തടസപ്പെടുത്തി അമ്മക്കരടി തന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ യാത്രക്കാര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും അമ്മ കരടിയെയും കുഞ്ഞിനെയും പ്രദേശത്ത് നിന്നും മാറ്റി. പക്ഷേ. അപകടത്തില്‍പ്പെട്ട കരടി കുഞ്ഞ് അതിനകം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധി പേരാണ് തങ്ങളുടെ ദുഖം പങ്കുവയ്ക്കാനെത്തിയത്. വനമേഖലയിലൂടെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. നിരവധി പേര്‍ ഹൃദയഭേദകമായ കാഴ്ചയെന്ന് എഴുതി.