കഠിനാധ്വാനത്തിന് യാതൊരു വിലയും നൽകാതെ, സഹപ്രവർത്തകൻ വരുത്തിയ പിഴവിന് തന്നെ മാനേജർ പരസ്യമായി അധിക്ഷേപിച്ചെന്ന് യുവാവ്. ഈ ടോക്സിക് മാനേജര്‍ കാരണം സ്റ്റാർട്ടപ്പ് കമ്പനിയിലെ ജോലി താന്‍ രാജിവച്ചെന്നും യുവാവ്. 

തന്റെ കഠിനാധ്വാനത്തിന് യാതൊരു വിലയും നൽകാതെ തന്നെ പരസ്യമായി അധിക്ഷേപിച്ച മാനേജറുടെ പെരുമാറ്റത്തെ തുടർന്ന് സ്റ്റാർട്ടപ്പ് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് യുവാവ്. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തന്റെ കഠിനാധ്വാനത്തെ മാനിക്കാതെ, സഹപ്രവർത്തകൻ വരുത്തിയ പിഴവിന് എല്ലാവരുടെയും മുന്നിൽ വെച്ച് മാനേജർ തന്നോട് മോശമായി പെരുമാറിയതാണ് തന്റെ രാജിക്ക് കാരണമെന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. അടുത്തിടെ യുവാവിന് ശമ്പളത്തിൽ നല്ലൊരു വർധനവ് ഉണ്ടായിരുന്നു. പിന്നാലെയാണ് രണ്ട് വലിയ പ്രോജക്റ്റുകളുടെ ചുമതല ലഭിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡെവലപ്‌മെന്റ്, ടെസ്റ്റിംഗ്, ക്ലയന്റ് കമ്മ്യൂണിക്കേഷൻ എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് കൈകാര്യം ചെയ്തിരുന്നത്. ഇതിനായി പുലർച്ചെ 2 മണി വരെയൊക്കെ ചിലപ്പോൾ ജോലി ചെയ്യേണ്ടി വന്നിരുന്നു. ക്ലയന്റുകളാവട്ടെ തന്റെ ജോലിയിൽ സംതൃപ്തരുമായിരുന്നു എന്നും യുവാവ് പറയുന്നു. ഇതിനിടയിൽ, ജോലിയിൽ പിന്നിലായിരുന്ന മറ്റൊരു സഹപ്രവർത്തകനെ സഹായിക്കാനും ട്രെയിനിംഗ് നൽകാനും മാനേജർ ആവശ്യപ്പെട്ടു. എന്നാൽ, ഈ സഹപ്രവർത്തകൻ വരുത്തിയ ഒരു തെറ്റിന് മാനേജർ പരസ്യമായി തന്നെ ചീത്തവിളിക്കുകയും ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു.

'മാനേജർ പെട്ടെന്ന് എന്നോട് ആക്രോശിക്കുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. പ്രോജക്റ്റിൽ നിന്ന് പുറത്തുപോകാൻ പറഞ്ഞു. ഇത് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ യുവാവ് രാജി സമർപ്പിച്ചു. കരാർ പ്രകാരം രണ്ട് മാസത്തെ നോട്ടീസ് പിരീഡ് ഉണ്ടായിരുന്നിട്ടും, മാനേജർ അത് 15 ദിവസമായി വെട്ടിക്കുറച്ചു.

വിഷയം കമ്പനി സിഇഒയുടെ ശ്രദ്ധയിൽപ്പെട്ടതോടെ അദ്ദേഹം സംസാരിച്ചെങ്കിലും ‌മാനേജറുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ജോലി പോകുന്നതിൽ തനിക്ക് ആശങ്കയില്ല, എന്നാൽ അധ്വാനത്തിന് ലഭിക്കേണ്ട ബഹുമാനം ലഭിക്കാത്തതാണ് തന്നെ വിഷമിപ്പിച്ചതെന്നും യുവാവ് കൂട്ടിച്ചേർത്തു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ബാക്കി ജോലി ഒന്നും ചെയ്തു കൊടുക്കരുത്, നിങ്ങളെ പുറത്താക്കാൻ പറഞ്ഞ മാനേജർ തന്നെ അത് ചെയ്യട്ടെ' എന്ന് ഒരാൾ കുറിച്ചു. പലരും മാനേജരുടെ പെരുമാറ്റത്തെ വിമർശിച്ചാണ് കമന്റുകൾ നൽകിയത്.