റെസ്റ്റോറന്റിനകത്ത് നിങ്ങൾക്ക് ഖബറുകൾ കാണാം. അതിനടുത്തിരുന്ന് ചായ കുടിക്കാം. ഇവിടെയുള്ള ജീവനക്കാർ ഓരോ ദിവസവും ഈ ഖബറുകൾ വൃത്തിയാക്കുകയും പൂക്കൾ വച്ച് അലങ്കരിക്കുകയും ഒക്കെ ചെയ്യുന്നു. 

പല തരത്തിൽ പെട്ട റെസ്റ്റോറന്റുകളും നമ്മൾ കണ്ടിട്ടുണ്ടാകും. തീം അടിസ്ഥാനമാക്കിയുള്ള റെസ്റ്റോറന്റുകൾ ഇന്ന് ഒരു പുതുമയൊന്നുമല്ല. എന്നാൽ, ചിലത് നമ്മൾ പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറമായിരിക്കും. ഈ റെസ്റ്റോറന്റും അത്തരത്തിൽ ഒന്നാണ്. അഹമ്മദാബാദിലെ ലക്കി എന്ന് പേരുള്ള ഈ റെസ്റ്റോറന്റിൽ ജീവനുള്ളവർ‌ മാത്രമല്ല മരിച്ചവരും ഉണ്ട്. എങ്ങനെ എന്നല്ലേ? ഈ റെസ്റ്റോറന്റ് പണിതിരിക്കുന്നത് ഒരു ഖബറിസ്ഥാനിലാണ്. 

ജീവനുള്ളവരെ ബഹുമാനിക്കുന്നത് പോലെ തന്നെ മരിച്ചവരെയും ബഹുമാനിക്കുക എന്നാണ് ഈ റെസ്റ്റോറന്റ് പറയുന്നത്. Hungry Cuisers ആണ് ഇൻസ്റ്റ​ഗ്രാമിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ ഈ സ്ഥലത്തെ കുറിച്ചും അതിൽ വ്യക്തമാക്കുന്നുണ്ട്. 72 വർഷങ്ങൾക്ക് മുമ്പ് ഈ റെസ്റ്റോറന്റ് തുടങ്ങിയത് ശവക്കുഴികൾക്കും ഖബറുകൾക്കും ചുറ്റിലായാണ് ഈ റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. 

കൃഷ്ണൻ കുട്ടി എന്നാണ് റെസ്റ്റോറന്റ് ഉടമയുടെ പേര്. എന്നാൽ, റെസ്റ്റോറന്റ് പണിയാനായി ആ സ്ഥലം വാങ്ങുമ്പോൾ അവിടെ മരിച്ചവർ വിശ്രമം കൊള്ളുന്ന കാര്യമൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാൽ, അത് അറിഞ്ഞപ്പോഴും അവിടെ ഒരു റെസ്റ്റോറന്റ് പണിയുക എന്ന തന്റെ തീരുമാനത്തിന് അദ്ദേഹം മാറ്റമൊന്നും വരുത്തിയില്ല. അവിടെ അന്ത്യവിശ്രമം കൊള്ളുന്നവരെ ശല്യപ്പെടുത്താതെ ഖബറുകളൊന്നും പൊളിക്കാതെ തന്നെ അദ്ദേഹം അവിടെ റെസ്റ്റോറന്റ് പണിതു. റെസ്റ്റോറന്റിനകത്ത് നിങ്ങൾക്ക് ഖബറുകൾ കാണാം. അതിനടുത്തിരുന്ന് ചായ കുടിക്കാം. ഇവിടെയുള്ള ജീവനക്കാർ ഓരോ ദിവസവും ഈ ഖബറുകൾ വൃത്തിയാക്കുകയും പൂക്കൾ വച്ച് അലങ്കരിക്കുകയും ഒക്കെ ചെയ്യുന്നു. 

View post on Instagram

നിരവധിപ്പേരാണ് ഈ റെസ്റ്റോറന്റിൽ കാലങ്ങളായി എത്തുന്നത്. പ്രമുഖ ചിത്രകാരൻ എം എഫ് ഹുസൈന് ഇഷ്ടപ്പെട്ട ഇടമായിരുന്നു ഇതെന്ന് പറയുന്നു. അദ്ദേഹം താൻ വരച്ച ചിത്രം ഉടമയ്ക്ക് സമ്മാനിച്ചതായും പറയുന്നു.